Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീനിലെ ഒലീവ് കൃഷി

അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശങ്ങളില്‍ ഇപ്പോള്‍ ഒലീവ് വിളവെടുപ്പ് കാലമാണ്. ഫലസ്തീനിലെ 80,000 മുതല്‍ 100,000 വരെ കുടുംബങ്ങളാണ് ഒലീവ് കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നത്. അവരുടെ പ്രധാന വരുമാന മാര്‍ഗ്ഗമാണിത്. ഒക്ടോബറിനും നവംബറിനും ഇടയിലാണ് വിളവെടുപ്പ് കാലം. 15 ശതമാനത്തിലധികവും സ്ത്രീകളാണ് ഇവിടെ ജോലി ചെയ്യുന്നത്.

ഫലസ്തീന്‍ ട്രേഡ് സെന്ററിന്റെ റിപ്പോര്‍ട്ട് പ്രകാരം മികച്ച വിളവെടുപ്പ് ലഭിക്കുന്ന വര്‍ഷങ്ങളില്‍ 160 മുതല്‍ 191 മില്യണ്‍ വരെയാണ് വരുമാനം. പരമ്പരാഗതമായി ഒരു ഉത്സവ സീസണായ ഇത്തവണ ഇസ്രായേലിന്റെ കടുത്ത നിയന്ത്രണങ്ങളാല്‍ മൂടപ്പെട്ടിരിക്കുകയാണ്. കുടിയേറ്റക്കാരുടെ ആക്രമണവും മോശം കാലാവസ്ഥയും കാരണം ഇത്തവണ വിളവ് മോശമാണ്.

ഒലീവും ഒലീവ് എണ്ണ വ്യവസായവും

ആയിരക്കണക്കിന് വര്‍ഷങ്ങളായി ഫലസ്തീനില്‍ കൃഷി ചെയ്യുന്ന ഒലീവ് മരങ്ങള്‍ ഇന്ന് ഇസ്രായേല്‍ അധിനിവേശത്തിനെതിരായ ഫലസ്തീന്‍ പ്രതിരോധത്തിന്റെ പ്രതീകമായി മാറിയിരിക്കുകയാണ്. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലും ഗാസയിലുമുള്ള എല്ലാ കൃഷിഭൂമിയുടെയും പകുതിയോളമായി 10 ദശലക്ഷം ഒലിവ് മരങ്ങള്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്.

ചെറിയ പച്ച അല്ലെങ്കില്‍ കറുത്ത നിറത്തിലുള്ള പഴങ്ങള്‍ പ്രധാനമായും ഒലിവ് ഓയില്‍ ഉത്പാദിപ്പിക്കാനാണ് ഉപയോഗിക്കുന്നത്. ഇത് ഫലസ്തീന്‍ തീന്‍മേശയിലെ ഒഴിച്ചുകൂടാനാവാത്ത വിഭവമാണ്. കൂടാതെ അച്ചാര്‍, സോപ്പ് എന്നിവയില്‍ ചേര്‍ക്കാനും ഇത് ഉപയോഗിക്കുന്നു.

ഫലസ്തീന്‍ നഗരമായ നബ്ലസ് ഒലിവ് ഓയില്‍ സോപ്പ് ഉല്‍പാദനത്തിന് ഏറെക്കാലമായി പ്രസിദ്ധമാണ്. ഇത് ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നവും മൃദുവായ ചര്‍മ്മത്തിനും മികച്ചതുമാണ്.

2019ല്‍ ഏകദേശം 177,000 ടണ്‍ ഒലിവുകളാണ് വിളവെടുത്തത്. ഫലസ്തീന്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കനുസരിച്ച് 39,600 ടണ്‍ ഒലിവ് ഓയില്‍ ഇതിലൂടെ ഉത്പാദിപ്പിക്കുന്നുണ്ട്. ഏകദേശം 30,000 ലിറ്റര്‍ (7,925 ഗാലണ്‍) വരുമിത്. ജെനിന്‍, തുബാസ്, വടക്കന്‍ താഴ്‌വരകള്‍ എന്നിവിടങ്ങളിലെ ഗവര്‍ണറേറ്റുകളിലാണ് ഏറ്റവും കൂടുതല്‍ ഒലീവ് ഓയില്‍ ഉത്പാദിപ്പിക്കുന്നത്. ഇവിടങ്ങളില്‍ 10,442 ടണ്‍ ഒലിവ് ഓയില്‍ ഉത്പാദിപ്പിക്കുന്നുണ്ട്. തുല്‍ക്കാം (6,031 ടണ്‍), ഗാസ (5,582 ടണ്‍).

അധിനിവേശത്തിന് കീഴിലെ ഒലീവ് കൃഷി

അപ്ലൈഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ജറുസലേം (ARIJ) 2012 ല്‍ പ്രസിദ്ധീകരിച്ച ഒരു പഠന റിപ്പോര്‍ട്ട് പ്രകാരം 1967 മുതല്‍ ഇസ്രായേലികള്‍ എട്ട് ലക്ഷം ഒലീവ് മരങ്ങളാണ് വെസ്റ്റ്ബാങ്കില്‍ മാത്രം നശിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം മാത്രം ഇത് 9300 ആണ്. ഒലീവ് മരം പിഴുതെറിയുന്നതിന് പുറമെ വെസ്റ്റ് ബാങ്കിലുള്ള ഫലസ്തീന്‍ കര്‍ഷകര്‍ക്ക് തങ്ങളുടെ ഭൂമിയില്‍ കൃഷി നടത്താന്‍ ഇസ്രായേലിന്റെ അനുവാദം വാങ്ങേണ്ടതുമുണ്ട്. ഇസ്രായേലിന്റെ അനധികൃത കുടിയേറ്റ സമൂഹങ്ങളുടെ ഭൂമിക്ക് സമീപമാണിത്. ഫലസ്തീന്‍ ഭൂമിയില്‍ അനധികൃതമായി നിര്‍മ്മിച്ച ജൂത സമൂഹങ്ങളാണിവര്‍.

ഇന്ന് അധിനിവേശ വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജറുസലേമിലുമായി കുറഞ്ഞത് 250 അനധികൃത സെറ്റില്‍മെന്റുകളുണ്ട്. ഇവിടങ്ങളില്‍ ആറ് ലക്ഷം മുതല്‍ ഏഴര ലക്ഷം വരെ ജൂത കുടിയേറ്റ കുടുംബങ്ങളുണ്ട്. ഇവിടങ്ങളില്‍ വര്‍ഷത്തില്‍ ഏതാനും ദിവസങ്ങള്‍ ഒഴികെ ഫലസ്തീന്‍ കര്‍ഷകര്‍ക്ക് അവരുടെ ജനവാസ കേന്ദ്രങ്ങള്‍ക്ക് സമീപമുള്ള പ്രദേശങ്ങളില്‍ നിന്ന് അവരുടെ ഭൂമിയിലേക്ക് പ്രവേശിക്കുന്നത് നിരോധിച്ചിരിക്കുകയാണ്.

മനുഷ്യാവകാശ ഗ്രൂപ്പായ ഹാമൊകെദിന്റെ അഭിപ്രായത്തില്‍, വര്‍ഷങ്ങളായി അനുമതികളുടെ എണ്ണം കുറച്ചുകൊണ്ടിരിക്കുകയാണ്. 2020ല്‍, 24 ശതമാനം ലാന്‍ഡ് ആക്‌സസ് പെര്‍മിറ്റുകള്‍ മാത്രമേ അംഗീകരിക്കപ്പെട്ടിട്ടുള്ളൂ.

ഇസ്രായേല്‍ അധിനിവേശത്തിന്റെ ആക്രമണങ്ങള്‍

2020 ഒലീവ് വിളവെടുപ്പ് സമയത്ത് ഇസ്രായേല്‍ അതിക്രമത്തില്‍ 26 ഫലസ്തീനികള്‍ക്കാണ് പരുക്കേറ്റത്. 1700ലധികം മരങ്ങള്‍ നശിപ്പിക്കപെടുകയും ചെയ്തു. 2021 ഒക്ടോബര്‍ 4 വരെ, മനുഷികകാര്യങ്ങള്‍ക്കുള്ള യു.എന്‍ ഗ്രൂപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം ഫലസ്തീനികള്‍ക്കെതിരെ കുറഞ്ഞത് 365 അധിനിവേശ ആക്രമണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇസ്രായേലി കുടിയേറ്റ ആക്രമണങ്ങളുടെ രൂക്ഷമായ സാധ്യതയുള്ള പ്രദേശങ്ങളില്‍ കര്‍ഷകരെ സഹായിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി യു.എന്‍ ഈ ആഴ്ച 10 ദിവസത്തെ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. ഫലസ്തീനികള്‍ക്ക് തങ്ങളുടെ ഭൂമിയിലേക്കുള്ള പ്രവേശനം എളുപ്പമാക്കാനും അവിടെ ഒലീവ് കൃഷി ചെയ്യാനും അവസരമൊരുക്കുക എന്നാണ് ക്യാംപയിന് പിന്നിലെ ലക്ഷ്യം.

 

അവലംബം: അല്‍ജസീറ
വിവ: സഹീര്‍ വാഴക്കാട്

????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles