AsiaPolitics

എല്ലാ ഇന്ത്യക്കാരും രാമന്റെ മക്കളോ?

കൊളോണിയല്‍ വിരുദ്ധ മുന്നേറ്റങ്ങളിലൂടെയാണ് മഹാത്മാ ഗാന്ധി ഒരു ഉന്നത നേതാവായി ഉയര്‍ന്നു വരുന്നത്. അദ്ദേഹം ‘രാഷ്ട്രപിതാവ്’ എന്ന് വിളിക്കപ്പെട്ടു. 1944 ല്‍ ഒരു റേഡിയോ പരിപാടിയില്‍ സുഭാഷ് ചന്ദ്ര ബോസാണ് ആ സാങ്കേതിക പദം ആദ്യമായി ഉപയോഗിച്ചത്. പിന്നീട് ഇന്ത്യയിലെ മഹാഭൂരിഭാഗം ജനങ്ങളും ആ പദം അംഗീകരിക്കുകയും, സ്വീകരിക്കുകയും, ഉയര്‍ത്തി പിടിക്കുകയും ചെയ്തു. ഒരു രാഷ്ട്രപിതാവ് എന്ന നിലയില്‍ ഹിന്ദുവര്‍ഗീയ വാദികളും, മുസ്‌ലിംകളും അദ്ദേഹത്തെ അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല എന്നത് തീര്‍ച്ചയായും ശരിയാണ്. മുസ്‌ലിം വര്‍ഗീയവാദികളെ സംബന്ധിച്ചിടത്തോളം, സിന്ദില്‍ ഇസ്‌ലാമിക രാഷ്ട്രത്തിന് ആരംഭം കുറിക്കുന്നത് എട്ടാം നൂറ്റാണ്ടില്‍ മുഹമ്മദ് ബിന്‍ കാസിമിന്റെ ഭരണത്തോടെയാണ്. എന്നാല്‍ ചരിത്രാതീത കാലം മുതല്‍ക്കു തന്നെ ഇതൊരു ഹിന്ദു രാഷ്ട്രമാണെന്നാണ് ഹിന്ദു വര്‍ഗീയവാദികളുടെ വാദം. എല്ലാ ഇന്ത്യക്കാരെയും ഒരുമിച്ച് ഒത്തൊരുമയോടെ നിര്‍ത്തുന്നതില്‍ ഗാന്ധിജി വഹിച്ച പങ്ക് കാരണമാണ്, അദ്ദേഹം നേതൃത്വം കൊടുത്ത സ്വാതന്ത്ര സമര പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചവരും, ഇന്ത്യയിലെ ഭൂരിപക്ഷ ജനതയും അദ്ദേഹത്തെ രാഷ്ട്രപിതാവായി അംഗീകരിച്ചത്. മതാത്മക ദേശീയവാദികള്‍ മുന്നോട്ട് വെച്ച ഒരു റെഡിമെയ്ഡ് രാഷ്ട്രത്തെ പോലെയായിരുന്നില്ല, രാഷ്ട്ര രൂപീകരണ സമയത്ത് ഇന്ത്യ കാണപ്പെട്ടത്. ഗാന്ധിജിയുടെ അശ്രാന്ത പരിശ്രമങ്ങളൊക്കെ തന്നെയും ഇന്ത്യയിലെ എല്ലാ ജനവിഭാഗങ്ങള്‍ക്കിടയിലും ശക്തമായ സാഹോദര്യ ബന്ധം ഊട്ടിയുറപ്പിക്കുന്നതിന് വേണ്ടിയായിരുന്നു. ഹിന്ദു-മുസ്‌ലിം ഐക്യമായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രബിന്ദു. ഇന്ത്യയിലെ രണ്ട് സുപ്രധാന സമുദായങ്ങള്‍ ഇവ രണ്ടും ആയതിനാലാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുടെ തികച്ചും യുക്തിഭദ്രമായ കേന്ദ്രബിന്ദു ഇതായി മാറിയത്. എല്ലാ മതങ്ങളുടെയും ധാര്‍മികമൂല്യങ്ങളോട് അദ്ദേഹം ചേര്‍ന്നു നിന്നു. ‘ഇന്ത്യന്‍’ എന്ന എല്ലാറ്റിനുമുപരിയായ സ്വത്വത്തിന് കീഴില്‍ വ്യത്യസ്ത മതസമൂഹങ്ങളെ ഒരുമിച്ച് നിര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അതേസമയം, വര്‍ഗീയ പ്രതിലോമ ശക്തികളുടെ ഭാഗത്ത് നിന്നും അദ്ദേഹം ശക്തമായ എതിര്‍പ്പ് നേരിട്ടിരുന്നു. 1948ല്‍ അദ്ദേഹത്തിന്റെ കൊലപാതകത്തിലേക്ക് വഴിവെച്ച സംഗതികളില്‍ ഒന്നായിരുന്നു ഇത്.

ഗാന്ധിജിയെ വധിച്ചെങ്കിലും; വര്‍ഗീയവാദികള്‍ അവരുടെ വിദ്വേഷ പ്രചാരണങ്ങള്‍, വര്‍ഗീയ ചിന്ത എന്നിവ തുടരുകയും, ഇടക്കിടക്ക് ഭാഷയില്‍ മാറ്റം വരുത്തി കൊണ്ട് വ്യത്യസ്ത കപടവേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് തുടര്‍ന്ന് കൊണ്ടിരുന്നു. അതേസമയം മുസ്‌ലിം വര്‍ഗീയവാദികളില്‍ ഭൂരിപക്ഷവും പാകിസ്ഥാനിലേക്ക് പോയി, ഈ വര്‍ഗീയവാദം ഇന്ത്യയില്‍ അവശേഷിപ്പിച്ച ശേഷിപ്പുകള്‍ അക്ബറുദ്ദീന്‍ ഉവൈസിയെ പോലുള്ളവരെ ഉല്‍പാദിപ്പിക്കുന്നതിന് വഴിവെച്ചു. ഇവരാകട്ടെ ഹിന്ദുക്കള്‍ക്കെതിരെയുള്ള വിദ്വേഷപ്രസംഗങ്ങളില്‍ മുഴുകിയിരിക്കുകയാണ്. മുസ്‌ലിം ഭരണാധികാരികളെ ഭീകരവല്‍ക്കരിച്ചും, മനുഷ്യേതര സത്വങ്ങളെന്ന് മുദ്രകുത്തിയും ബ്രിട്ടീഷുകാര്‍ അവതരിപ്പിച്ച ചരിത്രവിജ്ഞാനീയത്തില്‍ നിന്ന് ഊര്‍ജ്ജം സ്വീകരിച്ചു കൊണ്ടാണ്, ഹിന്ദു വര്‍ഗീയ സംഘടനകളുടെ അമരത്തിരിക്കുന്നവര്‍ വലിയ അളവില്‍ സാമൂഹ്യ പൊതുബോധം സൃഷ്ടിക്കുന്നതിന് അതേകാര്യങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടിരുന്നത്. ഇതിനെ ചുറ്റിപറ്റിയാണ് വാര്‍പ്പുമാതൃകകളും, മിത്തുകളും ഉല്‍പാദിപ്പിക്കപ്പെട്ടത്. ഇത്തരം ഭീകരവല്‍ക്കരണം അതിന്റെ പരകോടിയിലെത്തിയത് ‘ബാബര്‍ കീ ഔലാദ് ജാവോ ഖബറിസ്ഥാന്‍ യാ പാകിസ്ഥാന്‍’ (ബാബറിന്റെ സന്തതികളേ, ഒന്നുകില്‍ പാകിസ്ഥാനിലേക്ക് അല്ലെങ്കില്‍ ഖബറിസ്ഥാനിലേക്ക് പോകൂ) എന്ന മുദ്രവാക്യം ഉയര്‍ന്നതോടു കൂടിയാണ്. ഇതിലേക്ക് പുതുതായി ചില വരികള്‍ കൂടി ഇന്ന് ചേര്‍ത്തിട്ടുണ്ട്. രാമന്റെ പിതൃത്വം അംഗീകരിക്കാത്തവരെല്ലാം ജാരസന്തതികളാണ്, ഈ രാജ്യം രാമന്റെ സന്തതികള്‍ക്ക് മാത്രമവകാശപ്പെട്ടതാണ്, മറ്റുള്ളവരെല്ലാം തന്നെ അപരന്‍മാരാണ്.

ഇന്ത്യക്കാരെല്ലാം ഹിന്ദുക്കളാണ്, ഇത് ഹിന്ദുസ്ഥാനാണ് തുടങ്ങിയ ഈയടുത്ത് ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവത് നടത്തിയ പ്രസ്താവനകളുടെ അതിവികസിതരൂപമാണിത്. ഹിന്ദുസ്ഥാന്‍ എന്ന ഇന്ത്യയുടെ ചിഹ്നമാണ് രാമന്‍ എന്ന അനുമാനത്തിലെത്തി കൊണ്ട് ബി.ജെ.പിയുടെ കേന്ദ്രമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതി പറഞ്ഞു ‘മോദിയുടെ മന്ത്രം ഇതാണ്, ഒരിക്കലും നമ്മള്‍ കൈക്കൂലി വാങ്ങുകയില്ല, മറ്റുള്ളവരെ വാങ്ങാന്‍ സമ്മതിക്കുകയുമില്ല. ഇനി ഏത് തെരഞ്ഞെടുക്കണമെന്ന് നിങ്ങള്‍ തീരുമാനിക്കേണ്ടതുണ്ട്. രാമന്റെ സന്തതികളാകാനാണോ നിങ്ങളുടെ തീരുമാനം, അതേ ജാരസന്തതികളാകാനോ?’. ചുരുക്കി പറഞ്ഞാല്‍ ; ‘ഇന്ത്യ എന്ന ഭാരതം’ എന്നാണ് ഇന്ത്യന്‍ ഭരണഘടന അതിനെ വിളിക്കുന്നത്.

സാധ്വിയെ മന്ത്രിപദത്തില്‍ നിന്നും നീക്കം ചെയ്യണമെന്നും, അവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്നും പ്രതിപക്ഷം ഒന്നടങ്കം ആവശ്യപ്പെട്ടിരിക്കുന്ന ഈ അവസരത്തിലും, സാധ്വി മാപ്പു പറഞ്ഞെന്നും, അവര്‍ മന്ത്രസഭയില്‍ പുതുമുഖമായത് കൊണ്ട് സംഭവിച്ചതാണെന്നും തുടങ്ങിയ മുടന്തന്‍ന്യായങ്ങള്‍ പറഞ്ഞ് അവരെ രക്ഷിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. കൂടാതെ സാധ്വി ഒരു ദരിദ്ര ദലിത് കുടുംബത്തില്‍ നിന്നും വരുന്നവരാണെന്ന് കൂടി ബി.ജെ.പി കൂട്ടിചേര്‍ത്തു. അതേസമയം ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന പ്രകാരം സത്യപ്രതിജ്ഞ ചെയ്ത വ്യക്തിയാണ് സാധ്വിയെന്ന് പ്രതിപക്ഷം വാദിച്ചു. മതവിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കാനാണ് സാധ്വിയുടെ ശ്രമമെന്നും, അവരുടേത് തികച്ചും പ്രകടമായ വിേദ്വഷ പ്രസംഗമായിരുന്നെന്നും, ഇത് ഇന്ത്യന്‍ ഭരണഘടനയുടെ ലംഘനമാണെന്നും പ്രതിപക്ഷം ആരോപിച്ചു. മൂന്നു വര്‍ഷം വരെ തടവ് ശിക്ഷലഭിക്കാവുന്ന, വിദ്വേഷ പ്രസംഗം തടയുന്ന സെക്ഷന്‍ 153എ പ്രകാരം കേന്ദ്രമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതിക്കെതിരെ ക്രമിനല്‍ കേസ് എടുക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടിരിക്കുന്നത്.

സര്‍ക്കാറിന്റെ അനുമതി കൂടാതെ പ്രസ്തുത വകുപ്പ് പ്രകാരം ഒരാള്‍ക്കെതിരെ കേസ് എടുക്കാന്‍ കഴിയുകയില്ല. അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധമില്ലാത്ത വേറിട്ട ഒന്നായാണ് വിദ്വേഷ പ്രസംഗങ്ങള്‍ വ്യാപകമായി മനസ്സിലാക്കപ്പെടുന്നത്. ‘സമാധാനാന്തരീക്ഷത്തിന് തടസ്സം സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവരെയും, മതത്തിന്റെ അടിസ്ഥാനത്തില്‍ രണ്ട് സമുദായങ്ങള്‍ക്കിടയില്‍ ശത്രുത ഉണ്ടാക്കുന്നവരെയും’ ശിക്ഷാനടപടിക്ക് വിധേയമാക്കുന്നതിന് വേണ്ടി കൂടിയാണ് 153എ വകുപ്പ്. ഇത്തരക്കാര്‍ നിരവധിയുണ്ട്, അക്ബറുദ്ദീന്‍ ഉവൈസി, രാജ് താക്കറെ, പ്രവീണ്‍ തൊഗാഡിയ, വരുണ്‍ ഗാന്ധി തുടങ്ങിയവര്‍ അവരില്‍ പ്രമുഖകരാണ്. അപര സമുദായത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന അപകടകരമായ പ്രസ്താവനകള്‍ ഇറക്കുന്നവരില്‍ ചിലരാണിവര്‍. സാധ്വി ജ്യോതി ഒരു ദലിത് സ്ത്രീയാണെന്നതിന് തെളിവുകളൊന്നും ഇല്ല. അതേ സമയം അവര്‍ പൂര്‍ണ്ണമായും സംഘ്പരിവാര്‍ പ്രത്യയശാസ്ത്രത്താല്‍ പ്രചോദിതയാണു താനും. ‘മരണത്തിന്റെ കച്ചവടക്കാര്‍’ (മോത്ത് കെ സൗദാഘര്‍) എന്ന സോണിയാ ഗാന്ധിയുടെ പ്രയോഗം ഇവിടെ പ്രസക്തമല്ല. കാരണം, വര്‍ഗീയവാദത്തിന്റെ രാഷ്ട്രീയ പ്രവണതകളെ കുറിച്ചാണ് സോണിയാ ഗാന്ധി പരാമര്‍ശിച്ചത്, മറിച്ച് അവരുടെ പ്രസ്താവന ഏതെങ്കിലും പ്രത്യേക മതവിഭാഗത്തെ ലക്ഷ്യം വെച്ചു കൊണ്ടായിരുന്നില്ല.

പ്രത്യക്ഷത്തില്‍ സാധ്വിയുടെ പ്രസ്താവനയെ ബി.ജെ.പി നേതൃത്വം അനുകൂലിക്കുന്നില്ലെങ്കിലും, പരിവാര്‍ രാഷ്ട്രീയത്തിന്റെ യുക്തിപരമായ തേട്ടം അതു തന്നെയാണ്. അതാണ് അവരെ അധികാരത്തിലെത്തിച്ചത്. അവര്‍ പിന്തുടരുന്ന ഹിന്ദു ദേശീയവാദത്തിന്റെ അജണ്ടയും അതു തന്നെയാണ്. ഇത്തരത്തിലുള്ള വര്‍ഗീയ അജണ്ടകളെയും, വിദ്വേഷ പ്രസംഗങ്ങളെയും നാം എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത്? വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ നടപടി നേരിടേണ്ടി വന്ന അക്ബറുദ്ദീന്‍ ഉവൈസി ഒരാളുടെ ഓര്‍മയിലേക്ക് വന്നേക്കാം. ഡോ. പ്രവീണ്‍ തൊഗാഡിയയും ഒരിക്കല്‍ വിദ്വേഷ പ്രസംഗം നടത്തിയതിന് ജയില്‍ വാസമനുഷ്ഠിച്ചിട്ടുണ്ട്. ധ്രുവീകരണത്തിന് വഴിവെക്കുന്ന ഭാഷ വളരെ സമര്‍ത്ഥമായി ഉപയോഗിക്കുന്നതിന്റെ മാനദണ്ഡങ്ങള്‍ ഡോ. പ്രവീണ്‍ തൊഗാഡിയ ഒന്നില്‍ കൂടുതല്‍ തവണ ഒരുപക്ഷെ നമുക്ക് പ്രയോഗിച്ച് കാണിച്ചു തന്നിട്ടുണ്ടായിരിക്കാം. അയല്‍വാസികളായ മുസ്‌ലിംകളെ തക്കാളി എറിഞ്ഞു കൊണ്ട് ആട്ടിയോടിക്കുന്നത് എങ്ങനെയെന്ന് വിശദീകരിക്കുന്ന അദ്ദേഹത്തിന്റെ വീഡിയോകള്‍ ലഭ്യമാണ്. പക്ഷെ എല്ലായ്‌പ്പോഴും അദ്ദേഹം ശിക്ഷിക്കപ്പെടാതെ രക്ഷപ്പെടാറാണ് പതിവ്. 2013 നവംബര്‍ 21 ന് ആഗ്രയില്‍ വെച്ച് നടന്ന വിജയ് ശംഖ്‌നാഥ് റാലിയില്‍ ഉത്തര്‍പ്രദേശിലെ മറ്റൊരു ബി.ജെ.പി നേതാവായ രാം പ്രതാപ് ചൗഹാന്‍ ഇപ്പോള്‍ സാധ്വി ജ്യോതി നടത്തിയത് പോലുള്ള ഒരു പ്രസ്താവന നടത്തുകയുണ്ടായി. പക്ഷെ അത് ആരാലും ശ്രദ്ധിക്കപ്പെടാതെ പോവുകയാണുണ്ടായത്. വിശാലമായ പരിവാര്‍ ചിന്താ വൃത്തത്തിനുള്ളിലെ ഒരു ഭാഗമായതിനാലാണ് സാധ്വിയുടെ പ്രസ്താവന ഇത്തരത്തില്‍ ശ്രദ്ധേയമാവാന്‍ കാരണം.

ബി.ജെ.പി നേതൃത്വം എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങി നില്‍ക്കുകയാണ്. പാര്‍ലമെന്റിലും, ആഗോള ഉപഭോഗ്താക്കളുടെ മുന്നിലും തങ്ങളുടെ ‘വികസന’ മുഖത്തിന് മങ്ങലേല്‍ക്കാതെ അവര്‍ക്ക് കാത്തുസൂക്ഷിക്കേണ്ടതുണ്ട്. അതേസമയം രാഷ്ട്രീയ അധികാരം നിലനിര്‍ത്തുന്നതിന് വേണ്ടി പാര്‍ട്ടിക്കുള്ളിലെ നിരവധി ഘടകങ്ങളും, കക്ഷികളും തുറന്ന് കാട്ടിയത് പോലെ തങ്ങളുടെ മാതൃസംഘടനയുടെ വര്‍ഗീയ അജണ്ടയും അവര്‍ക്ക് നടപ്പാക്കേണ്ടതുണ്ട്. അതു കൊണ്ട് തന്നെ, സാധ്വിയുടെ മാപ്പു പറച്ചിലില്‍ അഭയം തേടുന്നതിനൊപ്പം തന്നെ അത്തരം പ്രവണതകള്‍ക്കു നേരെ കണ്ണടച്ചിരുട്ടാക്കുന്നതും അവരുടെ തന്ത്രപൂര്‍വ്വമുള്ള സന്തുലിതത്വം കാത്തു സൂക്ഷിക്കലാണ്. അവരെ സംബന്ധിച്ചിടത്തോളം, തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സ്ഥലങ്ങളില്‍ അല്ലറ ചില്ലറ വ്യത്യാസങ്ങളോടു കൂടി അതേ വര്‍ഗീയ അജണ്ടകള്‍ നടപ്പിലാക്കേണ്ടത് അനിവാര്യമാണ് താനും.

ഇവിടെയാണ് നമ്മുടെ ചോദ്യം പ്രസക്തമാവുന്നത്, ഇന്ത്യന്‍ പൗരന്‍മാര്‍ എന്ന നിലയില്‍ ആരാണ് നമ്മുടെ പിതാവ് ; ഗാന്ധിജിയോ രാമനോ? ഹിന്ദുക്കളില്‍ വലിയൊരു വിഭാഗത്തിന്റെ സ്വത്വം അടയാളപ്പെടുത്തപ്പെടുന്നത് രാമന്‍ എന്ന കാല്‍പ്പനിക യാഥാര്‍ത്ഥ്യത്തിനൊപ്പമാണ്. അയോധ്യയിലെ രാജാവായിരുന്നു രാമന്‍. വര്‍ഗീയഭ്രാന്തിന്റെ ശബ്ദകോലാഹലങ്ങള്‍ക്കിടയില്‍ അവഗണിക്കപ്പെട്ടു പോയതാണ് ഡോ. അംബേദ്കര്‍ ഇപ്പോള്‍ പ്രചാരത്തിലുള്ള രാമന്‍ കഥാഖ്യാനത്തിന് രചിച്ച വിമര്‍ശനം. ‘റിഡില്‍സ് ഓഫ് ഹിന്ദുയിസം’ എന്ന തന്റെ കൃതിയില്‍, ലിംഗ ജാതി ശ്രേണി വ്യവസ്ഥയെ പറ്റി പരാമര്‍ശിക്കുന്നിടത്ത് അംബേദ്കര്‍ രാമനെ പ്രശ്‌നവല്‍ക്കരിക്കുന്നുണ്ട്. തപസ്സ് ചെയ്യുകയായിരുന്ന ശൂദ്രനായ ശംബൂകനെ വധിച്ച രാമന്‍ അംബേദ്ക്കറുടെ രൂക്ഷവിമര്‍ശനത്തിന് പാത്രമാവുന്നുണ്ട്. ഭാര്യയായ സീതയെ അവള്‍ ഗര്‍ഭിണിയായിരിക്കെ രാമന്‍  ഉപേക്ഷിച്ച് പോയത് ഗുരുതരമായ സംഗതി തന്നെയാണ്. രാമന്റെ ബാലി വധവും അംബേദ്കര്‍ ഉയര്‍ത്തികാട്ടുന്നുണ്ട്. ദലിത് ബഹുജനങ്ങള്‍ അങ്ങേയറ്റം ബഹുമാനിക്കുകയും, ആദരിക്കുകയും ചെയ്യുന്ന ജനകീയനായ രാജാവായിരുന്നു ബാലി. ഇതു പോലെ രാമനെ സംബന്ധിക്കുന്ന ഗൗരവമാര്‍ന്ന പ്രശ്‌നങ്ങള്‍ പെരിയാര്‍ രാമസ്വാമി നായക്കറും ഉയര്‍ത്തികാട്ടിയിട്ടുണ്ട്.

ചരിത്രാതീത കാലം മുതല്‍ക്ക് തന്നെ നമ്മുടേത് ഹിന്ദു രാഷ്ട്രമാണ് എന്ന അവകാശവാദങ്ങള്‍ ഉയരുന്നതോടൊപ്പം തന്നെ, ഗാന്ധി നേതൃത്വം കൊടുത്ത കോളോണിയല്‍ വിരുദ്ധ പോരാട്ടത്തിലൂടെയാണ് ഇന്ത്യ ഒരു ദേശരാഷ്ട്രമായി മാറിയത് എന്ന വസ്തുതയും ഇവിടെ നില്‍ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ എല്ലാ ഇന്ത്യക്കാരും രാമന്റെ സന്തതികളാണ് എന്ന പ്രസ്താവനക്ക് യാതൊരു അടിസ്ഥാനവുമില്ല. തീര്‍ച്ചയായും, നിരവധി ഹിന്ദുക്കള്‍ രാമനുമായി തങ്ങളുടെ സ്വത്വത്തെ ബന്ധിപ്പിക്കുന്നവര്‍ തന്നെയാണ്, പക്ഷെ ഇന്ത്യക്കാരെന്ന നിലയില്‍, ഗാന്ധി തന്നെയാണ് ‘രാഷ്ട്രപിതാവ്’. രാമന്‍ എന്നത് ഹിന്ദു ദേശീയതയുടെ ചിഹ്നമാണ്. അതേസമയം ഇന്ത്യന്‍ ദേശീയതയുടെ ചിഹ്നമാണ് ഗാന്ധി.

2014ല്‍ മോദി അധികാരത്തിലേറിയതിന് ശേഷം, ഇന്ത്യന്‍ ഭരണഘടനയും, സ്വാതന്ത്ര്യ സമര മൂല്യങ്ങളും ഉയര്‍ത്തിപിടിക്കുന്നവരെ ഭീഷണിപ്പെടുത്തുന്ന ആര്‍.എസ്.എസ് അജണ്ട നിര്‍വിഘ്‌നം മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യക്കാരന്‍ എന്നതിന്റെ പര്യായം ‘രാമന്റെ സന്തതി’ എന്നാണ് തുടങ്ങിയ അവകാശവാദങ്ങളാണ് ഈ ശക്തികളുടെ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍. അവര്‍ കൊല്ലുകയും, ആ ക്രൂരകൃത്യം ആഘോഷിക്കുകയും ചെയ്തു. അതായിരുന്നു നമ്മുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ മൂല്യങ്ങള്‍ക്കെതിരെയുള്ള അവരുടെ ആദ്യത്തെ ആക്രമണം.

അവലംബം : http://www.scratchmysoul.com/
മൊഴിമാറ്റം : ഇര്‍ഷാദ് കാളാച്ചാല്‍

Facebook Comments

രാം പുനിയാനി

രാംപുനിയാനി 1945 ആഗസ്റ്റ് 25 ന് ജനിച്ചു. 2004 ഡിസംബര്‍ വരെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി ബോംബെ (ഐ.ഐ.ടി. ബോംബെ) യില്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് അധ്യാപകനായിരുന്നു. പിന്നീട് ഇന്ത്യയിലെ സാമുദായിക സൗഹാര്‍ദത്തിനു വേണ്ടി മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്നതിന് ആ ജോലി രാജിവെച്ചു. ഫാസിസത്തിനും മതമൗലികവാദത്തിനുമെതിരെയുള്ള പോരാട്ടത്തിന്റെ മുന്നണിയില്‍ തന്നെ രാംപുനിയാനിയുണ്ട്. അഖിലേന്ത്യാ സെകുലര്‍ ഫോറം, സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് സൊസൈറ്റി ആന്‍ഡ് സെകുലറിസം, അന്ഹദ്(ANHAD)തുടങ്ങിയ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker