Current Date

Search
Close this search box.
Search
Close this search box.

മതവികാരം കരുവാക്കി ഫലസ്തീനികളെ പ്രകോപിപ്പിക്കുന്ന ഇസ്രായേൽ

അധിനിവേശ ജറുസലേമിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന ഫലസ്തീൻ വിരുദ്ധ അക്രമസംഭവങ്ങൾ പൊതുജനങ്ങളുടെ സുരക്ഷക്ക് തകരാറു സംഭവിക്കാൻ കാരണമാകുമെന്നാണ് ഇസ്രായേൽ ഇന്റലിജൻസ് വിഭാഗം വിലയിരുത്തുന്നത്. റമദാൻ മാസത്തിന് മുമ്പേ ജനജീവിതത്തെ സാരമായി തന്നെ ഈ സംഭവങ്ങൾ ബാധിക്കുമെന്ന ആശങ്കയും അവർ പ്രകടിപ്പിക്കുന്നുണ്ട്. കിഴക്കൻ ജറുസലേം പ്രവിശ്യയായ ബാബ് അൽ അമൂദ് നിവാസികൾക്കെതിരെയും സൈനികർക്കെതിരെയുമുണ്ടായ അനിഷ്ട സംഭവങ്ങൾ അക്രമപരമ്പരയിലേക്ക് നയിക്കുമെന്നാണ് ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണം. മതകീയ വിശ്വാസങ്ങളായ ഇസ്റാഅ് മിഅ്റാജ് രാത്രിയോടനുബന്ധിച്ചാണത്രേ അനിഷ്ടസംഭവങ്ങൾ നടന്നത്. രാജ്യത്തിനേറെ നഷ്ടങ്ങൾ വരുത്തിവെച്ച 2021ലെ യുദ്ധത്തിൽ നിന്ന് അധിനിവേശ സേന പാ‍ഠമുൾക്കൊണ്ടിട്ടില്ലെന്ന് വേണം മനസ്സിലാക്കാൻ.

ഇരുവിഭാഗങ്ങൾക്കിടെയിലും തർക്കഭൂമിയായി നിലനിൽക്കുന്ന മസ്ജിദുൽ അഖ്സയുടെ വിഷയത്തിൽ ഇസ്രായേൽ സേനക്ക് നിർണ്ണായക തീരുമാനം കൈകൊള്ളേണ്ടിവരുമെന്ന് നിസ്സംശയം പറയാം. ശൈഖ് ജറാഹ്, സിൽവാൻ, ഓൾഡ് സിറ്റി തുടങ്ങിയ ഫലസ്തീൻ പട്ടണങ്ങളും സമീപ പ്രദേശങ്ങളും പ്രശ്നബാധിത ഇടങ്ങളായി അവശേഷിക്കുകയാണ്. ഈദുൽ ഫിത്വർ, ദൈർയാസീൻ കൂട്ടക്കൊല, നഖ്ബ തുടങ്ങിയ ഫലസ്തീൻ ദേശീയാഘോഷങ്ങൾ സംഘടിപ്പിക്കുന്ന പ്രദേശങ്ങളാണിവയെന്ന വസ്തുതയും ശ്രദ്ധേയമാണ്.

കിഴക്കൻ ജറുസലേമിലെ ത്വരിതഗതിയിലുള്ള സൈനിക ക്രൂരത തീപ്പാറും പോരാട്ടങ്ങൾക്ക് കളമൊരുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവിലെ അരക്ഷിതാവസ്ഥ വഷളാകാതിരിക്കാനോ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കാനോ ഇസ്രായേൽ സേന തയ്യാറാകാത്ത പക്ഷം മുൻ വർഷത്തേതിന് സമാനമായ സംഘട്ടനങ്ങൾ ആവർത്തിക്കപ്പെടുമെന്ന് ഊഹിക്കാം. മസ്ജിദുൽ അഖ്സ നേരിടുന്ന സുരക്ഷാഭീഷണിക്ക് പുറമേ വംശീയ ഉന്മൂലനം ലക്ഷ്യം വെച്ച് ഇസ്രായേലി സൈനികർ തങ്ങളുടെ ജീവിതം ദുഷ്കരമാക്കുന്നുവെന്ന പരാതിയുമായി മുന്നോട്ട് വന്നിരിക്കുകയാണ് ജറുസലേം നിവാസികൾ. മസ്ജിദുൽ അഖ്സയിൽ എല്ലാ വെള്ളിയാഴ്ചകളിലും സംഘടിപ്പിക്കപ്പെടാറുള്ള സായാഹ്ന കൂടിച്ചേരലുകളെ ഏറെ ഭീതിയോടെയാണ് ഇസ്രായേൽ സമൂഹം നോക്കിക്കാണുന്നത്. മസ്ജിദുൽ അഖ്സയിലെ ഫലസ്തീൻ സാന്നിധ്യം അധികരിപ്പിക്കാനും ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്ന ഇസ്രായേൽ അധിനിവേശത്തിനെതിരെയുമുള്ള ശക്തമായ മുന്നറിയിപ്പാണീ കൂടിച്ചേരലുകളെന്ന് വ്യക്തമാണ്. ഫലസ്തീനികൾക്കെതിരെയുള്ള പരാതികളിൽ മുൻപന്തിയിൽ സ്ഥാനം പിടിച്ചിരിക്കുന്ന പ്രസ്തുത സംഘംചേരലുകൾ അധിനിവേശ വിരുദ്ധതയുടെ പുതിയ മുഖമായി കണക്കാക്കപ്പെട്ടു. മസ്ജിദുൽ അഖ്സയിലെ സുരക്ഷാക്രമക്കേട് വെസ്റ്റ് ബേങ്ക്, ജറുസലേം, ഗസ്സ തുടങ്ങിയ പ്രദേശങ്ങളിൽ പുതിയ ഇൻതിഫാദക്ക് വിത്തുപാകുമെന്ന് ശത്രു പക്ഷത്തിന് നന്നായി അറിയാം.
ഗസ്സ യുദ്ധത്തിന് വഴിയൊരുക്കിയ കഴിഞ്ഞ റമദാനിൽ നടന്ന സംഭവങ്ങൾ കൃത്യമായി ഓർക്കുന്ന ഫലസ്തീൻ ജനത തങ്ങളെ അധീനപ്പെടുത്തിയതായി വിശ്വസിക്കുന്നുണ്ടെന്നാണ് ഇസ്രായേൽ പക്ഷം. റമദാൻ മാസത്തിന് മുമ്പായി അഖ്സയുമായി ബന്ധപ്പെട്ട് മതസ്പർധത സൃഷ്ടിക്കപ്പെട്ടാൽ അവ പരിഹരിക്കാൻ ഏറെ ബുദ്ധിമുട്ടാണെന്നും നിസ്സംശയം പറയാം. അധിനിവേശ ജറുസലേമിലെ ബാബ് അൽ അമുദും സുരക്ഷാ പ്രശ്നങ്ങൾ ഉടലെടുക്കാൻ ഏറെ സാധ്യതയുള്ള പ്രദേശമാണ്.

പരിശുദ്ധ നഗരത്തിലെ വ്യത്യസ്ത പ്രദേശങ്ങൾ ജൂതവത്കരിക്കാൻ ഫലസ്തീനികൾക്കെതിരെ എന്ത് നെറികേട് കാണിക്കാനും മടിക്കാത്തവരാണ് ഇസ്രായേൽ സേന. 2022 ഫെബ്രുവരി 28ന് മിഅ്റാജ് രാവിൽ മസ്ജിദുൽ അഖ്സ പരിസരത്ത് ഒരുമിച്ച് കൂടിയ ഫലസ്തീനികള യാതൊരു പ്രകോപനവുമില്ലാതെയാണ് സേന അക്രമിച്ചത്. തങ്ങളുടെ മതാഘോഷത്തിന്റെ പവിത്രത കളങ്കപ്പെടുത്താൻ ശ്രമിച്ച ഇസ്രായേലുകളോട് ഏറ്റുമുട്ടി ബാബ് അൽ അമുദ് രക്ത പങ്കിലമായ കാഴ്ചയാണ് പിന്നീട് ലോകം കണ്ടത്.

ശാന്തമായി മതകീയ ആചാരം ആഘോഷിച്ച് കൊണ്ടിരുന്ന ഫലസ്തീനികളെ തുരത്താൻ മാത്രം പതിനായിരക്കണക്കിന് ഇസ്രായേൽ പോലീസുകാരാണ് ബാബ് അൽഅമുദിൽ വിന്യസിക്കപ്പെട്ടത്. ഇസ്രായേൽ പോലീസിന്റെ നരനായാട്ടിൽ ക്രൂരമായി മർദ്ദിക്കപ്പെട്ട പതിനൊന്ന് വയസ്സുകാരിയുടെ വീഡിയോ ഏറെ വൈറലായിരുന്നു.

ഇത് വരെ കാട്ടികൂട്ടിയ നെറികേടുകളിൽ മാപ്പർഹിക്കാത്ത കുറ്റമാണ് ഇസ്രായേൽ സേന ബാബ് അൽ അമൂദിലും ഓൾഡ് സിറ്റിയിലും ആവർത്തിച്ചത്. പുതിയൊരു യുദ്ധം ആരംഭിക്കുമ്പോൾ മാത്രമേ പലർക്കും തങ്ങൾ ചെയ്ത് വെച്ച അപരാധങ്ങളുടെ വലിപ്പം മനസ്സിലാകത്തുള്ളൂ.
ഇസ്രായേലുകാർ നടപ്പിലാക്കികൊണ്ടിരിക്കുന്ന ഏകപക്ഷീയമായ തീരുമാനങ്ങൾ ബാബ് അൽ അമൂദിൽ അതി ഗുരുതരമായ രാഷ്ട്രീയ സാഹചര്യം സൃഷ്ടിക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ ഗസ്സൻ യുദ്ധത്തിൽ ഫലസ്തീൻ യുവാക്കളുടെ കേന്ദ്രങ്ങളിലെ തിരിച്ചടികളെ കുറിച്ചുള്ള പല മനുഷ്യാവകാശ സംഘടനകളും മുന്നറിയിപ്പ് നൽകിയതും ഇത്തരമൊരു സാഹചര്യം മുന്നിൽ കണ്ട് കൊണ്ട് തന്നെയാണ്.

പ്രസ്തുത മുന്നറിയിപ്പുകൾ മുഖവിലക്കെടുക്കാതിരുന്ന അധിനിവേശ സേനയുടെ അനാസ്ഥ ഗസ്സ യുദ്ധത്തിലേക്കാണ് കാര്യങ്ങളെ കൊണ്ടെത്തിച്ചത്. നാളുകളിത്ര കഴിഞ്ഞിട്ടും പോലീസ് അക്രമണോഝുകതയുടെ അതിഭീകരമായ മുഖമാണ് ഇന്ന് ബാബ് അൽ അമൂദിലും കിഴക്കൻ ജറുസലേമിലും നടന്ന് കൊണ്ടിരിക്കുന്നത്. ഇസ്ലാം മതവിശ്വാസികളുടെ വിശ്വാസാചരങ്ങളിൽ അനാവശ്യ ഇടപെടലുകൾ നടത്തുന്നത് കാരണത്താൽ തന്നെ ജനങ്ങളുടെ ഭാഗത്ത് നിന്ന് ദ്രുതഗതിയിലുള്ള പ്രകോപനത്തിന് നല്ല സാധ്യതയുണ്ടാകാറുമുണ്ട്. ബാബ് അൽ അമൂദില് നിലവിൽ നടന്ന് കൊണ്ടിരിക്കുന്ന അക്രമ സംഭവങ്ങൾ ആദ്യമല്ല, എന്നിരുന്നാലും ഇത്തവണ ഫലസ്തീനികൾക്കെതിരെ ബലം പ്രയോഗിക്കാനാണ് ഇസ്രായേൽ സേനയും അതിർത്തി സൈനികരും തീരുമാനിച്ചിരിക്കുന്നത്. പരിശുദ്ധ നഗരത്തിൽ ഫലസ്തീനികൾക്കെതിരെ അധികാരം സ്ഥാപിക്കാൻ ശ്രമിക്കുന്ന ഇസ്രോയേൽ സേന വലിയ വില നൽകേണ്ടി വരുമെന്നതിൽ സംശയമില്ല.

വിവ- ആമിർ ഷെഫിൻ

Related Articles