Middle EastPolitics

ഗസ്സ: ഇസ്രയേല്‍ പരീക്ഷിക്കുന്നത് ഈജിപ്തിനെയാണ്

ഗസ്സയിലെ ചെറുത്ത് നില്‍പ് പോരാട്ടം ഒരു വലിയ രാഷ്ട്രത്തെ പ്രതിനിധീകരിക്കാന്‍ പര്യാപ്തമല്ലായിരിക്കാം. അവരുടെ കയ്യില്‍ നൂതന ആയുധ സാമഗ്രികള്‍ ഇല്ല എന്നതും ശരിയാണ്. അറബ് രാഷ്ട്രങ്ങളെപ്പോലെ നിങ്ങള്‍ ഗസ്സയെ കാണുകയും ചെയ്യരുത്. പക്ഷെ, എന്നാല്‍പോലും ഗസ്സക്ക് അതിന് സാധിക്കും. അവിടത്തെ പോരാളികളുടെ ദൃഢനിശ്ചയവും അവരുടെ കയ്യിലുള്ള ചില്ലറ ആയുധങ്ങളും, അവര്‍ മുറുകെപ്പിടിക്കുന്ന മൂല്യങ്ങളും ദര്‍ശനവും മാത്രം മതി. ഇത് ഇസ്രായേലിനുള്ള താക്കീതാണ്. കൂടെ ചില അറബ് രാഷ്ട്രങ്ങള്‍ക്കും. ഫല്‌സതീനില്‍ അപഹരിക്കപ്പെട്ട ഒരു അവകാശമുണ്ട്. അതിന്റെ വീണ്ടെടുപ്പിന് വേണ്ടി പോരാടുന്ന ഒരു ജനതയും.

അല്‍ഖസ്സാം ബ്രിഗേഡിയര്‍ ഉപമേധാവി അഹ്മദ് ജഅ്ബര്‍ കൊല്ലപ്പെട്ടത് ആകസ്മികമായിരുന്നില്ല. മറിച്ച്, തങ്ങളുടെ തോന്നിവാസങ്ങള്‍ക്ക് മറുപടിയായി വന്ന ചെറുത്ത് നില്‍പ് പോരാളികളുടെ മിസൈലുകള്‍ ഇസ്രായേല്‍ നേതൃത്വത്തിന് മുറിവേല്‍പിക്കുകയും, തെക്കന്‍ഭാഗത്തുള്ള കുടിയേറ്റക്കാരെ അസ്വസ്ഥരാക്കുകയും ചെയ്തിരിക്കുന്നുവെന്നതിന്റെ വ്യക്തമായ സൂചനയാണത്.

ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ ഗസ്സാ അതിര്‍ത്തിയിലേക്ക് രാപ്പകല്‍ കടന്ന് വരുന്നതും, അവിടത്തെ ചലനങ്ങള്‍ നിരീക്ഷിക്കുകയും, ഒടുവില്‍ സൈനിക-സുരക്ഷാ നേതാവിലേക്ക് ഇത്ര എളുപ്പത്തില്‍ എത്താന്‍ സാധിച്ചുവെന്നതും ദുഖകരം തന്നെയാണ്. പ്രത്യേകിച്ചും ഇസ്രായേലിനെയും അതിന്റെ സുരക്ഷാ വിഭാഗത്തെയും ഇരുപത് വര്‍ഷത്തോളം നിരീക്ഷിക്കുകയും, അവരുടെ സൈനികന്‍ ജിലാദ് ശാലിത്വിനെ റാഞ്ചാന്‍ പദ്ധതിയിടുകയും ചെയ്ത ഒരു വ്യക്തിയെന്ന നിലയില്‍. അതിനേക്കാള്‍ അല്‍ഭുതകരം മൂന്ന് വര്‍ഷത്തോളം ഇസ്രായേല്‍ ഇന്റലിജന്റ് ഏജന്‍സിയുടെ കണ്ണില്‍പെടാതെ അദ്ദേഹം പ്രവര്‍ത്തിച്ചുവെന്നതാണ്. യഥാര്‍ത്ഥത്തില്‍ അതൊരു ദിവ്യാല്‍ഭുതവും, അദ്ദേഹത്തിന്റെ നേട്ടങ്ങളുടെ കിരീടത്തിലെ ഒരു പൊന്‍തൂവലുമായിരുന്നു.

പ്രതികാരം ചെയ്യുമെന്ന് താക്കീത് നല്‍കിയ അല്‍ഖസ്സാം ഇസ്രായേലിന്റെ മുന്നില്‍ നരകകവാടം തുറക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. വാക്കുപറഞ്ഞാല്‍ പാലിക്കുന്നവരാണ് അല്‍ഖസ്സാം ബ്രിഗേഡിയര്‍. തങ്ങളുടെ നേതാവ് യഹ്‌യാ അയാഷ് കൊല്ലപ്പെട്ടതിന് പ്രതികാരമായി നാല് ചാവേര്‍ സ്‌ഫോടനം നടത്തുമെന്ന് അവര്‍ ഇസ്രായേലിനെ ഭീഷണിപ്പെടുത്തിയിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിലെ തൊണ്ണൂറുകളിലായിരുന്നു അത്. അവരത് പാലിക്കുകയും ചെയ്തു. എത്രത്തോളമെന്നാല്‍ അന്നത്തെ ഹമാസിന്റെ ഒരു നേതാവിനോട് ഞാന്‍ പറഞ്ഞു. ‘നിങ്ങള്‍ ആക്രമണത്തിന്റെ എണ്ണം കൃത്യമാക്കി വെളിപ്പെടുത്തരുത്.’ കാരണം അവയില്‍ വീഴ്ചവരികയോ, നീട്ടിവെക്കുകയോ ചെയ്‌തേക്കാം. അങ്ങനെ സംഭവിച്ചാല്‍ നിങ്ങളെ പിന്തുണക്കുന്നവരുടെ പ്രതീക്ഷകളെ അത് തകിടം മറിക്കുകയും ശത്രുക്കളെ സന്തോഷിപ്പിക്കുകയും ചെയ്‌തേക്കും. അദ്ദേഹം ഒറ്റശ്വാസത്തിലാണ് മറുപടി പറഞ്ഞത് ‘ഇത് അല്‍ഖസ്സാം ബ്രിഗേഡിയറിന്റെ തീരുമാനമാണ്. അവരുടെ നേതാവിനെ കൊലപ്പെടുത്തിയതിന് പ്രതികാരമാണത്. ചാവേറാക്രമണത്തിന് തയ്യാറായി നില്‍ക്കുന്ന ബെറ്റാലിയന്റെ നീണ്ട നിര തന്നെയുണ്ട് അല്‍ഖസ്സാമിന്. തങ്ങളുടെ ഊഴം ആദ്യം വരുന്നതിന് വേണ്ടി പരസ്പരം മത്സരിക്കുകയാണ് അവര്‍.’

ഊഴം കഴിയുന്നതിന് വളരെ നേരത്തെ തന്നെ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പ്രധാനമന്ത്രി നെതന്യാഹുവും, സഖ്യകക്ഷിയായ തീവ്രവലതുപക്ഷ നേതാവ് ലിബര്‍മാനും കണക്ക്കൂട്ടുന്നത് ഗസ്സയില്‍ രക്തച്ചൊരിച്ചില്‍ നടത്തിയാല്‍ വിജയം ഉറപ്പിക്കാമെന്നാണ്. ഉപരോധിക്കപ്പെട്ട, പട്ടിണികിടക്കുന്ന, അടിസ്ഥാനാവകാശങ്ങള്‍ പോലും നിഷേധിക്കപ്പെട്ട ജനതക്ക് മേല്‍ നടത്തുന്ന കടന്ന് കയറ്റവും നരനായാട്ടും തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിന് നിദാനമാക്കുന്ന ‘ജനാധിപത്യം’ തീര്‍ത്തും അല്‍ഭുതകരം തന്നെ.

ഇസ്രായേല്‍ ടാങ്കുകള്‍ ഗസ്സയിലേക്ക് ഇടിച്ച് കയറുകയാണ്. കരമാര്‍ഗത്തിലൂടെയുള്ള കടന്നുകയറ്റം ഏതുനിമിഷവും സംഭവിച്ചേക്കാമെന്നാണ് ഇസ്രായേല്‍ ഔദ്യോഗികവക്താക്കള്‍ സൂചിപ്പിക്കുന്നത്. അതില്‍ ആശ്ചര്യവുമില്ല. ആരുണ്ട് അത് പ്രതിരോധിക്കാനും തടയാനും? ഗസ്സയിലെ ചെറുത്ത് നില്‍പ് പ്രസ്ഥാനങ്ങള്‍ക്ക് ആധുനിക സ്റ്റിംഗര്‍ മിസൈലുകള്‍ നല്‍കി സഹായിക്കാനാരണ്ട്? ഇസ്രായേല്‍ കൂട്ടക്കൊലകള്‍ക്ക് മുന്നില്‍ ഒറ്റക്ക് നിന്ന് പോരാടുകയാണ് ഗസ്സ. ശത്രുവിന്റെ ആക്രമണത്തിനും, ഉപരോധത്തിനും മുന്നിലെ ധീരമായ ഈ ചെറുത്ത് നില്‍പ് ധാരാളം അറബ് നേതൃത്വങ്ങളെ അലോസരപ്പെടുത്തുന്നുണ്ട്. അവര്‍ക്കത് ദുസ്വപ്‌നങ്ങളാണ്. കാരണം അവര്‍ക്കെല്ലാം ഇസ്രായേല്‍ ശത്രുവല്ലെന്ന് മാത്രമല്ല, ഉറ്റമിത്രം കൂടിയാണ്.

ഗസ്സയിലെ ചെറുത്ത് നില്‍പ് പ്രസ്ഥാനങ്ങളുടെ മിസൈലുകള്‍, അവ എത്ര തന്നെ ദുര്‍ബലമാണെങ്കിലും ധാരാളം പേരുടെ മുഖംമൂടി അഴിക്കാന്‍ പര്യാപ്തമാണ്. അവര്‍ എത്ര തന്നെ ഇസ്‌ലാമും, അറബീയതയും, തൗഹീദും ഉരുവിടുന്നവരാണെങ്കില്‍ പോലും.

ഗസ്സയില്‍ നടന്ന് കൊണ്ടിരിക്കുന്നതും, നടക്കാനിരിക്കുന്നതുമെല്ലാം അറബ് വസന്തത്തിലൂടെ രൂപപ്പെട്ട ഭരണകൂടങ്ങള്‍ക്കുള്ള പരീക്ഷണമാണ്. വിശിഷ്യാ ഈജിപ്തിന്. അറബ് വസന്തത്തിന് മുമ്പ് തന്നെ ഉള്ള, ഇപ്പോഴും അധികാരത്തില്‍ തുടരുന്ന ഭരണവ്യവസ്ഥകള്‍ക്കും ഇത് പരീക്ഷണം തന്നെയാണ്. ഇതുവരെ ജനങ്ങളെ അടിച്ചമര്‍ത്തിയും, ഹിലാരി ക്ലിണ്‍റന്റെയും അവരുടെ ഭരണകൂടത്തിന്റെയും സഹായത്താലും അവര്‍ പിടിച്ച് നില്‍ക്കുകയായിരുന്നു. മേല്‍പറഞ്ഞവരൊക്കെയും, അവരില്‍ ഭൂരിപക്ഷവും പരീക്ഷണത്തില്‍ പരാജയപ്പെടുമെന്നതില്‍ സംശയമില്ല. ഏതായാലും ഈ ആക്രമണവും, കൂട്ടക്കൊലകളും അമേരിക്കയെയും, ഇസ്രായേലിനെയും അപകടത്തിന്റെയും ഭീതിയുടെയും നിഴലില്‍ നിര്‍ത്താനാണ് വഴിവെക്കുക. അവരുടെ രക്തം അനുവദനീയവും, ആത്മാവ് ഹനിക്കപ്പെടേണ്ടതുമാണെന്ന തത്വശാസ്ത്രമാണ് അത് മുഖേന പ്രചരിക്കപ്പെടുക.

അറബ് ജനത -വിശിഷ്യാ ഈജിപ്ഷ്യന്‍ ജനത- തങ്ങളുടെ സഹോദരന്‍മാര്‍ക്ക് നേരെ നടക്കുന്ന ഈ ആക്രണം ഒരിക്കലും അംഗീകരിക്കാന്‍ പാടില്ല. ഖുദ്‌സിനെ തങ്ങളുടെ ശ്രദ്ധാകേന്ദ്രമാക്കി മാറ്റാനും, അവിടത്തെ അധിനിവേശം അവിസാനിപ്പിക്കാനും സാധിക്കാത്ത പക്ഷം അറബ് വസന്തത്തിന് അതിന്റെ നാമവും ധാര്‍മിക മൂല്യവും നഷ്ടപ്പെടും. എംബസി അടച്ച് പൂട്ടിയത് കൊണ്ടോ, അംബാസഡറെ ആട്ടിയോടിച്ചത് കൊണ്ടോ പരിഹരിക്കപ്പെടുന്നതല്ല പ്രശ്‌നം. മറിച്ച് ഒരു സമുദായത്തിന്റെ മാന്യത പിച്ചിച്ചീന്തപ്പെടുകയും, അവര്‍ നിന്ദിക്കപ്പെടുകയും ചെയ്യുന്നുവെന്നതാണ് പ്രശ്‌നം.

ശഹീദ് അഹ്മദ് ജഅ്ബരി ലോകഇസ്‌ലാമിക ചരിത്രത്തിലെ രക്തസാക്ഷികളുടെ നീണ്ടനിരയിലേക്ക് അണിചേര്‍ന്നിരിക്കുന്നു. അതോടൊപ്പം ഫലസ്തീന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി വീരമൃത്യു വരിച്ച ഹമാസിന്റെയും ഫതഹിന്റെയും ജിഹാദിന്റെയുമെല്ലാം ശുഹദാക്കളുടെ പട്ടികയിലേക്കും. ഇത് സുദീര്‍ഘമായ യാത്രയാണ്. അധിനിവേശവും, അക്രമവും നിലനില്‍ക്കുന്ന കാലത്തോളം, സമാധാനത്തിന്റെ പൊന്‍കിരണങ്ങള്‍ തിരിച്ച് വരുന്നത് വരെ ഈ യാത്ര തുടര്‍ന്ന് കൊണ്ടേയിരിക്കും.

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി
 

Facebook Comments
Related Articles
Show More
Close
Close