Current Date

Search
Close this search box.
Search
Close this search box.

പലസ്തീൻ അറബ് സത്വത്തിന്റെ കാതലാവുന്നത് എങ്ങനെ?

ഖത്തർ ലോകകപ്പിലെ മൊറോക്കോയുടെ നേട്ടങ്ങളിൽ അറബ് ജനത ഒന്നടങ്കം ആഹ്ലാദഭരിതരായിരുന്നു. അനുഭാവപൂർണമായ ഉള്ളുതൊട്ട ആഹ്ലാദ പ്രകടനമായിരുന്നു അവരുടേത്.

മിക്ക കളിക്കാരും മൊറോക്കോയ്ക്ക് പുറത്ത് ജനിച്ച് വളർന്നവരാണ്, പലരും അറബിയുടെ മൊറോക്കൻ ഭാഷാഭേദമായ ദരിജ സംസാരിക്കുന്നവരാണ്, അമാസിഗ് പശ്ചാത്തലത്തിൽ നിന്നുള്ളവരാണ് എന്നീ വസ്തുതകൾ അറബികളുടെ ഈ ആവേശത്തിന് മങ്ങലേൽപ്പിച്ചിട്ടില്ല. ഇസ്രായേലുമായി ഔപചാരിക ബന്ധം സ്ഥാപിച്ചിട്ടുള്ള ഒരു രാജ്യത്തെയാണ് കളിക്കാർ പ്രതിനിധീകരിക്കുന്നത് എന്ന വസ്തുതയും ഈ പിന്തുണക്ക് ഒരു കുറവും വരുത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

കായിക മേഖലയിലെ അറബ് ലോകത്തിന്റെ ഐക്യദാർഢ്യം കൃത്രിമമായ ഒന്നല്ല. ആധുനിക അറബ് ഐക്യത്തിന്റെ കേന്ദ്രബിന്ദുവായ ഒരു ലക്ഷ്യത്തോടുള്ള പ്രതിബദ്ധത ഉയർത്തിപ്പിടിച്ച് പലവുരു പലസ്തീനിയൻ പതാകയുമായി രംഗത്ത് വന്ന ഒരു ടീമിനെ അറബികൾ തിരിച്ചറിയുകയാണ്.

“ഇസ്രായേൽ അറബികളുടെ ഐക്യം ഉറപ്പാക്കും, ഇത് സംഭവിച്ചിട്ടില്ലെങ്കിൽ, ഇനി അറബികൾക്ക് നിലനിൽപ്പുണ്ടാകില്ല” എന്ന് 1956-ൽ സിറിയയിലെ കൊളോണിയൽ വിരുദ്ധ ഭരണഘടനാ പണ്ഡിതനായ എഡ്മണ്ട് റബ്ബത്ത് ശക്തമായ ഭാഷയിൽ പറഞ്ഞതാണ്. ഇതിലൂടെ റബ്ബത്ത് ആധുനിക ലോകത്തെ അറബിസത്തിന്റെ രൂപാന്തരമാണ് അവതരിപ്പിക്കുന്നത്.

അറബ്‌ സ്വത്വ രൂപീകരണത്തിൽ ഇസ്‌ലാമിനും അറബി ഭാഷക്കും നൂറ്റാണ്ടുകളായി പങ്കുണ്ടെങ്കിലും അറബ് സത്വം മതത്തിന്റെയും ഭാഷയുടെയും അപ്പുറത്താണെന്ന് അദ്ദേഹം മനസ്സിലാക്കി. മറിച്ച്, മതപരവും വംശീയവുമായ വ്യത്യാസങ്ങൾ പലപ്പോഴും ആയുധമാക്കപ്പെടുന്ന ഒരു പ്രദേശത്ത് അറബിയാവുകയെന്നത് ഒരു ബോധപൂർവമായ ലക്ഷ്യമായി ഉയർന്നുവരികയായിരുന്നു.

പാശ്ചാത്യ വിഭജനം, അറബ് ഐക്യം
1930 കളിലും 1940 കളിലും തന്റെ ജന്മദേശമായ സിറിയയിൽ ഫ്രഞ്ച് ആധിപത്യത്തിനെതിരെ പോരാടിയ അലപ്പോയിൽ നിന്നുള്ള ഒരു ക്രിസ്ത്യൻ അറബ് എന്ന നിലയിൽ, മിഡിൽ ഈസ്റ്റിന്റെ മതപരവും വംശീയവുമായ ബഹുസ്വരതയുടെ സമ്പന്ന പൈതൃകങ്ങളെ മായ്ച്ചു കളയാനുള്ള പാശ്ചാത്യ കൊളോണിയലിസത്തിന്റെ ശ്രമങ്ങളെ റബ്ബത്ത് തിരിച്ചറിഞ്ഞിട്ടുണ്ട്. ഫ്രഞ്ച്-ബ്രിട്ടീഷ് സാമ്രാജ്യങ്ങൾ മധ്യപൂർവദേശത്ത് വിഭാഗീയതയ്ക്ക് ഇന്ധനം നൽകുകയും അവരെ ശാശ്വത വിരോധികളായ തദ്ദേശീയ സമൂഹങ്ങൾക്കിടയിലെ പ്രധാന നാഗരികന്മാരായി സ്വയം അവരോധിക്കുകയും ചെയ്തു.

വടക്കേ ആഫ്രിക്കയിലെയും അറബ് ഈസ്റ്റിലെയും യൂറോപ്യൻ ആധിപത്യമുള്ള എല്ലാ രാജ്യങ്ങളിലും ഈ കൊളോണിയൽ മിത്ത് എങ്ങനെയാണ് പ്രചരിപ്പിച്ചതെന്ന് റബ്ബത്ത് മനസ്സിലാക്കി. ഒട്ടോമൻ വംശജരെ പരാജയപ്പെടുത്തി, പാശ്ചാത്യ ശക്തികൾ പോസ്റ്റ്-ഓട്ടോമൻ മതേതര അറബ് ഐക്യം എന്ന ആശയത്തെ നിന്ദ്യമായി ദുർബലപ്പെടുത്തുകയായിരുന്നു.

പാശ്ചാത്യ കൊളോണിയലിസത്തിന്റെ തണലിൽ അറബിസത്തിന്റെ പല രൂപഭേതങ്ങളും ഉണ്ടായിട്ടുണ്ട്. ഒരു വശത്ത് ശക്തമായ പ്രതിലോമകാരികളും ദേശീയവാദികളും, വർഗീയവാദികളും, യാഥാസ്ഥിതികരും, മർദ്ദകരും, പുരുഷാധിപതികളും, അന്യമത വിദ്വേഷം വെച്ചുപുലർത്തുന്നവരും ഉയർന്നു വന്നപ്പോൾ മറുവശം കൂടുതൽ മനോഹരവും വിമോചന പരവുമായി.

A fan holds up a ‘Free Palestine’ scarf after the Qatar 2022 World Cup

അറബിസം അതിന്റെ ഏറ്റവും പ്രതിലോമകരമായ പതിപ്പിൽ പാശ്ചാത്യ കൊളോണിയലിസം ശക്തരായ ട്രോജൻ കുതിരകളെ ഭയക്കുന്ന പോലെ മതപരവും വംശീയവുമായ ന്യൂനപക്ഷങ്ങളെ ഭയക്കുന്ന ഓട്ടോമൻ ഭരണകൂടത്തിനു ശേഷമുള്ള സ്വേച്ഛാധിപത്യ പദ്ധതികളുമായി ഒട്ടിച്ചേർന്നു നിൽക്കുന്നു. എന്നാൽ അതിന്റെ ഏറ്റവും പുരോഗമനപരമായ സമകാലിക പതിപ്പിൽ, അറബിസം ഒരു ബോധപൂർവമായ അപകോളനീകരണ ശ്രമങ്ങളുമായി കെട്ടു പിണഞ്ഞു കിടക്കുകയാണ്.

1956-ൽ റബ്ബത്ത് നിർദ്ദേശിച്ചതുപോലെ, ആധുനിക യുഗത്തിൽ എല്ലാ മതങ്ങളിലും പ്രദേശങ്ങളിലും വർഗങ്ങളിലുമുള്ള അറബികളെ ഒന്നിപ്പിക്കുന്ന ഒരു ധാർമ്മികത എന്ന നിലയിൽ പലസ്തീന്റെ കേന്ദ്രമാണ് അറബ് എന്ന ഈ അപകോളോണിയൽ ആശയത്തിന്റെ കാതൽ. പലസ്തീൻ എന്ന ആശയം നിഷേധിക്കുക, വിഭാഗീയ വിരുദ്ധ, പുരോഗമന, എക്യുമെനിക്കൽ അറബിസത്തിന്റെ ഒരു പ്രധാന ഭാഗം നശിപ്പിക്കപ്പെടുന്നു.

ആധുനിക യുഗത്തിൽ എല്ലാ മതങ്ങളിലും പ്രദേശങ്ങളിലും വിഭാഗങ്ങളിലുമുള്ള അറബികളെ ഒന്നിപ്പിക്കുന്ന ഒരു നൈതികത എന്ന നിലയിൽ പലസ്തീൻ പ്രശ്നങ്ങളുടെ കേന്ദ്ര സ്ഥാനീയത അറബ് അപകോളനീകരണ സിദ്ധാന്തത്തിന്റെ കാതലായി മാറി. പലസ്തീൻ എന്ന ആശയം നിഷേധിക്കുക വഴി വിഭാഗീയ വിരുദ്ധ, പുരോഗമനാത്മക എക്യുമെനിക്കൽ അറബിസത്തിന്റെ ഒരു പ്രധാന ഭാഗം ഇല്ലാതാവുന്നു.

അറബികൾ പല വിശ്വാസങ്ങളിലും വിഭാഗങ്ങളിലും ഉള്ളവരായതിനാൽ ദശലക്ഷക്കണക്കിന് വരുന്ന അറബികൾ അറബി ഭാഷ തന്നെ സംസാരിക്കണമെന്നില്ല. (അറബ് ലോകത്തിന് പുറത്തുള്ള വടക്കൻ, മധ്യ, തെക്കേ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ വലിയ പ്രവാസി സമൂഹങ്ങളെക്കുറിച്ച് ചിന്തിക്കുക, അവർ പ്രധാനമായും ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമ്മൻ, സ്പാനിഷ് അല്ലെങ്കിൽ പോർച്ചുഗീസ് ഭാഷകളിൽ എഴുതുകയും ചിന്തിക്കുകയും ചെയ്യുന്നു) എങ്കിലും അവരാേരോരുത്തരും പലസ്തീനിനെക്കുറിച്ച് അവബോധമുള്ളവരാണ്.

മൊറോക്കോ മുതൽ സൗദി അറേബ്യ വരെയും വടക്കേ അമേരിക്ക മുതൽ ഓസ്‌ട്രേലിയ, ചിലി വരെയുമുള്ള അറബികളെ ഒരുമിപ്പിക്കുന്ന തത്വം കൊളോണിയൽ സയണിസത്തിന്റെ അഗാധമായ അനീതിയെക്കുറിച്ചുള്ള തിരിച്ചറിവാണ്. വൈവിധ്യങ്ങളെ ഉൾക്കൊണ്ടു തന്നെ അറബികൾ ഈ അനീതിയെ വ്യത്യസ്ത മതേതരവും മതപരവുമായ ഭാഷകളിൽ ആവിഷ്കരിക്കുകയാണ്.

എന്നാൽ അനീതിക്കെതിരെയുള്ള ശക്തമായ നിലപാട് എന്നതിലുപരി, പക്ഷപാതമില്ലാതെ നീതിക്കുവേണ്ടിയുള്ള ക്രിയാത്മകമായ പോരാട്ടത്തെയും ഫലസ്തീൻ പ്രതിനിധീകരിക്കുന്നു. മതത്തെ വിഭാഗീയവൽക്കരിക്കുകയും മതം പൂർണമായി മാറ്റിനിർത്തുന്ന ആധുനിക ദേശീയതയുമായി ലയിപ്പിക്കുകയും ചെയ്യുന്ന അപകടകരമായ യൂറോപ്യൻ പദ്ധതിക്കെതിരെ പലസ്തീൻ എന്ന ചോദ്യത്തിന് ചുറ്റും അണിനിരന്ന് അറേബ്യയിലെ ക്രിസ്ത്യാനികളും മുസ്ലീങ്ങളും സയണിസ്റ്റ് വിരുദ്ധ ജൂതന്മാരും ഒരു പൊതു ഐക്യദാർഢ്യം രൂപപ്പെടുത്തിയിട്ടുണ്ട്.

കൊളോണിയൽ സയണിസത്തിനെതിര നടന്ന ആദ്യകാല പ്രതിഷേധങ്ങളിലൊന്ന് ബാൽഫർ പ്രഖ്യാപനത്തിനെതിരെ 1918-ൽ പലസ്തീനിലെ നഗര കേന്ദ്രങ്ങളിൽ ഉയർന്നുവന്ന “മുസ്ലിം-ക്രിസ്ത്യൻ” അസോസിയേഷനുകളുടെ പ്രതിഷേധമായിരുന്നു. ഈയൊരു പ്രതിഷേധത്തോടെയാണ് “സ്വദേശി” ജൂതർക്കും വിദേശ സയണിസ്റ്റ് കുടിയേറ്റക്കാർക്കുമിടയിൽ ഒരു വേർതിരിവ് രൂപപ്പെടുന്നത്. ചുരുങ്ങിയത് ഈയൊരു കാലം മുതൽ, 1930-കളിൽ റേഡിയോ സാങ്കേതികവിദ്യ അറബ് ലോകത്തുടനീളം കടന്നുവരികയും പലസ്തീനികൾ ലോകയുദ്ധ കാലഘട്ടത്തിലെ ഏറ്റവും വലിയ കൊളോണിയൽ വിരുദ്ധ പ്രക്ഷോഭങ്ങളിലൊന്നിൽ ഏർപ്പെടുകയും ചെയ്തതോടെ പലസ്തീൻ അറബിസത്തിന്റെ സൂചികയായി മാറി.

1956-ൽ സൂയസ് കനാൽ ഈജിപ്ത് ദേശസാൽക്കരിച്ചതിന് അനുകൂലമായി രൂപപ്പെട്ട ശക്തമായ പ്രക്ഷോഭങ്ങളും 1950-കളിലെ അൾജീരിയൻ വിപ്ലവവും കൊളോണിയൽ വിരുദ്ധ അറബിസത്തിന്റെ വളർച്ചക്ക് വളക്കൂറുള്ള മണ്ണൊരുക്കി. അങ്ങനെയാണ് ജമാൽ അബ്ദുൽ നാസർ കൊളോണിയൽ വിരുദ്ധ ചേരിയിലെ പ്രധാനിയായി വരുന്നത്.

പലസ്തീനിന്റെ കേന്ദ്രസ്ഥാനം
1967-ലെ അറബ് പരാജയത്തിനുശേഷം, പ്രധാന അറബ് രാഷ്ട്രങ്ങൾ ഒന്നിന് പിറകെ ഒന്നായി യുഎസ് ആയുധം നൽകി പോറ്റി വളർത്തുന്ന ഇസ്രായേലിന്റെ സൈനിക മേധാവിത്വത്തിന് കീഴടങ്ങി.

ഫലസ്തീൻ പ്രശ്നത്തെ ചുറ്റിപ്പറ്റിയുള്ള അറബ് ഐക്യം നിരാശാജനകമായ ഒരു പുകമറയാണെന്ന ധാരണ അറബികളിൽ കുത്തിവെക്കാൻ യുഎസ് പിന്നീട് നിരന്തരം പ്രയത്നിച്ചു. 1967 മുതൽ, പലസ്തീൻ ജനതയെ നിഷ്‌ഠൂരമായി അടിച്ചമർത്തിയപ്പോഴും ഇസ്രായേലുമായി ഒരു നോർമലൈസേഷന് തയ്യാറാവാൻ അറബ് ഭരണാധികാരികളെ അത് പ്രോത്സാഹിപ്പിച്ചു.

നിലവിലുള്ള ദൗത്യം അറബികളുടെ “ഡി-അറബിസേഷൻ” ആണ് എന്ന 1969-ലെ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഒരു രഹസ്യ റിപ്പോർട്ട് മാത്യൂ എഫ്. ജേക്കബ് തന്റെ ഇമാജിനിംഗ് ദി മിഡിൽ ഈസ്റ്റ്: ദി ബിൽഡിംഗ് ഓഫ് ആൻ അമേരിക്കൻ ഫോറിൻ പോളിസി എന്ന പുസ്തകത്തിൽ ഉദ്ധരിക്കുന്നുണ്ട്. ഇത് അറബികളുടെ മതമോ ഭാഷയോ ഉപേക്ഷിക്കുന്നതിനെ ച്ചൊല്ലിയുള്ളതല്ല. പകരം, അറബികളെ ശരിയായ രീതിയിൽ “ആധുനികവൽക്കരിക്കുകയും”, അവരുടെ കൂട്ടായ സ്വത്വബോധവും ഫലസ്തീൻ പ്രശ്നത്തിലെ അവരുടെ ഒരുമയും ഇല്ലാതാക്കി അറബികളിൽ നിന്ന് അറബിസത്തിന്റെ കാമ്പ് അടർത്തിമാറ്റുകയും ചെയ്യുക എന്നതാണ് ഇതിലൂടെ അവർ താൽപര്യപ്പെടുന്നത്.

അറബ് ജനതയെ സംബന്ധിച്ചിടത്തോളം, ഫലസ്തീനെ സംബന്ധിച്ച ചോദ്യം പ്രത്യക്ഷമായും പരോക്ഷമായും ഇപ്പോഴും ഉയർന്നു കേൾക്കുന്നുണ്ട്. വിശിഷ്യാ, കൊളോണിയൽ സയണിസത്തിന്റെ ഭയാനകമായ അറബ് വിരുദ്ധ അക്രമവും വംശീയതയും കാരണം. അതിലുപരിയായി അവർ തങ്ങളുടെ അറബ് സത്വത്തിന്റെ ഒരു ഭാഗമെന്ന നിലയിൽ ഫലസ്തീനികളുടെ വേദന തിരിച്ചറിയുന്നത് കൊണ്ടുമാണ്.

ഖത്തർ ലോകകപ്പിൽ പലസ്തീൻ പതാക പലയാവൃത്തി ഉയർത്തിയ മൊറോക്കൻ കളിക്കാർ അവരുടെ സ്വന്തം മൊറോക്കൻ ഐഡന്റിറ്റിയെ താഴ്ത്തിക്കെട്ടുകയല്ല, മറിച്ച് ഫലസ്തീനിലെ തങ്ങളുടെ കൂടെപ്പിറപ്പുകളോടുള്ള ഐക്യദാർഢ്യത്തിന് ഊന്നൽ നൽകാനും പലസ്തീൻ ഒരു ആശയമാണെന്നും ഇസ്‌ലാം മതത്തിനും അറബിഭാഷക്കുമപ്പുറം അറബിസം എന്ന ആശയവുമായി (മനുഷ്യനാവുക എന്ന ആശയവുമായും) പൂർണ്ണമായും ബന്ധപ്പെട്ടു കിടക്കുന്ന ഒരു തത്വമാണിതെന്നും ലോകത്തെ ഓർമ്മിപ്പിക്കാനാണ്.

അറബികൾ തങ്ങളുടെ സ്വന്തം രാജ്യങ്ങളിലെ അനീതിക്കും സ്വേച്ഛാധിപത്യത്തിനുമെതിരായ പലപ്പോഴും പരാജയപ്പെട്ടു പോയ പോരാട്ടങ്ങളിലേക്ക് ശ്രദ്ധ ആകർഷിക്കാനും അവബോധം വളർത്താനും തീവ്രമായി ശ്രമിക്കുന്നതിനാൽ പലസ്തീൻ കേന്ദ്രീകൃതത്വം പലതരം വിമർഷങ്ങൾക്ക് ഹേതുവായിട്ടുണ്ട്. ഇറാഖിലെ ബാത്തിസ്റ്റ് പാർട്ടി പലസ്തീൻ വിമോചനത്തെ പിന്തുണക്കുമ്പോൾ അത് ഇറാഖിനുള്ളിലെ കുർദിഷ് ദേശീയ താൽപര്യങ്ങൾക്ക് കല്ലുകടിയാവുന്നു.

സിറിയൻ ഗവൺമെന്റ് ഇന്നും ഇസ്രായേലിനെതിരായ ചെറുത്തുനിൽപ്പ് എന്ന ആശയത്തെ പിന്തുണയ്ക്കുന്നതായി അവകാശപ്പെടുന്നു, എന്നാൽ സ്വന്തം പൗരന്മാരെയും അതിലെ പല പലസ്തീൻ അഭയാർത്ഥികളെയും നിഷ്കരുണം അടിച്ചമർത്തുന്നു. അത്പോലെ ലെബനനിൽ ഫലസ്തീൻ അഭയാർത്ഥികളുടെ മൂന്ന്-നാല് തലമുറകൾക്ക് അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കപ്പെടുന്നു.

പലസ്തീനികൾ അടിച്ചമർത്തപ്പെടുന്നതിൽ അറബ് ലീഗ് രാഷ്ട്രങ്ങൾ ഔപചാരികമായി പ്രതിഷേധിച്ചിട്ടുണ്ടെങ്കിലും, അറബ് ലോകത്തെ അമാസിഗുകളെ പോലുള്ള ഇതര വംശീയ-മത ന്യൂനപക്ഷങ്ങളുടെ ചരിത്രങ്ങളുടെ കാര്യത്തിൽ അടുത്ത കാലം വരെ അവർ മൗനികളായിരുന്നു.

പോസ്റ്റ്-കൊളോണിയൽ അറബ് രാജ്യങ്ങൾക്കിടയിൽ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രം നിലനിൽക്കുന്നുവെന്നത് ഈ പ്രശ്നത്തിന്റെ മറ്റൊരു തലമാണ്.

മറ്റൊരു പ്രശ്‌നം, പരമാധികാരത്തിനായുള്ള കൊളോണിയൽ വിരുദ്ധ ആവശ്യങ്ങളെ ന്യൂനപക്ഷ സാംസ്‌കാരികമായും അതിലുപരി രാഷ്ട്രീയ ആവിഷ്‌കാരമായും കാണുന്ന ആവശ്യങ്ങളോട് ശത്രുത വളർത്തിയെടുത്തു എന്നതാണ്. പ്രത്യേകിച്ചും, അറബ് ലോകത്തെ വംശീയവും മതപരവുമായ ന്യൂനപക്ഷങ്ങൾ കൊളോണിയൽ ഫ്രാൻസുമായി പൊതുവായ കാരണം ഉണ്ടാക്കിയപ്പോൾ. ബ്രിട്ടൻ, അറബ് വിരുദ്ധ ഇസ്രായേൽ അല്ലെങ്കിൽ സാമ്രാജ്യത്വ യു.എസ്.

ഒരു അപകോളനീകരണ അറബ് സത്വം
20-ആം നൂറ്റാണ്ടിന്റെ മധ്യത്തിൽ അറബ് ഐഡന്റിറ്റിയിൽ നിന്ന് വംശീയവും മതപരവുമായ വ്യത്യാസങ്ങളെ മായ്ച്ചുകളഞ്ഞ് സൈനികവൽകൃത ഏകമാന പാൻ-അറബ് പരമാധികാരമായി അറബിസത്തെ അറബ് നാഷണലിസ്റ്റ് രാഷ്ട്രങ്ങൾ നിർവചിച്ചു എന്നതാണ് പ്രശ്നത്തിന്റെ മറ്റൊരു ഭാഗം.

അറബ് സൈന്യം ഇസ്രായേലിൽ നിന്ന് ഏറ്റുവാങ്ങിയ പരാജയങ്ങൾ ഈ ഏകമാന തത്വത്തെ പ്രതിസന്ധിയിലാക്കി. യഥാർത്ഥത്തിൽ, മതപരവും സാംസ്കാരികവും രാഷ്ട്രീയവുമായ അസംഖ്യം ഉത്തേജനങ്ങളാൽ സന്നിവേശിപ്പിക്കപ്പെട്ട ഒന്നായിട്ടാണ് അറബിസത്തെ നിർവചിക്കപ്പെട്ടത്.

പത്തൊൻപതാം നൂറ്റാണ്ട് മുതലുള്ള പാശ്ചാത്യ കയ്യേറ്റങ്ങൾക്കെതിരായ അറബ് ലോകമെമ്പാടും ഉയർന്നുവന്ന പ്രതികരണങ്ങൾ, ഇടപെടലുകൾ, പ്രതിരോധം എന്നിവയിലൂടെയാണത് രൂപപ്പെട്ടു വന്നത്. ഇതിന് അസംഖ്യം ഭാഷാപരവും വംശീയവും സാംസ്കാരികവുമായ കൊടുക്കൽ വാങ്ങലുകൾ, ഇടപെടലുകൾ, മിശ്രവിവാഹങ്ങൾ എന്നിവയുടെ സ്വാധീനമേറ്റിറ്റുമുണ്ട്.

കുർദിഷ് അമാസിഗ് സത്വങ്ങളെ അവർക്കിടയിലുള്ള ഒരു ജിയോപൊളിറ്റിക്കൽ ഗെയിമായി വിലയിരുത്തപ്പെടുന്നു. എങ്കിലും, ഒരു ബഹുമത അറബ് ലോകത്ത് മതപരമായ വ്യത്യാസങ്ങൾക്കതീതമായി ഒരാൾക്ക് യഥാർത്ഥത്തിൽ അറബിയാകാൻ കഴിയില്ല. അറബ് ലോകത്തിന്റെ അന്തർലീനമായ വംശീയ വ്യത്യാസത്തെ ആശ്ലേഷിക്കാതെ ഒരു ബഹുസ്വര അറബ് ലോകത്ത് ഒരാൾക്ക് സ്വതന്ത്ര അറബിയാകാൻ കഴിയില്ല.

ഇവിടെയാണ് ഫലസ്തീന് പ്രത്യേകമായി പ്രസക്തമാകുന്നത്, വിഭാഗീയ വിരുദ്ധ എക്യുമെനിക്കൽ അറബ് ഐഡന്റിറ്റിയുടെ പുതിയ ഒരു മാതൃക എന്ന നിലയിൽ, ഇത് പൂർണ്ണമായും അറബ് ആകാനും അറബ് ഐഡന്റിറ്റിയുടെ അർത്ഥം കൂടുതൽ പുനരാവിഷ്കരിക്കാനും അറബ് ദേശത്തെ ഇതര ജനവിഭാഗങ്ങളുടെയും സമൂഹങ്ങളുടെയും ചരിത്രങ്ങളെയും താൽപര്യങ്ങളെയും മാനിക്കാനും അനുവദിക്കുന്നുണ്ട്.

ഫലസ്തീൻ വിമോചനം ഉൾപ്പെടുന്ന ഒരു ഭാവിയെ ചുറ്റിപ്പറ്റി പരിഷ്കരിച്ച അറബ് സ്വത്വത്തിന് അവസരവും ആവശ്യകതയും നൽകുന്ന ഒന്നാണ് അറബിസം. ഭൂതകാലത്തെ കൊളോണിയൽ വിരുദ്ധ വിചാരങ്ങളെ ചേർത്തു നിർത്തി ഭൂതകാല ദേശീയവാദത്തിന്റെ മിഥ്യകൾ വലിച്ചെറിയുന്ന ഒന്നാണിത്.

എല്ലാത്തിനുമുപരി, സ്വത്വം ആത്യന്തികമായി ഒരു മതേതര ബന്ധമാണ്, ജൈവപരമോ വംശീയമോ ചരിത്രപരമോ ഭാഷാപരമോ ആയ ഒന്നല്ല. കൂടുതൽ വിശാലവും സമത്വപരവുമായ അടിത്തറയിലാണ് യഥാർത്ഥത്തിൽ ഒരു അപകോളനീകരണ അറബ് സത്വത്തിന്റെ ഭാവി ഉയർന്നുവരുന്നത്.

മൊഴിമാറ്റം: മുജ്തബ മുഹമ്മദ്‌

???? To Join Whatsapp Group ????: https://chat.whatsapp.com/BxliWKickAyDu0ikv75WY5

Related Articles