Current Date

Search
Close this search box.
Search
Close this search box.

പ്രസിഡന്റ് ബൈഡൻ നമ്മുടെ അടുത്തുണ്ട് …നമ്മുടെ അടുത്തില്ല!

മേൽ കൊടുത്ത തലക്കെട്ട് വിചിത്രമായി തോന്നിയേക്കാം. പക്ഷെ സത്യമെന്താണെന്ന് വ്യക്തമാകാൻ അത് ഉതകും. പശ്ചിമേഷ്യയിലെ മൂന്ന് കേന്ദ്രങ്ങളിലാണല്ലോ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ സന്ദർശനം നടത്തിയത്. അതൊന്ന് താരതമ്യം ചെയ്താൽ കാര്യങ്ങൾ കൂടുതൽ വ്യക്തമാവും.

ഏതൊരു അമേരിക്കൻ പ്രസിഡന്റ് പശ്ചിമേഷ്യൻ സന്ദർശനം നടത്തുമ്പോഴും ആദ്യ സ്റ്റേഷൻ, പറയേണ്ടല്ലോ, അത് ഇസ്രായേൽ ആയിരിക്കും. അവിടെ നിന്നേ തുടങ്ങൂ. ആദ്യ ലക്ഷ്യവും അവസാന ലക്ഷ്യവും അത് തന്നെ. ഇപ്പോൾ അമേരിക്കൻ പ്രസിഡന്റ് ബൈഡന് സ്വന്തം നാട്ടിൽ മോശം കാലമാണ്. തന്റെ ജനസമ്മതി ഇടിഞ്ഞു വരുന്നു. അമേരിക്കൻ തെരഞ്ഞെടുപ്പിന്റെ സർവ മേഖലകളിലും ആധിപത്യം പുലർത്തുന്ന ജൂത ലോബിയുടെ സഹായം വളരെ അത്യാവശ്യമായ സന്ദർഭം. ഇറാനുമായുള്ള ആണവ ചർച്ചയിൽ ഇസ്രയേലിന് ബൈഡനോട് മുറുമുറുപ്പുണ്ടെന്നത് വേറെ കാര്യം. പരസ്പരം ഒരു ആശ്വസിപ്പിക്കൽ ഇരു കൂട്ടർക്കും ഇപ്പോൾ അത്യാവശ്യമാണ്. അമേരിക്കയുടെ സ്ട്രാറ്റജിക്ക് കണ്ണിലൂടെ നോക്കിയാൽ അതിന്റെ കേന്ദ്ര സ്ഥാനത്തുള്ളത് ഇസ്രയേലാണ്. ‘അബ്രഹാം’ കരാറിലൂടെ ഇസ്രായേലിനെ കേന്ദ്ര സ്ഥാനത്ത് എത്തിക്കുകയും നിലവിലെ രാഷ്ട്രീയ ബലതന്ത്രം മാറ്റിമറിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ആ കരാറിൽ സുപ്രധാന കക്ഷിയായ സഊദി അറേബ്യ ഉണ്ടായിരുന്നില്ല. മേഖലാ തലത്തിലും അന്താരാഷ്ട്ര തലത്തിലും ആ രാഷ്ട്രത്തിന്റെ സ്ഥാനവും കഴിവുകളും വിലമതിക്കപ്പെടുന്നുമുണ്ടല്ലോ.

ബൈഡൻ സന്ദർശനത്തിന്റെ രണ്ടാമത്തെ സ്റ്റേഷൻ ഫലസ്തീനിലെ ബൈത് ലഹം ( ബെത് ലഹേം ) ആണ്. മറ്റു സ്റ്റേഷനുകളെ അപേക്ഷിച്ച് ഏറ്റവും അടുത്തതും എളുപ്പമുള്ളതും ചെലവ് കുറഞ്ഞതുമായ സ്റ്റേഷൻ. ഒന്നാമത്തെ സ്റ്റേഷനായ ഇസ്രയേലിനെ അപേക്ഷിച്ച് ഇവിടെ കാര്യമായി ഒന്നും ചെയ്യാനില്ല. ഡമോക്രാറ്റുകളുടെ ഭരണകൂടം സാധാരണ ഫലസ്തീനികൾക്ക് ഒരു പാട് വാഗ്ദാനങ്ങൾ നൽകുകയാണ് ചെയ്യുക. ഒന്നും പാലിക്കില്ല. കഴിഞ്ഞ ട്രമ്പ് ഭരണകൂടം ഫലസ്തീൻ അതോറിറ്റിയുമായി ബന്ധങ്ങൾ തന്നെ വിച്ഛേദിച്ച സ്ഥിതിക്ക് ബൈഡൻ സന്ദർശിക്കാൻ വരുന്നു എന്നത് തന്നെ ആഘോഷിക്കാൻ വക നൽകുന്നുണ്ടാവും. ഇരു രാഷ്ട്ര തിയറിയാണ് പരിഹാരം, അധിനിവിഷ്ട പ്രദേശങ്ങളിൽ കുടിയേറ്റ പാർപ്പിട പദ്ധതി ശരിയല്ല എന്നൊക്കെ ഡമോക്രാറ്റുകൾ പറയുമെങ്കിലും ഇക്കാര്യങ്ങൾക്ക് വേണ്ടി അവർ യാതൊന്നും ചെയ്യില്ല. പകരം ചില സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിക്കും. ഫലസ്തീനികൾക്ക് ആ ധനസഹായം അത്യാവശ്യമാണെന്നത് ശരി തന്നെ. പക്ഷെ, രാഷ്ട്രീയ തലത്തിൽ ചെറിയ അളവിൽ പോലും ഇതവർക്ക് സഹായകമാകുന്നില്ല. സുഖിപ്പിക്കലും ഉപചാരവുമായേ ഇതിനെ കാണേണ്ടതുള്ളൂ. ഒന്നും മൂന്നും സ്റ്റേഷനുകൾ തമ്മിൽ താരതമ്യം ചെയ്യുമ്പോൾ ഈ നിഗമനത്തിലേ നാമെത്തൂ.

ഈ യാത്രയിൽ പിന്നെ വളരെ പ്രാധാന്യമുള്ളത് മൂന്നാമത്തേതായ ജിദ്ദ സ്റ്റേഷന്നാണ്. അവിടെ വേണ്ടപ്പെട്ടവർ പലരും ഒത്തുകൂടുന്നുണ്ട്. അറബ് മേഖലയിലെ ‘മിത നിലപാടുകാർ’ ആണ് ഒത്തുചേരുന്നത്. തങ്ങളുടെ നിലപാടുകൾ അവതരിപ്പിക്കാനായി ഭക്ഷണമേശയിൽ ബൈഡനോടൊപ്പം ഇരിക്കുന്നവരിൽ എല്ലാ ഗൾഫ് രാഷ്ട്രങ്ങളുമുണ്ട്. റഷ്യ – യുക്രെയ്ൻ യുദ്ധത്തോടെ അവരുടെ സ്ഥാനവും പൊട്ടൻഷ്യലും വളരെയേറെ മർമപ്രധാനമായിരിക്കുകയാണ്. പിന്നെയുളളത് ഈജിപ്ത്. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുകയാണെങ്കിലും മേഖലയിലെ അതിന്റെ അച്ചുതണ്ടു സ്ഥാനം നിരാകരിക്കാനാവുകയില്ല. ജിദ്ദയിൽ ബൈഡനുമായുള്ള ചർച്ചയിൽ ജോർഡാനും ഇറാഖും കൂടി പങ്ക് കൊള്ളുന്നുണ്ട്. പല തലങ്ങളിൽ സ്ട്രാറ്റജിക്ക് പ്രധാനമായവയാണ് ഇരു രാഷ്ട്രങ്ങളും. ഈ അറേബ്യൻ ക്ളബ്ബിലേക്ക് ഇസ്രായേലിനെ കൂടി ചേർക്കാനാണ് ബൈഡന്റെ ശ്രമം ; ഈ യാത്രയിൽ തന്നെ അതിന് കഴിഞ്ഞു കൊള്ളണമെന്നില്ലെങ്കിലും.

അത് കൊണ്ടാണ് ഞാൻ ഈ കുറിപ്പിന് ഇങ്ങനെയൊരു തലക്കെട്ട് കൊടുത്തത്. ബൈഡൻ ഫലസ്തീനിൽ വരികയും ഫലസ്തീൻ അഥോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെ സന്ദർശിക്കുകയുമൊക്കെ ചെയ്തു. പക്ഷെ ഞങ്ങളുടെ, ഫലസ്തീനികളുടെ ഏറ്റവും സുപ്രധാനമായ പൊളിറ്റക്കൽ ഫയൽ അദ്ദേഹം സ്പർശിക്കുക പോലുമുണ്ടായില്ല. അതിനാൽ അദ്ദേഹം ഞങ്ങളെ സന്ദർശിച്ചിട്ടുമില്ല. കുറച്ച് സുഖിപ്പിക്കുന്ന വർത്തമാനങ്ങൾ പറഞ്ഞ്, ഞങ്ങളുടെ പോക്കറ്റിലേക്ക് കുറച്ച് കാശുമിട്ട് തന്ന്, നാട് കണ്ട് അദ്ദേഹം അങ്ങ് പോയി എന്നു മാത്രം.

വിവ : അശ്റഫ് കീഴുപറമ്പ്
( ഫലസ്തീൻ അഥോറിറ്റി മുൻ വാർത്താ വിനിമയ വകുപ്പ് മന്ത്രിയാണ് ലേഖകൻ. )

Related Articles