AsiaPolitics

കാശ്മീരിലെ ബലാല്‍സംഗ രാഷ്ട്രീയം

കാശ്മീര്‍ താഴ്‌വരയില്‍ നിന്നും ഉയര്‍ന്നു കേട്ട ഉന്നതര്‍ ഉള്‍പ്പെട്ട ലൈംഗിക പീഢന കേസുകളൊക്കെ തന്നെ ഭരണകൂടവും പോലിസും സൈന്യവും ചേര്‍ന്ന് നടത്തിയ ഭീകരപ്രവര്‍ത്തനങ്ങളെയും ഭീഷണിപ്പെടുത്തലുകളെയും തുറന്ന് കാണിക്കുന്നുണ്ട്. അതു കൊണ്ട് തന്നെ ആ കേസുകളൊന്നും കോടതിയില്‍ വിചാരണക്ക് എത്തിയതുമില്ല. കഴിഞ്ഞ വര്‍ഷം ശ്രീനഗറില്‍ വെച്ച് നടന്ന ഒരു സെമിനാറില്‍ കാശ്മീരിലെ രണ്ട് ഗ്രമങ്ങളായ കുനാന്‍, പൊഷ്‌പോറ എന്നിവിടങ്ങളില്‍ നിന്നെത്തിയ സ്ത്രീകള്‍ 1991 ഫെബ്രുവരി 23-ന് ഇന്ത്യന്‍ ആര്‍മിയിലെ സൈനികര്‍ തങ്ങളുടെ ജീവനും, സ്വകാര്യതയും, മാനവും കവര്‍ന്നെടുത്തത് പൊതുസമൂഹത്തിന് മുന്നില്‍ വെളിപ്പെടുത്തുകയുണ്ടായി. തീവ്രവാദികളെ പിടികൂടാനെന്ന വ്യാജേനയാണ് ഇന്ത്യന്‍ ആര്‍മിയുടെ 68-ാം ബ്രിഗേഡിന്റെ 4-ാം രജപുത്ര റൈഫിള്‍സ് സൈനികര്‍ അവരുടെ ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. രാഷ്ട്രീയ കലാപങ്ങളില്‍ പൊതുവെ കാണപ്പെടുന്ന ബലാത്സംഗം, ലൈംഗിക അതിക്രമം, ലൈംഗിക പീഢനം മുതലായ മര്‍ദ്ദനോപകരണങ്ങള്‍ തന്നെയായിരുന്നു അന്നവിടെ സൈന്യവും പ്രയോഗിച്ചത്.

യുദ്ധങ്ങളിലും, കലാപങ്ങളിലും ലൈംഗികാതിക്രമങ്ങള്‍ നടക്കുന്നത് യാദൃശ്ചികമായല്ല. അത് കേവലം ലൈംഗികതയുമായി ബന്ധപ്പെട്ട ചോദ്യം മാത്രമല്ല ഉയര്‍ത്തുന്നത്. 125 സൈനികര്‍ ചേര്‍ന്ന് ഒരു ഗ്രാമം മുഴുവന്‍ ഉപരോധിക്കുകയും, ശേഷം അവിടെയുള്ള സ്ത്രീകളെ പുരുഷന്‍മാരില്‍ വേര്‍പ്പെടുത്തി മാറ്റി നിര്‍ത്തുകയും, 13-നും 60-നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ മുഴുവന്‍ ബലാല്‍സംഗത്തിന് ഇരയാക്കുകയും ചെയ്തു. വളരെ വ്യവസ്ഥാപിതമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയ സൈനിക നടപടി തന്നെയായിരുന്നു അത് എന്നതിലേക്കുള്ള സൂചനയാണിത്. അതിക്രമത്തിലൂടെ ഈ ജനതയെ ഭയത്തിന്റെയും ഭീതിയുടെയും മുള്‍മുനയില്‍ നിര്‍ത്തുക മാത്രമല്ല അത് കൊണ്ട് അവര്‍ ലക്ഷ്യമിട്ടിരുന്നത്- തീവ്രവാദികള്‍ക്ക് അഭയം നല്‍കുന്നവര്‍ എന്ന ആരോപണം അവര്‍ക്കെതിരെ എപ്പോഴും ഉന്നയിക്കപ്പെടുന്നുണ്ട്- കാശ്മീര്‍ ചെറുത്തുനില്‍പ്പ് പ്രസ്ഥാനത്തിനെതിരെയുള്ള പകവീട്ടല്‍ കൂടിയാണ് അത് എന്ന സന്ദേശവും അവര്‍ അതിലൂടെ നല്‍കുന്നുണ്ട്.

ശ്രീനഗറിലെ സെമിനാറിനെ അഭിമുഖീകരിച്ച് സംസാരിച്ച ആ സ്ത്രീകളുടെ കൂടെ 1991-ല്‍ കുപ്‌വാരയുടെ ഡെപ്യൂട്ടി കമ്മീഷണറായിരുന്ന സയ്യിദ് മുഹമ്മദ് യാസീനും പങ്കെടുത്തിരുന്നു. അന്നത്തെ ആ ദുരന്തത്തിന് ശേഷം ആദ്യമായിട്ടായിരുന്നു ഇരകള്‍ ഒരു വലിയ സദസ്സിനെ അഭിമുഖീകരിക്കുന്നത്. ചടങ്ങില്‍ വെച്ച് യാസീന്‍ പൊട്ടിക്കരഞ്ഞു: ‘സ്ത്രീകള്‍ളുടെ വേദന കണ്ട് ഞാന്‍ സ്തംഭിച്ചുപോയി. സ്വന്തം മകളും മരുമകളും കണ്‍മുന്നില്‍ വെച്ച് ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെടുമ്പോള്‍ പട്ടാളക്കാര്‍ എന്നെ അവരുടെ ബൂട്ടുകള്‍ കൊണ്ട് ചവിട്ടിപ്പിടിച്ചിരിക്കുകയായിരുന്നു എന്ന് എന്നോട് ഒരു സ്ത്രീ വന്ന് പറയുകയുണ്ടായി. ഗര്‍ഭിണികളുടെ അവസ്ഥയും മറിച്ചായിരുന്നില്ല’ യാസീന്‍ പറഞ്ഞു. അതൊരു പകരംവീട്ടലായിരുന്നു എന്ന സന്ദേശം ഇതില്‍ നിന്നും വളരെ വ്യക്തമാണ്.

്ഹ്യൂമണ്‍ റൈറ്റ്‌സ വാച്ചും, അവരുടെ ഫിസിഷ്യനും തയ്യാറാക്കിയ പക്ഷപാതപരമായ അന്വേഷണ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി, ലൈംഗിക അതിക്രമങ്ങള്‍ കേവലം തീവ്രവാദികളും അവരുടെ അന്താരാഷ്ട്ര സഖ്യകക്ഷികളും പടച്ചുണ്ടാക്കിയ ആരോപണം മാത്രമാണെന്നായിരുന്നു 1991-ലെ ഇന്ത്യന്‍ സര്‍ക്കാറിന്റെ വാദം. 2014-ല്‍ കുനന്‍-പൊഷ്‌പോറ കേസിന്റെ വാദം കേട്ട ആര്‍മി കൗണ്‍സില്‍ പ്രസ്തുത വാദം വീണ്ടും ആവര്‍ത്തിക്കുകയാണുണ്ടായത്. 2013-ല്‍ കേസ് ഫയല്‍ വീണ്ടും തുറക്കപ്പെട്ടു. സുരക്ഷാ സൈനികര്‍ മാത്രം നടത്തിയ 70-ലധികം ലൈംഗികാതിക്രമ കേസുകളാണ് ആ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കാശ്മീരിലെ സൈനിക സംവിധാനത്തിന് കനത്ത പ്രഹരം ഏല്‍പ്പിക്കുന്ന ഒരു നീക്കമായിരുന്നു അത്. ഇരകള്‍ക്ക് വേണ്ടി സംസാരിക്കുന്ന മനുഷ്യാവകാശ സംഘടനയായ The Jammu and Kashmir Coalition for Civil Society (J-KCCS) യും, ‘We Demand Justice for Kunan Poshpora Survivors’ എന്ന പേരില്‍ നടന്ന കാമ്പയിന്‍ അണിയറ പ്രവര്‍ത്തകരും ചേര്‍ന്ന് 2012-ല്‍ കേസില്‍ പുനരാന്വേഷണം ആവശ്യപ്പെട്ട് ഒരു പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചിരുന്നു. കേസിന്റെ തുടര്‍ നടപടിക്രമങ്ങള്‍ വൈകിപ്പിക്കുന്നതിന് വേണ്ടി സൈന്യം ബോധപൂര്‍വ്വം നടത്തിക്കൊണ്ടിരിക്കുന്ന ഇടപടലുകളെ അവ തുറന്ന് കാട്ടുന്നുണ്ട്.

ഭയപ്പെടുത്തല്‍, ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും എതിരെയുള്ള ദുരാരോപണങ്ങള്‍, കുറ്റാരോപിതരായ സൈനികരെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടുന്നതില്‍ സൈന്യം പ്രകടിപ്പിക്കുന്ന നിസംഗത, അന്വേഷണം നടത്താനും ഇരകളുടെയും സാക്ഷികളുടെയും മൊഴിരേഖപ്പെടുത്തുന്നതില്‍ പോലിസിന്റെ ഭാഗത്ത് നിന്നുണ്ടായ പരാജയം എന്നിവയാണ് കൂട്ടബലാല്‍സംഗത്തിനിരയാവര്‍ക്ക് നീതിലഭിക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേരിടേണ്ടി വന്നത്. ഇന്ത്യന്‍ ആര്‍മി ഫയല്‍ ചെയ്ത ഒരു പരാതിയുടെ അടിസ്ഥാനത്തില്‍ ജമ്മുകാശ്മീര്‍ ഹൈകോടതി നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന അന്വേഷണം നിര്‍ത്തിവെക്കാന്‍ കഴിഞ്ഞ മാസം ഉത്തരവിട്ടു. അങ്ങനെ ജമ്മുകാശ്മീരിലെ ജുഡീഷ്യല്‍ സംവിധാനം 125 സൈനികര്‍ക്കും രക്ഷപ്പെടാനുള്ള വഴിയൊരുക്കി കൊടുത്തു. ‘സ്വതന്ത്ര ഇന്ത്യ കണ്ടതില്‍ വെച്ചേറ്റവും വലിയ കൂട്ടബലാത്സംഗ കേസ്’ എന്നാണ് ഈ കേസിനെ പ്രമുഖ സാമൂഹ്യപ്രവര്‍ത്തകന്‍ ഹര്‍ഷ് മന്ദര്‍ വിശേഷിപ്പിച്ചത്. കേസന്വേഷണം സ്റ്റേ ചെയ്തു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കും മുമ്പ് ഇരകള്‍ക്കും സാക്ഷികള്‍ക്കും പറയാനുള്ളത് കേള്‍ക്കാന്‍ പോലും കോടതി തയ്യാറായില്ല.

പൊതുസമൂഹത്തിന് മുന്നിലുള്ള വെളിപ്പെടുത്തലിനിടെ ബലാല്‍സംഗ ഇരകളിരൊളാള്‍ മുഖ്യധാരാ ലൈംഗികാതിക്രമ കേസുകള്‍ക്കെതിരെ ഉടലെടുക്കാറുള്ള നമ്മുടെ ‘ദേശീയ പ്രതികരണത്തെ’ ഉറച്ച ശബ്ദത്തില്‍ പ്രശ്‌നവത്കരിക്കുകയുണ്ടായി: ‘ഡല്‍ഹിയില്‍ ഒരു പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയായപ്പോള്‍ മുഴുവന്‍ രാജ്യവും അതിനെതിരെ രംഗത്തുവരികയുണ്ടായി. പക്ഷെ ഞങ്ങളുടെ കാര്യത്തിന് വേണ്ടി ആരും തന്നെ ശബ്ദിച്ചില്ല. ഒരു സ്ത്രീക്കും ഇങ്ങനെയൊരു അവസ്ഥയുണ്ടാവരുത്. ഞങ്ങള്‍ക്ക് പണവും ജോലിയുമല്ല വേണ്ടത്. ഞങ്ങള്‍ക്ക് വേണ്ടത് നീതിയാണ്. ഞങ്ങള്‍ ബലാല്‍സംഗം ചെയ്യപ്പെട്ടു. പക്ഷെ ഞങ്ങള്‍ ഇന്ന് നടത്തിക്കൊണ്ടിരിക്കുന്ന സമരത്തിലൂടെ അതിന് ഉത്തരവാദികളായവരെ തുറന്ന് കാട്ടുക തന്നെ ചെയ്യും. പ്രതികള്‍ ശിക്ഷിക്കപ്പെടണം എന്നാണ് ഞങ്ങളുടെ അവസാനത്തെ ആഗ്രഹം.’

നീതി ലഭിക്കുമെന്ന പ്രതീക്ഷയും, പ്രതികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കുമെന്ന അവരുടെ നിശ്ചയദാര്‍ഢ്യവും ശ്രദ്ധേയമാണെങ്കിലും, അതേസമയം അതൊരു രാഷ്ട്രീയ അനൗചിത്യത്തെയും പ്രകടമാക്കുന്നുണ്ട്. കാശ്മീരില്‍, സൈനികരുടെ കാര്യത്തില്‍ ദേശസ്‌നേഹം അപകടകരമായ അവസ്ഥയിലാണുള്ളത്. ഒരു സമുദായത്തിന്റെ ചെറുത്തുനില്‍പ്പിനെ അവമതിക്കാനാണ് ദേശസ്‌നേഹത്തെ ഭരണകൂടം അവരുടെ ഇഷ്ടത്തിന് കൈകാര്യം ചെയ്യുന്നത്. തീര്‍ത്തും അടിച്ചമര്‍ത്തല്‍ സ്വഭാവമുള്ള അധീശത്വഘടനയുടെ വികസിതരൂപമായ കാശ്മീരിലെ നിയമസംവിധാനങ്ങളും, ക്രിമിനല്‍ നീതിയും ലൈംഗികാതിക്രമത്തെ അതിജീവിച്ചവര്‍ക്ക് നീതി ലഭ്യമാക്കുമോ?

ഈ നിയമലംഘനം നിയമത്തിന് അതീതരായി നിലനില്‍ക്കുന്ന അതിഭീകര സ്ഥാപനങ്ങളിലേക്ക് നമ്മെ കൊണ്ടെത്തിക്കുന്നു. ലോകത്തിലെ മറ്റു സംഘര്‍ഷ ബാധിത പ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ലൈംഗികാതിക്രമങ്ങള്‍ വമ്പിച്ച തോതില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള കാശ്മീര്‍ താഴ്‌വരയില്‍, ഈ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ കാര്യത്തില്‍ ഒരു കോടതി വിചാരണ പോലും നടന്നിട്ടില്ല. ഭരണകൂട-നിയമ സംവിധാനങ്ങള്‍ വര്‍ഷങ്ങളോളം ഈ കേസുകള്‍ അങ്ങോട്ടുമിങ്ങോട്ടും തട്ടികളിക്കുകയായിരുന്നു. 2000-ത്തില്‍ ബാനിഹാലില്‍ ഒരു അമ്മയെയും മകളെയും ബലാല്‍സംഗം ചെയ്ത കേസിലും, അതുപോലെയുള്ള മറ്റൊന്നിലും, 2004-ത്തില്‍ ഹന്ത്വാരയില്‍ മറ്റൊരു അമ്മയും മകളും മാനഭംഗത്തിനിരയായ കേസിലും പുറപ്പെടുവിച്ച രണ്ട് വിധികളില്‍ സൈനികരെ കോര്‍ട്ട് മാര്‍ഷല്‍ ചെയ്തിരുന്നു. പക്ഷെ ഇതിനെതിരെ സൈനികര്‍ ജമ്മു കാശ്മീര്‍ ഹൈകോടതിയില്‍ അപ്പീല്‍ നല്‍കിയതിന്റെ ഫലമായി പ്രസ്തുത കോര്‍ട്ട് മാര്‍ഷല്‍ വിധി റദ്ദാക്കുകയാണുണ്ടായത്. പ്രദേശികതലത്തിലും, ദേശീയതലത്തിലും, അന്താരാഷ്ട്രതലത്തിലും പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനകളൊക്കെ തന്നെ കേസിന്റെ നടപടിക്രമങ്ങള്‍ക്ക് പോലീസിന്റെ ഭാഗത്തു നിന്നും തടസ്സങ്ങളും, അന്വേഷണവും അറസ്റ്റും തടയുവാന്‍ വേണ്ടി സൈന്യത്തിന്റെ ഭാഗത്തു നിന്നുണ്ടായ സമ്മര്‍ദ്ദങ്ങളുമാണ് വ്യാപകമായി വെളിപ്പെടുത്തിയത്. 2009-ല്‍ ഷോപിയനില്‍ നടന്ന ഇരട്ടക്കൊലപാതകവും ബലാല്‍സംഗവും, 2004-ല്‍ ഹന്ത്വാരയില്‍ 15 വയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഒരു ഡെപ്യൂട്ടി സൂപ്രണ്ട്, അതുപോലെ 2011-ല്‍ മന്‍സ്ഗാമില്‍ മാനഭംഗത്തിനിരയായ 25 വയസ്സുകാരി; ഉന്നതര്‍ ഉള്‍പ്പെട്ട ഈ ലൈംഗികാതിക്രമ കേസുകളുടെ പിന്നില്‍ ഭരണകൂടവും പോലിസും സൈന്യവുമാണെന്ന് വളരെ വ്യക്തമാണ്. അതുകൊണ്ടു തന്നെയാണ് ഈ കേസുകളൊന്നും കോടതയില്‍ വിചാരണ നേരിടാതിരുന്നത്. കുനാന്‍-പൊഷ്‌പോറ കേസിന്റെ അന്വേഷണ പ്രകിയ തടസ്സപ്പെടുത്തുന്നതിന് വേണ്ടി സൈന്യവും ഇന്റലിജന്‍സ് വൃത്തങ്ങളും ഇടപെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി 2013 ജൂണില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കുറ്റം ചെയ്താല്‍ ശിക്ഷിക്കപ്പെടുകയില്ലെന്ന വിശ്വാസമാണ് കാശ്മീരിലെ പരോക്ഷമായ സൈനിക അധിനിവേശത്തിന് ശക്തിപകരുന്നത്. തങ്ങള്‍ക്ക് പ്രത്യേക സംരക്ഷണം വേണമെന്ന് അവര്‍ ഭരണകൂടത്തോട് ആവശ്യപ്പെടുന്നു. അവരുടെ അഭിപ്രായത്തില്‍ അവരാണ് ഭരണകൂടത്തിന്റെ പരമാധികാരത്തെ സംരക്ഷിക്കുന്നത്. ലൈംഗികാതിക്രമങ്ങളുടെ കാര്യത്തില്‍, കുറ്റം ചെയ്താല്‍ ശിക്ഷിക്കപ്പെടുകയില്ലെന്ന ധാരണ നിലനില്‍പ്പ് ഭീഷണി നേരിടുന്നുണ്ട്. കാരണം, സൈന്യത്തിന്റെ പ്രത്യേകാധികാര നിയമത്തിന്റെ (അഫ്‌സ്പ) കീഴില്‍, ‘നല്ല ഉദ്ദേശത്തോടെ ആണെങ്കില്‍’ ഒരു സൈനികന് സംശയം തോന്നുന്നവരെ വധിക്കാനുള്ള അനുവാദം നല്‍കപ്പെട്ടിട്ടുണ്ട്. പക്ഷെ നിയമത്തിനെ കൂട്ടുപിടിച്ച് ‘ഡ്യൂട്ടി നിര്‍വഹണത്തിനിടെ’ ബലാല്‍സംഗം ചെയ്തതായി അവകാശപ്പെടാന്‍ സാധിക്കുകയില്ല.

്’ആഭ്യന്തര സുരക്ഷാ ഡ്യൂട്ടികള്‍ക്കിടെ ശിക്ഷിക്കപ്പെടുകയില്ലായെന്ന ധൈര്യത്തോടെ വളരെ വ്യവസ്ഥാപിതമായി നടക്കുന്ന ലൈംഗികാതിക്രമങ്ങളൊക്കെ തന്നെ അഫ്‌സ്പ വഴി നിയമവിധേയമാക്കി കൊണ്ടിരിക്കുകയാണെന്ന് അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ ഞങ്ങള്‍ ശ്രദ്ധിച്ചിരുന്നു. നമ്മുടെ രാജ്യത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളിലും ഇത് പ്രാബല്ല്യത്തിലുണ്ട്. രാജ്യത്തെ മറ്റു ഭാഗങ്ങളിലെ പൗരന്‍മാര്‍ക്ക് ലഭിക്കുന്നത് പോലെ സംഘര്‍ഷബാധിത മേഖലകളില്‍ താമസിക്കുന്ന സ്ത്രീകള്‍ക്കും സുരക്ഷിതത്വത്തിനും, അഭിമാന സംരക്ഷണത്തിനുമുള്ള അവകാശം നിര്‍ബന്ധമായും നാം ഉറപ്പ് വരുത്തേണ്ടതുണ്ട്.’ ഇന്ത്യയിലെ ബലാല്‍സംഗ വിരുദ്ധ നിയമത്തില്‍ ഭേദഗതികള്‍ കൊണ്ടുവന്ന ജസ്റ്റിസ് വര്‍മ്മ കമ്മറ്റിയുടെ വാക്കുകളാണിത്. ലൈംഗിക പീഢന കേസുകളില്‍ കുറ്റാരോപിതരാവുന്ന സായുധ സൈനികരെയും യൂണീഫോമണിഞ്ഞ മറ്റു ഉദ്യോഗസ്ഥരെയും സാധരണ ക്രിമിനല്‍ നിയമത്തിന്റെ അധികാര പരിധിക്ക് കീഴില്‍ കൊണ്ടുവരണമെന്ന വര്‍മ്മ കമ്മറ്റിയുടെ നിര്‍ദേശം ഇന്ത്യന്‍ ഗവണ്‍മെന്റ് തള്ളികളയുകയാണുണ്ടായത്. 2012-ല്‍ സുപ്രീംകോടതിയില്‍ പാത്രിബാല്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിന്റെ വാദം കേള്‍ക്കുന്ന സമയത്ത് ജസ്റ്റിസുമാരായ ബി.എസ് ചൗഹാനും സ്വതന്തര്‍ കുമാറും സൈനിക ഉദ്യോഗസ്ഥരോട് പറഞ്ഞു: ‘അഫ്‌സ്പ പ്രയോഗത്തിലുള്ള ഒരു സ്ഥലത്തേക്ക് നിങ്ങള്‍ പോയി, നിങ്ങള്‍ ബലാല്‍സംഗം ചെയ്തു, കൊലപാതകം നടത്തി, കോടതിയുടെ തീരുമാനം എന്തായിരിക്കും? ഇത് അന്വേഷിച്ച് വിചാരണ നടത്തേണ്ട ഒരു സാധാരണ കേസ് തന്നെയാണ്. ഇതാണ് ഞങ്ങളുടെ നിലപാട്.’ കാശ്മീരില്‍ സൈനികരെ നിയമത്തിന് അധീതരാക്കിയ, അവര്‍ ശിക്ഷിക്കപ്പെടുകയില്ലെന്ന് ഉറപ്പു വരുത്തുന്ന അധികാര സ്ഥാപനങ്ങളുടെ നിലപാടിന് നേര്‍വിപരീതമായിരുന്നു സുപ്രീംകോടതി ജഡ്ജിമാരുടെ നിലപാട്. ‘ടെറിറ്റോറിയല്‍ ഇന്റഗ്രിറ്റി’ യുടെ കണ്ണിലൂടെ മനസ്സിലാക്കപ്പെടുമ്പോള്‍ അഫ്‌സ്പ റദ്ദു ചെയ്യുന്നതിനും അതുള്‍ക്കൊള്ളുന്ന ഭീകരനിയമങ്ങളുടെ കടുപ്പം കുറക്കുന്നതിനോടുമുള്ള സൈന്യത്തിന്റെയും ഇന്ത്യന്‍ ഭരണകൂടത്തിന്റെയും എതിര്‍പ്പ് ഉത്തരം കിട്ടാത്ത ചോദ്യമല്ല. ചരിത്രപരമായി അതൊരു താര്‍ക്കിക വിഷയമാണെങ്കിലും ശരി. ലൈംഗികാതിക്രമ കേസുകളില്‍ പ്രതികളെന്ന് ആരോപിക്കപ്പെടുന്ന സൈനിക ഉദ്യോഗസ്ഥരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്നവരെയും നിര്‍ദ്ദേശിക്കുന്നവരെയും ഇന്ത്യന്‍ ഭരണകൂടം നിരന്തരമായും പരസ്യമായും ഭീഷണിപ്പെടുത്തുന്നു എന്നതാണ് കുറ്റം ചെയ്താല്‍ ശിക്ഷിക്കപ്പെടുകയില്ലെന്നതിനുള്ള ഏറ്റവും നല്ല ഉദാഹരണങ്ങളിലെ ഘടനാപരമായ മുഖ്യപ്രശ്‌നങ്ങളില്‍ പ്രധാന്യമര്‍ഹിക്കുന്നത്. നീതി നിഷേധിക്കുന്നതിന് നിയമത്തെ ഉപയോഗപ്പെടുത്തിയതിലൂടെ യഥാര്‍ത്ഥത്തില്‍ കുറ്റവാളികളെ സ്ഥിരമായി സംരക്ഷിക്കുകയാണ് ഭരണകൂടം ചെയ്തത്.

കഴിഞ്ഞ വര്‍ഷം മുതല്‍ക്കാണ് ഫെബ്രുവരി 23 ‘കാശ്മീരി സ്ത്രീകളുടെ ചെറുത്ത്‌നില്‍പ്പ് ദിനം’ ആയി അടയാളപ്പെടുത്താന്‍ തുടങ്ങിയത്. അനീതിക്കെതിരെയുള്ള സമരത്തില്‍ അടുത്ത വര്‍ഷങ്ങളിലും കാശ്മീരിലെ ധീരവനിതകള്‍ ഒത്തുകൂടം. കുറ്റവാളികള്‍ക്ക് രക്ഷപ്പെടാന്‍ എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുന്ന ഭരണകൂടത്തിനെതിരെ എടുത്ത പ്രതിജ്ഞ അവര്‍ വീണ്ടും പുതുക്കും. നിയമ വ്യവസ്ഥക്കകത്ത് നിന്നു കൊണ്ടുള്ള അവരുടെ പോരാട്ടത്തെ നമുക്ക് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം. ചിലപ്പോള്‍ അത് നീതി പ്രതീക്ഷിച്ചു കൊണ്ടാവാം, അല്ലെങ്കില്‍ എതിര് പറയാനുള്ള അവരുടെ ശേഷിയെ പ്രതീകാത്മകമായി തുറന്ന് കാട്ടുന്നതിന് വേണ്ടിയുമാവാം.
(ആയിശ പര്‍വേസ് എഴുത്തുകാരിയും, സോഷ്യന്‍ ഡെവലപ്‌മെന്റ് പ്രൊഫഷണലും, മനുഷ്യാവകാശ ഗവേഷകയുമാണ്)

 

മൊഴിമാറ്റം: ഇര്‍ഷാദ് കാളാച്ചാല്‍
അവലംബം: ദ ഹിന്ദു

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker