Current Date

Search
Close this search box.
Search
Close this search box.

ഞങ്ങൾ ഇരട്ട അധിനിവേശത്തിന് കീഴിലാണ്

ഇസ്രായേൽ ഫലസ്തീനികൾക്കെതിരെ വിവിധ സൈനിക ഇടപെടലുകൾ നടത്തികൊണ്ടിരിക്കുന്നുണ്ടെങ്കിലും, ഫലസ്തീനിൽ ഇപ്പോൾ പ്രതിഷേധങ്ങൾക്ക് കാരണമായിരിക്കുന്നത് അധിനിവേശ ഇസ്രായേൽ വെസ്റ്റ് ബാങ്കിന്റെ ഭാഗങ്ങളിൽ ഭരണംനടത്തുന്ന ഫലസ്തീൻ അതോറിറ്റിയുടെ പ്രവർത്തനങ്ങളാണ്. ഫത്ഹ് പാർട്ടിയുടെ നിയന്ത്രണത്തിലുള്ള ഫലസ്തീൻ അതോറിറ്റിയുടെ കടുത്ത വിമർശകനായിരുന്ന നിസാർ ബനാതിന്റെ മരണം ഫലസ്തീനിൽ പുതിയ പ്രതിഷേധ ജ്വാലക്ക് തിരികൊളുത്തിയിരിക്കുകയാണ്. വാസ്തവത്തിൽ, ഫലസ്തീൻ അതോറിറ്റിക്കും പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസിനുമെതിരെ വർഷങ്ങളായി വിമർശനങ്ങൾ ഉയരുന്നുണ്ട്. ഫലസ്തീൻ അതോറിറ്റി അടിച്ചമർത്താൻ ശ്രമിക്കുമ്പോഴും, പ്രതിഷേധത്തിന് വ്യാപകമായി സ്വീകാര്യത ലഭിച്ചുകൊണ്ടിരിക്കുകയാണ്.

ഫലസ്തീൻ അതോറിറ്റിയെ നിയന്ത്രിക്കുന്ന ഫത്ഹ് പാർട്ടിയുടെ മുൻ അംഗമായിരുന്നു നിസാർ ബനാത്. സംസാര സ്വാതന്ത്ര്യത്തിന് വേണ്ടി പ്രവർത്തിക്കുന്ന 43കാരനായ ബനാത് ഫലസ്തീൻ അതോറിറ്റിയുടെ കടുത്ത വിമർശകനുമായിരുന്നു. ഫലസ്തീൻ അതോറിറ്റിയുടെ അഴിമതിയും, ഇസ്രായേൽ സൈന്യവുമായുള്ള അതിന്റെ സുരക്ഷാ സഹകരണവും അദ്ദേഹം ശക്തമായി വിമർശിച്ചിരുന്നു. അറിയപ്പെടുന്ന വ്യക്തിത്വമായി മാറുന്നത് സാമൂഹ്യ മാധ്യമങ്ങളിൽ തന്റെ അഭിപ്രായം പോസ്റ്റ് ചെയ്തതിനെ തുടർന്നാണ്. ഫേസ്ബുക്ക് പേജിൽ ഒരു ലക്ഷം പേർ അദ്ദേഹത്തെ പിന്തുടരുകയും ചെയ്തിരുന്നു. ഈ വർഷത്തിന്റെ തുടക്കത്തിൽ നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പ് റദ്ദാക്കുന്നതിന് മുമ്പ് പാർലമെന്ററി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അദ്ദേഹം താൽപര്യം കാണിച്ചിരുന്നു. സ്വേച്ഛാധിപത്വവും, മനുഷ്യാവകാശ ലംഘനങ്ങളും വർധിക്കുന്നതിനാൽ പാശ്ചാത്യ രാഷ്ട്രങ്ങളോട് ഫലസ്തീൻ അതോറിറ്റിക്ക് നൽകുന്ന സഹായം വെട്ടികുറക്കണമെന്ന് അദ്ദേഹം ആവശ്യം ഉയർത്തിയിരുന്നു. ഫലസ്തീൻ ജനതയെ പ്രതിനിധീകരിക്കുന്നുവെന്ന് പാശ്ചാത്യർ കാണുന്നതിനാൽ മില്യൺകണക്കിന് ഡോളറുകളാണ് വിദേശ സഹായമായി ഫലസ്തീൻ അതോററ്റി കൈവരുന്നത്. ഫലസ്തീൻ അതോറിറ്റിയുടെ അരുതായ്മകൾ തുറന്നുകാണിക്കുകയും, വിമർശിക്കുകയും ചെയ്തതിന്റെ പേരിൽ ബനാതിന് സ്വജീവനാണ് നൽകേണ്ടി വന്നത്.

തെക്കൻ ഹെബ്രോണിലെ ദൗറയിലെ വീട്ടിൽ കിടന്നിരുന്ന ബനാതിനെ 20ലധികം ഫലസ്തീൻ ഉദ്യോഗസ്ഥർ അതിക്രമിച്ച് കയറി ഉപദ്രവിക്കുകയും, കസ്റ്റഡിയിലെടുക്കുകയും ചെയ്യുന്നു. ജൂൺ 24ന് വ്യാഴാഴ്ച ഫലസ്തീൻ അതോറിറ്റി സൈന്യം കസ്റ്റഡിയിലെടുതിനെ തുടർന്നാണ് അദ്ദേഹം കൊല്ലപ്പെടുന്നത്. പോസ്റ്റ്‌മോർട്ടം നടത്തിയതിന് ശേഷം തലക്ക് അടിയേറ്റിട്ടുണ്ടെന്ന് ഫലസ്തീൻ മനുഷ്യാവകാശ സംഘടനകൾ കണ്ടെത്തുകയും, മരണം അസാധാരണമാണെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തു. മരണ ശേഷം, അദ്ദേഹത്തിന്റെ എഴുത്തുകളും വിഡിയോകളും സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. തുടർന്ന്, ബനാതിന്റെ സംസ്‌കാരത്തിന് വലിയ ജനാവലി തടിച്ചുകൂടുകയും, ഫലസ്തീൻ അതോറിറ്റിക്കെതിരെ പ്രക്ഷോഭം പൊട്ടിപുറപ്പെടുകയുമായിരുന്നു. ഭരണകൂടം അധികാരം ഒഴിയണമെന്ന് വെള്ളിയാഴ്ച സംസ്‌കാരത്തിന് ഒരുമിച്ചുകൂടിയവർ ആഹ്വാനം ചെയ്തു. തങ്ങൾ ഇരട്ട അധിനിവേശത്തിന് കീഴിലാണെന്നും, ഫലസ്തീൻ അതോറിറ്റി ഇസ്രായേലുമായി കൈകോർത്ത് പ്രവർത്തിക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി. ഫലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് രാജിവെക്കണമെന്ന് ശബ്ദമാണ് ഉയർന്ന് കേൾക്കുന്നത്.

2005 മുതൽ ഫലസ്തീൻ അതോറിറ്റി പ്രസിഡന്റായി തുടരുന്ന മഹ്‌മൂദ് അബ്ബാസ് സാങ്കേതികമായി ജനവിധി പൂർത്തിയാക്കിയത് 2009ലായിരുന്നു. പുതിയ തെരഞ്ഞെടുപ്പ് നടക്കാത്ത സാഹചര്യത്തിൽ അദ്ദേഹം അധികാരത്തിൽ തുടരുകയാണ്. 15 വർഷത്തിന് ശേഷം പാർലമെന്ററി തെരഞ്ഞെടുപ്പ് മെയ് 22ന് നിശ്ചയിക്കപ്പെട്ടിരുന്നെങ്കിലും ഏപ്രിലിൽ റദ്ദാക്കി. അധിനിവേശ കിഴക്കൻ ജറൂസലമിൽ ഇസ്രായേൽ പോളിങ് സ്റ്റേഷൻ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് നീട്ടിവെച്ചിരിക്കുന്നത്. ദ്വിരാഷ്ട്ര പരിഹാരത്തിന്റെ ഭാഗമായി ഫലസ്തീൻ രാഷ്ട്രത്തിന്റെ ഭാവി തലസ്ഥാനമായി കാണുന്ന പ്രദേശമാണ് കിഴക്കൻ ജറൂസലം. നീട്ടിവെച്ച തെരഞ്ഞെടുപ്പ് അനിശ്ചിതമായി തുടരുകയുമാണ്. തകർന്നുകൊണ്ടിരിക്കുന്ന ഫത്ഹ് പാർട്ടി ഹമാസിനോട് മറ്റൊരു തെരഞ്ഞെടുപ്പിൽ പരാജയപ്പെടുന്ന അബ്ബാസിന്റെ ഭയമാണ് ഇത്തരത്തിൽ കാര്യങ്ങൾ നീട്ടികൊണ്ടുപോകുന്നതിന് പ്രചോദനമെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. മഹ്‌മൂദ് അബ്ബാസിന്റെ ജനപ്രീതി കുറയുകയും, അദ്ദേഹത്തിനെതിരായി പാർട്ടിക്കുള്ളിൽ നിന്ന് തന്നെ പ്രതിഷേധ ശബ്ദങ്ങൾ ഉയരുകയും ചെയ്യുന്നുണ്ട്. അബ്ബാസിന് പിന്തുണ കുറയുന്നതായി അടുത്തിടെ നടന്ന വോട്ടെടുപ്പിൽ ചൂണ്ടിക്കാട്ടിയിരുന്നു.

യാസർ അറഫാത്തിന്റെ പിൻഗാമി 85കാരനായ മഹ്‌മൂദ് അബ്ബാസ് 2004ലാണ് പി.എൽ.ഒയുടെ (Palestine Liberation Organization) മേധാവിയായി തെരഞ്ഞെടുക്കപ്പെടുന്നത്. 2005ൽ പി.എയുടെ (Palestinian Authority) പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെടുന്നു. വർഷങ്ങൾക്ക് ശേഷവും അധികാരത്തിൽ അള്ളിപിടിച്ചിരിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. തെരഞ്ഞെടുപ്പിൽ ഫത്ഹ് ജയിക്കില്ലെന്ന തോന്നലാണ് ഫലസ്തീൻ അതോറിറ്റിയെ തെരഞ്ഞെടുപ്പ് റദ്ദാക്കുന്നതിലേക്ക് നയിച്ചതെന്ന് അബ്ബാസിന്റെ എതിരാളികൾ പറയുന്നത് വളരെ ശരിയാണ്. തെരഞ്ഞെടുപ്പ് റദ്ദാക്കിയ അബ്ബാസിന്റെ തീരുമാനത്തിനെതിരെ ജനകീയ ഇടപെടൽ തുടങ്ങാനിരിക്കുകയാണെന്ന് ആക്ടിവിസ്റ്റുകൾ വ്യക്തമാക്കിയിരുന്നു. എന്നാലിത്, കഴിഞ്ഞ മെയിൽ ഹമാസും ഇസ്രായേലും തമ്മിലുണ്ടായ പോരാട്ടത്തിൽ വൈകുകയായിരുന്നു. ഫലസ്തീൻ സുരക്ഷാ സംവിധാനം പ്രതിഷേധത്തെ കടുത്ത രീതിയിൽ കൈകാര്യം ചെയ്യുന്നത് ഇസ്രായേൽ അധിനിവേശത്തിന്റെ ഏജന്റായി ഫലസ്തീൻ അതോറിറ്റി പ്രവർത്തിക്കുന്നുവെന്ന തോന്നൽ ഫലസ്തീനികളിൽ ബലപ്പെടുത്തുകയാണ്.

ബനാതിന്റെ മരണത്തിൽ സുതാര്യമായ അന്വേഷണം വേണമെന്നാണ് പ്രതിഷേധ നേൃത്വം ആവശ്യപ്പെടുന്നത്. അതുപോലെ, പൊതു തെരഞ്ഞെടുപ്പിനുള്ള തീയതി തീരുമാനക്കുക, ഫലസ്തീൻ അതോറിറ്റിയുടെ പ്രവർത്തനങ്ങൾ പരിശോധന വിധേയമാക്കുക, ജനകീയ അജണ്ടകൾ മാനിച്ച് പി.എൽ.ഒ പ്രവർത്തിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധക്കാർ ഉന്നയിക്കുന്നത്. പക്ഷേ, ദേശീയ പദ്ധതിക്കെതിരാണ് പ്രതിഷേധക്കാർ എന്ന് വരുത്തി തീർക്കാനാണ് പി.എയും, പി.എൽ.ഒയും നിയന്ത്രിക്കുന്ന ഫത്ഹ് പാർട്ടി ശ്രമിക്കുന്നത്. ഒപ്പം, രാജ്യത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് ഹമാസാണെന്നും ചിത്രീകരിക്കാനും. എന്നാൽ, കുറഞ്ഞ ഹമാസ് പ്രവർത്തകരെ മാത്രമാണ് തെരുവിൽ കാണാൻ കഴിയുന്നത്. ബനാതിന്റെ മരണത്തിന് ശേഷമുള്ള പ്രതിഷേധത്തിൽ 70 ഫലസ്തീനികൾ അറസ്റ്റ് ചെയ്യപ്പെട്ടു. അവരിൽ 29 പേർക്കെതിരെ രാജദ്രോഹക്കുറ്റം ചുമത്തുകയും ചെയ്തതായി മനുഷ്യാവകാശ സംഘടനകൾ അറിയിച്ചിരുന്നു. ‘സർക്കാറിന്റെയോ സംവിധാനത്തിന്റെയോ നിയമത്തിന് കീഴിലാണ് ഞങ്ങൾ ജീവിക്കുന്നതെന്ന് ഞങ്ങൾ കരുതുന്നില്ല. സൈന്യത്തിനോ സായുധ സംഘത്തിനോ കീഴിലാണെന്ന് കരുതുന്നതായി 50കാരിയായ ഫലസ്തീനിലെ മെഡിക്കൽ ഡോക്ടർ ദിമ അമിൻ പറയുന്നു.’ തെരഞ്ഞെടുപ്പിന് പകരം മന്ത്രിസഭാ പുനർക്രമീകരണം നടത്താനാണ് ഫലസ്തീൻ അതോറിറ്റി താൽപര്യപ്പെടുന്നത്.

ഹമാസുമായി കരാറിലെത്താതെ സർക്കാറിൽ മാറ്റം കൊണ്ടുവരാൻ കഴിയില്ലെന്ന് പേര് വെളിപ്പെടുത്താത്ത ഫതഹ് ഉദ്യോഗസ്ഥൻ പറഞ്ഞതായി അൽജസീറ ജൂലൈ 13ന് റിപ്പോർട്ട് ചെയ്തിരുന്നു. ഹമാസ് രണ്ട് കാര്യങ്ങളാണ് ആവശ്യപ്പെടുന്നത്. ഒന്ന്, ഗസ്സയുടെ പുനർനിർമാണത്തിൽ പങ്കാളിയാവുകയും, തടവുകാരെ കൈമാറ്റം ചെയ്യുന്ന കരാർ നടപ്പിലാക്കുകയും ചെയ്യുകയെന്നതാണ്. രണ്ട്, ഫലസ്തീൻ അതോറിറ്റിയിലെ വിവിധ തലവന്മാർ രാജിവെക്കണമെന്നതാണ്. പ്രധാനമന്ത്രി മുഹമ്മദ് ശാത്വിയ്യ രാജിവെക്കുകയും, പ്രസിഡന്റ് അബ്ബാസ് അധികാരത്തിൽ നിന്ന് പുറത്തുപോവുകയുമാണ് വേണ്ടതെന്ന് പ്രതിപക്ഷ നേതാവായ ഉമർ അസ്സാഫ് ആവശ്യപ്പെട്ടിരുന്നു. ‘രാജ്യത്തെ കൊള്ളയടിക്കുകയും, സയണിസ്റ്റ് സാമ്രാജ്യത്വ പദ്ധതികൾ നടപ്പിലാക്കുകയും ചെയ്യുന്ന അബ്ബാസും അദ്ദേഹത്തിന്റെ പാർട്ടി കള്ളന്മാരും ഉള്ളടിത്തോളം കാലം അധിനിവേശത്തെ പ്രതിരോധിക്കാനും, പരിഷ്‌കരണം സാധ്യമാക്കാനും യാതൊരു വഴിയുമില്ലെന്ന് ഞങ്ങൾ വിശ്വസിക്കുന്നുവെന്ന് ഫലസ്തീൻ അതോറിറ്റി രാജദ്രോഹ കുറ്റം ചുമത്തിയ ജിഹാദ് അബ്ദു പറയുന്നു.’ ഇസ്രായേലും ഫലസ്തീൻ അതോറിറ്റിയും ഫലസ്തീനികൾക്ക് ഒരു നാണയത്തിന്റെ ഇരുവശങ്ങളായി മാത്രമേ നിലവിൽ കാണാനാവുകയുള്ളൂ. അതുപോലെ, ഇത്തരത്തിലുള്ള രാജ്യത്തിനകത്തെയും പുറത്തെയും ശത്രുവിനെ കണ്ടെത്തി മാത്രമേ ഫലസ്തീനികളുടെ രാഷ്ട്രീയ പ്രവർത്തനം ശരിയാകുന്നുള്ളൂ.

Related Articles