Europe-AmericaMiddle EastPolitics

ഒബാമയുടെ സന്ദര്‍ശനവും രണ്ട് വെല്ലുവിളികളും

അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ പശ്ചിമേഷ്യയിലെ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒരു വിനോദയാത്രയായിട്ടാണെന്ന് നാം വിശ്വസിക്കുന്നില്ല. ബത്‌ലഹേമിലെ ചര്‍ച്ച് കാണുന്നതിനോ മറ്റെന്തെങ്കിലും പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനോ വരുന്നതുമല്ല. ചിക്കാഗോ, ഹാര്‍ഡ്‌ഫോര്‍ഡ്, കൊളമ്പിയ തുടങ്ങിയ  യൂണിവേഴ്‌സിറ്റികളില്‍ വിദ്യാര്‍ഥിയായിരിക്കെ തന്നെ പ്രസ്തുത സ്ഥലങ്ങളെ കുറിച്ച് നല്ല അവബോധം ഉണ്ടായിരുന്ന ഒബാമ തന്റെ സന്ദര്‍ശനത്തില്‍ കേവലം കാഴ്ചക്കാരനായി ചുരുങ്ങുമെന്ന് നാം കരുതുന്നില്ല.
അറബ്-ഇസ്രയേല്‍ സംഘട്ടനത്തിനുള്ള ഒരു പരിഹാര പദ്ധതിയുമായിട്ടല്ല ഒബാമ വരുന്നതെന്ന് വൈറ്റ് ഹൗസ് പ്രഖ്യാപിച്ചിട്ടുണ്ട്. അത് പ്രത്യേക ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നുമില്ലാതെ തന്നെ അറിയുന്ന കാര്യമാണ്. കഴിഞ്ഞ ഇരുപത് വര്‍ഷം അമേരിക്ക ചുക്കാന്‍ പിടിച്ച് നടത്തിയ സമാധാന ശ്രമങ്ങളെല്ലാം തന്നെ നിര്‍ജ്ജീവമാണ്. അതില്‍ ഓസ്‌ലോ കരാര്‍ ഒരു ദുരന്തസ്മരണയായിട്ടാണ് അവശേഷിക്കുന്നത്.
ഇസ്രേയേല്‍ വിരുദ്ധനാണ് താനെന്ന ആരോപണത്തില്‍ നിന്നും മോചിതനാകുന്നതിനായിട്ടാണ് ഒബാമയുടെ ഈ സന്ദര്‍ശനം. ജൂതന്‍മാരോടുള്ള തന്റെ സൗഹൃദ്ധം അരക്കിട്ടുറപ്പിക്കാനും കൂടിയാണിത്. മറ്റൊരു അമേരിക്കന്‍ പ്രസിഡന്റും നല്‍കാത്ത അത്യാധുനിക ആയുധങ്ങളും സൈനിക സഹായങ്ങളും ഒബാമ തങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് ജൂത രാഷ്ട്രതലവന്‍ ഷിമോന്‍ പെരസ് തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
പ്രദേശം സന്ദര്‍ശിക്കുന്ന പ്രസിഡന്റിന്റെ മുന്‍ഗണനാ ക്രമത്തിന്റെ പട്ടികയില്‍ ഫലസ്തീന്‍ പ്രശ്‌നം ഏറ്റവും അടിയില്‍ തന്നെയാണുള്ളത്. മറ്റ് രണ്ട് പ്രശ്‌നങ്ങളാണ് നിലവില്‍ ഒബാമക്ക് മുന്നിലുള്ളത്. അതില്‍ ഒന്നാമത്തേത് കത്തിജ്വലിച്ച് നില്‍ക്കുന്ന സിറിയയില്‍ എന്ത് നിലപാടെടുക്കും എന്നതാണ്. ഇറാന്‍ ആണവായുധം കൈവശപ്പെടുത്തുന്നതിലുപരിയായി അവര്‍ സഖ്യകക്ഷിയായ ഇസ്രയേലിനെ അക്രമിക്കുന്നത് എങ്ങനെ തടയാം എന്നുള്ളതാണ് രണ്ടാമത്തെ വിഷയം.
പശ്ചിമേഷ്യയിലെ ഒരു യുദ്ധത്തിലും ഇടപെടാതിരിക്കാനാണ് മുന്‍ഗണന നല്‍കുന്നതെങ്കിലും, സിറിയന്‍ വിഷയത്തില്‍ ഒബാമ സാധ്യതകള്‍ പഠിച്ചു കൊണ്ടിരിക്കുകയാണ്. സിറിയന്‍ വിമതര്‍ക്ക് ആയുധം നല്‍കി പിന്തുണക്കാനുള്ള ഫ്രാന്‍സിന്റെയും ബ്രിട്ടന്റെയും തീരുമാനത്തോടുള്ള യോജിപ്പ് അതാണ് വിശദീകരിക്കുന്നത്. ആയുധം ലഭിച്ചാല്‍ വിമതര്‍ തന്നെ ഇപ്പോഴത്തെ അവസ്ഥ മാറ്റികൊള്ളും. സിറിയന്‍ മണ്ണില്‍ അവര്‍ ആധിപത്യം ഉറപ്പിക്കുകയും ചെയ്യും.
സിറിയയുടെ രാസായുധത്തെ കുറിച്ച് ശ്രദ്ധ കേന്ദ്രീകരിക്കുന്നവരില്‍ മുന്നിലുള്ളത് ഒബാമായാണ്. തീവ്ര ജിഹാദി സംഘങ്ങളുടെ കയ്യിലത് അകപ്പെടുന്നതിനെയും ഇസ്രയേലിനെതിരെ അതുപയോഗിക്കുന്നതിനെതിരെയും പ്രസിഡന്റ് ഭയക്കുന്നു. സിറിയ മറ്റൊരു ലിബിയയാക്കി മാറ്റാന്‍ അദ്ദേഹം ഉദ്ദേശിക്കുന്നില്ല. ഇസ്രയേലിനെതിരെ പോരാടുന്ന ലോകത്തെ വ്യത്യസ്ത പ്രദേശങ്ങളിലുള്ള തീവ്ര മുസ്‌ലിംകളുടെ ഒരു ഭൂമിയായി മാറാനും പാടില്ല. ഇറാന്‍ ആണവായുധം കൈവശപ്പെടുത്തുന്നതിനെ തടയുമെന്ന് ഒബാമ ഉറപ്പ് നല്‍കിയതായി ഇസ്രയേല്‍ പ്രസിഡന്റ് സി.എന്‍.എന്‍ ചാനലിനോട് പറഞ്ഞിട്ടുണ്ട്.
ഒബാമയുടെ സന്ദര്‍ശനത്തില്‍ അത്ര പ്രധാന്യം നല്‍കപ്പെടാത്ത ഒന്നാണ് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായുള്ള കൂടിക്കാഴ്ച്ച. കേവലം കൂടിക്കാഴ്ചക്ക് അപ്പുറം അത് കടക്കില്ല. കുടിയേറ്റത്തെ കുറിച്ചോ നെതന്യാഹു ഭരണകൂടത്തിനെ കുറിച്ചോ അവരുടെ പരാതികളെ അമേരിക്കന്‍ പ്രസിഡന്റ് സ്വാഗതം ചെയ്യില്ല.
ഈ യാത്രയെ കുറിച്ചോ അതിന്റെ ഫലത്തെ കുറിച്ചോ അന്തിമ വിശകലനത്തിന് സമയമായിട്ടില്ല. എന്നാല്‍ യുദ്ധത്തിന് ഒരു ഒരുക്കമായിട്ടതിനെ വായിക്കാം. അത് ഇറാനെതിരെയാവാം, അസദ് ഭരണകൂടത്തെ താഴെ ഇറക്കുന്നതിനാവാം അല്ലെങ്കില്‍ രണ്ടും കൂടിയാവാം. തങ്ങളുടെ സംയമനം കൈവിട്ട ഫലസ്തീനികള്‍ തെറ്റാണ് ചെയ്തിരിക്കുന്നത്. ഒബാമയുടെ സന്ദര്‍ശനത്തിനെതിരെ തങ്ങളാല്‍ കഴിയുന്ന വിധമെല്ലാം അവര്‍ പ്രതിഷേധിച്ചു.

അവലംബം : അല്‍-ഖുദ്‌സ്

വിവ : അഹ്മദ് നസീഫ് തിരുവമ്പാടി

Facebook Comments
Related Articles
Close
Close