Current Date

Search
Close this search box.
Search
Close this search box.

അതാണിപ്പോള്‍ പശ്ചിമേഷ്യയില്‍ നടന്നു കൊണ്ടിരിക്കുന്നത്

മല എലിയെ പ്രസവിച്ചു എന്ന പഴം ചൊല്ല് നാം നിരന്തരം ഉപയോഗിക്കുന്ന ഒന്നാണ്. ഐക്യരാഷ്ട്രസഭ രക്ഷാ സമിതി എന്നതും അതിന്റെ മറ്റൊരു പതിപ്പാണ്‌.

രക്ഷാ സമിതിയുടെ ചുമതലകള്‍ വിവരിക്കുന്ന കൂട്ടത്തില്‍ അവരുടെ വെബ്സൈറ്റില്‍ ന്മുക്കിങ്ങിനെ വായിക്കാം “ അന്താരാഷ്ട്ര സമാധാനവും സുരക്ഷയും ശരിപ്പെടുത്തുക എന്നതാണ് ഈ സമിതിയുടെ പ്രാഥമിക ഉത്തരവാദിത്തം…………….. വര്‍ത്തമാന കാലത്ത് ലോക സമാധാനത്തിനും സുരക്ഷക്കും ഭീഷണിയായി നില്‍ക്കുന്ന വല്ലതുമുണ്ടോ എന്ന് സമിതി കണ്ടെത്തുന്നു . ശേഷം അത്തരം വിഭാഗങ്ങളോട് അക്രമത്തില്‍ നിന്നും പിന്മാറാന്‍ ആവശ്യപ്പെടുന്നു. സമിതിയുടെ തീരുമാനം അനുസരിക്കാന്‍ സന്നദ്ധത കാണിക്കാത്തവര്‍ക്കെതിരെ ഉപരോധം പോലുള്ള നടപടി സ്വീകരിക്കാന്‍ സമിതിക്ക് അവകാശമുണ്ട്”

പലസ്തീന്‍ ഇസ്രയേല്‍ സംഘര്‍ഷം ചര്‍ച്ച ചെയ്യാന്‍കഴിഞ്ഞ ദിവസം സുരക്ഷ സമിതി യോഗം ചേര്‍ന്നു. യോഗം ചേരുന്നതിനു മുമ്പ് തന്നെ ബൈഡന്‍ നയം വ്യക്തമാക്കിയിരുന്നു. “ ഇസ്രയേലിന് പ്രതിരോധിക്കാന്‍ അവകാശമുണ്ട്‌”. അന്ന് തന്നെ ലോകം സുരക്ഷ സമിതിയുടെ തീരുമാനം കണക്കാക്കിയിരുന്നു. അതില്‍ തെറ്റു സംഭവിച്ചില്ല. മല എലിയെ പ്രസവിച്ചു. ഇസ്രയേല്‍ എന്ന രാജ്യം വന്‍ ശക്തികളുടെ ശിശുവാണ് എന്നത് ലോകം അംഗീകരിച്ച കാര്യമാണ്. വംശീയതയാണു സയണിസത്തിന്റെ അടിത്തറ. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് അറിയപ്പെട്ടിരുന്നതും ഈ വംശീയതയുടെ പേരിലായിരുന്നു.

ട്രംപ് പോയി ബൈഡന്‍ വന്നത് കൊണ്ട് അമേരിക്കയുടെ പശ്ചിമേഷ്യന്‍ നിലപാടില്‍ സാരമായ മാറ്റം ഉണ്ടാകില്ല എന്ന് തിരഞ്ഞെടുപ്പ് കാലത്ത് തന്നെ ലോകം കണക്കാക്കിയിരുന്നു. അമേരിക്കയുടെ ദേശീയ അന്താരാഷ്ട്ര നിലപാടുകള്‍ പെട്ടെന്ന് മാറ്റാന്‍ സാധ്യമല്ല. ഒരു ഇസ്രയേല്‍ സയണിസ്റ്റ് ചായ്‌വ് അമേരിക്കന്‍ നിലപാടില്‍ എന്നും കാണാം. ഡെമോക്രാറ്റിക്‌, റിപബ്ലിക്‌ എന്ന വ്യത്യാസം ഈ കാര്യത്തില്‍ കാണുക സാധ്യമല്ല. അത് കൊണ്ട് തന്നെ ബൈഡന്‍റെ തീരുമാനത്തില്‍ ലോകം ഞെട്ടിയില്ല. കൊട്ടിഘോഷിക്കപ്പെട്ട സുരക്ഷ സമിതി യോഗത്തിന് ശേഷം ഒരു സംയുക്ത പ്രസ്താവന പോലും നടത്താന്‍ കഴിയാത്ത അവസ്ഥയിലാണ് കാര്യങ്ങള്‍ അവസാനിച്ചത്‌.

ഇതിന്റെ പേരില്‍ ആഭ്യന്തര രംഗത്ത്‌ ബൈഡന്‍ ശക്തമായ വിമര്‍ശനം കേള്‍ക്കേണ്ടി വന്നിട്ടുണ്ട് എന്നാണ് സി എന്‍ എന്‍ പോലുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇസ്രയേല്‍ പലസ്തീനില്‍ നടത്തിക്കൊണ്ടിരികുന്ന നരനായാട്ട് അവസാനിക്കാന്‍ അമേരിക്കന്‍ തന്നെ രംഗത്ത്‌ വരണം. അമേരിക്ക വിഷയത്തെ അപലിപിച്ചാല്‍ കൂട്ടായി അപലപിക്കാന്‍ അറബ് രാജ്യങ്ങള്‍ വരിയില്‍ നില്‍ക്കുന്നു എന്നാണ് വാര്‍ത്ത. അറബി നാടുകള്‍ പേരിനു പറഞ്ഞു പോയിട്ടുണ്ട്. പക്ഷെ പഴയത് പോലെ കാര്യങ്ങളില്‍ ഇടപെടാന്‍ കഴിയാന്‍ അവര്‍ക്കും പരിധിയുണ്ട്.

പതിവ് പോലെ യു എന്‍ സിക്രട്ടറി ജനറല്‍ സംഘര്‍ഷം നിര്‍ത്താന്‍ ആവശ്യപ്പെടുന്നുണ്ട്. ആര് കേള്‍ക്കാന്‍ എന്നതാണ് ചോദ്യം. അന്തരാഷ്ട്ര മനുഷ്യാവകാശ സംഘടനയും സംഘര്‍ഷം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുന്നു. എല്ലാം സുരക്ഷ സമിതി, വീറ്റോ എന്നീ പദങ്ങളില്‍ തട്ടി നില്‍ക്കുന്നു. ഹമാസ് ഇസ്രയേലിലേക്ക് മിസൈല്‍ അയച്ചു എന്നത് മുതലാണ് അമേരിക്കക്ക് കഥ ആരംഭിക്കുന്നത്. കിഴക്കന്‍ ജറുസലേമില്‍ നിന്നും ആളുകളെ പുറത്താക്കാന്‍ ഇസ്രായേല്‍ ശ്രമിച്ചത്, അതിനെ എതിര്‍ത്തതിന്റെ പേരില്‍ പരിശുദ്ധ ഖുദ്സില്‍ നടത്തിയ ആക്രമം ഇതൊന്നും ബൈഡന്‍ അറിഞ്ഞ മട്ടില്ല. ആദ്യം നടന്ന കാര്യങ്ങളുടെ പേരിലാണ് ഹമാസ് പ്രതികരിച്ചത്. അപ്പോള്‍ പൂര്‍ണമായ ഒരു ചര്‍ച്ച കൊണ്ടേ കാര്യങ്ങള്‍ക്ക് പരിഹാരം വരൂ.

ഇപ്രാവശ്യം മറ്റൊരു “ ട്വിസ്റ്റ്‌” കൂടി പറയപ്പെടുന്നുണ്ട്. ഇസ്രയേല്‍ പലസ്തീനില്‍ നടത്തി കൊണ്ടിരിക്കുന്ന ആക്രമണം ഇസ്രയേലിലെ അറബ് വംശകര്‍ക്ക് ഇടയില്‍ അത്ഭുതപൂർവമായ ഐക്യം ഉണ്ടാക്കിയിരിക്കുന്നു. പണ്ടേ അവഗണിക്കപ്പെടുകയോ ‘ഇസ്രായേലി അറബികൾ’ എന്ന് കരുതപ്പെടുകയോ ചെയ്ത ഫലസ്തീനികൾ തങ്ങൾ പലസ്തീനികളാണെന്ന് വീണ്ടും ശക്തമായി വാദിക്കാന്‍ തുടങ്ങിരിയിക്കുന്നു. ഇസ്രയേല്‍ ഒരിക്കല്‍ പലസ്തീന്‍ തന്നെയായിരുന്നു എന്ന ഓര്‍മ്മപ്പെടുത്തല്‍ അവര്‍ക്കിടയില്‍ ശക്തമായി തീരുന്നു എന്നാണു വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അവസാന റിപ്പോര്‍ട്ട് പ്രകാരം ഈജിപ്ത് സഊദി ഖത്തര്‍ വിദേശകാര്യ മന്ത്രിമാര്‍ അമേരിക്കന്‍ വിദേശകാര്യ മന്ത്രിയുമായി അടിയന്തിര വെടിനിര്‍ത്തലിന് വേണ്ടി ചര്‍ച്ച നടത്തി എന്ന വാര്‍ത്ത വരുന്നു. ഇരുപത്തഞ്ചോളം ഡെമോക്രാറ്റിക്‌ സെനറ്റര്‍മാര്‍ പ്രസിഡന്റ് വിഷയത്തില്‍ നിലപാട് മാറ്റണം എന്ന് പറഞ്ഞു രംഗത്ത്‌ വന്നിട്ടുണ്ട്. ചില റിപബ്ലിക് സെനറ്റര്‍മാറും രംഗത്തുണ്ട്. ഇറാനും തുര്‍ക്കിയും വിഷയത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കുമ്പോഴും അവര്‍ പുറത്തു നിന്നും കളി കാണുന്നവരാണ്. അമേരിക്ക തീരുമാനിച്ചാല്‍ മാത്രമേ പ്രശ്നത്തിന് പരിഹാരം വരൂ. അത് എപ്പോള്‍ വേണമെന്ന് ഇസ്രയേല്‍ തീരുമാനിക്കും.

Related Articles