Middle EastPolitics

ഒബാമ ഇപ്പോള്‍ ഒരു കുരുക്കിലാണ്

ഒരാളുടെ ഭാവിയെക്കുറിച്ച് പ്രവചിക്കുകയോ, അല്ലങ്കില്‍ ഒരു മനശ്ശാസ്ത്രജ്ഞനെപ്പോലെ സംസാരിക്കുകയോ അല്ല ഞാന്‍ ചെയ്യുന്നത്. മറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയുടെ സ്വഭാവത്തെക്കുറിച്ചും 2000 പേര്‍ മരിച്ചുവീഴാന്‍ കാരണമായ (അവരിലധികവും കുട്ടികളാണ്) സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദ് സ്വന്തം ജനതക്കിടയില്‍ തന്നെ നടത്തിയ കൂട്ടക്കുരുതിയെത്തുടര്‍ന്ന് സിറിയക്കെതിരെ സൈനിക നീക്കം നടത്താനൊരുങ്ങുന്ന അദ്ദേഹത്തിന്റെ രാഷ്ട്രീയ തീരുമാനത്തെക്കുറിച്ചും ചില വിചാരങ്ങള്‍ പങ്കുവക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. അമേരിക്കയുടെ സാമ്പത്തിക സംവിധാനങ്ങളെ അപ്പാടെ തകിടം മറിക്കുന്ന രീതിയില്‍ പ്രത്യേകിച്ച് എടുത്തു പറയാന്‍ കാരണങ്ങളൊന്നും തന്നെയില്ലാതെ ആ രാജ്യത്തെ രണ്ടു യുദ്ധങ്ങളിലേക്ക് തള്ളി വിട്ട ഒരു പ്രസിഡന്റിനു ശേഷമാണ് ഒബാമ അധികാരത്തില്‍ വരുന്നത്. മൊത്തം ലോകത്തു തന്നെ മനുഷ്യ ജീവനു സംഭവിച്ച ഹാനിക്കപ്പുറം പ്രവചനാതീതമായ സാമ്പത്തിക പ്രതിസന്ധിക്കു ആ രണ്ടു യുദ്ധങ്ങളും വഴിവെച്ചു എന്നത് ഒരു നഗ്ന സത്യമാണ്. അതുകൊണ്ടു തന്നെ ഇറാഖിലും അഫ്ഗാനിസ്ഥാനിലുമുള്ള അമേരിക്കയുടെ ഇടപെടല്‍ ഇല്ലാതാക്കാനും ഇനിയൊരു യുദ്ധത്തിലേക്ക് രാജ്യത്തെ കൊണ്ടുപോകാതിരിക്കാനും താന്‍ ശ്രമിക്കുമെന്ന് ആവര്‍ത്തിച്ചു പറയുന്നതില്‍ ഒബാമ ശുഷ്‌കാന്തി കാണിച്ചിരുന്നു. എല്ലാത്തിനുമുപരിയായി ഒബാമയുടെ ചുറ്റും സ്വാധീന വലയം തീര്‍ത്തിട്ടുള്ള രാഷ്ട്രീയ സംഘങ്ങള്‍ നിരന്തരമായി അദ്ദേഹത്തെക്കൊണ്ട് മിഡിലീസ്റ്റില്‍ അമേരിക്കക്ക് പ്രത്യേകിച്ച് താല്‍പര്യമൊന്നുമില്ല, മറിച്ച് ചൈനയാണ് തങ്ങളുടെ ലക്ഷ്യം എന്നു ചിന്തിപ്പിക്കുന്നതിന് ശ്രമിച്ചിരുന്നു.24 ശതമാനത്തില്‍ താഴെ ഓയില്‍ മാത്രമേ മധ്യപൗരസ്ത്യ ദേശത്തുനിന്നും അമേരിക്ക സ്വീകരിക്കുന്നുള്ളൂ എന്നത് അവര്‍ അതിനൊരു കാരണമായി കാണുന്നു. സ്വാഭാവികമായും അവരെ സംബന്ധിച്ചിടത്തോളം ഒബാമ ഇപ്പോള്‍ എടുത്തിട്ടുള്ള തീരുമാനം തിടുക്കപ്പെട്ടെടുത്തതും അപ്രധാനമായതുമാണ്. അതേ സമയം രാസായുധങ്ങള്‍ ഉപയോഗിക്കുന്നവരെ വെച്ചു പൊറുപ്പിക്കില്ലെന്ന വലിയ ശപധം ഒബാമ ചെയ്തിട്ടുണ്ട്. സ്വാഭാവികമായും ആ വിഷയത്തില്‍ ഇപ്പോള്‍ പ്രതികരിച്ചില്ലെങ്കില്‍ അത് മൊത്തം ലോകത്ത് അമേരിക്കയുടെ മേധാവിത്വത്തിനേറ്റ തിരിച്ചടിയാകുമോ എന്ന ഭയവുമുണ്ട്. പോരാത്തതിന് മധ്യ പൗരസ്ത്യ ദേശത്തെ തകര്‍ച്ച മാത്രം ലക്ഷ്യം വച്ചു കഴിയുന്ന ഇസ്രായേലിനെപ്പോലെ ഒരു രാജ്യത്തിന്റെ സമ്മര്‍ദ്ദവും നിലനില്‍ക്കുന്നു. ബറാക്ക് ഒബാമയെന്ന ജനങ്ങളുടെ തൃപ്തിയില്‍ വല്ലാതെ ശ്രദ്ധിക്കുന്ന ഒരു നേതാവിനെ സംബന്ധിച്ചിടത്തോളം തന്റെ രാജ്യത്തെ ഇനിയും ഒരു യുദ്ധത്തിലേക്ക് തള്ളിവിടുന്നതിലൂടെ അഭിമുഖീകരിക്കേണ്ടി വരുന്ന ആഭ്യന്തരമായ പ്രതിസന്ധി വളരെ വലുതാണ്. അപ്പോള്‍ ഒബാമ യാഥാര്‍ഥത്തില്‍ ഇപ്പോള്‍ ഒരു കുരുക്കിലാണെന്ന് വ്യക്തം.

വിവ : അത്തീഖുറഹ്മാന്‍

Facebook Comments
Related Articles
Show More
Close
Close