Current Date

Search
Close this search box.
Search
Close this search box.

വാഷിംഗ്ടൺ ഒരു പ്രശ്‌നമാണ്; പരിഹാരമല്ല

Biden's first visit to the Middle East

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ സമീപകാല ഇസ്രായേൽ, ഫലസ്തീൻ സന്ദർശനം നിർജീവമായിരുന്ന സമാധാന ശ്രമങ്ങളെ സജീവമാക്കുന്നതിൽ തികഞ്ഞ പരാജയമായിരുന്നുവെന്ന വിലയിരുത്തൽ അനുചിതമാണ്. കാരണം, ഈ പ്രസ്താവന കൃത്യമാകണമെങ്കിൽ, ഇസ്രായേൽ ഗവൺമെന്റും ഫലസ്തീൻ നേതൃത്വവും തമ്മിലുള്ള ചർച്ചകൾക്ക് മുൻ കൈയ്യെടുക്കാനുള്ള ചെറിയൊരു താൽപര്യമെങ്കിലും ബൈഡന് ഉണ്ടായിരുന്നു എന്ന് വാഷിംഗ്ടൺ സൂചിപ്പിക്കേണ്ടിയിരുന്നു.

രാഷ്ട്രീയവും നയതന്ത്രപരവുമായ അപവാദങ്ങളും മാറ്റിനിർത്തിയാൽ, ബൈഡന്റെ വാക്കുകളും പ്രവൃത്തികളും സൂചിപ്പിക്കുന്നത് പോലെ, നിലവിലെ യുഎസ് ഭരണകൂടം പരസ്പര വിരുദ്ധമായ നടപടികളാണ് സ്വീകരിക്കുന്നത്. രണ്ട് രാഷ്ട്രങ്ങളായി അംഗീകരിച്ച് കൊണ്ട് ഇരു രാഷ്ട്രങ്ങൾക്കിടയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ യുഎസിന് ഇപ്പോഴും താൽപ്പര്യം ഉണ്ടെന്ന് വാദിക്കുമ്പോഴും അത്തരം ചർച്ചകൾക്കുള്ള “നിലം പാകമായിട്ടില്ല” എന്നു പറഞ്ഞു കൊണ്ട് ഈ ലക്ഷ്യം നേടാൻ തന്റെ ഭരണകൂടത്തിന് താൽപ്പര്യമില്ലെന്നാണ് ബൈഡൻ പറഞ്ഞു വെക്കുന്നത്.

മഹ്മൂദ് അബ്ബാസിന്റെ നേതൃത്വത്തിലുള്ള ഫലസ്തീനിയൻ അതോറിറ്റി സമാധാന ചർച്ചകൾ പുനരാരംഭിക്കാൻ സന്നദ്ധരാണെന്ന് പലവുരു പ്രഖ്യാപിച്ചിട്ടുണ്ട്. ഇസ്രാഈലിൻ്റെ മര്‍ക്കടമുഷ്‌ടി കൊണ്ടാണ് ഈ ശ്രമങ്ങൾ മുന്നോട്ടു പോകാത്തതെന്ന് മനസ്സിലാക്കണം. ഇസ്രായേലിന്റെ ഉന്നത നേതാക്കളോ പ്രധാന പാർട്ടികളോ ‘സോ കോൾഡ്’ സമാധാന ശ്രമങ്ങൾക്കുള്ള ചർച്ചകൾ ഒരു നയതന്ത്ര പ്രാധാന്യമുള്ള വിഷയമായി കാണുന്നില്ല എന്ന കാര്യം തീർച്ചയാണ്.

ഇസ്രായേലിനെ മാത്രമല്ല കുറ്റപ്പെടുത്തേണ്ടത്. അമേരിക്ക തങ്ങൾ ആവിഷ്കരിക്കുകയും പതിറ്റാണ്ടുകളായി നിലനിർത്തിപ്പോരുന്നതുമായ വ്യാജ രാഷ്ട്രീയ തന്ത്രങ്ങളിൽ നിന്ന് ഒരുപാട് മുന്നോട്ടു പോയിട്ടുണ്ട്. എല്ലാ ഇസ്രായേലി അവകാശവാദങ്ങളെയും പിന്തുണയ്ക്കുകയും ന്യായമായ ഫലസ്തീനിയൻ ആവശ്യങ്ങളെ അവഗണിക്കുകയും ചെയ്ത ഡൊണാൾഡ് ട്രമ്പിൻെറ ഭരണകൂടം ‘ചർച്ചകളിലൂടെയുള്ള പരിഹാരം’ എന്ന സ്വപ്നത്തെ അസ്ഥാനത്താക്കിയാണ് പടിയിറങ്ങിയത്‌.

ട്രംപിന്റെ മുൻവിധിയോടെയുള്ള ഇസ്രായേൽ അനുകൂല നീക്കങ്ങൾ പിൻവലിക്കുന്നതിൽ പരാജയപ്പെട്ടതിന് ഫലസ്തീനികളും അറബികളും ഡെമോക്രാറ്റിക് പാർട്ടിയിലെ പുരോഗമന ശബ്ദങ്ങളും ബൈഡൻ ഭരണകൂടത്തെ നിരന്തരം കുറ്റപ്പെടുത്തിയിരുന്നു. ഉദാഹണത്തിന്, യുഎസ് എംബസി ടെൽ അവീവിൽ നിന്ന് ജറുസലേമിലേക്ക് മാറ്റി, കിഴക്കൻ ജറുസലേമിലെ യുഎസ് കോൺസുലേറ്റ് അടച്ചുപൂട്ടി, ഫലസ്തീൻ ഭൂമിയിലെ അനധികൃത ജൂത കുടിയേറ്റങ്ങളുടെ അധികാരപരിധിയെക്കുറിച്ചുള്ള അടിസ്ഥാനരഹിതമായ ഇസ്രായേലി അവകാശവാദങ്ങൾ അംഗീകരിക്കുന്നു, ഇങ്ങനെ ഈ പട്ടിക നീണ്ടുപോകന്നു.

ട്രംപിന്റെ നിയമവിരുദ്ധ നടപടികൾ പൂർണമായോ ഭാഗികമായോ പിൻവലിക്കാൻ സാധിക്കുമെന്ന് അനുമാനിച്ചാൽ തന്നെ, അത് എത്രത്തോളം പ്രയോജനപ്പെടുമെന്ന് കണ്ടറിയണം. വാഷിംഗ്ടൺ അന്നും ഇന്നും എന്നും ഇസ്രായേലിന്റെ ഏറ്റവും വലിയ അഭ്യുദയകാംക്ഷിയാണ്. അവർ ഫലസ്തീനിലെ സൈനിക അധിനിവേശത്തിന് നാല് ബില്യൺ ഡോളറാണ് വാർഷിക സംഭാവന നൽകുന്നത്. അതിന് പുറമേ ഇസ്രായേലിന്റെ അയൺ ഡോം മിസൈൽ പ്രതിരോധ സംവിധാനത്തിന് വേണ്ടി മാത്രം വലിയതോതിലുള്ള ബജറ്റ് ഉൾപ്പെടെ, മറ്റു പല സ്കീമുകളും ഉണ്ട്.

ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശത്തിനെതിരായ പ്രമേയങ്ങൾക്ക് തുരങ്കം വയ്ക്കുന്ന കാര്യത്തിൽ, ട്രംപിന്റെ ഭരണകാലം പോലെ ഭയാനകം തന്നെയാണ് ബൈഡൻ്റെ കാലം. പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ഇസ്രായേൽ അനുകൂല അമേരിക്കൻ നിലപാടുകൾ, ഒരു പക്ഷേ ട്രംപിനെ കവച്ചുവെക്കും വിധത്തിൽ, പിന്തുടരുകയായിരുന്നു ബൈഡൻ.

ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം, “സമാധാന ശ്രമങ്ങൾ” അതിന്റെ ലക്ഷ്യം നിറവേറ്റിയിട്ടുണ്ട്. 2018-ൽ അധിനിവേശ വെസ്റ്റ് ബാങ്കിലെ ജൂത സെറ്റിൽമെന്റ് കൗൺസിലിന്റെ സിഇഒ ‘യെഷ’യുടെ കുപ്രസിദ്ധമായ പ്രഖ്യാപനം ഇത് വിശദീകരിക്കുന്നു: “ഞങ്ങൾ വിജയിച്ചുവെന്ന് വീമ്പു പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. വിജയം ഞങ്ങൾക്കാണെന്ന് ക്രമേണ അവർ മനസിലാക്കും”

എന്നിരുന്നാലും, മൂന്ന് ദശാബ്ദക്കാലത്തെ വഞ്ചനാപരമായ “സമാധാന ശ്രമങ്ങൾക്ക്” ശേഷം ഇസ്രായേലിന്റെ സങ്കല്പികമായ “വിജയത്തിൻ്റെ” ഖ്യാതി ട്രംപിന് മാത്രം അവകാശപ്പെട്ടതല്ല. ബൈഡനും മറ്റു ഉന്നത യുഎസ് ഉദ്യോഗസ്ഥരും ഈയൊരു ‘വിജയത്തി’ൻ്റെ ശിൽപികളാണ്. യുഎസ് രാഷ്ട്രീയക്കാർ ഇസ്രയേലിനെ പിന്തുണയ്ക്കുന്നത് സ്വാർത്ഥതാൽപ്പര്യത്തിന് വേണ്ടിയാണെന്ന് വ്യാപകമായി മനസ്സിലാക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ (വാഷിംഗ്ടനിൽ ശക്തമായ സ്വാധീനമുള്ള ഇസ്രായേൽ അനുകൂല ലോബിയെ തൃപ്തിപ്പെടുത്തുക എന്നത് ഒരു ഉദാഹരണം) ഇസ്രായേലിനുള്ള ബൈഡന്റെ പിന്തുണക്ക് പിന്നിലും ഒരു പ്രത്യയശാസ്ത്ര അടിത്തറയുണ്ട്. ജൂലായ് 13-ന് ഇസ്രായേലിലെ ബെൻ ഗുറിയോൺ വിമാനത്താവളത്തിൽ വച്ച് തന്റെ പ്രസിദ്ധമായ പ്രസ്താവന ആവർത്തിച്ചപ്പോൾ യുഎസ് പ്രസിഡന്റ് തെല്ലും നാണിച്ചുകാണില്ല: “സയണിസ്റ്റാകാൻ നിങ്ങൾ ഒരു ജൂതനാകേണ്ടതില്ല. അത് കൊണ്ട് തന്നെ കിഴക്കൻ ജറുസലേം, വെസ്റ്റ് ബാങ്ക്, ഗാസ മുനമ്പ് എന്നിവിടങ്ങളിലെ അമ്പത്തിയഞ്ച് വർഷത്തെ അധിനിവേശം അവസാനിപ്പിക്കാൻ ടെൽ അവീവിൽ സമ്മർദം ചെലുത്താൻ ഫലസ്തീൻ ഉദ്യോഗസ്ഥർ യുഎസിനോടും – ബൈഡനും പ്രത്യേകമായി ആവശ്യപ്പെടുന്നത് കേൾക്കുമ്പോൾ അമ്പരപ്പ് തോന്നിയേക്കാം.

അമേരിക്ക “ഇസ്രായേലിനുമേൽ പ്രായോഗിക സമ്മർദ്ദം ചെലുത്തണമെന്നും” അന്താരാഷ്ട്ര നിയമങ്ങളുടെ അടിസ്ഥാനത്തിൽ ന്യായമായ രാഷ്ട്രീയ പ്രക്രിയയ്ക്ക് കളമൊരുക്കണമെന്നും സമാധാന ശ്രമങ്ങളുടെ നല്ലൊരു അഭ്യുദയകാംക്ഷി എന്ന നിലയിൽ കാര്യങ്ങളിൽ ഇടപെടണമെന്നുമുള്ള പറഞ്ഞു പഴകിയ അപ്രായോഗികമായ ആവശ്യങ്ങൾ ഉന്നയിക്കുകയാണ് അറബ് ലീഗിലെ ഫലസ്തീൻ പ്രതിനിധി മൊഹന്നദ് അൽ-അക് ലൂക്ക്. വിചിത്രമെന്നു പറയട്ടെ, ഇസ്രായേൽ അനുകൂല നിലപാടുകളുടെ ഒട്ടും ശുഭകരമല്ലാത്ത പാരമ്പര്യമുള്ള വാഷിംഗ്ടണിന് ഫലസ്തീനികളുടെ രക്ഷകനാകാൻ കഴിയുമെന്നാണ് അൽ-അക് ലൂക്ക് വിശ്വസിക്കുന്നത്.

“യുഎസ് പ്രസിഡന്റ് സമാധാന ശ്രമങ്ങൾക്ക് ഒരു പുരോഗതി ഉണ്ടാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതിനാൽ ഫലസ്തീൻ അതോറിറ്റി പ്രസിഡന്റ് അബ്ബാസ് “ബൈഡന്റെ സന്ദർശന ഫലങ്ങളിൽ നിരാശനായിരുന്നു” എന്ന് ഒരു ഫലസ്തീനിയൻ ഉദ്യോഗസ്ഥൻ ന്യൂ അറബ്നോട് പറഞ്ഞിരുന്നു. യുഎസിനു പകരം കൂടിയാലോചനകളിൽ മദ്ധ്യസ്ഥ സ്ഥാനത്തേക്ക് ശക്തമായ രാജ്യങ്ങളെ കൊണ്ടുവരാൻ അവരുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അബ്ബാസിന്റെ രാഷ്ട്രീയ നിലപാട് സംശയാസ്പദമാണ്. എല്ലാത്തിനുമുപരി, ‘സമാധാന ശ്രമങ്ങൾ’ അമേരിക്കയുടെ സാങ്കല്‍പിക സൃഷ്‌ടിയാണ്. ഇസ്രയേലിന്റെ പ്രത്യേക പരിഗണന നേടിയെടക്കാൻ വേണ്ടി ആവിഷ്കരിച്ച സന്നദ്ധ സേവന തന്ത്രം മിഡിൽ ഈസ്റ്റിൽ യുഎസ് ഉയർത്തിപ്പിടിക്കുന്ന വിദേശനയങ്ങളുടെ കേന്ദ്രീയ തലമായി ഇന്നും തുടരുന്നു. ഫലസ്തീൻ വിഷയത്തിൽ, “സമാധാന ശ്രമങ്ങൾ” ഫലസ്തീനിലെ ഇസ്രായേൽ കോളനിവൽക്കരണം ഊട്ടിയുറപ്പിക്കുന്നതിന് മാത്രമാണ് സഹായിച്ചത്. അതേസമയം ന്യായമായ ഫലസ്തീൻ ആവശ്യങ്ങളെ തരംതാഴ്ത്തുകയോ പൂർണ്ണമായും ഒരു വശത്താക്കുകയോ ആണ് ചെയ്തത്. ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശത്തിന്റെ രാഷ്ട്രീയവും നിയമപരവുമായ ചട്ടക്കൂട് ഉണ്ടാക്കിയെടുക്കാൻ അന്താരാഷ്ട്ര നിയമത്തെ പാർശ്വവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ “സമാധന ശ്രമങ്ങൾ” രൂപപ്പെടുത്തിയെടുത്തത്.

“സമാധാന ശ്രമം” എന്ന ആയുധത്തെ ചോദ്യം ചെയ്യാതെ, ഫലസ്തീൻ ജനതയുടെ അവകാശങ്ങൾ ബലികഴിപ്പിച്ച് അമേരിക്കൻ മരീചികകൾ പിന്തുടരുന്നതിലെ യുക്തിരാഹിത്യത്തിന് ക്ഷമാപണം നടത്തിക്കൊണ്ട് യുഎസും ഇസ്രായേലും സൃഷ്ടിച്ച ഫൻ്റാസികളെ ഫലസ്തീനിയൻ അതോറിറ്റി ഇപ്പോഴും തീവ്രമായി മുറുകെ പിടിക്കുകയാണ്. അമേരിക്കയും ഇസ്രായേലും അവർ സൃഷ്ടിച്ച ഈ രാഷ്ട്രീയ പ്രഹസനങ്ങളെ പണ്ടേ ഉപേക്ഷിച്ചു കഴിഞ്ഞു.

ഉദാഹരണത്തിന് ചൈനയോ റഷ്യയോ ഇന്ത്യയോ “സമാധാന ശ്രമങ്ങൾക്ക്” മുൻകൈയ്യെടുക്കുകയാണ് എന്ന് സങ്കപ്പിക്കുക, എന്നാൽതന്നെ, യുഎസിൽ നിന്നുള്ള പൂർണ്ണ പിന്തുണയോടെ ഇസ്രായേലിന് അതിന്റെ കൊളോണിയൽ ലക്ഷ്യങ്ങൾ കൈവരിക്കാൻ കഴിയും എന്നിരിക്കെ തെൽ അവീവിന് പുതിയ കക്ഷികളോട് വരുംകാല ചർച്ചകളിൽ ഏർപ്പെടേണ്ട ഒരു ആവശ്യവുമില്ല. മാത്രമല്ല, ഈ രാജ്യങ്ങൾക്ക് ഇപ്പോൾ ഇസ്രായേലിന്മേൽ വലിയ സ്വാധീനമില്ല. അന്താരാഷ്ട്ര നിയമങ്ങളെ മാനിക്കുന്നതിന് തെൽ അവീവിൽ ഏതെങ്കിലും തരത്തിലുള്ള കാര്യമായ സമ്മർദ്ദം ചെലുത്താൻ അവർക്ക് സാധിക്കുകയുമില്ല.

എന്നിരുന്നാലും, 1993 ലെ ഓസ്‌ലോ ഉടമ്പടിക്ക് ശേഷം രൂപം കൊണ്ട, ചെറിയൊരു പ്രബല വർഗ്ഗം ഫലസ്തീനികൾ മാത്രം ആസ്വദിക്കുന്ന ഫണ്ടുകളുടെയും അധികാരത്തിന്റെയും അന്തസ്സിന്റെയും കാര്യത്തിൽ “സമാധാന ശ്രമങ്ങൾ” വളരെ പ്രയോജനകരമാണെന്ന് തെളിയിച്ചതുകൊണ്ടാണ് ഫലസ്തീൻ അതോറിറ്റി ഇപ്പോഴും പിടിച്ചുനിൽക്കുന്നത്.

ഫലസ്തീനികൾ തങ്ങളുടെ രാഷ്ട്രീയ മൂലധനം ബൈഡനിലോ മറ്റേതെങ്കിലും ഭരണകൂടത്തിലോ നിക്ഷേപിക്കുന്നത് അവസാനിപ്പിക്കേണ്ട സമയമായി. അവർക്ക് വേണ്ടത് “സമാധാന ചർച്ചകൾക്ക്” മുൻ കൈയ്യെടുക്കാൻ ഒരു പുതിയ “ശക്തിയെയല്ല. പ്രത്യുത, താഴേത്തട്ടിലിറങ്ങി, സ്വന്തം വീടുകളിൽ നിന്ന് ആരംഭിക്കുന്ന സ്വാതന്ത്ര്യത്തിനും വിമോചനത്തിനും വേണ്ടിയുള്ള ജനകീയ സമരമാണ് അനിവാര്യം. അത്തരം നീക്കങ്ങൾ ഫലസ്തീൻ ജനതയെ ഊർജസ്വലരാക്കും. സഹതാപത്തോടെ ഉണർത്തട്ടെ, വാഷിംഗ്ടണിന്റെയും പാശ്ചാത്യ സഖ്യകക്ഷികളുടെയും സാമ്പത്തിക കൈനീട്ടങ്ങളും രാഷ്ട്രീയ സഹകരണവും പ്രതീക്ഷിച്ചിരിക്കുന്ന കാലത്തോളം പുതിയ മാതൃക കൈവരിക്കാൻ ഫലസ്തീനു കഴിയില്ല.

മൊഴിമാറ്റം : മുജ്തബ മുഹമ്മദ്‌

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles