Middle EastPolitics

ഏകാധിപത്യത്തെ താങ്ങിനിര്‍ത്തുന്നവരാണ് ഉര്‍ദുഗാനെ വിമര്‍ശിക്കുന്നത്

റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ഈജിപ്തിലെ പുറത്താക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് മുര്‍സിയോടൊപ്പം നിലയുറപ്പിക്കുന്നത് ലോക രാജ്യങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ സ്വീകാര്യത കുറച്ചു എന്ന രീതിയില്‍ മാധ്യമങ്ങള്‍ പ്രചാരണം നടത്തുന്നുണ്ട്. ഈജിപ്തിന്റെ ചരിത്രത്തില്‍ ആദ്യമായി തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന പ്രസിഡന്റ് മുര്‍സിയെ പിന്തുണക്കുന്നതിലെ ന്യായവും അന്യായവും പരിശോധിക്കുകയാണ് ഈജിപ്തിലെ മനുഷ്യാവകാശ ദേശീയ കൗണ്‍സില്‍ അംഗവും കണ്‍സ്ട്രക്ഷന്‍ ആന്റ് ഡെവലപ്‌മെന്റ്് പാര്‍ട്ടിയുടെ രാഷ്ട്രീയ കാര്യ ഉപദേശകനുമായ ഡോ: ഉസാമ റുഷ്ദി.

യഥാര്‍ഥത്തില്‍ ഉര്‍ദുഗാന് മുര്‍സിയെ പിന്തുണക്കുകയല്ലാതെ മറ്റൊരു വഴി തെരഞ്ഞെടുക്കാന്‍ സാധിക്കുകയില്ല. കാരണം അദ്ദേഹം ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റാണ്. സൈനിക ഭരണകൂടം തങ്ങളുടെ അട്ടിമറിയിലൂടെ ഈ ജനാധിപത്യ സംവിധാനത്തെ തകിടം മറിക്കുകയും പ്രസിഡന്റ് മുര്‍സിയെ പുറത്താക്കുകയുമായിരുന്നു. തന്റെ കുറഞ്ഞ കാലയളവിനുള്ളില്‍ തന്നെ ഇരു രാജ്യങ്ങളും തമ്മിലെ ബന്ധത്തില്‍ ഊഷ്മളത വര്‍ദ്ധിപ്പിക്കാന്‍ മുര്‍സിക്കായി. മാത്രമല്ല, തന്റെ പിന്തുണ പ്രഖ്യാപിക്കുന്നതിലൂടെ പ്രദേശത്തെ രാജ്യങ്ങള്‍ അനുഭവിക്കുന്ന പ്രാദേശികവും അന്താരാഷ്ട്രപരവുമായ പ്രശ്‌നങ്ങളില്‍ ഏകീകരിക്കപ്പെട്ട അഭിപ്രായം രൂപപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു ഉര്‍ദുഗാന്‍ ചെയ്തത്. യഥാര്‍ഥത്തില്‍ ഇത് ഈജിപ്തിന്റെ മാത്രം പ്രശ്‌നമല്ല. കുറച്ചു നാള്‍ വരെ തുര്‍ക്കിയും ഇതുപോലെ സൈനിക അട്ടിമറികള്‍ക്കു വിധേയമായിരുന്നു. അവരതില്‍ നിന്നും കരകയറിയിട്ടേയുള്ളൂ. സ്വാഭാവികമായും ഈജിപ്തിലെ അട്ടിമറി തുര്‍ക്കിയുടെ ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ടു കിടക്കുന്നു. 1960ല്‍ പ്രധാനമന്ത്രി അദ്‌നാന്‍ മെന്‍ഡേഴ്‌സിന്റെ വധിത്തില്‍ കലാശിച്ച സൈനിക അട്ടിമറി മുതലുള്ള സംഭവങ്ങള്‍ തുര്‍ക്കിയുടെ ചരിത്രത്തിലെ ഉണങ്ങാത്ത മുറിവുകളാണ്. 1980ല്‍ ജനറല്‍ കനാന്‍ എവ്‌റിന്‍ അട്ടിമറിയിലൂടെ രാജ്യത്ത് പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ നിരോധിക്കുകയും പുതിയ ഭരണഘടന നടപ്പിലാക്കുകയും ചെയ്തു. ഭരണഘടനയനുസരിച്ച് മത സംഘടനകളും മറ്റു പ്രവര്‍ത്തനങ്ങളുമെല്ലാം നിരോധിക്കപ്പെട്ടു. അത്താത്തുര്‍ക്ക് മാതൃകയില്‍ മതേതരത്വം നടപ്പാക്കി. എതിര്‍ത്ത പ്രസ്ഥാനങ്ങളെയെല്ലാം റദ്ദ് ചെയ്തു. 1995 ഡിസംബറില്‍ നജ്മുദ്ദീന്‍ അര്‍ബക്കാന്റെ നേതൃത്വത്തിലെ വെല്‍ഫെയര്‍ പാര്‍ട്ടിയും സഖ്യവും ഒരു സര്‍ക്കാര്‍ രൂപീകരിച്ചു. അദ്ദേഹമായിരുന്നു രാജ്യത്തെ ആദ്യ  മുസ്‌ലിം പ്രധാനമന്ത്രി. പക്ഷെ സൈന്യം തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തിനെതിരെ നീങ്ങി. 1998 ല്‍ വെല്‍ഫെയര്‍ പാര്‍ട്ടി നിരോധിക്കപ്പെട്ടു. രാജ്യത്തിന്റെ മതേതരമായ അവസ്ഥ തകര്‍ത്തു എന്ന പേരില്‍ അര്‍ബക്കാന്‍ കുറ്റാരോപിതനായി. അഞ്ച് വര്‍ഷത്തേക്ക് രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ നിന്നും അദ്ദേഹത്തിന് വിലക്കേര്‍പ്പെടുത്തപ്പെട്ടു. 2003 ല്‍ റജബ് ത്വയ്യിബ് ഉര്‍ദുഗന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ് പാര്‍ട്ടി തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്നു. അര്‍ബക്കാന്റെ കാലത്ത് ഇസ്തംബൂള്‍ മേയറായിരുന്നു ഉര്‍ദുഗാന്‍. അതിനു ശേഷവും ഉന്നത ഭരണഘടനാ കോടതിയുടെ പിന്തുണയോടെ ഉര്‍ദുഗാന്റെ ഭരണത്തെ അട്ടിമറിക്കാനുള്ള ശ്രമമുണ്ടായെങ്കിലും അവയെല്ലാം പരാജയപ്പെട്ടു. ഈയൊരു ചരിത്രപാഠം തുര്‍ക്കി സര്‍ക്കാരിനെ സൈനിക സംവിധനത്തോട് ജാഗ്രത പുലര്‍ത്താന്‍ കാരണക്കാരാക്കി. അത് സൈന്യം രാഷ്ട്രീയത്തിലിടപെടുന്നതില്‍ നിന്നും വിലക്കുന്നതില്‍ നിലപാടെടുക്കാന്‍ സഹായിച്ചു.

അതുകൊണ്ടു തന്നെ ഈജിപ്തിലെ നിയമപ്രാബല്യമുള്ള ഭരണകൂടത്തിനു നേരെ നടന്ന സൈനിക അട്ടിമറിക്കെതിരെ ശക്തമായ അന്താരാഷ്ട്ര നിലപാടെടുക്കാന്‍ തുര്‍ക്കിക്കു കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. സമാധാനപരമായി പ്രതിഷേധിക്കുകയും തങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടി നിലകൊള്ളുകയും ചെയ്യുന്ന ജനത്തിനു നേരെ സൈന്യം കിരാതമായ കൊലപാതകങ്ങള്‍  നടത്തിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും. കഴിഞ്ഞ പത്ത് വര്‍ഷമായി ഉര്‍ദുഗാനും അദ്ദേഹത്തിന്റെ പാര്‍ട്ടിയും തുര്‍ക്കിയെ എങ്ങനെയാണ് ഉയര്‍ത്തിക്കൊണ്ടു വന്നതെന്ന് ലോകം കണ്ടതാണ്. ലോകത്തെ ഏറ്റവും ശക്തമായ 20 സാമ്പത്തിക ശക്തികളിലൊരു രാജ്യമാണ് ഇന്ന് തുര്‍ക്കി. എല്ലാ രാഷ്ട്രീയ പ്രതിസന്ധികളുടെയും യൂറോപ്പിനെ പിടിച്ചുലച്ച സാമ്പത്തിക പ്രതിസന്ധിയുടെയും നടവിലും തുര്‍ക്കിയുടെ സാമ്പത്തികാവസ്ഥ ദ്രുതഗതിയില്‍ മുന്നേറുകയാണ്.

വിവ : അത്തീഖുറഹ്മാന്‍

Facebook Comments
Related Articles
Show More
Close
Close