Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീൻ പ്രശ്നവും ഇസ്രയേലും

1949 ഓഗസ്റ്റ് 5 ന് അഖ്സ്വാ പള്ളിക്ക് തീകൊളുത്തിയ സമയത്ത് ലാഹോർ ജുമുഅ മസ്ജിദിൽ മൗദൂദി സാഹിബ് നടത്തിയ പ്രഭാഷണത്തിന്റെ അവസാന ഭാഗം. ഇത് പിന്നീട് ‘ഖുദ്സും സിയോണിസ്റ്റ് പദ്ധതികളും’ എന്ന പേരിൽ പ്രസിദ്ധീകരിക്കപ്പെട്ടു)

ബൈതുൽ മഖ്ദിസ്വിന്റെ മേലുള്ള ജൂത അധിനിവേശം നടത്തിയ ഇസ്രായേലും ആ ചട്ടമ്പി രാഷ്ട്രത്തിന്റെ രക്ഷാധികാരിയായ അമേരിക്കയും ഇസ്‌ലാമിക ലോകത്ത് നിന്നുള്ള തിരിച്ചടിയെ ഭയപ്പെടുന്നു എന്നത് അവരുടെ നിലപാടുകളിൽ നിന്നും സുതരാം വ്യക്തമാണ്. അതോടൊപ്പം യഹൂദന്മാരിൽത്തന്നെ ഈ വിഷയത്തിൽ മതപരമായ അഭിപ്രായവ്യത്യാസം എമ്പാടുമുണ്ട്. അവരിൽ ഒരു വിഭാഗം ഇപ്പോഴും വിശ്വസിക്കുന്നത് മിശിഹ (വിമോചകൻ) നേരിട്ട് വന്ന് ഹൈക്കൽ സുലൈമാനി പുനർനിർമിക്കുമെന്നാണ്. മിശിഹ വരുന്നതുവരെ കാത്തിരിക്കണം; ഇതാണ് അവരുടെ യാഥാസ്ഥിതിക ഗ്രൂപ്പിന്റെ കാഴ്ചപ്പാട്. മറ്റൊന്ന്, ഇസ്രായേലിന്റെ സ്വാധീന ശക്തിയായ ഉത്പതിഷ്ണു വിഭാഗം പറയുന്നത് പുരാതന ജറുസലേമും വിലാപ മതിലും (Wailing Wall) പിടിച്ചെടുത്തപ്പോൾ തന്നെ ഞങ്ങൾ മിശിഹൈക യുഗത്തിലേക്ക് (Messianic Era) പ്രവേശിച്ചു കഴിഞ്ഞു എന്നാണ്.

ഖുദ്സ് പിടിച്ചടക്കിയതിനുശേഷം വിലാപമതിലിനു മുന്നിൽ നിന്ന് യഹൂദ സൈന്യത്തിലെ മുഖ്യ റബ്ബി തോറ കൈയ്യിലെടുത്ത് പറഞ്ഞു: “ഇന്ന് നാം യഹൂദ ജനതയുടെ മിശിഹൈക കാലഘട്ടത്തിലേക്കാണ് പ്രവേശിക്കുന്നത്”. ഒരു വശത്ത് ഇസ്‌ലാമിക ലോകത്തിന്റെയും മറുവശത്ത് ആഗോള ജൂത സമൂഹത്തിന്റെയും പ്രതികരണം അറിയാൻ വേണ്ടിയാണ് മസ്ജിദുൽ അഖ്സാ ഒറ്റയടിക്ക് പൊളിക്കുന്നതിനുപകരം തുടക്കമെന്ന നിലക്ക് ഇപ്പോൾ തീയിട്ടിരിക്കുന്നത്. ഈ പദ്ധതിയുടെ രണ്ടാമത്തെ ഘട്ടം “പൈതൃക ഭൂമി” കൈവശമാക്കുക എന്നതാണ്. ഈ പൈതൃക ഭൂമി എന്താണെന്ന് ഇസ്രായേൽ പാർലമെന്റിന്റെ നടുത്തളത്തിൽ തന്നെ ആലേഖനം ചെയ്തിരിക്കുന്നു: “ഇസ്രായേലേ, നിന്റെ അതിർത്തികൾ നൈൽ മുതൽ യൂഫ്രട്ടീസ് വരെയാണ്”. സ്വന്തം പാർലമെന്റ് മന്ദിരത്തിൽ തന്നെ മറ്റ് രാജ്യങ്ങളെ കൈവശപ്പെടുത്താനുള്ള അജണ്ട പരസ്യമായി രേഖപ്പെടുത്തിയ ലോകത്തിലെ ഒരേയൊരു രാജ്യം ഇസ്രായേലാണ്. മറ്റൊരു രാജ്യവും ഈ രീതിയിൽ തങ്ങളുടെ ആക്രമണോത്സുകത പരസ്യമായി പ്രകടിപ്പിച്ചിട്ടില്ല.

ഈ പദ്ധതിയുടെ വിശദാംശങ്ങൾ സയണിസ്റ്റ് പ്രസ്ഥാനം പ്രസിദ്ധീകരിച്ച ഭൂപടത്തിലും നൽകിയിട്ടുണ്ട്. അറബ് ലോകം ഇന്നത്തെപ്പോലെ ദുർബലമായി തുടരുകയാണെങ്കിൽ ഇസ്രായേൽ കൈവശപ്പെടുത്താൻ ആഗ്രഹിക്കുന്ന പ്രദേശങ്ങളിൽ തൊട്ടടുത്ത് തന്നെയുള്ള ഈജിപ്ത്, ജോർദാൻ, സിറിയ, ലെബനൻ, ഇറാഖ് മുതൽ തുർക്കി, നൈൽ, ഹിജാസിന്റെ തെക്കൻ ഭാഗം, മദീനയടക്കമുള്ള പ്രദേശങ്ങളാണെന്നത് ശ്വാസമടക്കി പിടിച്ച് കേൾക്കൂ. അഖ്സാ ഏതാണ്ട് കത്തിച്ചിട്ടും ഇസ്‌ലാമിക ലോകത്തിന്റെ പ്രതികരണം കൂടുതൽ ഫലപ്രദമായിരുന്നില്ല എന്നത് നാം കണ്ട് കഴിഞ്ഞതാണ്.

ഇനിയെന്ത് ?

പ്രശ്നത്തിന്റെ സ്വഭാവം, പ്രാധാന്യം എന്നിവ നന്നായി മനസ്സിലാക്കാൻ കഴിയുന്ന തരത്തിൽ ഇത് വിശദമായി നേരത്തെ പറഞ്ഞിട്ടുണ്ട്. കുറച്ച് കാര്യങ്ങൾ പറയാൻ വേറെയുമുണ്ട്: ഒന്നാമത്തേത്, യഹൂദന്മാർ ഇന്നുവരെയുള്ള അവരുടെ പദ്ധതികളിൽ വിജയിച്ചിട്ടുണ്ട്, കാരണം ലോകത്തിലെ മഹാശക്തികൾ അവരുടെ സഹായികളോ പിണിയാളുകളോ ആണ്, ഭാവിയിൽ അവരുടെ സമീപനത്തിൽ എന്തെങ്കിലും മാറ്റമുണ്ടാകാനും പോവുന്നില്ല. അവർക്ക് അമേരിക്കയുടെ പിന്തുണയുള്ളിടത്തോളം കാലം ഇതിലും വലിയ കുറ്റകൃത്യങ്ങൾ ചെയ്യാനവർക്ക് മടിയുണ്ടാവില്ല.

രണ്ടാമതായി, സോഷ്യലിസ്റ്റ് രാഷ്ട്രങ്ങൾ എന്തെങ്കിലും ചെയ്യുമെന്ന പ്രതീക്ഷ നമുക്ക് വേണ്ട. ഇസ്രായേലിന്റെ കൈ പിടിച്ച് അപകടം വരുത്തി വെക്കാൻ അവർ ഒരുങ്ങില്ല. ഇസ്‌ലാമികമല്ലാത്ത വെറും സെക്കുലർ സ്വഭാവത്തിലുള്ള രാജ്യമായിരുന്നു സങ്കല്പത്തിലെങ്കിൽ അവരൊന്നു ശ്രമിച്ചേനേ.

മൂന്നാമത്, ഐക്യരാഷ്ട്രസഭയ്ക്ക് പ്രമേയങ്ങൾ പാസാക്കാനല്ലാതെ മറ്റൊന്നും ചെയ്യാൻ കഴിയുമെന്ന് തോന്നുന്നില്ല. ക്രിമിനൽ നടപടികളെടുക്കുന്നതിൽ നിന്ന് ഇസ്രായേലിനെ തടയാനുള്ള ധൈര്യമവർക്കുമില്ല.

നാലാമതായി, ഇസ്രായേലുമായി മത്സരിക്കാൻ നിലവിലുള്ള അറബ് ലോകത്തിന്റെ ശക്തി പര്യാപ്തമല്ല. കഴിഞ്ഞ 22 വർഷത്തെ അനുഭവം ഈ കാര്യം തെളിയിച്ചിട്ടുണ്ട്. ഈ വസ്തുതകൾ വെച്ചു നോക്കുമ്പോൾ ഖുദ്സ് മാത്രമല്ല, മദീനയെയും മുന്നിലുള്ള അപകടങ്ങളിൽ നിന്ന് രക്ഷിക്കാൻ ഒരേയൊരു മാർഗ്ഗമേയുള്ളൂ, അതായത് ലോകമെമ്പാടുമുള്ള മുസ്‌ലിംകൾ ഇസ്‌ലാമിന്റെ പുണ്യസ്ഥലങ്ങൾ സംരക്ഷിക്കാൻ ഒത്തുചേർന്ന് ഈ യഹൂദ ഭീഷണിയെ ശാശ്വതമായി പരിഹരിക്കുക.

ഇതുവരെ ഫലസ്തീൻ പ്രശ്‌നത്തെ അറബ് പ്രശ്‌നമാക്കി അവതരിപ്പിച്ചു എന്ന തെറ്റ് ഏതായാലും സംഭവിച്ചു. ഇസ്‌ലാമും ആഗോള മുസ്‌ലിംകളും ഉൾപ്പെട്ട പ്രശ്‌നമാണിതെന്ന് ലോകമെമ്പാടുമുള്ള മുസ്‌ലിംകൾ കുറച്ചുകാലമായി പറയുന്നുണ്ടെങ്കിലും ചില അറബ് നേതാക്കൾ അത് അങ്ങനെയല്ലെന്നാണ് വാദിക്കുന്നത്. അവർക്കിത് ഇപ്പോഴും ഒരു അറബ് പ്രശ്‌നം മാത്രമാണ്. അഖ്സാ പള്ളിയുടെ ദുരന്തത്തിനുശേഷം, ചിലരുടെ കണ്ണുകൾ തുറന്നതിന് അല്ലാഹുവിന് നന്ദി പറയാം. സയണിസത്തിന്റെ വലിയ അന്താരാഷ്ട്ര ഗൂഢാലോചന അവരെങ്കിലും മനസ്സിലാക്കി… ലോകത്തെ മഹത്തായ ശക്തികളുടെ പൂർണ ഐക്യദാർഢ്യം ഇതിന് ഉണ്ട്. അറബികളുടെ മാത്രമല്ല എന്നും അവർക്ക് മനസ്സിലായിരിക്കുന്നു.

ലോകത്ത് 16 ദശലക്ഷം ജൂതന്മാർ ഒരു ശക്തിയാണെങ്കിൽ, എഴുപത്തിയഞ്ച് ദശലക്ഷം മുസ്‌ലിംകളും മഹാ ശക്തി തന്നെ. അവരുടെ മുപ്പത്തിരണ്ട് രാഷ്ടങ്ങൾ ഇപ്പോൾ ഇന്തോനേഷ്യ മുതൽ മൊറോക്കോ, പശ്ചിമാഫ്രിക്ക വരെ നീണ്ട്നിൽക്കുന്നു. ഈ മുസ്‌ലിം രാജ്യങ്ങളുടെ നേതാക്കൾ ഒരുമിച്ചിരുന്ന് ചർച്ച നടത്തിയാൽ തീരുന്ന പ്രശ്നമേ അവിടെയുള്ളൂ. ഭൂമിയുടെ എല്ലാ കോണുകളിലും താമസിക്കുന്ന മുസ്‌ലിംകൾ തങ്ങളുടെ സ്വത്തും വിലപിടിച്ചതെന്തും നല്കാൻ സന്നദ്ധരുമാണ്.

ഇക്കാര്യത്തിൽ അന്താരാഷ്ട്ര ചർച്ച എന്തുതന്നെയായാലും, യഥാർത്ഥ പ്രശ്നം അഖ്സ്വാ പള്ളിയുടെ സംരക്ഷണം മാത്രമല്ലെന്ന് മനസ്സിലാക്കണം. ഖുദ്സൊന്നടങ്കം ജൂതരുടെ അധീനതയിലായിരിക്കുന്നിടത്തോളം കാലം ഒരു പള്ളിക്ക് മാത്രം സുരക്ഷിതമായിരിക്കാൻ കഴിയുന്നതെങ്ങിനെ? ഫലസ്തീനിൽ ജൂതന്മാർ അധിനിവേശം നടത്തി വരുന്നേടത്തോളം കാലം ഖുദ്സിന് സുരക്ഷിതമായിരിക്കാൻ കഴിയുമോ? അതിനാൽ യഥാർത്ഥ പ്രശ്നം ഫലസ്തീനെ ജൂത സ്വേച്ഛാധിപത്യത്തിൽ നിന്ന് മോചിപ്പിക്കുക എന്നതാണ്. ബാൽഫർ പ്രഖ്യാപനത്തിന് മുമ്പ് ഫലസ്തീനിൽ താമസിച്ചിരുന്ന ജൂതന്മാർക്ക് മാത്രമേ തുടർന്നും അവിടെ താമസിക്കാൻ അവകാശമുള്ളൂ എന്നതാവണം നേരിട്ടുള്ള പരിഹാരം.

1917 മുതൽ അവിടെ വന്ന് കുടിയേറിയ യഹൂദന്മാർ തിരികെ പോകണം. ഗൂഢാലോചനയിലൂടെയും അടിച്ചമർത്തലിലൂടെയും അവർ മറ്റൊരു രാജ്യത്തിന്റെ മണ്ണിനെ തങ്ങളുടെ “ദേശീയ മാതൃരാജ്യമാക്കി” മാറ്റുകയും പിന്നീട് അതിനെ “ആഗോള സാമുദായിക ദേശ രാഷ്ട്രമായി” സ്വയം പ്രഖ്യാപിക്കുകയും അതിന്റെ വിപുലീകരണത്തിനായി ആക്രമണാത്മക പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്തു. ആ സ്വപ്ന ലോകത്തിന്റെ വിശാലതയാണ് ഇസ്രായേൽ പാർലമെന്റിന്റെ ‘തിരുനെറ്റിയിൽ’ പരസ്യമായി എഴുതി വെച്ചിരിക്കുന്നത്. അത്തരമൊരു പരസ്യമായ ആക്രമണാത്മക ആഗോള കുറ്റകൃത്യവും അന്താരാഷ്ട്ര സമാധാനത്തിന് ഭീഷണിയുമാണ്. ഇസ്‌ലാമിക ലോകത്തിന് ഇതിലും കൂടുതൽ അപകടകരമാണ് അതിന്റെ ആക്രമണാത്മക ഉദ്ദേശ്യങ്ങൾ മുസ്‌ലിം പുണ്യസ്ഥലങ്ങളെ പ്രത്യേകമായി ലക്ഷ്യമിടുന്നു എന്നത്.

ആ രാജ്യത്തിന്റെ നിലനിൽപ്പ് ഇനി സഹിക്കാൻ കഴിയില്ല. ആ ചട്ടമ്പിത്തരം അവസാനിക്കണം. ഫലസ്തീനിലെ യഥാർത്ഥ നിവാസികളുടെ ജനാധിപത്യ രാഷ്ട്രം ഉണ്ടാവണം, അതിൽ രാജ്യത്തെ പഴയ ജൂത നിവാസികൾക്കും അറബ് മുസ്‌ലിങ്ങൾക്കും അറബ് ക്രിസ്ത്യാനികൾക്കും തുല്യമായ പൗരാവകാശമുണ്ടാവണം. ഈ രാജ്യത്തെ ബലമായി “ദേശീയ മാതൃരാജ്യമാക്കി” മാറ്റുകയും പിന്നീട് ഒരു “ആഗോള ദേശ രാഷ്ട്രം” ആക്കുകയും ചെയ്ത പുറത്തുനിന്നുള്ള കൊള്ളക്കാരെ ഇനി സമ്മതിക്കരുത്. ഫലസ്തീൻ പ്രശ്‌നത്തിന് ഇതല്ലാതെ മറ്റൊരു പരിഹാരവുമില്ല. അമേരിക്ക തന്റെ മന:സ്സാക്ഷിയെ യഹൂദന്മാർക്ക് പണയപ്പെടുത്തി എല്ലാ ധാർമ്മികതത്ത്വങ്ങളും കാറ്റിൽ പറത്തിയാണ് ഈ കൊള്ളക്കാരെ പിന്തുണയ്ക്കുന്നത്.

അതിനാൽ, ലോകമെമ്പാടുമുള്ള മുസ്‌ലിംകൾ ഇസ്രായേലിനും അമേരിക്കക്കും വ്യക്തമായി മുന്നറിയിപ്പ് നൽകേണ്ട സമയമാണിത്. ഇതുപോലെയാണ് തുടരുന്നതെങ്കിൽ, ഭൂമിയിലെ ഒരു മുസ്‌ലിം പോലും അവന്റെ ഹൃദയത്തിൽ ഈ മാടമ്പിത്തത്തേക്കാൾ നീചമായതൊന്നും കണ്ടെത്തുകയില്ല. യഹൂദരാഷ്ട്രത്തെ പിന്തുണച്ചുകൊണ്ട് എത്ര ദൂരം പോകാമെന്ന് അമേരിക്ക സ്വയം തീരുമാനിക്കണം.

വിവർത്തനം: ഹഫീദ് നദ്‌വി
1/ശവ്വാൽ/1442|12/മെയ് / 21

Related Articles