Current Date

Search
Close this search box.
Search
Close this search box.

ഫലസ്ഥീനികളുടെ രക്തം ഇസ്രയേലിനെന്താണിത്ര അരോചകമാകുന്നത്?

മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളില്‍ തല്‍പരരായ ആളുകള്‍ ഹെബ്രോണിനടുത്ത അല്‍അറൂബ് അഭയാര്‍ത്ഥി ക്യാമ്പിലെ ഉമര്‍ ഹൈസം അല്‍ബദാവിയുടെ പേര് നിര്‍ബന്ധമായും ഓര്‍ക്കണം. സ്വന്തം വീടിന് മുമ്പില്‍ വെച്ചാണ് അദ്ദേഹം കൊലചെയ്യപ്പെട്ടത്. ഒരു ദൃക്‌സാക്ഷി പറഞ്ഞത്, അദ്ദേഹത്തിന്റെ വീടിനടുത്ത് ഒരു ഗ്യാസ് കാനിസ്റ്റര്‍ കത്തിപ്പടരുന്നുണ്ടായിരുന്നു. ഉമര്‍ വീടിനകത്ത് നിന്ന് ഒരു ടവ്വല്‍ പുറത്തെടുത്ത് താന്‍ ഈ തീയണക്കാന്‍ പോകുകയാണെന്ന് അവിടെയുണ്ടായിരുന്ന ഇസ്രയേല്‍ പട്ടാളക്കാരനോട് ആംഗ്യം കാണിച്ചു. ഉടനെത്തന്നെ ആ പട്ടാളക്കാരന്‍ ഉമറിന്റെ നെഞ്ചിലേക്ക് നിഷ്‌കരുണം വെടിയുതിര്‍ത്തു. മുറിവേറ്റ അദ്ദേഹത്തെ ഹെബ്രോണ്‍ ആശുപത്രിയിലെത്തിച്ചെങ്കിലും നിമിഷങ്ങള്‍ക്കകം അദ്ദേഹം മരണത്തിന് കീഴടങ്ങി.

ഇസ്രയേല്‍ പ്രവിശ്യയിലല്ല ഈയൊരു സംഭവം നടന്നത്. ഇസ്രയേല്‍ നിയമവിരുദ്ധമായി അധിനിവേശം നടത്തുന്ന വെസ്റ്റ് ബാങ്കില്‍ വെച്ചാണ് ഉമര്‍ കൊല്ലപ്പെടുന്നത്. നിഷ്‌കളങ്കനായ അദ്ദേഹം ഒരു രീതിയിലുള്ള പ്രകോപനത്തിനോ ഭീഷണിക്കോ മുതിര്‍ന്നിട്ടുണ്ടായിരുന്നില്ല. അസംഗ്യം അവശതയനുഭവിക്കുന്ന സാധാരണ ഫലസ്ഥീനികളില്‍ ഒരുവന്‍ മാത്രമായിരുന്നു അദ്ദേഹം. സ്വേഷ്ട പ്രകാരം തന്റെ ജന്മനാട് ഉപേക്ഷിച്ച മറ്റെവിടേക്കെങ്കിലും പോയിരുന്നെങ്കില്‍ അദ്ദേഹം ഒരിക്കലും കൊല്ലപ്പെടുമായിരുന്നില്ല. സ്വന്തം ദേശത്ത് അഭിമാനത്തോടെ ഉറച്ചു നിന്നതാണ് അദ്ദേഹം ചെയ്ത തെറ്റ്. ഇനിയദ്ദേഹം പ്രകോപനം സൃഷ്ടച്ചിരുന്നെങ്കില്‍ തന്നെ അദ്ദേഹത്തെ വികലാംഗനാക്കി മാറ്റാനാകുമായിരുന്ന ഏത് അവയവത്തിലേക്കും വെടിയുതിര്‍ക്കാമായിരുന്നു, എന്തിന് അത്രയും സഹാനുഭൂതി കാണിക്കണം? അദ്ദേഹമൊരു ഫലസ്ഥീന്‍കാരന്‍ മാത്രമല്ലേ. ഉമര്‍ ബദാവിയുടെ കൊലപാതകത്തിന്റെ വൈറല്‍ വീഡിയോ കണ്ട് ഞെട്ടിയ നിക്കോള മ്ലഡനോവ്(മിഡില്‍ ഈസ്റ്റ് പീസിന്റെ യു.എന്‍ സ്‌പെഷ്യല്‍ കോഡിനേറ്ററാണ് ഇദ്ദേഹം) ട്വീറ്റ് ചെയ്തത് ‘ഫലസ്ഥീനിയന്‍ ഒരു രീതിയിലുമുള്ള പ്രകോപനത്തിന് മുതിര്‍ന്നിട്ടില്ല. എന്ത് തന്നെയായാലും ഇത്തരം കൊലപാതകങ്ങള്‍ അവര്‍ മുഖവിലക്കെടുക്കുമെന്ന് ഒരാളും പ്രതീക്ഷിക്കേണ്ടതില്ല’.

കരം കവാസ്മി ഉള്‍പ്പടെ 2018 മെയ് മാസം മുതല്‍ നടന്ന സംഭവങ്ങള്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തത് പോലെ സൈനികര്‍ ഇത്തരം നീച പ്രവര്‍ത്തികള്‍ ചെയ്യുമ്പോള്‍ അത് ആസ്വദിക്കാറുണ്ടോ എന്നെനിക്കറിയില്ല. കരം ജറൂസലേമില്‍ പ്രവേശിക്കാന്‍ ശ്രമിച്ചപ്പോള്‍ ഒരു പട്ടാളക്കാരന്‍ അദ്ദേഹത്തെ തടഞ്ഞ് തിരിച്ചയച്ചു. തലക്കുമീതെ കൈ രണ്ടും ഉയര്‍ത്തിപ്പിടിച്ച് ശാന്തനായി തിരിച്ചു നടന്ന കരമിനെ സ്‌പോഞ്ച്-ടിപ്പ് ബിള്ളറ്റ് ഉപയോഗിച്ച് ആ പട്ടാളക്കാരന്‍ പിന്നില്‍ നിന്ന് വെടിവച്ചു. ഭാഗ്യമെന്നോണം കരം കൊല്ലപ്പെടാതെ രക്ഷപ്പെട്ടു. വെടിയേറ്റുവീണ നിമിഷം ഓര്‍ത്തെടുത്ത് കരം പറയുന്നു: ‘ അഞ്ച് മിനിറ്റോളം എന്റെ ശരീരം മുഴുവന്‍ ഒരു മരവിപ്പ് എനിക്കനുഭവപ്പെട്ടു. ശരിക്കും ആരാണെന്നെ വെടിവച്ചതെന്ന് എനിക്കറിയില്ല. കുറച്ച് കഴിഞ്ഞ് ഞാന്‍ എഴുന്നേറ്റ് നോക്കുമ്പോള്‍ എല്ലാ പട്ടാളക്കാരും എന്റെ ചുറ്റും നിന്ന് എന്റെ നേര്‍ക്ക് തോക്ക് ചൂണ്ടി പൊട്ടിച്ചിരച്ച് കൊണ്ടിരിക്കുകയായിരുന്നു’. തിരിച്ച് പോകാന്‍ പറയുന്നതിന്നു മുമ്പ് മണിക്കൂറികളോളം അദ്ദേഹത്തെ ഇസ്രയേല്‍ പട്ടാളം അക്രമിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നു. ‘അവര്‍ അവരുടെ ജീപ്പ് കൊണ്ടെന്നെ ഇടിച്ചിട്ടു. മാത്രമല്ല, പാലത്തിന് താഴേക്ക് കൊണ്ടുപോയ് നന്നായി മര്‍ദ്ദിക്കുകയും ചെയ്തു’ഖവാസ്മി പറയുന്നു.

ഫലസ്ഥീനിലെ മാധ്യമ സംഘടന പറയുന്നു: ഫലസ്ഥീനികള്‍ക്കെതിരെയുള്ള ഇസ്രയേല്‍ അധിനവേശ ശക്തികളുടെ വെടിവെപ്പ് മനപ്പൂര്‍വ്വമാണെന്നതിനുള്ള വ്യക്തമായ തെളിവുകളാണ് ഈ വീഡിയോ നല്‍കുന്നത്. ചലപ്പോള്‍ വിനോദത്തിനായും ചിലപ്പോള്‍ അവരുടെ അഹങ്കാരം കാണിക്കാനും അവര്‍ ഫലസ്ഥീനികളെ ഷൂട്ട് ചെയ്ത് കൊണ്ടിരുന്നു. മിക്ക സന്ദര്‍ഭങ്ങളിലും വെടിവെപ്പിനെ അവരുടെ വ്യാജ സുരക്ഷ പറഞ്ഞ് ന്യായീകരിക്കാനും അവര്‍ ശ്രമിച്ച് കൊണ്ടിരിക്കുന്നു. ഫലസ്ഥീനികളോടുള്ള ഇസ്രയേല്‍ പട്ടാളത്തിന്റെ പെരുമാറ്റ രീതിയാണ് ഇതെല്ലാം പറഞ്ഞ് തരുന്നത്. ഇസ്രയേലിനെ സംബന്ധിച്ചെടുത്തോളം ഫലസ്ഥീനികള്‍ അവരുടെ കളിപ്പാവകളാണ്. ഫലസ്ഥീനികളുടെ ജീവിതങ്ങള്‍ക്ക് എത്ര നിസാരമായ വിലയാണ് ഇസ്രയേല്‍ കല്‍പ്പിക്കുന്നതെന്നാണ് ഇതിനു പുറമെയുള്ള മറ്റു സംഭവങ്ങളും വ്യക്തമാക്കിത്തരുന്നത്.

ഹെബ്രോണിനടുത്ത ബനീ നഈം പട്ടണത്തിലെ ഇരുപത്തേഴ് വയസ്സുള്ള ഗര്‍ഭിണിയായ സാറ ദാവൂദ് അതാ ത്വറയ്‌റയെ നഈം പട്ടണത്തിലെ H2 ലെ ഇബ്രാഹീമി പള്ളിയുടെ കവാടത്തില്‍ വെച്ച് ഒരു ഇസ്രയേല്‍ പട്ടാളക്കാരന്‍ വെടിവച്ച് കൊലപ്പെടുത്തി. അവള്‍ ആ പട്ടാളക്കാരനെ മുറിവേല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്ന് വ്യാജ വാദത്തെ അപ്പോള്‍ തന്നെ ദൃക്‌സാക്ഷികള്‍ ചോദ്യം ചെയ്ത് രംഗത്ത് വന്നു. ഒരു പട്ടാളക്കാരന്റെ വെടിയേറ്റ് മുറിവ് പറ്റി ചലനമറ്റ് കിടക്കുകയായിരുന്ന ഇരുപത്തൊന്ന് വയസ്സ് മാത്രം പ്രായമുള്ള അബ്ദുല്‍ ഫത്താഹ് അല്‍-ശരീഫെന്ന ഫലസ്ഥീന്‍കാരന്റെ നെറ്റിയിലേക്ക് വീണ്ടും എലോര്‍ അസേരിയയെന്ന ഇസ്രയേല്‍ പട്ടാളക്കാരന്‍ വെടിയുതിര്‍ത്ത ധാരുണ കാഴ്ച ലോകം മുഴുവന്‍ കണ്ടതാണ്. പിന്നീടുണ്ടായത്, തന്റെ നീച കുറ്റകൃത്യത്തിന് ജയില്‍ ശിക്ഷ അനുഭവിക്കുകയായിരുന്ന എലോറിന് മാപ്പ് നല്‍കാന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തന്നെ രംഗത്ത് വന്നു. മാത്രമല്ല, എലോര്‍ വീര പുരുഷനാവുകയും ചെയ്തു.

1994 ല്‍ ഇബ്രാഹീമി പള്ളിയില്‍ പ്രഭാത പ്രാര്‍ത്ഥന നടത്തുകയായിരുന്ന 29 ഫലസ്ഥീനികളെ കൊലപ്പെടുത്തിയ ഭീകരവാദി ബറൂച് ഗോള്‍ഡ്‌സ്‌റ്റൈനും ഇതേ പദവി നല്‍കിയാണ് ഇസ്രയേല്‍ ആദരിച്ചത്. പള്ളി മുസ്‌ലിംകള്‍ക്കെന്നും ജൂതര്‍ക്കെന്നും ഇസ്രയേല്‍ വീതം വെച്ചതിന്റെ അനന്തരമായി ഉണ്ടായതായിരുന്നു ഈ കരളലിയിപ്പിക്കുന്ന സംഭവം. ഇസ്രയേല്‍ മനുഷ്യാവകാശ സംഘടനയായ ബത്‌സലേം(B’Tselem) 2019 ലെ ഫലസ്ഥീനികളുടെ മരണനിരക്ക് രേഖപ്പെടുത്തിയിട്ടുണ്ട്. എനിക്ക് ചോദിക്കാനുള്ളത്, പാശ്ചാത്യ ശൈലിയിലുള്ള ജനാധിപത്യത്തില്‍ ഫലസ്ഥീനികളില്‍ എത്ര പേര്‍ ഇതേ രീതിയില്‍ കൊല്ലപ്പെടുമായിരുന്നു? എല്ലാ ജീവിതങ്ങളെയും വിലമതിക്കുന്ന ഉത്തരവാദിത്ത്വമുള്ള ഒരു രാജ്യത്ത് നിയമാനുസൃതമായി മാത്രമേ പ്രവര്‍ത്തിക്കാവൂ എന്നും അല്ലാത്ത പക്ഷം അതിന്റെ അനന്തരഫലങ്ങള്‍ നേരിടേണ്ടി വരുമെന്നും ഏത് പൊലിസുകാരനും പട്ടാളക്കാരനും സ്ത്രീക്കും ശരിക്കുമറിയാം. അവരൊക്കെത്തന്നെയും അത് പാലിച്ച് ജീവിക്കുന്നവരുമാണ്. 1948 ല്‍ തങ്ങളെയും കുടുംബങ്ങളെയും പുറത്താക്കിയ വീടുകളിലേക്ക് തന്നെ മടങ്ങാനായി ഗാസ മുള്‍വേലികളിലേക്ക് മാര്‍ച്ച് ചെയ്ത ഫലസ്ഥീനികളെ കൊലപ്പെടുത്തിയ ഇസ്രയേല്‍ ഒളിപ്പോരാളികള്‍ ഇപ്പോഴും ശിക്ഷിക്കപ്പെട്ടിട്ടില്ല. തങ്ങള്‍ സ്വയം അതിനെക്കിറിച്ച് അന്വേഷണം നടത്തുന്നുണ്ടെന്നും അതിനാല്‍ തന്നെ ബാഹ്യമായ ഒരു അന്വേഷണത്തിന്റെയും ആവശ്യമില്ലെന്നുമാണ് ഇസ്രയേല്‍ ഭരണകൂടത്തിന്റെ വിചിത്ര വാദം. 83 ആഴ്ചകളോളം പഴക്കമുള്ള ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണില്‍ 200 ലധികം ഫലസ്ഥീനികള്‍ കൊല്ലപ്പെട്ടത് അന്വേഷണ വിധേയമാക്കുന്നതിന് പകരം പ്രായ പൂര്‍ത്തിയാകാത്ത ഒരു ഫലസ്ഥീനിയെ വെടിവച്ചുകൊന്ന ഇസ്രയേല്‍ പട്ടാളക്കാരനെ ഒരു മാസത്തെ സാമൂഹ്യ സേവനത്തിന് അയച്ച് ഫലസ്ഥീനികളെ പരിഹസിക്കുകയായിരുന്നു ഇസ്രയേല്‍ ചെയ്തത്. 2018 ജൂലൈ 13 ന് ഗാസ പട്ടണത്തിന്റെ കിഴക്ക് ഭാഗത്തുള്ള കര്‍ണി ക്രോസിങ്ങില്‍ വെച്ച് പ്രതിഷേധം നടത്തുന്നതിനിടെ ഉസ്മാന്‍ റമീസിനെ ഇസ്രയേല്‍ പട്ടാളം കൊലപ്പെടുത്തി. ‘ഇസ്രയേല്‍ നിവാസികളുടെ ജീവിതത്തിനും ആരോഗ്യത്തിനും ഭീഷണിയാവുന്ന തരത്തില്‍ നിയമം ലംഘിച്ചതിന’് നിരായുധനായ യുവാവിന് നേരെ പട്ടാളം വെടിയുതിര്‍ത്തു എന്നാണ് അതിനെക്കുറിച്ച് ഇസ്രയേല്‍ മീഡിയ റിപ്പോര്‍ട്ട് ചെയ്തത്.

ഫലസ്ഥീനികളുടെ ജീവന് വല്ല വിലയും ഇസ്രയേല്‍ വകവെച്ച് കൊടുത്തിരുന്നങ്കില്‍ ഒരിക്കലും കൊല്ലപ്പെട്ട യുവാവിനെക്കുറിച്ച് ഇത്തരത്തിലൊരു മോശപ്പെട്ട വാര്‍ത്ത അവര്‍ കൊടുക്കുമായിരുന്നില്ല. ഉസ്മാന്‍ റമീസിന്റെ പിതാവ് റാമി ഹെല്ലിസ് ന്യൂയോര്‍ക്ക് ടൈംസിന് കൊടുത്ത ഒരു അഭിമുഖത്തില്‍ പറഞ്ഞത് ഇങ്ങനെയാണ്: ‘സാമ്പത്തിക നഷ്ടപരിഹാരമോ അല്ലെങ്കില്‍ ജിവപര്യന്തം ജയില്‍ ശിക്ഷയോ ആയിരുന്നു ഞാന്‍ പ്രതീക്ഷിച്ചിരുന്നത്. ഇത് തീര്‍ത്തും അനീതിയാണ്’. ഇസ്‌ലാമിക് ജിഹാദിന്റെ തലവനായ ബഹാ അബുല്‍ അതാഇനെ പിടക്കാനെന്ന വ്യാജേനെ ഈയടുത്ത് നവംബര്‍ 12ന് പുലര്‍ച്ചെ നാലു മണിക്ക് തുടങ്ങിയ നിയമവിരുദ്ധമായ വ്യോമാക്രമണം സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം നിരപരാധികളായ 30 പേരുടെ മരണത്തിലാണ് കലാശിച്ചത്. ഒരു കുഞ്ഞു പൈതലിനെ അനാഥനാക്കി ദൈര്‍ അല്‍-ബലഹിലെ അബു മല്‍ഹൗസ് കുടുംബത്തിലെ എട്ട് പേരെയും വധിച്ചു കളഞ്ഞതാണ് ഇസ്രയേല്‍ ക്രൂരതയുടെ ഏറ്റവും പുതിയ വാര്‍ത്ത. ‘അന്താരാഷ്ട്ര സമൂഹം’ എന്ന് വിളിക്കപ്പെടുന്നവര്‍ ഇസ്രയേലിന്റെ കൊടും ക്രൂരതകള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും കൂട്ടുനില്‍ക്കുമെന്നല്ലാതെ ഇത്തരം ഹീനപ്രവര്‍ത്തികളില്‍ നിന്ന് അവരെ പിന്തിരിപ്പിക്കാനുള്ള ഒരു ശ്രമവും ഇവര്‍ നടത്തുകയില്ല. ലോകത്ത് നടക്കുന്ന കുറ്റകൃത്യങ്ങള്‍ രേഖപ്പെടുത്തുന്ന മനുഷ്യാവകാശ സംഘടനകള്‍ പോലും ഇവര്‍ക്കൊരു വെല്ലുവിളിയാകുന്നില്ലെന്നതാണ് വാസ്തവം. ഇസ്രായേലിലെ മനുഷ്യാവകാശ നിരീക്ഷണ നേതാവായ ഉമര്‍ ഷാകിറിനെ ഈയടുത്ത് തന്നെ അവിടെ നിന്നും നാടു കടത്താന്‍ സാധ്യതയുണ്ട്.

കൊലപാതക ചരിത്രത്തിലൂടെയാണ് ഇസ്രായേല്‍ തദ്ദേശീയരായ ഫലസ്ഥീനികളുടെ അനിഷ്ടത്തിനുമേല്‍ തങ്ങളുടെ രാഷ്ട്രത്തെ കെട്ടിപ്പടുക്കുന്നത്. ഞങ്ങളാണ് ശരിക്കുമുള്ള ജനത(ുലീുഹല)യെന്നും ഫലസ്ഥീനികള്‍ വെറും സമൂഹം(community) മാത്രമാണെന്നും വിളിച്ചു പറയുകയായിരുന്നു കുപ്രസിദ്ധമായ ബാല്‍ഫര്‍ പ്രഖ്യാപനത്തിലൂടെ ജൂതന്മാര്‍ ചെയ്തത്. ഇന്നും അത് തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു. ഫലസ്ഥീനികളുടെ മൗലികാവകാശം കുഴിച്ച് മൂടിയിട്ടാണെങ്കില്‍ പോലും സ്വയ പ്രതിരോധത്തിനു വേണ്ടി ഇസ്രയേലിന് എന്ത് അതിക്രമങ്ങളും ചെയ്യാമെന്നാണ് ബ്രിട്ടണും ഇസ്രയേലിന്റെ മറ്റു സഖ്യ കക്ഷികളും വിശ്വസിക്കുന്നത്. ഫലസ്ഥീനികള്‍ മാത്രമാണ് ഫലസ്ഥീന്‍ ജീവിതങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നവരായി ഉണ്ടാവുരയുള്ളൂ. അല്ലാതെ ഇസ്രയേലോ ഇസ്രയേല്‍ അനുകൂല ലോപികളോ മറ്റു സഖ്യ കക്ഷികളോ അവരുടെ ജീവനുകള്‍ക്ക് പ്രാധാന്യം നല്‍കുമെന്ന് ഒരിക്കലും പ്രതീക്ഷിക്കേണ്ടതില്ല. അവര്‍ക്ക് യഥാര്‍ത്ഥ സമാധാനത്തില്‍ താല്‍പര്യമുണ്ടായിരുന്നുവെങ്കില്‍ ഫലസ്ഥീന്‍ ജിവിനുകള്‍ക്ക് ജൂത ജീവനുകളെപ്പോലെത്തന്നെ പ്രാധാന്യമുള്ളതായി അവര്‍ കണ്ടെത്തുമായിരുന്നു. അതുവരെ, വിവേചന സര്‍ക്കാറിന്റെ ഹിംസാത്മകവും മൃഗീയവുമായ കൃത്യങ്ങള്‍ക്ക് അവര്‍ ഫലസ്ഥീനികള്‍ ഇരകളായിക്കൊണ്ടേയിരിക്കും.

 

വിവ. മുഹമ്മദ് അഹ്‌സന്‍ പുല്ലൂര്‍
അവലംബം -middleeastmonitor.com

 

Related Articles