Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലിന്റെ പതനം ഐൻസ്റ്റീൻ പ്രവചിച്ചിരുന്നു

ഇസ്രായേൽ എന്ന സയണിസ്റ്റ് അജണ്ട പരാജയപ്പെട്ട് പോകുന്നത് കാണാൻ ആ പ്രതിഭ കാത്തുനിന്നില്ല. തീവ്രവാദ സെല്ലുകൾക്കായി പണം സ്വരൂപിക്കാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ, വളർന്നുവരുന്ന ഒരു ഭീകര ഭരണകൂടത്തിന്റെ അന്ത്യം പ്രവചിച്ച ഒരു പ്രതിഭയായിരുന്നു അത്.

ഫലസ്തീനി ജനതയിൽ നിന്നും മോഷ്ടിച്ചെടുത്ത ഭൂമിയിൽ 1948ൽ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതിന് പത്ത് വർഷം മുമ്പ്, ഇസ്രായേൽ എന്ന നിർദ്ദിഷ്ട പദ്ധതിയെ “ജൂത മതത്തിന്റെ അന്തസത്ത”യോട് ഒരിക്കലും പൊരുത്തപ്പെടാത്തതെന്നാണ് ആൽബർട്ട് ഐൻസ്റ്റീൻ വിശേഷിപ്പിച്ചത്. ഹിറ്റ്ലറുടെ ജർമനിയിൽ നിന്നും പ്രാണരക്ഷാർത്ഥം പലായനം ചെയ്ത് അമേരിക്കൻ പൗരനായിത്തീർന്ന അദ്ദേഹത്തിന് ഫാസിസത്തിന്റെ സ്വഭാവത്തെക്കുറിച്ച് പറഞ്ഞു കൊടുക്കേണ്ടതില്ല.

ചരിത്രത്തിലെ തന്നെ ഏറ്റവും പ്രഗത്ഭരായ ഭൗതിക ശാസ്ത്രജ്ഞന്മാരിൽ ഒരാളും നിരവധി ജൂത ബുദ്ധിജീവികൾ തന്നെ പൂർണ്ണമായി പിന്തുണക്കുന്ന ഐൻസ്റ്റീൻ 1946ൽ ഫലസ്തീൻ പ്രശ്ന പരിഹാരത്തിന് രൂപീകരിക്കപ്പെട്ട ആംഗ്ലോ- അമേരിക്കൻ അന്വേഷണ സമിതിയെ അഭിസംബോധന ചെയ്ത് സംസാരിച്ചപ്പോൾ അതിന്റെ പ്രശ്നത്തെ കുറിച്ചും വിപത്തിനെ കുറിച്ചുമെല്ലാം വ്യക്തമായി സംസാരിച്ചിരുന്നു. എന്തിന് ഇസ്രായേൽ വേണമെന്നതിന് കൃത്യമായൊരു ന്യായീകരണവും അദ്ദേഹത്തിന് കണ്ടെത്താനായില്ല. “അതൊരു തെറ്റായ ചിന്തയാണ്” എന്നാണ് അദ്ദേഹം പറഞ്ഞത്.

രണ്ടു വർഷത്തിനു ശേഷം 1948ൽ ബെനാഹം ബെഗിന്റെ അമേരിക്കൻ സന്ദർശനത്തിൽ പ്രതിഷേധിച്ച് അദ്ദേഹവും മറ്റു ചില ജൂത അക്കാദമിക് വിദഗ്ധരും ചേർന്ന് ന്യൂയോർക്ക്‌ ടൈംസിന് കത്തയച്ചു. ബെഗിന്റെ ഹേറൂത്ത് പാർട്ടിയെ അപലപിച്ച കത്തിൽ, ആ പാർട്ടിയുടെ സംഘടന രീതിയെയും രാഷ്ട്രീയ തത്വചിന്തയെയും സാമൂഹിക പ്രതിബദ്ധതയെയും നാസി, ഫാസിസ്റ്റ് പാർട്ടികളുടെ രാഷ്ട്രീയ വീക്ഷണങ്ങളുമായിട്ടാണ് ഉപമിച്ചിട്ടുള്ളത്.

ബെഞ്ചമിൻ നെതന്യാഹുവിന്റെ കീഴിൽ ലിക്കുഡ് പാർട്ടിയായി മാറിയ ഹെറൂത്ത് ഒരു തീവ്ര വലതുപക്ഷ പാർട്ടിയായിരുന്നു. ഏറ്റവും വലിയ ജൂത സൈനിക സംഘടനയായ ഹാഗാനയിൽ നിന്നും വേർപിരിഞ്ഞ സയണിസ്റ്റ് തീവ്രവാദ സംഘടനയായ ഇർഗുൻറെ നേതാവെന്ന നിലയിൽ, ബ്രിട്ടീഷ് മാന്റെറ്റ് അധികാരികൾക്ക് എതിരെ തീവ്രവാദ പ്രവർത്തനങ്ങൾക്ക്‌ ബെഗിൻ പദ്ധതിയിട്ടിരുന്നു. ഇസ്രായേൽ പ്രധാനമന്ത്രി ആയതിനു ശേഷവും(1983-1997) അദ്ദേഹം ബ്രിട്ടൺ സന്ദർശിക്കാൻ തയ്യാറായില്ല. ബ്രിട്ടൺ പുറത്തുവിട്ട കുറ്റവാളി പട്ടികയിലെ പ്രമുഖനായിരുന്നു ബെഗിൻ.
ഇസ്രായേലിന്റെ ജനനം തന്നെ ഒരു വയലൻസ് ആണെന്ന് ഐൻസ്റ്റീന് ബോധ്യമുണ്ടായിരുന്നു. ഇസ്രായേലിന്റെ പ്രസിഡന്റ് ആകാനുള്ള വാഗ്ദാനം അദ്ദേഹം നിരസിച്ചതിൽ നിന്ന് തന്നെ അത് വ്യക്തമായിരുന്നു. 1952ൽ ഇസ്രായേൽ സ്ഥാപക പ്രധാനമന്ത്രി ഡേവിഡ് ബെൻ ഗുരിയോണായിരുന്നു ഈയൊരു വാഗ്ദാനം അദ്ദേഹത്തിന് മുമ്പിലേക്ക് വച്ചു നീട്ടിയത്. ഒരു സമാധാന നിലയിൽ ഐൻസ്റ്റീന് ഈ വാഗ്ദാനത്തോട് ഒരിക്കലും പൊരുത്തപ്പെടാനാകുമായിരുന്നില്ല. മാത്രവുമല്ല, ജർമ്മൻ അഭയാർത്ഥിയായി കഴിയുന്ന ന്യൂജഴ്‌സിയിലെ പ്രിൻസ്റ്റണിലുള്ള വീട്ടിൽ നിന്നും താൻ മിഡിൽ ഈസ്റ്റിലേക്ക് പോവേണ്ടി വരുമെന്നതും അദ്ദേഹത്തിന് ആശങ്ക ഉണ്ടാക്കുന്നതായിരുന്നു.

ഐൻസ്റ്റീന്റെ നിലപാടുകളെക്കുറിച്ച് ഗവേഷണം നടത്തുമ്പോൾ അദ്ദേഹത്തിന്റെ തന്നെ മറ്റൊരു കത്ത് കൂടി കാണാനിടയായി. അത്രമേൽ അറിയപ്പെടാത്തതും എന്നാൽ മറ്റേതിനേക്കാളും പ്രധാനപ്പെട്ടതും വെളിപ്പെടുത്തപ്പെടേണ്ടതുമായ ഒന്നായിരുന്നു അത്. കഷ്ടിച്ച് അമ്പത് വാക്കുകൾ മാത്രമുള്ള ചെറിയൊരു കുറിപ്പായിരുന്നു കത്തിലുണ്ടായിരുന്നത്. സയണിസ്റ്റ് തീവ്രവാദികളുടെ കൈകളിൽ അകപ്പെട്ടാൽ ഫലസ്തീന് അനുഭവിക്കേണ്ടി വരുന്ന ബീഭത്സമായ ദുരന്തത്തെക്കുറിച്ച് അദ്ദേഹം അതിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്.

1948 ഏപ്രിൽ മാസം പശ്ചിമ ജറുസലേമിൽ ദൈർ യാസീൻ കൂട്ടക്കൊല നടന്ന വാർത്ത വരുന്നതിന്റെ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ തന്നെ ഇൗ കത്ത് എഴുതപ്പെട്ടിട്ടുണ്ട്. ബെഗിന്റെ ഇർഗുൻ തീവ്രവാദ സംഘടനയിൽ നിന്നും സ്റ്റേൺ എന്ന ഗ്യാങ്ങിൽ(പിന്നീട് ഇസ്രായേലിന്റെ പ്രധാനമന്ത്രിയായി മാറിയ യിത്ഷാക് ഷമീർ നേതൃത്വം കൊടുത്ത തീവ്രവാദ സംഘടനയാണിത്) നിന്നുമുള്ള നൂറ്റി ഇരുപതോളം ഭീകരവാദികൾ ഫലസ്തീൻ ഗ്രാമത്തിൽ പ്രവേശിക്കുകയും പുരുഷന്മാരും സ്ത്രീകളും കുട്ടികളുമടക്കം നൂറു മുതൽ ഇരുന്നൂറ്റി അമ്പതോളം ആളുകളെ അറുകൊല ചെയ്തു. ചിലർ വെടിയേറ്റ് മരിച്ചു. മറ്റു ചിലർ വീട്ടിലേക്ക് എറിയപ്പെട്ട ഗ്രനൈഡുകൾ പൊട്ടിത്തെറിച്ചാണ് മരിച്ചത്. സമാധാനപൂർണമായ ഗ്രാമങ്ങളിൽ ജീവിക്കുന്ന ചില ആളുകൾ പശ്ചിമ ജറുസലേമിൽ ഇസ്രായേൽ തീവ്രവാദികൾ നടത്തിയ ഭീകര പരേടിലാണ് കൊല്ലപ്പെട്ടത്. അക്കൂട്ടത്തിൽ പീഡിപ്പിക്കപ്പെട്ടവരുണ്ടായിരുന്നു, ബലാത്സംഗം ചെയ്യപ്പെട്ടവരുണ്ടായിരുന്നു, ശരീരാവയവങ്ങൾ വികൃതമാക്കപ്പെട്ടവർ ഉണ്ടായിരുന്നു.

ഒരു മാസത്തിനു ശേഷം ബ്രിട്ടൺ ഫലസ്തീനിലെ തങ്ങളുടെ അധികാരം അവസാനിപ്പിച്ചു, അതേസമയം ഇസ്രായേൽ അവരുടെ അധിനിവേശം ആരംഭിക്കുകയും ചെയ്തു. 1947 നവംബറിൽ യുഎൻ പുറപ്പെടുവിച്ച വിഭജന പ്രമേയമായിരുന്നു അതിനവർ കണ്ട നിയമസാധുത. ജൂത, അറബ് രാഷ്ട്രങ്ങൾ എന്ന വിഭജനം സാധ്യമാക്കണമെന്ന് വാദിച്ച അവർ ജറുസലേമിൽ ഇരു കൂട്ടരിൽ നിന്നും സ്വതന്ത്രമായി മറ്റൊരു അധികാരം വേണമെന്നും ആവശ്യപ്പെട്ടു.

അമേരിക്കൻ ഫ്രണ്ട്സ് ഓഫ് ദി ഫൈറ്റേഴ്സ് ഫോർ ദി ഫ്രീഡം ഓഫ് ഇസ്രായേലിന്റെ എക്സിക്യുട്ടീവ് ഡയറക്ടർ ഷേപർഡ് റിഫ്‌കിനെ അഭിസംബോധന ചെയ്തുള്ളതായിരുന്ന് ഐൻസ്റ്റീന്റെ കത്ത്. സ്‌റ്റേൺ ഗ്യാങ്ങിന്റെ ബ്രിട്ടീഷ് വിരുദ്ധ നിലപാടുകളെ പിന്തുണക്കനും ഫലസ്തീനിൽ നിന്ന് ബ്രിട്ടനെ തുരത്താനുള്ള ആയുധ ശേഖരണത്തിന് സംഭാവനകൾ പിരിക്കാനുമായിരുന്ന് ഇൗ സംഘടന ആരംഭിച്ചത്. “ദി ഫാൾ ഗയ്‌” എന്ന് സ്വയം വിശേഷിപ്പിച്ച റിഫ്‌കിനെ തന്നെ അവർ എക്സിക്യൂട്ടിവ് ഡയറക്ടരായി നിയമിക്കുകയും ചെയ്തു. അമേരിക്ക സന്ദർശിച്ച ഇസ്രായേൽ കമാൻഡർ ബെഞ്ചമിൻ ഗെപ്നർ അദ്ദേഹത്തോട് സഹായങ്ങൾക്കായി ഐൻസ്റ്റീനെ സമീപിക്കാൻ പറഞ്ഞിരുന്നു. പക്ഷേ, ദൈർ യാസീനിലെ കൂട്ടക്കൊലയോടെ പ്രമുഖ ഭൗതിക ശാസ്ത്രജ്ഞനിൽ നിന്നും റിഫ്‌കിന് അമ്പത് വാക്കുകളടങ്ങിയ ശക്തമായ പ്രതികരണമാണ് ലഭിച്ചത്:

പ്രിയപ്പെട്ട സാർ,
ഫലസ്തീനിൽ നാം നേരിടാനിരിക്കുന്ന അന്തിമ പതനത്തിന്റെ ഉത്തരവാദിത്വം ആദ്യമായി ബ്രിട്ടനും രണ്ടാമതായി നമ്മിൽ തന്നെയുള്ള ഉന്നതർ ഉണ്ടാക്കിയെടുത്ത ഭീകര സംഘടനകൾക്കുമായിരിക്കും. വഴിപിഴച്ചവരും കുറ്റവാളികളുമായ ആളുകളിൽ നിന്നോ അവരുമായി ബന്ധപ്പെട്ടവരിൽ നിന്നോ ഒരാളെയും കാണാൻ ഞാൻ തയ്യാറല്ല.

വിശ്വസ്തതയോടെ,
ആൽബർട്ട് ഐൻസ്റ്റീൻ

കത്ത് വീണ്ടും പരസ്യമാക്കപ്പെട്ടപ്പോൾ അതിനെ ആധികാരികമായ ഒന്നാക്കി മാറ്റുകയും ലേലത്തിൽ വിൽക്കുകയും ചെയ്തു. ഐൻസ്റ്റീൻ എഴുതിയ ഏറ്റവും ഭയാനകമായ സയണിസ്റ്റ് വിരുദ്ധ രേഖകളിലൊന്നായിരുന്നു ഇത്. ഐൻസ്റ്റീൻ 1929ൽ മാഞ്ചസ്റ്റർ ഗാർഡിയന് അയച്ച കത്തിനേക്കാളും സ്വരംകൊണ്ടും ഉള്ളടക്കം കൊണ്ടും ഗൗരവതരമായ കത്താണിത്.

1923ൽ പന്ത്രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഫലസ്തീനിലെത്തിയ ഐൻസ്റ്റീൻ ജറുസലേമിലെ ഹീബ്രൂ സർവകാശാലയിൽ നടത്തിയ പ്രസംഗങ്ങളാണ് ഫലസ്തീനുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ വീക്ഷണങ്ങളെ പുനർനിർമ്മിച്ചത്. ആ വിശുദ്ധ ദേശത്തേക്കുള്ള അദ്ദേഹത്തിന്റെ ആദ്യത്തെയും അവസാനത്തെയും സന്ദർശനമായിരുന്നുവത്‌.

ആജീവനാന്ത സമാധാനവാദിയെന്ന നിലയിൽ, ഭൂഖണ്ഡത്തിലുടനീളമുള്ള എല്ലാ രാജ്യങ്ങളുടെയും രാഷ്ട്രീയ സംഘടനകൾ വഴി യൂറോപ്പിൽ സമാധാനം ആവശ്യപ്പെടുന്നതിനായി “യൂറോപ്യന്മാർക്കൊരു മാനിഫെസ്റ്റോ” എഴുതിയപ്പോൾ ആഗോള സമാധാനത്തിനായിരുന്നു അദ്ദേഹം ഊന്നൽ നൽകിയത്. തോക്കും ഡൈനാമൈറ്റും അടക്കം ഫലസ്തീനികളുടെ ചുടുചോരയിൽ നിർമ്മിച്ചെടുത്ത ഇസ്രായേൽ ഭീകര രാഷ്ട്രത്തെ അദ്ദേഹം ഒരിക്കൽ പോലും സന്ദർശിച്ചിട്ടില്ലെന്നതിൽ അതിശയിക്കാനൊന്നുമില്ല.

നോബൽ സമ്മാന ജേതാവായ ഐൻ‌സ്റ്റൈൻ യഹൂദ ഭീകരതയെ പരസ്യമായി അപലപിച്ചതിനുശേഷവും ധാരാളം “ദൈർ യാസീനുകൾ” ഉണ്ടായിട്ടുണ്ട്. ഇന്ന്, നിരായുധരായ സിവിലിയൻ ജനതയ്‌ക്കെതിരായ ബെഞ്ചമിൻ നെതന്യാഹുവിന്റെ ഏറ്റവും പുതിയ ക്രൂരമായ സൈനിക ആക്രമണത്തിൽ ഗാസ ഇപ്പോഴും നീറിക്കൊണ്ടിരിക്കുകയാണ്. സയണിസ്റ്റ് രാഷ്ട്രത്തിന്റെ ഭാവി അത്ര സുസ്ഥിരമാണെന്ന് തോന്നുന്നില്ല. കാരണം, ഇസ്രായേലിലെ എല്ലാ നേതാക്കളുടെയും രാഷ്ട്രീയ ജീവിതം തീർത്തും പരാജിതമാണ്, നെതന്യാഹുവിനെ പോലെത്തന്നെ. മാത്രമല്ല, ഗവൺമെന്റുകളുടെ തുടർച്ചയായ പതനവും യുദ്ധവും ദുരന്തങ്ങളും മൂലം ഉണ്ടാകുന്ന അക്രമങ്ങളുടെ വർദ്ധനവുമെല്ലാം സാമൂഹിക തകർച്ച അനിവാര്യമാക്കുമെന്നതിൽ സംശയമില്ല.

രണ്ടു വർഷത്തിനിടെ നാലു പൊതു തെരഞ്ഞെടുപ്പുകളാണ് അവർ നടത്തിയത്. എന്നിട്ടും സുസ്ഥിരമായൊരു ഗവൺമെന്റിനെ സ്ഥാപിക്കാൻ അവർക്കായിട്ടില്ല. ഫലസ്തീൻ ഭീകരവാദികളിൽ നിന്നും ഇസ്രായേലിനെ പ്രതിരോധിക്കാൻ താൻ വേണമെന്ന തോന്നൽ ജനങ്ങളിൽ സൃഷ്ടിക്കുക എന്നത് മാത്രമായിരുന്നു അധികാരത്തിൽ അള്ളിപ്പിടിച്ചിരിക്കാൻ നെത്യാഹുവിന് ഉണ്ടായിരുന്ന ഏക മാർഗം. ഇസ്രായേൽ എന്നത് ഒരു ജനാധിപത്യ രാജ്യമാണെന്ന വാദത്തിന് വിരുദ്ധമായി ജൂത രാഷ്ട്ര നിയമം പാസാക്കിയത് ഇദ്ദേഹം തന്നെയായിരുന്നു.

അതിനാൽ, ലോകമെമ്പാടുമുള്ള വർദ്ധിച്ചുവരുന്ന ജൂതന്മാർ ഹെറൂത്തിന്റെ “നാസി, ഫാസിസ്റ്റ്” രാഷ്ട്രീയ തത്ത്വചിന്തയെ വെറുക്കുന്നുവെന്നതിൽ അതിശയിക്കാനില്ല. സമാനമായ സ്വഭാവം ലിക്കുഡിലൂടെയും മറ്റു തീവ്ര വലതുപക്ഷ പാർട്ടികളിലൂടെയും പുനർജ്ജനിക്കപ്പെടുന്നുവെന്ന വസ്തുത കാണാതിരിക്കാനാകില്ല.

എന്നിട്ടുപോലും, വലതുപക്ഷ തീവ്രവാദം മുഖ്യധാരാ ഇസ്രായേൽ സമൂഹത്തെ മൊത്തത്തിൽ വലയം ചെയ്യാനിരിക്കുകയാണെന്ന് മതവിശ്വാസികളിൽ പെട്ട ഒരാളും ഭയപ്പെടുന്നില്ലെന്നതാണ് സത്യം. വിശ്വ പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞനായ ആൽബർട്ട് ഐൻസ്റ്റീന്‌ ആയുധത്തിന്മേലും രക്തത്തിന്മേലും പണിതുയർത്തുന്ന അധാർമ്മിക രാഷ്ട്രമാണ് ഇസ്രായേൽ എന്ന് പൂർണ ബോധ്യമുണ്ടായിരുന്നു. അത് ഉറക്കെപ്പറയാൻ അദ്ദേഹത്തെ നിർബന്ധിച്ചിടത്താണ് ഇസ്രായേൽ പരാജയപ്പെട്ടത്.

വിവ: മുഹമ്മദ് അഹ്സൻ പുല്ലൂർ

Related Articles