Current Date

Search
Close this search box.
Search
Close this search box.

ഞങ്ങളെ അടിച്ചമർത്തുന്നവരെയാണ് ‘പ്യൂമ’ ശക്തിപ്പെടുത്തുന്നത്

ചെറുപ്പത്തിൽ ഫുട്ബോൾ കളിക്കാൻ ആരംഭിച്ച നാൾമുതൽക്കു തന്നെ, ഫലസ്തീൻ ദേശീയ വനിതാ ഫുട്ബോൾ ടീമിനു വേണ്ടി കളത്തിലിറങ്ങുന്നത് ഞാൻ സ്വപ്നം കണ്ടിരുന്നു. ആ സ്വപ്നം ഞാൻ സാക്ഷാത്കരിക്കുകയും ചെയ്തു! ഓരോ കടമ്പയും ഞാൻ കടന്നു, അണ്ടർ 16 ടീമിലാണ് തുടക്കം, ഇന്ന് ദേശീയ ടീമിന്റെ പ്രതിരോധനിര കാത്തുസൂക്ഷിക്കുന്നവരിൽ ഒരാളാണ് ഞാൻ. കഠിനാധ്വാനം മാത്രമല്ല എന്ന സ്വപ്നസാക്ഷാതാകാരത്തിന് നിദാനം, മറിച്ച് ഇസ്രായേലിന്റെ കിരാതമായ സൈനികവാഴ്ചയും വംശീയ വിവേചന വ്യവസ്ഥയും എനിക്ക് അഭിമുഖീകരിക്കേണ്ടതുണ്ടായിരുന്നു.

ഫലസ്തീനിൽ ഒരു കായികതാരമാവുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കളി രാഷ്ട്രീയത്തിനും സംഘർഷത്തിനും അതീതമാണെന്ന് പറയുക ഇവിടെ അസാധ്യമാണ്. ഇസ്രായേലി റോഡ്ബ്ലോക്കുകളും വിഭജന മതിലുകളും വേർതിരിക്കപ്പെട്ട റോഡുകളും പാർപ്പിടകേന്ദ്രങ്ങളും കൊണ്ട് ഞങ്ങൾ ചുറ്റപ്പെട്ടിരിക്കുന്നു. ഇസ്രായേലിന്റെ അധിനിവേശ വംശീയവിവേചന നിർമിതികൾ, കായിക താരങ്ങൾ അടക്കമുള്ള എല്ലാ ഫലസ്തീനികളുടെയും എല്ലാതരത്തിലുള്ള സഞ്ചാര സ്വാതന്ത്ര്യത്തെയും നിഷേധിക്കുകയാണ്. ദിനംപ്രതിയെന്നോണം, ഇസ്രായേലി സൈനികരാൽ ഞങ്ങൾ അപമാനിക്കപ്പെടുന്നു, പരിഹസിക്കപ്പെടുന്നു, അധിക്ഷേപിക്കപ്പെടുന്നു. കളിക്കളത്തിൽ ഇറങ്ങിയാൽ പോലും അധിനിവേശത്തിന്റെ നിഷ്ഠൂരതകൾ മറക്കാൻ ഞങ്ങൾക്കു കഴിയുന്നില്ല.

പരിശീലനത്തിനും മറ്റും യാത്ര ചെയ്യുമ്പോൾ പോലും സൈനിക ചെക്പോയിന്റുകളിൽ വെച്ച് തികച്ചും മോശമായ രീതിയിൽ ഞങ്ങൾ തിരച്ചിലിനു വിധേയമാകുന്നത് ഒരു സ്ഥിരം സംഭവമാണ്. മത്സരം നടന്നുകൊണ്ടിരിക്കുന്ന സമയത്ത് സായുധ സൈനികർ ഗ്രൗണ്ടിലേക്ക് ഇരച്ചെത്തും, റെയ്ഡിനെന്ന പേരിൽ കളി തടസ്സപ്പെടുത്തും. അന്ത്യമില്ലാത്ത വികസിച്ചു കൊണ്ടിരിക്കുന്ന അനധികൃത പാർപ്പിട കേന്ദ്രങ്ങൾ ഞങ്ങളുടെ ഗ്രൗണ്ടുകളെ വിഴുങ്ങികഴിഞ്ഞു, ഞങ്ങളുടെ സ്റ്റേഡിയങ്ങൾ ഇസ്രായേലി ബോംബിംഗിൽ തകർക്കപ്പെട്ടു.

ഫലസ്തീനിൽ ഒരു കായികതാരമെന്ന നിലയിൽ കരിയർ കെട്ടിപ്പടുക്കുക എന്നത് തീർച്ചയായും ഒരു നിരന്തര പോരാട്ടം തന്നെയാണ്. കാരണം, നാം മുന്നോട്ടു വെയ്ക്കുന്ന ഓരോ ചുവടിനു മുന്നിലും ഇസ്രായേലി അധിനിവേശം തടസ്സങ്ങൾ സൃഷ്ടിക്കും. അതുകൊണ്ടാണ്, ഞങ്ങളുടെ വേദന മനസ്സിലാക്കാനും പിന്തുണ നൽകാനും ലോകത്തോട്, പ്രത്യേകിച്ച് കായിക സ്ഥാപനങ്ങളോടും കമ്പനികളോടും ഞങ്ങൾ ആവശ്യപ്പെടുന്നത്. അതുകൊണ്ടാണ് ഇസ്രായേലിന്റെ അധിനിവേശത്തെ വെള്ളപൂശാനുള്ള സ്പോർട്സ് ബ്രാൻഡുകളുടെയും കമ്പനികളുടെയും ശ്രമങ്ങളെ ഞങ്ങൾ ചെറുക്കുന്നത്.

കഴിഞ്ഞ വർഷം, ആഗോള സ്പോർട്സ് ഉൽപ്പന്ന നിർമാതാക്കളായ ‘പ്യൂമ’ (Puma) ഇസ്രായേൽ ഫുട്ബോൾ അസോസിയേഷനുമായി (ഐ.എഫ്.എ) നാലു വർഷത്തെ സ്പോൺസർഷിപ്പ് കരാറിൽ ഒപ്പുവെച്ചിരുന്നു. അന്താരാഷ്ട്ര നിയമം ലംഘിച്ചു കൊണ്ട് ഫലസ്തീൻ കുടുംബങ്ങളിൽ നിന്നും കവർന്നെടുത്ത ഭൂമിയിൽ നിർമിക്കപ്പെട്ട നിയമവിരുദ്ധ പാർപ്പിട കേന്ദ്രങ്ങളിൽ നിന്നുള്ള ടീമുകൾ കൂടി ഉൾപ്പെടുന്നതാണ് ഐ.എഫ്.എ. നിയമവിരുദ്ധ ഇസ്രായേലി പാർപ്പിട സമുച്ചയങ്ങളുമായുള്ള ഐ.എഫ്.എയുടെ ബന്ധത്തെ യു.എൻ ഉപദേശകരും, പൊതുവ്യക്തിത്വങ്ങളും, പൗരാവകാശ-മനുഷ്യാവകാശ സംഘങ്ങളും ആവർത്തിച്ച് അപലപിച്ചിരുന്നു. ഫലസ്തീൻ കുടുംബങ്ങളെ അവരുടെ പൈതൃക ഭൂമിയിൽ നിന്നും ആട്ടിയോടിച്ച് നിയമവിരുദ്ധ കുടിയേറ്റകേന്ദ്രങ്ങൾ വ്യാപിപ്പിക്കാൻ ഇസ്രായേലി തീവ്രവലതുപക്ഷ ഭരണകൂടത്തിനു നൽകുന്ന പച്ചക്കൊടിയാണ് ഐ.എഫ്.എ-ക്കുള്ള പ്യൂമയുടെ സ്പോൺസർഷിപ്പും, അതു പ്രദാനം ചെയ്യുന്ന അന്താരാഷ്ട്ര നിയമസാധുതയും.

“സ്പോർട്സിന് നമ്മെ പരിവർത്തിപ്പിക്കാനും ശാക്തീകരിക്കാനുമുള്ള ശക്തിയുണ്ട്” എന്നാണ് പ്യൂമ പറയുന്നത്. ഇതു സത്യമാണ്. ഇസ്രായേലി അധിനിവേശത്തിന്റെ എല്ലാ ദുരിതങ്ങളും അനുഭവിക്കേണ്ടി വരുമ്പോഴും, സ്വപ്നസാക്ഷാത്കാരത്തിന്റെ വഴിയിൽ വീണുപോകാതെ മുന്നേറിയ എന്റെയും ഒരുപാട് ഫലസ്തീനികളുടെയും ജീവിതം മാറ്റിമറിച്ചത് സ്പോർട്സ് തന്നെയാണ്. എന്നാൽ, ഓരോ ദിവസവും അധിനിവേശ ഭരണകൂടത്തിന്റെ അടിച്ചമർത്തലിനെതിരെ പോരാടിക്കൊണ്ടിരിക്കുന്ന ഞങ്ങളെ പോലുള്ളവരെ ശാക്തീകരിക്കുന്നതിനു പകരം, ഞങ്ങളെ അടിച്ചമർത്തുന്നവരെ ശാക്തീകരിക്കാനും പിന്തുണയ്ക്കാനുമാണ് പ്യൂമ തീരുമാനിച്ചത്. 200-ലധികം ഫലസ്തീനിയൻ ടീമുകൾ, ഐ.എഫ്.എയുമായുള്ള കരാർ അവസാനിപ്പിക്കാനും ധാർമിക മൂല്യം ഉയർത്തിപ്പിടിക്കാനും പ്യൂമ കമ്പനിയോട് ആവശ്യപ്പെടുകയുണ്ടായി. കരാറിൽ നിന്നും പിൻവാങ്ങണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള അപേക്ഷകളോട്, “പ്രാപഞ്ചിക സമത്വത്തിനു വേണ്ടി സമർപ്പിക്കപ്പെട്ടവരാണ് ഞങ്ങൾ” എന്ന തികച്ചും പരിഹാസ്യമായ മറുപടിയാണ് പ്യൂമ നൽകിയത്, അതേസമയം, ഇസ്രായേലിന്റെ ഫലസ്തീൻ മനുഷ്യാവകാശ ലംഘനങ്ങൾക്ക് അംഗീകാരം നൽകുന്ന പ്യൂമ, തങ്ങളുടെ അടിച്ചവർത്തൽ വ്യവസ്ഥ വെളുപ്പിച്ചെടുക്കാനുള്ള ഇസ്രായേൾ ശ്രമങ്ങളെ സഹായിക്കുകയും ചെയ്യുന്നു.

അതിനിടെ, ഇസ്രായേൽ ഭരണകൂടം ഫലസ്തീനികൾക്ക് ഏർപ്പെടുത്തിയ യാത്രാവിലക്കു കാരണം ഈ വർഷത്തെ ഫലസ്തീൻ കപ്പ് റദ്ദു ചെയ്യപ്പെട്ടിരുന്നു. ഗസ്സ ലീഗിൽ വിജയിച്ച ടീമിലെ ഒരംഗത്തിനാണ് ആദ്യം ഇസ്രായേൽ യാത്രാ അനുമതി നിഷേധിച്ചത്. തുടർന്ന് ഫലസ്തീൻ ടീം പുനരപേക്ഷിച്ചപ്പോൾ, അഞ്ചു കളിക്കാരുടെ കൂടി യാത്രാനുമതി ഇസ്രായേൽ റദ്ദാക്കി. 2018-ൽ, 12 വർഷത്തെ ഇസ്രായേൽ ഉപരോധത്തിനെതിരെ സമാധാനപരമായി പ്രതിഷേധ പ്രകടനം നടത്തിയ ഫലസ്തീനികൾക്കു നേരെയുണ്ടായ സ്നൈപ്പർ വെടിവെപ്പിൽ 183 ഫലസ്തീനികൾ കൊല്ലപ്പെടുകയും 6000-ത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വളർന്നുവരുന്ന ഫലസ്തീനിയൻ ഫുട്ബോൾ, സൈക്കിളിസ്റ്റ്, ബോക്സർ, വോളിബോൾ താരങ്ങളുടെ ഭാവിയാണ് അന്ന് ഇസ്രായേലി സ്നൈപ്പർമാർ തകർത്തുകളഞ്ഞത്.

എന്നിട്ടും ഇതുവരെ പ്യൂമയുടെ നിലപാടിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ല. അതുകൊണ്ടാണ്, ബി.ഡി.എസ് (Boycott, Divestment, Sanctions) പ്രസ്ഥാനത്തെ പിന്തുണയ്ക്കുന്ന ലോകത്താകമാനമുള്ള മനുഷ്യർ, കമ്പനിക്കെതിരെ കൂടുതൽ നടപടികൾ കൈക്കൊണ്ടത്. ഇസ്രായേലി ഫുട്ബോൾ അസോസിയേഷനുള്ള സ്പോൺസർഷിപ്പ് പിൻവലിക്കുന്നതു വരേക്കും പ്യൂമയുടെ ഉൽപ്പന്നങ്ങൾ വാങ്ങില്ലെന്ന് ആയിരങ്ങൾ ശപഥം ചെയ്തിരുന്നു.

ഈ വർഷം ജൂണിൽ, 20 രാഷ്ട്രങ്ങളിലെ മനുഷ്യാവകാശ സംഘടനകൾ പ്യൂമയുടെ സ്ഥാപനങ്ങളിലും, ഓഫീസുകളിലും, പ്യൂമ സ്പോർസർ ചെയ്യുന്ന ടീമുകളുടെ മത്സരവേദികളിലും പ്രതിഷേധസംഗമങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. കായിക നൈതികതയും ഫെയർപ്ലേയും ഉയർത്തിപിടിക്കുന്നതിൽ പരാജയപ്പെട്ട പ്യൂമയെ, അതിന്റെ ഉത്തരവാദിത്തമേറ്റെടുക്കാൻ സമ്മർദ്ദം ചെലുത്തേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ബാധ്യതയാണ്.

തടസ്സങ്ങളും പരിമിതികളും മറിക്കടയ്ക്കൽ ജീവിതചര്യയാക്കി മാറ്റിയ നിശ്ചയദാർഢ്യമുള്ള ഒരു ഫലസ്തീൻ യുവതി എന്ന നിലയിൽ, എന്റെ സ്വപ്ന സാക്ഷാത്കാര വഴിയിൽ തടസ്സങ്ങൾ സൃഷ്ടിക്കാൻ ഇസ്രായേലി മർദ്ദക ഭരണകൂടത്തെ ഞാനൊരിക്കലും അനുവദിക്കില്ല. സ്വാതന്ത്ര്യത്തിലും നീതിയിലും വിശ്വസിക്കുന്ന എല്ലാവർക്കും, ഞങ്ങളെ അടിച്ചമർത്തുന്നവരെ സ്പോൺസർ ചെയ്യുന്നതിൽ നിന്നും പ്യൂമയെ പിന്തിരിപ്പിക്കാനുള്ള ഉദ്യമത്തിൽ എന്നോടൊപ്പം പങ്കുചേരാം.

ഫലസ്തീൻ ദേശീയ വനിത ഫുട്ബോൾ ടീമിലെ ഡിഫൻഡറാണ് ലേഖിക.

അവലംബം: aljazeera
മൊഴിമാറ്റം: ഇർഷാദ്  കാളാചാല്‍

Related Articles