Middle EastPolitics

എന്തിനാണ് ഇസ്രയേല്‍ അവനെ ഐഎസില്‍ ചേര്‍ക്കുന്നത്?

സമാധാനത്തെ കുറിച്ച സംസാരവും അനുരഞ്ജന ചര്‍ച്ചകളും വിട്ടുവീഴ്ച്ചകളും ഫലസ്തീന്‍ പ്രശ്‌നത്തിലേക്കോ കുടിയേറ്റ നയങ്ങളിലേക്കോ ശ്രദ്ധ ക്ഷണിക്കാത്തവയായി മാറിയിരിക്കുന്നു. എന്നാല്‍ ഖുദ്‌സില്‍ നടന്ന ട്രക്കുപയോഗിച്ചുള്ള ആക്രമണം ഫലസ്തീന്‍ പ്രശ്‌നം അറബികളുടെയും ലോകത്തിന്റെയും പരിഗണനയിലേക്ക് മടക്കി കൊണ്ടുവന്നരിക്കുന്നു എന്നതില്‍ സംശയിമില്ല. പ്രാഥമിക വിവരങ്ങളനുസരിച്ച് നാല് പേര്‍ കൊല്ലപ്പെടുകയും ചുരുങ്ങിയത് 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ആക്രമണമാണ് നടന്നിരിക്കുന്നത്. സമാധാന പ്രവര്‍ത്തനങ്ങളെ നിസ്സാരമാക്കി തങ്ങളുടെ തീവ്രദയും ഭീകരതയും വര്‍ധിപ്പിക്കാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവിനെയും അദ്ദേഹത്തിന്റെ തീവ്രസ്വഭാവമുള്ള ഭരണകൂടത്തിലെ അംഗങ്ങളെയും അത് പ്രേരിപ്പിക്കുകയും ചെയ്തിരിക്കുന്നു.

സിവിലിയന്‍മാരെ, പ്രത്യേകിച്ചും കുട്ടികളെ കൊലപ്പെടുത്തുന്നതില്‍ ‘നാഗരികതയുടെ പ്രതിരൂപമായ’ ഇസ്രയേല്‍ സൈന്യത്തോളം ആക്രമണം നടത്തിയ ഫാദി അല്‍ഖുന്‍ബുര്‍ എന്ന അധിനിവിഷ്ട ഖുദ്‌സ് നിവാസിയായ യുവാവ് ധാര്‍മികമായി അധപതിച്ചിട്ടില്ല. ഗസ്സക്ക് നേരെയുള്ള ആക്രമണത്തില്‍ ഇസ്രയേല്‍ സൈന്യം കുഞ്ഞുങ്ങളെയും നിരപരാധികളെയുമാണല്ലോ കൊന്നൊടുക്കിയത്. ഖുദ്‌സ് നഗരത്തില്‍ കത്തിയും കല്ലുമേന്തിയ യുവതീയുവാക്കളെ ലോകം ക്യാമറക്കണ്ണുകളിലൂടെ നോക്കിയിരിക്കെ നിഷ്ഠൂരമായ വെടിവെച്ച് കൊലപ്പെടുത്തുന്നവരാണല്ലോ അവര്‍. തന്റെ പ്രശ്‌നം ന്യായമാണെന്ന ഉറച്ച വിശ്വാസവും രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന ധീരതയുമല്ലാത്ത മറ്റായുധങ്ങളൊന്നുമില്ലാതെ ആ യുവാവ് ലക്ഷ്യം വെച്ചത് ആയുധമണിഞ്ഞ ഇസ്രയേല്‍ സൈനികരെയാണ്.

നീസിലും ബര്‍ലിനിലും ഐഎസ് നടത്തിയ ആക്രമണങ്ങളുമായി ഇതിനെ ബന്ധിപ്പിക്കാന്‍ നെതന്യാഹു കാണിച്ചിരിക്കുന്ന തിടുക്കം നമ്മെ അത്ഭുതപ്പെടുത്തുന്നില്ല. ഐഎസിന്റെ നിര്‍ദേശ പ്രകാരമാണ് സംഭവമെന്ന് ആരോപിച്ച അദ്ദേഹം ആ യുവാവ് അബൂബക്കര്‍ ബഗ്ദാദിയുടെ പോരാളിയാണെന്ന് വരെ അഭിപ്രായം പ്രകടിപ്പിച്ചു. 2001 സെപ്റ്റംബര്‍ 11 ആക്രമണമുണ്ടായപ്പോള്‍ ഫലസ്തീനികളുമായി അതിനെ ബന്ധിപ്പിച്ചു കൊണ്ട് ഇതുതന്നെയായിരുന്നു അദ്ദേഹത്തിന്റെ ഭരണകൂടം ചെയ്തത്. അധിനിവേശ ഇസ്രയേല്‍ രാഷ്ട്രം ഭീകരതയുടെ വെല്ലുവിളിക്ക് കീഴിലാണെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമമാണ് അദ്ദേഹം നടത്തുന്നത്. ലോകത്തെ ഏറ്റവും വലിയ ഭീകരരാഷ്ട്രം അവരായിരിക്കെയാണിത്.

അധിനിവേശത്തിനെതിരെയുള്ള ചെറുത്തുനില്‍പിന്റെ ഭാഗമായിട്ടാണ് ഫലസ്തീന്‍ യുവാക്കള്‍ വാഹനം ഉപയോഗിച്ചുള്ള ആക്രമണമെന്ന് നെതന്യാഹുവിന് നന്നായിട്ടറിയാം. അല്‍ഖാഇദയോ ഐഎസോ ഉണ്ടാകുന്നതിനും മുമ്പേ ഖുദ്‌സില്‍ ഈ ആക്രമണ ശൈലി സ്വീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഏതാനും വര്‍ഷങ്ങളുടെ മാത്രം പ്രായമുള്ള പ്രസ്തുത സംഘടനകളും അവയുടെ നേതാക്കളും ഈ ശൈലി കടമെടുത്തത് അധിനിവിഷ്ട പ്രദേശങ്ങളില്‍ നിന്നാവാനുള്ള സാധ്യത തള്ളിക്കളഞ്ഞു കൂടാ.

ആക്രമണം നടത്തിയ യുവാവ് ഐഎസ് അംഗമാണെന്ന് സ്ഥിരീകരിക്കപ്പെട്ടുവെന്ന് തന്നെ കരുതുക. സമാധാന പ്രവര്‍ത്തനങ്ങളെ ഇല്ലായ്മ ചെയ്ത്, ദ്വിരാഷ്ട്ര പരിഹാരത്തിന് തുരങ്കം വെച്ച് വെസ്റ്റ്ബാങ്കിലും ഖുദ്‌സിലും എണ്ണൂറോളം കുടിയേറ്റക്കാരെ കൊണ്ടുവന്ന് പാര്‍പിച്ച, ഖദ്‌സ് നഗരത്തെ ജൂതവല്‍കരിച്ച, ഹറം ഇബ്‌റാഹീമി വിഭജിച്ച ഫലസ്തീന്‍ ജനതക്കെതിരെ അങ്ങേയറ്റം നിന്ദ്യമായ രീതിയില്‍ ഭീകരത നടമാടുകയും ചെയ്യുന്ന നെതന്യാഹുവും ഇസ്രയേല്‍ തീവ്രവംശീയ വലതുപക്ഷവുമാണ് ആ നടപടിയിലേക്ക് യുവാവിനെ തള്ളിവിട്ടത്.

തകര്‍ക്കപ്പെടാനാവാത്ത സൈന്യത്തിന്റെ ഭാഗമായ ഇസ്രയേല്‍ സൈനികരുടെ ആ രംഗം അതിദയനീയമായിരുന്നു. ആയുധങ്ങളുമായി നിരവധി പേരുണ്ടായിട്ടും സ്വന്തം ജീവന്‍ രക്ഷിക്കാന്‍ ഭയന്നോടുകയാണവര്‍ ചെയ്തത്. പ്രസ്തുത രംഗത്തിന്റെ വീഡിയോ യൂട്യൂബില്‍ അറബ് പട്ടാള ജനറല്‍മാര്‍ കണ്ടിരുന്നെങ്കില്‍ ഒരുപക്ഷേ ആ സൈന്യത്തെ കുറിച്ച ഭീതിയില്‍ നിന്നവര്‍ക്ക് രക്ഷപ്പെടാന്‍ സാധിച്ചേക്കുമായിരുന്നു. നിരായുധരായ ഫലസ്തീന്‍ യുവതിയുവാക്കളുടെ ധീരത എടുത്തണിയാനും അവര്‍ക്കത് പ്രചോദനമായേക്കും.

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറായിരിക്കുന്ന ഡൊണാള്‍ഡ് ട്രംപിനുള്ള സന്ദേമാണ് ഈ ആക്രമണം. തെല്‍അവീവിലെ അമേരിക്കന്‍ എംബസി ‘ഇസ്രയേല്‍ രാഷ്ട്രത്തിന്റെ ശാശ്വത തലസ്ഥാനമായ’ അധിനിവിഷ്ട ഖുദ്‌സിലേക്ക് മാറ്റാന്‍ ട്രംപ് നിശ്ചയിച്ച അംബാസഡര്‍ക്കുള്ള ഭീഷണി കൂടി അതിലുണ്ട്. തെരെഞ്ഞെടുക്കപ്പെട്ട ശേഷം നടത്തിയ ആദ്യ പ്രസ്താവനയില്‍ അതായിരുന്നല്ലോ അദ്ദേഹം പറഞ്ഞത്. പ്രസ്തുത പദ്ധതിയുമായി മുന്നോട്ടു പോയാല്‍ മിഡിലീസ്റ്റില്‍ നരകകവാടങ്ങള്‍ തുറക്കപ്പെടുമെന്ന സന്ദേശമാണിത് നല്‍കുന്നത്. നെതന്യാഹുവിനും അദ്ദേഹത്തിന്റെ ഭരണകൂടത്തിനും കുടിയേറ്റക്കാര്‍ക്കും നേര്‍ക്കാണ് ഈ സന്ദേശത്തിന്റെ മറ്റൊരു വശം. ഫലസ്തീന്‍ ജനത കീഴടങ്ങുകയോ അധിനിവേശ ഇസ്രയേല്‍ രാഷ്ട്രത്തെ അംഗീകരിക്കുകയോ ഇല്ലെന്നും ഖുദ്‌സിന്റെയോ ചരിത്രപ്രാധാന്യമുള്ള ഫലസ്തീന്‍ മണ്ണിന്റെ കാര്യത്തില്‍ ഒരുതരിമ്പും വിട്ടുവീഴ്ച്ചക്ക് തയ്യാറല്ലെന്നുമുള്ള സന്ദേമാണ് അവര്‍ക്കത് നല്‍കുന്നത്. നീതിയെയും നൈതിക മൂല്യങ്ങളെയും കൊലപ്പെടുത്തിയവര്‍ക്ക് തീവ്രവാദവും പ്രതിരോധത്തിന്റെ വിവിധ ശൈലികളുമല്ലാതെ മറ്റൊന്നും കൊയ്യാനാവില്ല. ഫലസ്തീന്‍ ജനത ഒരിക്കലും പരാജയപ്പെടുകയുമില്ല.

വിവ: നസീഫ്

Facebook Comments
Show More

ഡോ. അബ്ദുല്‍ബാരി അത്വ്‌വാന്‍

1950-ല്‍ ഗസ്സയില്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ജോര്‍ദാനിലേക്കും അവിടെ നിന്ന് കൈറോവിലേക്കും പോയി. കൈറോ യൂനിവേഴ്‌സിറ്റിയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. അവിടത്തെ അമേരിക്കന്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നും വിവര്‍ത്തനത്തില്‍ ഡിപ്ലോമ കരസ്ഥമാക്കി. ശേഷം ലിബിയയിലെ ബലാഗ് പത്രത്തിലും, സൗദിയിലെ മദീന പത്രത്തിലും പ്രവര്‍ത്തിച്ചു. 1978 മുതല്‍ ലണ്ടനില്‍ സ്ഥിരതാമസമാക്കി. ശര്‍ഖുല്‍ ഔസത്തില്‍ ജോലിചെയ്തു. 1989 മുതല്‍ ഖുദ്‌സുല്‍ അറബിയുടെ എഡിറ്ററും സ്ഥിരം എഴുത്തുകാരനുമായിരുന്നു. അമേരിക്കന്‍ വിരുദ്ധ നിലപാട് കാരണത്താല്‍ പ്രസിദ്ധമാണ് പ്രസ്തുത പത്രം. ബാഹ്യ സമ്മര്‍ദങ്ങളെ തുടര്‍ന്ന് 2013 ജൂലൈ 9-ന് എഡിറ്റോറിയല്‍ ലേഖനത്തിലൂടെ വായനക്കാരോട് അല്‍-ഖുദ്‌സ് പത്രത്തില്‍ നിന്നുള്ള തന്റെ രാജി തീരുമാനം അറിയിച്ചു. തുടര്‍ന്ന് 'റഅ്‌യുല്‍യൗം' പത്രത്തിന്റെ ചീഫ് എഡിറ്റര്‍ സ്ഥാനം ഏറ്റെടുത്തു.

1996-ല്‍ ഉസാമ ബിന്‍ ലാദിനുമായി അദ്ദേഹത്തിന്റെ ഒളിത്താവളത്തില്‍ വെച്ച് അഭിമുഖം നടത്തുകയുണ്ടായി അദ്ദേഹം. അഫ്ഗാനിയുടെ വേഷത്തില്‍ പര്‍വത നിരകള്‍ താണ്ടിയാണ് അദ്ദേഹം അഭിമുഖം നേടിയെടുത്തത്. ഇദ്ദേഹത്തന്റെ ലേഖനങ്ങളും, അഭിമുഖങ്ങളും ലോകരാഷ്ട്രീയ വൃത്തങ്ങളില്‍ വളരെയധികം വിവാദങ്ങളും ചര്‍ച്ചകളും സൃഷ്ടിച്ചിട്ടുണ്ട്. അറബ് വിദേശ ചാനലുകളില്‍ സ്ഥിരസാന്നിധ്യമാണ് അദ്ദേഹം. അവസാനമായി ബിന്‍ ലാദിനെ കണ്ട പത്രപ്രവര്‍ത്തകനാണദ്ദേഹം. പ്രസ്തുത അഭിമുഖം 'താരീഖുസ്സിര്‍റി' എന്ന പേരില്‍ ഗ്രന്ഥ രൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

Related Articles

Close
Close