Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീൻ, ഒരുമയോടെ പോരാടേണ്ട സമയമാണിത്

ഇസ്രായേൽ ഒരു പുതിയ മതഭ്രാന്ത ഗവർമെന്റിനെ വരവേറ്റിരിക്കുകയാണല്ലോ. ഫലസ്തീനിനെ ഇസ്രായേൽ പലരൂപത്തിലും പരീക്ഷിക്കുന്ന ഈ സന്ദർഭത്തിൽ എങ്ങനെ പ്രതികരിക്കുന്നു എന്നത് ഫലസ്തീനിന്റെയും ഇസ്രായേലിന്റെയും മുഴുവൻ മിഡിൽ ഈസ്റ്റിന്റെയും ഭാവിയിൽ നിർണ്ണായക സ്വാധീനം ചെലുത്തുന്നതാണ്.

അധികാരത്തിലുണ്ടായിരുന്ന മത സയണിസ്റ്റ്, തീവ്ര വലതുപക്ഷ പാർട്ടികളുടെ സഖ്യം ഫലസ്തീൻ രാഷ്ട്രപദവിയെ നിരാകരിക്കുകയും ചരിത്രപരമായ ഫലസ്തീന്റെ സർവ്വവും അവർ അവകാശപ്പെടുകയുമാണ് ചെയ്തത്. വരാനിരിക്കുന്ന ഫലസ്തീൻ രാഷ്ട്രത്തിന്റെ നട്ടെല്ലായ അധിനിവേശ വെസ്റ്റ് ബാങ്കിന്റെ ഭൂരിഭാഗവും കൂട്ടിച്ചേർക്കാൻ തയ്യാറെടുക്കുമ്പോൾ അത് മുൻകാല കരാറുകളെ ചവിട്ടിമെതിക്കുന്ന നിലപാടാണ്.

ഇസ്രായേൽ മുൻ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിർ കഴിഞ്ഞ മാസം അവസാനം അൽ-അഖ്‌സ മസ്ജിദ് കോമ്പൗണ്ടിൽ പ്രവേശിച്ച് നടത്തിയ പ്രകോപനം ആശങ്കാജനകമാണ്. അക്രമാസക്തരായ ഇസ്രായേൽ ഗവർമെന്റിന്റെ നിരന്തരമായ അക്രമണ, പ്രകോപനങ്ങളടക്കമുള്ള ഭീഷണിയുടെ തുടക്കം മാത്രമാണത്.

എന്നാൽ ഇവ്വിഷയികമായ ഫലസ്തീൻ പ്രതികരണം അത്ര മികച്ചതല്ല. രാഷ്ട്രീയമായി വിഭജിക്കപ്പെട്ട, നയതന്ത്രപരമായി ഒറ്റപ്പെട്ട, ജനപ്രീതിയില്ലാത്ത പലസ്തീനിയൻ നേതാക്കൾ ആ പഴയ നിരർത്ഥകമുദ്രാവാക്യങ്ങളും ബാലിശമായ കരുനീക്കങ്ങളുമാണ് അവലംബിച്ചത്. ആസന്നമായ ഭീഷണിയെ തരണം ചെയ്യാനോ വെല്ലുവിളി നേരിടാനോ തയ്യാറല്ലെന്ന് തെളിയിക്കുകയായിരുന്നു അവർ.

ഫലസ്തീനിൽ അധിനിവേഷം നടത്തി ഇസ്രായേൽ മിഡിൽ ഈസ്റ്റിലെ ഏറ്റവും ശക്തവും ലോകത്തിലെ ഏറ്റവും സമ്പന്നവുമായ രാജ്യമായി മാറുമ്പോൾ “വർണ്ണവിവേചനത്തിന്റെ അന്ത്യം” അല്ലെങ്കിൽ “സയണിസ്റ്റ് ഭരണകൂടത്തിന്റെ തകർച്ച”യെക്കുറിച്ചുള്ള പലസ്തീൻ വക്താക്കളുടെ സംസാരങ്ങൾ വേദനാജനകമാണ്. മറുവശത്ത് ദരിദ്രരും പരാജിതരും തകർന്നുകൊണ്ടിരിക്കുന്നതുമായി ഫലസ്തീൻ മാറിക്കൊണ്ടിരിക്കുകയാണ്.

ഏഴ് പതിറ്റാണ്ടിലേറെ നീണ്ട കൈയേറ്റവും അഞ്ച് പതിറ്റാണ്ട് നീണ്ട അധിനിവേശവും മൂന്ന് പതിറ്റാണ്ട് നീണ്ട സുദീർഘചർച്ചകൾക്കും ശേഷം, തങ്ങളുടെ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും കേവലം മോഹങ്ങളും രാഷ്ട്രീയ സങ്കൽപ്പങ്ങളുമായി ചുരുങ്ങുകയാണ് ഫലസ്തീനികൾ. എന്നാൽ അവർ ഇതിലപ്പുറം പലതും അർഹിക്കുന്നവരാണ്. അതിപ്രധാനമായി ഇസ്രായേലിന്റെ ധിക്കാരവും പാശ്ചാത്യ നിസ്സംഗതയും അറബ് ലോകത്തിന്റെ അവഗണനയും നേരിടാൻ തയ്യാറുള്ള യോഗ്യതയും ഉത്തരവാദിത്തബോധവുമുള്ള ഏകീകൃതമായ ഒരു നേതൃത്വത്തെയാണ് അവർ പ്രധാനമായും അർഹിക്കുന്നത്.

എന്നാൽ, ഐക്യരാഷ്ട്രത്തിന് പകരം വയ്ക്കാൻ യുഎൻ ഒന്നുമല്ലെന്നും അന്താരാഷ്ട്ര നിയമങ്ങൾ അന്താരാഷ്ട്ര നടപടികളുടെ പര്യായമല്ലെന്നും അന്താരാഷ്ട്ര സഖ്യങ്ങൾ ദേശീയ ബന്ധങ്ങൾക്ക് പകരമല്ലെന്നും ഫലസ്തീൻ നേതാക്കൾ എത്രയും വേഗം തിരിച്ചറിയുന്നുവോ അത്രയും വേഗത്തിൽ ഇസ്രായേൽ വിക്ഷോഭത്തെ നേരിടാൻ അവർക്ക് കഴിയും.

തിരുത്തലുകൾക്ക് തയ്യാറായ, തങ്ങളുടെ ശ്രമങ്ങളെ ഒരുമിപ്പിക്കുന്ന രീതിയിൽ ഫലസ്തീനികൾ തങ്ങളുടെ ഭൂമിയിൽ ഒരു യഥാർത്ഥ മാറ്റം സൃഷ്ടിക്കാത്ത പക്ഷം അന്താരാഷ്ട്ര സമൂഹം അവരുടെ അഭ്യർത്ഥനകളോടുള്ള അനാസ്ഥ തുടർന്ന്കൊണ്ടേയിരിക്കും.

വെസ്റ്റ്ബാങ്ക് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഫതഹ് നേതൃത്വവും ഗാസ ആസ്ഥാനമാക്കിയ ഹമാസ് നേതൃത്വവും തങ്ങളുടെ അധികാര പോരാട്ടത്തിന് മുന്നിൽ ദേശീയ പോരാട്ടത്തെ ബലികഴിക്കുന്നത് അവസാനിപ്പിക്കണം. തങ്ങളുടെ വിഭാഗീയ സംഘർഷം സ്വാതന്ത്ര്യത്തിനായുള്ള ജനകീയ സമരത്തെ സ്തംഭിപ്പിക്കുകയാണെന്നും ദേശീയ വിമോചനത്തിന് ദേശീയ ഐക്യം അനിവാര്യമാണെന്നും ഇരുവിഭാഗവും പ്രാഥമികമായി തിരിച്ചറിയണം. രണ്ട് വിഭാഗത്തിന്റെയും പരസ്പരമത്സരം വെസ്റ്റ് ബാങ്കിലെയും ഗാസ മുനമ്പിലെയും തുറന്ന ജയിലുകളുടെ മേൽനോട്ടത്തിലായിരിക്കരുത്. മറിച്ച്, ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശം പൂർണ്ണമായും അവസാനിപ്പിച്ചതിനു ശേഷമായിരിക്കണം.

2006-ലെ സംഘർഷം അവസാനിപ്പിക്കാൻ ഫതഹും ഹമാസും മറ്റ് വിഭാഗങ്ങളും വിവിധ ലോക തലസ്ഥാനങ്ങളിൽ യോഗം ചേർന്നിട്ട് ഇപ്പോൾ ഒരു പതിറ്റാണ്ടിലേറെയായി. ഒരു യഥാർത്ഥ ദേശീയ ഐക്യത്തിന് വഴിയൊരുക്കുന്ന വിവിധ കരാറുകളിൽ അവർ അടുത്തിടെ അൾജിയേഴ്സിൽ കൂടിയിരുന്നെങ്കിലും അതിന്റെ പ്രയോജനം എത്രത്തോളമുണ്ടാവുമെന്ന് പറയാൻ കഴിയില്ല. തങ്ങളുടെ വ്യക്തിപരവും വിഭാഗീയവും പ്രത്യയശാസ്ത്രപരവുമായ അഭിപ്രായാന്തരങ്ങൾ ഇസ്രായേൽ അധിനിവേശത്തിനെതിരായ അവരുടെ പൊതു പോരാട്ടത്തിന് മങ്ങലേൽപ്പിക്കുന്നതാണ്. വൈരുദ്ധ്യമുള്ള പ്രാദേശിക, അന്തർദേശീയ അജണ്ടകൾ പിന്തുടരുന്നത് അവരുടെ സുഹൃത്തുക്കളെ ആശയക്കുഴപ്പത്തിലാക്കുകയും ശത്രുക്കൾക്ക് ആശ്വാസമാവുകയുമാണ് ചെയ്തത്.

പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് വാഷിംഗ്ടണിനോട്‌ അടിമപ്പെട്ടതിന്റെയും പിന്നീട് മോസ്‌കോയിൽ രക്ഷ തേടിയതിന്റെയും പേരിൽ വിലപിക്കാനും ആശ്വാസത്തിനും വീണ്ടെടുപ്പിനുമായുള്ള ഹമാസിന്റെ ഡമാസ്കസിലെയും ടെഹ്‌റാനിലെയും ശ്രമങ്ങൾ വിനാശകരമാവാനും സാധ്യതയുണ്ട്.
അത്തരം ബന്ധങ്ങൾ പിന്തുടരുന്നത് ഫലസ്തീൻ സമരത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ മൂല്യത്തിന് അവരാവശ്യപ്പെടുന്ന നീതിക്ക് തുരങ്കം വയ്ക്കുന്നതാണ്. രക്തരൂക്ഷിതരായ തെമ്മാടികളും വിദ്വേഷികളും ഒരിക്കലും ഒരു നല്ല രക്ഷകരെ സൃഷ്ടിക്കുകയില്ല എന്നത് തീർച്ചയാണ്.

നയതന്ത്രത്തിന്റെ മുൻവ്യവസ്ഥയായി ഫലസ്തീനികൾ കീഴടങ്ങണമെന്ന് ഇസ്രായേൽ ആവശ്യപ്പെടുന്ന സാഹചര്യത്തിൽ ഇരുപക്ഷവും സംഘട്ടനത്തോടുള്ള അവരുടെ വിപരീത സമീപനങ്ങളെ മറികടക്കേണ്ടതുണ്ട്. 2006 മുതൽ അബ്ബാസും ഹമാസ് നേതാക്കളും ദുർബലരായ സ്വേച്ഛാധിപതികളെപ്പോലെ ഭരിക്കുകയും വിദേശ ശക്തികളെ അമിതമായി ആശ്രയിക്കുകയും ചെയ്യുന്നുണ്ട്. മാറ്റം അനിവാര്യമായ സന്ദർഭമാണിത്. എന്നാൽ, അധിനിവേശത്തിൻ കീഴിലുള്ള മറ്റൊരു വിഭജനത്തിന് ഫലസ്തീനികളെ കീഴ്പ്പെടുത്തിക്കൊണ്ടല്ല. പകരം, ജനകീയ വോട്ടിലൂടെ അവരുടെ ഐക്യം ഉറപ്പിച്ചും ശക്തിപ്പെടുത്തിയുമാണ് ഈ മാറ്റമുണ്ടാവേണ്ടത്.

ബഹുഭൂരിപക്ഷം ഫലസ്തീനികൾ അത്തരമൊരു ഏകീകൃത അജണ്ടയെ പിന്തുണച്ചുകഴിഞ്ഞാൽ, ഇസ്രായേൽ അടക്കമുള്ള ഒരു പ്രാദേശിക, അന്താരാഷ്ട്ര ശക്തിക്കും ഫലസ്തീനികളെ തങ്ങളുടെ വിദ്വേഷപ്രവർത്തനങ്ങളിലൂടെ വിഭജിക്കാനോ ആക്രമണം നടത്താനോ കഴിയില്ല. ദേശീയ നേതാക്കൾക്ക് ഐക്യത്തോടെ അവരുടെ ലക്ഷ്യത്തിനായി പോരാടാനുള്ള ഫലസ്തീനികളുടെ സന്നദ്ധതയും കഴിവും ഫലസ്തീനോടുള്ള ആവേശവും ഇസ്രായേലിനെതിരായ എതിർപ്പും അതിശക്തമായ അറബ് പിന്തുണയും അടയാളപ്പെടുത്താൻ കഴിയും. ഇത് ഫലസ്തീനെതിരെയുള്ള വിശുദ്ധയുദ്ധത്തിൽ നിന്ന് ഇസ്രായേൽ മതഭ്രാന്തന്മാരെ പിന്തിരിപ്പിക്കുകയും ചെയ്യും.

ഐക്യത്തോടെ, ഫലസ്തീനികൾ പുനരുജ്ജീവിപ്പിക്കപ്പെടുകയും ഇസ്രായേൽ ഭരിക്കുന്ന മതഭ്രാന്തന്മാർക്കെതിരെ നിലകൊള്ളാൻ കൂടുതൽ അനുയോജ്യരാക്കുകയും ചെയ്യും. PLO യെ അംഗീകരിക്കാനും ചർച്ച ചെയ്യാനും ഇസ്രായേലിനെയും അമേരിക്കയെയും നിർബന്ധിച്ചത് ആദ്യത്തെ പലസ്തീൻ ഇൻതിഫാദയിലെ പലസ്തീൻ ഐക്യമാണെന്നും രണ്ടാം ഇൻതിഫാദയിലെ അവരുടെ ഐക്യമാണ് സൈദ്ധാന്തികമായിട്ടെങ്കിലും ദ്വിരാഷ്ട്ര പരിഹാരം സ്വീകരിക്കാൻ അവരെ നിർബന്ധിതരാക്കിയതെന്നും നാം മറക്കരുത്.

ഐക്യത്തോടെ, അവർക്ക് ഇസ്രായേലിനുള്ളിൽ ഫലസ്തീനികൾക്കായി പാലങ്ങൾ നിർമ്മിക്കാനും, ഫാസിസത്തെ എതിർക്കുകയും ഇസ്രായേലിലെയും ഫലസ്തീനിലെയും സ്വാതന്ത്ര്യത്തെയും നീതിയെയും പിന്തുണയ്ക്കുകയും ചെയ്യുന്ന ജൂതന്മാരിലേക്കും മറ്റു ഇസ്രായേലികളിലേക്കും എത്തിച്ചേരാൻ സാധിക്കും.

പുതിയ ഇസ്രയേലി ഗവൺമെന്റ് തങ്ങളുടെ പിന്തുണക്കാരായ അമേരിക്കയുടെയും മറ്റ് പാശ്ചാത്യരാജ്യങ്ങളുടെയും കനത്ത പരിശോധനയെ അഭിമുഖീകരിക്കുന്നതിനാൽ അന്താരാഷ്ട്ര പിന്തുണ നേടാൻ ഫലസ്തീന് ഇപ്പോൾ നല്ല അവസരമുണ്ട്. ചുരുക്കത്തിൽ, ദേശീയ ഐക്യം ഫലസ്തീനിൽ ഇപ്പോൾ അനിവാര്യമാണ്. ഐക്യമുള്ളിടത്തെല്ലാം വിജയം സുനിശ്ചിതമാണ്.

മൊഴിമാറ്റം: മുജ്തബ മുഹമ്മദ്‌

???? To Join Whatsapp Group ????: https://chat.whatsapp.com/BxliWKickAyDu0ikv75WY5

Related Articles