Middle EastPolitics

ഖത്തറിനെതിരെയുള്ള നീക്കം പാളിയത് എവിടെ?

ഇസ്‌ലാമിക് സ്‌റ്റേറ്റിനും അതിന്റെ മുന്‍ഗാമിയായ അല്‍ഖാഇദക്കും എതിരെയുള്ള യുദ്ധം മധ്യപൗരസ്ത്യ ദേശത്തെ ഒരു കെട്ടുകാഴ്ച മാത്രമാണ് എന്ന് മുമ്പേ വ്യക്തമായിരുന്നു. ഖത്തറിനെതിരെയുള്ള പുതിയ ഉപരോധ പ്രഖ്യാപനം, പാശ്ചാത്യാനന്തരമുള്ള മേഖലയിലെ ആധിപത്യത്തിന് വേണ്ടി മത്സരിക്കുന്ന യഥാര്‍ത്ഥ ശക്തികള്‍ ആരൊക്കെയാണ് എന്നതിലേക്ക് വെളിച്ചം വീശുന്നതാണ്. പ്രധാനമായും മൂന്നു ശക്തികളാണ് ഇവിടെ മത്സരത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളത്.
1. ഇറാന്റെ നേതൃത്വത്തിലുള്ള ചേരിയാണ്. ഇറാഖ്, സിറിയ തുടങ്ങിയ സഖ്യ രാഷ്ട്രങ്ങളും, ഇറാഖിലെ ശിയാ സായുധ സംഘങ്ങളും, ഹിസ്ബുല്ലയും, യമനിലെ ഹൂഥികളും ഇറാനൊപ്പമുണ്ട്.
2. സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍ എന്നിവരടങ്ങിയ കൂട്ടുകെട്ടാണ്. ജോര്‍ദാനും, ഈജിപ്തും അവരോടൊപ്പമുണ്ട്.
3. മൂന്നാം ചേരിയാകട്ടെ തുര്‍ക്കിയുടെ നേതൃത്വത്തിലുള്ളതാണ്. ഖത്തര്‍, മുസ്‌ലിം ബ്രദര്‍ഹുഡ്, അറബ് വസന്തത്തിലെ ചാലക ശക്തികളായ പ്രസ്ഥാനങ്ങള്‍ എല്ലാം ഈ ചേരിയില്‍ പെടും.

ഈ ത്രികോണ മത്സരത്തില്‍ അമേരിക്കയുടെ സഖ്യ രാജ്യങ്ങളാകട്ടെ അതിന്റെ ശത്രുവായി മുദ്രകുത്തപ്പെട്ട് മേഖലയുടെ അസ്ഥിരതകളിലേക്കു എടുത്തെറിപ്പെടുന്നു. ഖത്തറിനെതിരെ ഇപ്പോള്‍ ആരംഭിച്ചിരിക്കുന്ന നീക്കം ഇതിന്റെ ഉത്തമ ഉദാഹരണമാണ്.

കൊച്ചു ഖത്തറിന്റെ മേല്‍ സ്വന്തം താല്‍പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ മുതിര്‍ന്ന സൗദി തന്ത്രപരമായ അബദ്ധത്തിലാണ് ചെന്ന് ചാടിയിരിക്കുന്നത്. അതിന്റെ ചുറ്റുമുള്ള രാജ്യങ്ങളിലെ ഇറാന്റെ സ്വാധീനം നേരിടാന്‍ സൗദി തന്നെ ആശ്രയിച്ചിരുന്ന ഒരു പ്രാദേശിക കൂട്ടായ്മ തകിടം മറിക്കുകയാണ് പ്രസ്തുത നീക്കത്തിലൂടെ. സിറിയന്‍ ഭരണകൂടത്തിനു ഇറാന്‍ നല്‍കുന്ന പിന്തുണ തുര്‍ക്കിയെയും, സൗദിയേയും ഒരുമിപ്പിക്കാന്‍ ഇടവരുത്തിയെങ്കില്‍, ഖത്തറിനെതിരായ നീക്കം നേര്‍വിപരീത ഫലമാണ് ഉണ്ടാക്കിയിരിക്കുന്നത്. ചുരുക്കത്തില്‍ ഇറാനും, തുര്‍ക്കിയും, സുന്നി രാഷ്ട്രീയ ഇസ്‌ലാം പ്രസ്ഥാനങ്ങളും തമ്മിലുള്ള വിചിത്രമായ ഒരു പൊതു ധാരണയിലേക്കാണ് ഇത് നയിക്കുക. ഈ രണ്ടു ശക്തികള്‍ യോജിക്കാന്‍ സാധാരണ ഗതിയില്‍ യാതൊരു സാധ്യതയും ഇല്ലായിരുന്നു. പക്ഷെ സൗദി അറേബ്യയുടെ ദീര്‍ഘ വീക്ഷണമില്ലാത്ത നയങ്ങള്‍ അവരെ ഒരുമിപ്പിച്ചിരിക്കുന്നു. ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് ളരീഫ് ബുധനാഴ്ച അങ്കാറയിലെത്തി.

ട്രംപിന്റെ ട്വീറ്റിനെതിരെ പെന്റഗണ്‍
ഖത്തറിനെതിരെയുള്ള സൗദി അറേബ്യയുടെ നീക്കത്തിന്റെ ദിശ തിരിച്ചു വിട്ട രണ്ടു ഘടകങ്ങളുണ്ട്. ഒന്ന് ഖത്തറിലെ സൈനിക താവളത്തിലേക്കുള്ള സൈന്യത്തിന്റെ വിന്യാസം എളുപ്പമാക്കാനുള്ള തുര്‍ക്കി പാര്‍ലമെന്റിന്റെ അംഗീകാരമാണ്. ഇറാനിയന്‍ പാര്‍ലമെന്റിലും, ആയത്തുല്ല ഖുമൈനിയുടെ സ്മൃതികുടീരത്തിലും നടന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്തം സൗദിയുടെ മേല്‍ ആരോപിച്ചു കൊണ്ടുള്ള ഇറാനിയന്‍ റെവല്യൂഷനറി ഗാര്‍ഡിന്റെ പ്രസ്താവനയാണ് രണ്ടാമത്തേത്.

ഇത് സൗദി അറേബ്യയെ ഒറ്റപ്പെടുത്തി. സൗദിക്ക് ചെറിയ രാജ്യങ്ങളെ ഭീഷണിപ്പെടുത്താന്‍ കഴിഞ്ഞെന്നു വരും. പക്ഷെ പുറത്തു നിന്നുള്ള സൈനിക സഹായം ഇല്ലാതെ സ്വന്തം അതിര്‍ത്തി പോലും സംരക്ഷിക്കാന്‍ സൗദിക്ക് കഴിയില്ല. അമേരിക്കന്‍ പ്രസിഡന്റ് എന്ത് തന്നെ ട്വീറ്റ് ചെയ്താലും, ഗള്‍ഫില്‍ നിലയുറപ്പിച്ചിരിക്കുന്ന അമേരിക്കന്‍ സൈന്യം അത്തരമൊരു സൈനിക സഹായം നല്‍കുന്നത് ഒഴിവാക്കാനാണ് പരമാവധി ശ്രമിക്കുന്നത്. അത് കൊണ്ടായിരിക്കണം പെന്റഗണും, വൈറ്റ് ഹൗസും ഖത്തറിനെ സംബന്ധിച്ച് വ്യത്യസ്ത കാര്യങ്ങള്‍ പറഞ്ഞു കൊണ്ടിരിക്കുന്നത്.

ഖത്തറുമായുള്ള സൗദിയുടെ കര അതിര്‍ത്തി അടച്ച ജൂണ്‍ അഞ്ചാം തീയതി രാവിലെ തന്നെ, പെന്റഗണ്‍ മേഖലയുടെ സുരക്ഷയോട് ഖത്തറിനുള്ള പ്രതിബദ്ധത എടുത്തു പറഞ്ഞു കൊണ്ടുള്ള പ്രസ്താവന ഇറക്കി. ഖത്തറില്‍ സ്ഥിതി ചെയ്യുന്ന, 10000 സൈനികരുള്ള അല്‍ഉദൈദ് അമേരിക്കന്‍ വ്യോമ താവളം സാധാരണ പോലെ പ്രവര്‍ത്തിക്കുന്നു എന്ന് പ്രസ്താവന അടിവരയിട്ടു.

പിന്നീട് ഖത്തറിനെതിരെയുള്ള അസാധാരണ നീക്കങ്ങളുടെ ക്രെഡിറ്റ് അവകാശപ്പെട്ടു കൊണ്ട് ട്രംപിന്റെ ട്വീറ്റ് വന്നു. റിയാദില്‍ 50 മുസ്‌ലിം രാഷ്ട്രനേതാക്കന്മാരുടെ മുന്നില്‍ താന്‍ ചെയ്ത പ്രസംഗത്തിന്റെ ഫലങ്ങള്‍ വെളിപ്പെടാന്‍ തുടങ്ങി എന്നദ്ദേഹം കുറിച്ചു. ഉടനെ വന്നു പെന്റഗണിന്റെ പോസ്റ്റ്, യു.എസ് സൈന്യത്തിന് താവളം നല്‍കുന്ന ഖത്തറിനെ പ്രശംസിച്ചു കൊണ്ട്. തുടര്‍ന്ന് പെന്റഗണിനെ അനുകൂലിച്ചു യൂറോപ്പും കുറഞ്ഞ പേക്ഷം യൂറോപ്പിലെ ഏറ്റവും പ്രധാന രാജ്യമായ ജര്‍മനി രംഗത്തു വന്നു. ജര്‍മന്‍ വിദേശ കാര്യ മന്ത്രി സിഗ്മര്‍ ഗബ്രിയേല്‍ ഇങ്ങനെ കുറിച്ചു ‘ഖത്തര്‍ ഒറ്റപ്പെടുകയും, അതിന്റെ നിലനില്‍പ്പ് ചോദ്യം ചെയ്യപ്പെടുകയുമാണ്. നിലവില്‍ തന്നെ പ്രശ്‌നങ്ങളില്‍ പെട്ടുഴലുന്ന മേഖലക്ക് ഇത്തരത്തിലൊരു ട്രംപ് വല്‍ക്കരണം ഒരിക്കലും താങ്ങാന്‍ കഴിയില്ല……..’

ഖത്തറിലേക്ക് സൈന്യത്തെ അയക്കാനുള്ള തുര്‍ക്കി പാര്‍ലമെന്റിന്റെ തീരുമാനം പുറത്തു വന്നയുടനെ ട്രംപ് ഖത്തര്‍ അമീറിനെ വിളിച്ചു (തന്റെ ട്വീറ്റിന്റെ 24 മണിക്കൂറിനു ശേഷം), പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കാനുള്ള സന്നദ്ധത അറിയിച്ചു. സൈന്യം നല്‍കിയ സന്ദേശം പ്രസിഡന്റ് തിരിച്ചറിഞ്ഞു എന്നാണു ഇത് കാണിക്കുന്നത്.

തെറ്റായ കണക്കു കൂട്ടലുകള്‍

സൗദിയും, യു.എ.ഇയും കൊക്കില്‍ ഒതുങ്ങാത്തതാണ് കൊത്തിയിരിക്കുന്നത്. ട്രംപിനെ വിശ്വസിച്ചു എന്നതാണ് അവര്‍ക്കു പറ്റിയ ഒന്നാമത്തെ പിഴവ്. നിങ്ങള്‍ ട്രംപിന്റെ കൈയില്‍ നിന്നും എന്തെങ്കിലും വാങ്ങുമ്പോള്‍ അതോടൊപ്പം മറ്റൊരുപാട് കാര്യങ്ങളും കൂടിയാണ് നിങ്ങള്‍ വാങ്ങുന്നത്. അവിടെ ഒരുപാട് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകും. ട്രംപ് സ്വന്തം നാട്ടില്‍ തന്നെ സൃഷ്ടിച്ചിട്ടുള്ള എതിര്‍പ്പും, അമര്‍ഷവും കുറച്ചൊന്നുമല്ല. ട്രംപിനോട് എതിര്‍പ്പുള്ളത് ആര്‍ക്കൊക്കെയാണെന്നു നോക്കൂസി.ഐ.എ, പെന്റഗണ്‍, സ്‌റ്റേറ്റ് ഡിപ്പാര്‍ട്ടമെന്റ്, എല്ലാ പാര്‍ട്ടികളിലും പെട്ട സെനറ്റര്‍മാര്‍, ന്യായാധിപര്‍ അങ്ങനെ പോകുന്നു ആ നിര.

യു.എ.ഇ യുടെ വാഷിംഗ്ടണ്‍ അംബാസഡര്‍ യൂസഫ് അല്‍ഉതൈബ കാണിച്ചതാണ് ആന മണ്ടത്തരം. മുന്‍ പ്രതിരോധ സെക്രട്ടറി റോബര്‍ട്ട ഗേറ്റ്‌സ് ചെയ്തിരുന്നത് പോലെ, തുടര്‍ന്നും പ്രതിരോധ വകുപ്പ് തന്റെ ഹിതാനുസാരം പ്രവര്‍ത്തിക്കും എന്നായിരുന്നു ഉതൈബ കണക്കു കൂട്ടിയിരുന്നത്. പക്ഷെ അതുണ്ടായില്ല.

ഖത്തര്‍ ഒരു ചെറിയ രാജ്യമാണ്. അതിനെ പ്രതിരോധിക്കാന്‍ വലിയ രാജ്യങ്ങളൊന്നും മുന്നോട്ടു വരില്ല എന്ന് കരുതിയതാണ് രണ്ടാമത്തെ പിഴവ്. സൗദിക്കും, യു.എ.ഇക്കും തുര്‍ക്കിയില്‍ വലിയ നിക്ഷേപമുണ്ട്. അബൂദാബിയാകട്ടെ തുര്‍ക്കി ഭരണകൂടത്തെ അട്ടിമറിക്കാന്‍ തങ്ങള്‍ തന്നെ നടത്തിയ ശ്രമത്തിനു ശേഷമാണ് ഈ നിക്ഷേപം നടത്തിയിട്ടുള്ളത്. തുര്‍ക്കിയെ വിലക്കെടുത്തു കഴിഞ്ഞു എന്ന് ഇരു രാജ്യങ്ങളും കരുതി. എന്നാല്‍ നേര്‍വിപരീതമായിട്ടാണ് കാര്യങ്ങള്‍ സംഭവിച്ചത്. ഖത്തര്‍ തകര്‍ന്നു പോയാല്‍ ഈ കാമ്പില്‍ പിന്നെ താന്‍ മാത്രമേ ബാക്കിയാവൂ എന്ന് എര്‍ദോഗാന്‍ പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞു.

ഖത്തറിനോടുള്ള എതിര്‍പ്പിന്റെ യഥാര്‍ത്ഥ ചിത്രം പുറത്തു വന്നു എന്നിടത്താണ് മൂന്നാമതായി അവര്‍ക്കു പിഴച്ചത്. തീവ്രവാദത്തിനു ഫണ്ട് നല്‍കുന്നു, ഇറാനുമായി ചങ്ങാത്തം കൂടുന്നു എന്നൊക്കെയായിരുന്നു ആരോപണങ്ങള്‍. എന്നാല്‍ യു.എ.ഇക്കാണു യഥാര്‍ത്ഥത്തില്‍ ഇറാനുമായി വിപുലമായ കച്ചവട ബന്ധമുള്ളത്. ഖത്തറിനെതിരെ ആരോപിക്കുന്ന’ ഇറാന്റെ പക്ഷം പിടിക്കുന്ന’ സഖ്യത്തിന്റെ ഭാഗമാണ് യഥാര്‍ത്ഥത്തില്‍ യു.എ.ഇ.

എതിരാളികളുടെ യഥാര്‍ത്ഥ ആവശ്യങ്ങള്‍ അവര്‍ കുവൈറ്റ് അമീറിനെ -അദ്ദേഹമാണ് പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കുന്നത്- അറിയിച്ചു കഴിഞ്ഞു. അല്‍ ജസീറ ചാനല്‍ അടച്ചു പൂട്ടുക, ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍അറബി അല്‍ ജദീദ് പത്രം, ചാനല്‍, അല്‍ഖുദ്‌സ് അല്‍ അറബി പത്രം, ഹഫിംഗ്ടണ്‍ പോസ്റ്റിന്റെ അറബി എഡിഷന്‍ എന്നിവക്കുള്ള സാമ്പത്തിക സഹായം നിര്‍ത്തിവക്കുക. ഖത്തറില്‍ കഴിയുന്ന ഫലസ്റ്റീന്‍ ബുദ്ധിജീവി അസ്മി ബിശാറയെ പുറത്താക്കുക തുടങ്ങിയവയാണ് അവരുടെ ആവശ്യങ്ങള്‍. ഇവിടെ പരാമര്‍ശിച്ച മാധ്യമങ്ങളാണ്, തങ്ങളുടെ ജനത അറിയരുതെന്ന് ഭരണകൂടങ്ങള്‍ ആഗ്രഹിക്കുന്ന വാര്‍ത്തകള്‍ അറബ് ലോകത്തെ അറിയിച്ചു കൊണ്ടിരിക്കുന്നത്. അഴിമതി നിറഞ്ഞ സ്വേച്ഛാധിപത്യ ഭരണ കൂടങ്ങള്‍ അത് ലോകത്തെവിടെയായാലും തങ്ങളുടെ ഭരണകൂടത്തെ കുറിച്ച അസുഖകരമായ സത്യങ്ങള്‍ വെളിപ്പെടുത്തുന്ന മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടാന്‍ ആഗ്രഹിക്കുന്നു.

അപ്രിയ സഖ്യത്തില്‍ ഇസ്രയേലും ചേരുന്നു
ഹമാസും, മുസ്‌ലിം ബ്രദര്‍ഹുഡും നിബന്ധനാ പട്ടികയില്‍ ഏഴാം സ്ഥാനത്തു മാത്രമാണ് വരുന്നത്. ഹമാസിനെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയത് മറ്റൊരബദ്ധമാണ്. അമേരിക്ക അതേക്കുറിച്ചു എന്ത് കരുതിയാലും, ഹമാസ് ഗള്‍ഫില്‍ ഏറ്റവും ജനപ്രിയതയുള്ള പ്രസ്ഥാനമാണ്. ഇവിടെയാണ് ഈ അപ്രിയ സഖ്യത്തില്‍ ഇസ്രയേലും കക്ഷിയാവുന്നത്. ഉതൈബയുടെ ചോര്‍ന്ന ഇമെയിലുകള്‍ വ്യക്തമാക്കുന്നത് പോലെ യു.എ.ഇയും, ബെന്യമിന്‍ നെതന്യാഹുവിന്റെ ഗവണ്മെന്റും ഒരേ കിടക്കയില്‍ സഹ ശയനം നടത്തുന്നവരാണ്.

ഒരു സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തിലേക്കുള്ള എല്ലാ മുന്നേറ്റങ്ങളെയും തകര്‍ക്കാന്‍ തനിക്കു പ്രധാന അറബ് രാജ്യങ്ങളുടെ പിന്തുണയുണ്ട് എന്ന ഇസ്രായേലി പ്രധാന മന്ത്രിയുടെ വിശ്വാസം തികച്ചും ശരിയാണ്. ഈജിപ്ത്, ജോര്‍ദാന്‍, യു.എ.ഇ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളുടെ ഏതാണ്ട് അവസാനത്തെ ആവശ്യം അതാണ്. ഇസ്രയേലുമായുള്ള ബന്ധങ്ങള്‍ സാധാരണ നിലയിലാക്കുന്നതില്‍ സൗദിക്ക് അങ്ങേയറ്റത്തെ ഉത്സാഹമാണുള്ളത്. ആദ്യമായി ഇസ്രായേല്‍ ചാനല്‍-2 മായി ഈയിടെ നടത്തിയ ഒരു അഭിമുഖത്തില്‍ സൗദി വക്താവ് ഈ കാര്യത്തിന് അടിവരയിട്ടു.

ഈജിപ്ത്യന്‍ഫലസ്തീന്‍ കവി തമിം ബര്‍ഗൂത്തി ഈ സംഭവങ്ങള്‍ക്കു ഒരു അനുയോജ്യമായ വിവരണം നല്‍കിയിട്ടുണ്ട്:
‘ജറുസലേമിലേക്കുള്ള ഇസ്രായേല്‍ അധിനിവേശത്തിന്റെ അമ്പതാം വാര്‍ഷികത്തില്‍, ഈജിപ്ത്യന്‍, സൗദി, യു.എ.ഇ, ബഹ്‌റൈനി, ഇസ്രായേല്‍ സഖ്യം ഒരറബ് രാജ്യത്തിനെതിരെ കരവ്യോമ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നു. പലസ്തീന്‍, ലബനീസ് പ്രതിരോധ സമരങ്ങളെ പിന്തുണച്ചു, ഈജിപ്തിലേതുള്‍പ്പെടെയുള്ള അറബ് വിപ്ലവങ്ങളോട് അനുഭാവം പുലര്‍ത്തി എന്നതല്ലാതെ മറ്റൊരു കുറ്റവും ഈ ഉപരോധിത രാജ്യം ചെയ്തിട്ടില്ല. സിറിയ, യമന്‍, ലിബിയ എന്നീ പ്രശ്ങ്ങളുടെ പേരിലോ, ആ രാജ്യത്തെ അമേരിക്കന്‍ സൈനിക കാമ്പിന്റെ പേരിലോ അല്ല ഖത്തറിനെതിരെ എതിരാളികള്‍ തിരിഞ്ഞിട്ടുള്ളത്……’
‘….ഇറാഖ്,ലെബനോണ്‍,ഗാസ തുടങ്ങിയ യുദ്ധങ്ങളിലെ അല്‍ജസീറയുടെ ‘സാക്ഷ്യ’ ത്തിന്റെ പേരില്‍, 2009, 2012, 2014 എന്നീ കാലയളവിലെ പലസ്തീന്‍ പ്രതിരോധത്തിന് നല്‍കിയ പിന്തുണയുടെ പേരില്‍, 2000 ലേയും, 2006 ലേയും ലബനീസ് പ്രതിരോധത്തോട് സ്വീകരിച്ച അനുഭാവത്തിന്റെ പേരില്‍, 2011 ലെ ഹുസ്‌നി മുബാറകിന്റെ പതനത്തിന്റെ പേരില്‍  ഒക്കെയാണ് ഈ രാജ്യം ഉപരോധിക്കപ്പെടുന്നത്….’

മാക്ബത് സിന്‍ഡ്രം പിടിപെട്ട, പാപ്പരായി നില്‍ക്കുന്ന, തന്റെ കൈയില്‍ പുരണ്ട പഴയ രക്തം പുതിയ രക്തം കൊണ്ട് കഴുകിക്കളയുന്ന ക്രൂരനായ ഒരു സൈനിക ഓഫീസര്‍, എന്ത് വിലകൊടുത്തും തന്റെ അമ്മാവന്റെ പുത്രനെ തോല്‍പ്പിച്ച് രാജാവായി വാഴാന്‍ ഒരുങ്ങിപ്പുറപ്പെട്ടിരിക്കുന്ന പക്വതയില്ലാത്ത ഒരു യുവാവ് രണ്ടുപേരും കൂടി ജൂണ്‍ 5 തെരെഞ്ഞെടുത്തു, തങ്ങളുടെ രാജ്യം ഇസ്രായേല്‍ നയതന്ത്ര ചുഴിയില്‍ വീണിരിക്കുന്നു എന്ന് പ്രഖ്യാപിക്കാന്‍.

ഖത്തറിനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയവരുടെ അവസാന കണക്കു കൂട്ടല്‍ തെറ്റിയതെവിടെ? ഖത്തര്‍ ഗസ്സയല്ല. ശക്തമായ സൈന്യമുള്ള സുഹൃത്തുക്കള്‍ അതിനുണ്ട്. ഹൂസ്‌റ്റെന്‍ നഗരത്തെക്കാള്‍ കുറഞ്ഞ ജനസംഖ്യയുള്ള ഈ രാജ്യം 335 ബില്യന്‍ ഡോളറിന്റെ ഉടമയാണ്. മധ്യ പൗരസ്ത്യ ദേശത്തെ പ്രകൃതി വാതകത്തിന്റെ ഏറ്റവും വലിയ ഉല്‍പാദകരും ഈ രാജ്യമാണ്. ഓയില്‍ ഗ്യാസ് വിപണിയിലെ ലോകത്തെ ആറാമത്തെ വലിയ കമ്പനിയായ എക്‌സോനുമായി ശക്തമായ ബന്ധം ഖത്തറിനുണ്ട്. ലോബ്ബി ഗെയിം കളിക്കാനറിയാവുന്നത് സൗദിക്കും, യു.എ.ഇക്കും മാത്രമല്ല. ഗസ്സ പോലും അതിന്റെ ഉപരോധങ്ങളെ അതിജീവിച്ചു എന്നോര്‍ക്കുക.

വിവ:ഷാനവാസ് കൊല്ലം

Facebook Comments
Show More

Related Articles

Close
Close