സൈനിക അട്ടിമറി നടത്തി മുര്‍സിയെ പുറത്താക്കുയും തടവിലാക്കുകയും ചെയ്ത സൈനിക തലവന്‍ അബ്ദുല്‍ ഫത്താഹ് സീസിയുടെ നടപടി ഒട്ടും ശരിയല്ലാത്തതാണ്. എന്നാല്‍ ഈജിപ്ത് അതിന്റെ ജനതയുടെ രക്തവും, രാഷ്ട്രത്തിന്റെ അഖണ്ഡതയും ഐക്യവും അതിന് വിലയായി നല്‍കേണ്ടി വരുമെന്നതാണ് പ്രശ്‌നം. എല്ലാ തരത്തിലും ഇത് ദുരന്തം തന്നെയാണ്.
തന്റെ ചുരുങ്ങിയ ഭരണകാലയളവില്‍ മുര്‍സിയുടെ ഭാഗത്ത് നിന്നും വീഴ്ച്ചകള്‍ സംഭവിച്ചിട്ടുണ്ട്. പ്രസ്തുത തെറ്റുകള്‍ എത്ര തന്നെ വലുതാണെങ്കിലും സൈന്യത്തിന്റെയും അതിന്റെ അട്ടിമറിയുടെയും തെറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ അത് വളരെ നിസ്സാരമാണ്. രാജ്യത്ത് രക്തപുഴ ഒഴുകുന്നതിനും നൂറുകണക്കിന് ഒരുപക്ഷേ ആയിരക്കണക്കിന് ജീവനുകള്‍ ഹനിക്കപെടാനും അത് കാരണമായേക്കാം. തങ്ങളുടെ പ്രസിഡന്റിന് തിരിച്ചു കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ലക്ഷകണക്കിന് ഇസ്‌ലാമിസ്റ്റുകള്‍ വ്യത്യസ്ത മൈതാനങ്ങളില്‍ നിലകൊള്ളുകയാണ്. തങ്ങളുടെ ആവശ്യം പരിഗണിച്ചില്ലെങ്കില്‍ അക്രമത്തിന്റെ വഴിയിലേക്ക് നീങ്ങുമെന്ന് അവര്‍ ഭീഷണി മുഴക്കുന്നുണ്ട്. അവരില്‍ ചിലരെങ്കിലും അതിന് മുതിര്‍ന്നേക്കാം. അഫ്ഗാനിസ്താനിലും ഇറാഖിലും സിറിയയിലും ലിബിയയിലും യമനിലുമെല്ലാം നാമത് കണ്ടവരാണ്.
സൈന്യത്തിന്റെ പക്കല്‍ ആയുധങ്ങളും ടാങ്കുകളും വിമാനങ്ങളുമെല്ലാം ഉണ്ടെന്നത് ശരിയാണ്. എന്നാല്‍ ഇരമ്പി വരുന്ന ജനത്തിന് മുന്നില്‍ അവര്‍ക്കെന്ത് ചെയ്യാന്‍ സാധിക്കും. പതിനായിരകണക്കിന് ആളുകളെ അവര്‍ കൊന്നൊടുക്കുമോ?
നൂറുകണക്കിന് വര്‍ഷം നമ്മോട് ജനാധിപത്യത്തെയും അതിന്റെ മൂല്യങ്ങളെയും കുറിച്ച് ക്ലാസെടുത്ത പാശ്ചാത്യ ലോകത്തിന്റേത് കാപട്യം തന്നെയാണ്. ഇസ്രയേലിന്റെ ജനാധിപത്യത്തെയാണവര്‍ പുകഴ്ത്തുന്നത്. ജനാധിപത്യത്തിനും ബാലറ്റ് പെട്ടികള്‍ക്കും എതിരെ നടന്ന ഈ അട്ടിമറിയോട് എന്തുകൊണ്ടവര്‍ മൗനം പാലിക്കുന്നു. ഈ ജനാധിപത്യത്തില്‍ വിജയം ഇസ്‌ലാമിസ്റ്റുകള്‍ക്കായി എന്നതാണോ അതിന് കാരണം. അല്ലെങ്കല്‍ അവരുടെ രാഷ്ട്രീയവും പദ്ധതികളും പ്രദേശത്ത് നടപ്പാക്കാന്‍ സഹായകമാകുന്ന അവരുടെ മാനദണ്ഡപ്രകാരമുള്ള കക്ഷികളുടെ ഒരു ജനാധിപത്യത്തോടൊപ്പമാണോ അവര്‍? അമേരിക്കയും യൂറോപ്യന്‍ യൂണിയനുമെല്ലാം ഇതില്‍ വീണു. ജനാധിപത്യത്തെ മുറുകെ പിടിക്കാന്‍ വാദിക്കുന്ന ലിബറലിസ്റ്റുകളുടെ വാദങ്ങളും തകര്‍ന്നു. തന്റെ ആദര്‍ശവും മൂല്യങ്ങളും അടിസ്ഥാനങ്ങളുമെല്ലാം ഉപേക്ഷിച്ച് പാശ്ചാത്യന്റെ അടിസ്ഥാനങ്ങള്‍ എടുത്തണിയലാണ് പാശ്ചാത്യന്റെ വീക്ഷണത്തിലെ ലിബറലിസം. വാഷിംങ്ടണും അതിന്റെ സംരക്ഷകരും മുന്നോട്ട് വെക്കുന്നത് അതാണ്.
പാശ്ചാത്യ ലിബറലിസത്തിന്റെ ഉല്‍പന്നങ്ങളിലൊന്നായ മുഹമ്മദ് ബറാദഈ ന്യൂയോര്‍ക് ടൈംസിനോട് പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാണ്. സൈനിക അട്ടിമറിയെ പിന്തുണക്കുന്നതിന് വേണ്ടി താന്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയെയും യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ കമ്മീഷണര്‍ കാതറീന്‍ അഷ്‌തോനെയും ബന്ധപ്പെട്ടിരുന്നു എന്നാണ് ബറാദഇ അതില്‍ പറഞ്ഞത്. അട്ടിമറിക്ക് പിന്നിലെ ഗൂഢാലോചനയില്‍ മുഖ്യപങ്ക് വഹിച്ച വ്യക്തിയാണദ്ദേഹം. ഇതോടൊപ്പം തന്നെ ഇസ്‌ലാമിസ്റ്റുകളോട് ചായ്‌വ് പുലര്‍ത്തുന്ന ആറ് ടെലിവിഷന്‍ ചാനലുകള്‍ അടക്കുന്നതിനും ഈ ലിബറലിസ്റ്റ് പിന്തുണ നല്‍കി.
ജനാധിപത്യത്തിന്റെയും ബാലറ്റ് പെട്ടികളുടെയും വക്താക്കള്‍ – ഇസ്‌ലാമിസ്റ്റുകളെന്ന് അവരെ നാം വിളിക്കുന്നില്ല – പട്ടണങ്ങളിലേയും ഗ്രാമങ്ങളിലേയും മൈതാനങ്ങളിലേക്ക് പ്രവഹിച്ചു കൊണ്ടിരിക്കുകയാണ്. തെരെഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിനെ തിരിച്ചു കൊണ്ടുവരാനാണ് അവര്‍ ആവശ്യപ്പെടുന്നത്. അതിന് വേണ്ടി രക്തസാക്ഷികളാകാനും തയ്യാറാണെന്ന് അവര്‍ പറഞ്ഞു. ജനാധിപത്യത്തെ തകര്‍ക്കുന്നതിനും അതിന്റെ പ്രതീകങ്ങളെ അറസ്റ്റ് ചെയ്യുന്നതിനും പകരം അതിന്റെ നിയമസാധുതയെ സഹായിക്കാന്‍ സൈന്യം രംഗത്ത് വരുമെന്നാണ് നാം പ്രതീക്ഷിച്ചിരുന്നത്. പ്രകടനങ്ങളിലൂടെയും ടി.വി സ്‌ക്രീനുകളിലൂടെയും നിയമസാധുതയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരെ പിന്തുണക്കുന്നതിന് പകരം അതായിരുന്നു അവര്‍ ചെയ്യേണ്ടിയിരുന്നത്. ഇസ്‌ലാമിക ഗ്രൂപുകളിലുള്ള തീവ്രവിഭാങ്ങള്‍ക്കാണ് സൈനിക അട്ടിമറി ഗുണം ചെയ്യുക. ജനാധിപത്യത്തെ നിരസിക്കുകയും അതിനെ ‘പാശ്ചാത്യന്‍ അനാചാരം’ എന്ന് വിശേഷിപ്പിക്കുകയും ചെയ്ത് അല്‍-ഖാഇദയും മറ്റ് സംഘങ്ങളുടെയും വാക്കുകള്‍ ഇതിനെ ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇസ്‌ലാമിക ഖിലാഫത്തില്‍ നിന്നുത്ഭവിക്കുന്ന ഇസ്‌ലാമിക രാഷ്ട്രം രൂപീകരിക്കാന്‍ ബാലറ്റ് പെട്ടികള്‍ക്ക് പകരം ആയുധങ്ങളെയായിരിക്കും അവര്‍ അവലംബിക്കുക.
മധ്യമനിലപാട് സ്വീകരിക്കുന്ന ഇസ്‌ലാമിക പ്രസ്ഥാനങ്ങളും ഇഖ്‌വാനുല്‍ മുസ്‌ലിമൂനുമായിരിക്കും ഇതിന് ഇരകളാവുക. അവരുടെ വാക്കുള്‍ ജനങ്ങള്‍ക്കിയില്‍ കേള്‍ക്കപ്പെടുകയില്ല. കാരണം മിതനിലപാടാണ് അവര്‍ സ്വീകരിക്കുന്നത്. അക്രമം വെടിഞ്ഞ് സമാധാനത്തിന്റെ മാര്‍ഗമാണവര്‍ സ്വീകരിക്കുന്നത്. തെരെഞ്ഞെടുക്കാത്ത പ്രസിഡന്റിനെ അവരോധിച്ചപ്പോഴും ശൂറാ കൗണ്‍ിസില്‍ പിരിച്ചുവിട്ടപ്പോഴും, യാതൊരു നിയമവും പാലിക്കാതെ അറസ്റ്റുകള്‍ നടന്നപ്പോഴും നാമത് കണ്ടതാണ്.
ഏത് കുറ്റത്തിന്റെ പേരിലാണ് അവര്‍ മുര്‍സിയെ വിചാരണ ചെയ്യുക, ഒരു കുറ്റവാളിയെ പോലെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ എന്ത് തെറ്റാണ് ചെയ്തിരിക്കുന്നത്? ഒരു ജീവനെയും ഹനിക്കാത്ത, ഒരു ജുനൈഹ് പോലും മോഷ്ടിക്കാത്ത വ്യക്തിയാണദ്ദേഹം. തന്റെ സ്വന്തക്കാരെ ഒരു സ്ഥാനത്തും അദ്ദേഹം അവരോധിച്ചില്ല. റാബിഅത്തുല്‍ അദവിയ്യയിലും മറ്റിടങ്ങളിലെയും പ്രതിഷേധങ്ങളില്‍ കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും അദ്ദേഹത്തിന്റെ അനുയായികളാണ്. ഒരു മണിക്കൂറോളം അദ്ദേഹവുമായി ഞാന്‍ സംസാരിച്ചിട്ടുണ്ട്. വിട്ടുവീഴ്ച്ചയുടേതല്ലാത്ത ഒരു പദവും അദ്ദേഹത്തില്‍ നിന്ന് ഞാന്‍ ശ്രവിച്ചിട്ടില്ല. രക്തചൊരിച്ചിലുണ്ടാകുന്നതില്‍ അതീവ ജാഗ്രത അദ്ദേഹം കാണിച്ചിരുന്നു. ഈജിപ്തിന്റെയും അതിലെ ജനങ്ങളുടെയും പ്രതാപം വീണ്ടെക്കാനായിരുന്നു അദ്ദേഹത്തിന്റെ മുഴുവന്‍ ശ്രദ്ധയും. അതിന്റെ വ്യാവസായിക മേഖലയെയും കാര്‍ഷിക മേഖലയെയും സജീവമാക്കാനായിരുന്നു അദ്ദേഹം ആഗ്രഹിച്ചത്.
ജനാധിപത്യത്തെയും പ്രസിഡന്റെ തെരെഞ്ഞെടുപ്പിനെയും കുറിച്ച് സംസാരിക്കുമ്പോള്‍ നിലവില്‍ ഈജിപ്ത് ഭരിക്കുന്ന സൈനിക ഭരണകൂടത്തെ ആര് വിശ്വസിക്കും? തെരെഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിനെയും ശൂറാ കൗണ്‍സിലിനെയും പിരിച്ചു വിട്ട് നിന്ദിച്ചവരാണവര്‍. ഈ മഹാ അപരാധത്തിന് ശേഷം ആര് ബാലറ്റ് ബോക്‌സുകളിലേക്ക് തിരിച്ചു പോകും?
ഇഖ്‌വാന്റെ പലനിലപാടുകളോടും നമുക്ക് വിയോജിപ്പുണ്ട്. അവരുടെ ഭരണത്തിലാണ് ഇസ്രയേല്‍ എംബസി അടച്ച് പൂട്ടുകയും അംബാസഡറെ പറഞ്ഞയക്കുയും ചെയ്തത്. എന്നാല്‍ അതിന്റെ പേരില്‍ അവര്‍ക്കെതിരെ നില്‍ക്കാനാവില്ല. അതിന്റെ പേരില്‍ അവരില്‍ നിന്നുള്ള പ്രസിഡന്റിന്റെ നിയമസാധുതയെ ഇല്ലാതാക്കാനുമാവില്ല. അദ്ദേഹത്തിന് കാലാവധി പൂര്‍ത്തിയാക്കാന്‍ അവസരം നല്‍കണം എന്നാണ് നാം ആവര്‍ത്തിച്ച് പറഞ്ഞിരുന്നത്. അദ്ദേഹത്തെ പുറത്താക്കണമെന്നുള്ളവര്‍ തെരെഞ്ഞെടുപ്പിനെയായിരുന്നു ആശ്രയിക്കേണ്ടത്.
ഈജിപ്തിലും അവിടത്തെ ജനങ്ങളിലും ഒരു ആഭ്യന്തര യുദ്ധത്തെ നാം ഭയക്കുന്നു. അവിടത്തെ ദരിദ്രരുടെ കാര്യത്തിലാണ് കൂടുതല്‍ ഭയം. പട്ടിണിയിലും ദാരിദ്ര്യത്തിലും കഷ്ടപ്പെടുന്ന അവര്‍ക്ക് തങ്ങളുടെ കുട്ടികള്‍ക്ക് ഒരുരുള പോലും കണ്ടെത്താന്‍ പ്രയാസപ്പെടും. എന്നാല്‍ വ്യാജ ലിബറലിസത്തെ അവര്‍ സ്വീകരിക്കില്ലെന്നു തന്നെയാണ് നാം വിശ്വസിക്കുന്നത്. എന്നാല്‍ അതിനുള്ള വഴികള്‍ അത് തുറന്നിടും. സൈനിക അട്ടിമറി വിയോജിപ്പുകളുടെ ആഴം കൂട്ടും. രാജ്യത്തെയത് ആഭ്യന്തര യുദ്ധത്തിലേക്ക് എത്തിക്കും.
വിവ : നസീഫ് തിരുവമ്പാടി