Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീനിൽ ജീവിതം ചെറുത്തുനിൽപ്പാകുന്നു

മസ്ജിദുൽ അഖ്സയിൽ എത്തുന്നതും അവിടെ വെച്ച് നമസ്കരിക്കുന്നതും എങ്ങനെയാണ് ഒരു ചെറുത്തു നിൽപ്പ് പ്രവൃത്തിയാകുന്നത്? തരുണ പ്രായത്തിലുള്ള ചെറുപ്പക്കാർ തീ തുപ്പുന്ന തോക്കുകളെ മറികടന്ന്, പരിക്കേൽക്കാനോ പിടിക്കപ്പെടാനോ ചിലപ്പോൾ രക്തസാക്ഷിയാകാനോ ഉള്ള സാധ്യതകൾ മുന്നിൽ കണ്ട്, എട്ട് മീറ്റർ ഉയരത്തിൽ കെട്ടിപ്പൊക്കിയ വർണ്ണവെറിയൻ മതിൽക്കെട്ട് ചാടിക്കടന്ന് റമദാൻ മാസത്തിൽ മസ്ജിദുൽ അഖ്സയിൽ നമസ്കാരത്തിനെത്തുന്നുണ്ടെങ്കിൽ അതിന്റെ പിന്നിലെ ചേതോവികാരം എന്തായിരിക്കും? ഓരോ ഗ്രാമത്തിലും നഗരത്തിലും നൂറു കണക്കിന്, അല്ല ആയിരക്കണക്കിന് ചെറുപ്പക്കാർ ഏത് നിമിഷവും തങ്ങൾ രക്തസാക്ഷികളായേക്കാം എന്നുറപ്പിച്ച് തന്നെ തങ്ങളുടെ ഗ്രാമത്തെ അല്ലെങ്കിൽ നഗരത്തെ തകർത്തെറിയാൻ വരുന്ന സയണിസ്റ്റ് പടയെ എതിരിടുന്നത് എന്ത് കൊണ്ടാണ് ? ആയുധസജ്ജരായി കാത്തിരിക്കുന്ന സയണിസ്റ്റ് കുടിയേറ്റ പടക്കെതിരെ ആയുധങ്ങളില്ലാതെ വിരിമാറ് കാട്ടി ഇൻതിഫാദയിൽ അണിചേരാൻ ആയിരങ്ങളെ പ്രേരിപ്പിക്കുന്നത് എന്താണ്?

വെള്ളമോ വൈദ്യുതിയോ തൊഴിലവസരമോ ഇല്ലാതെ കഷ്ടപ്പെടുന്ന ഗസ്സ നിവാസികൾ എന്ത് കൊണ്ടാണ് ഒന്നിന് പിറകെ മറ്റൊന്നായി അധിനിവേശ സൈന്യത്തിനെതിരെ വിജയങ്ങൾ കൊയ്തു കൊണ്ടിരിക്കുന്നത്? (ലോകത്തിലെ തന്നെ ഏറ്റവും വികസിത ടെക്നോളജി ഉപയോഗിച്ച് ഇരമ്പിപ്പാറുന്ന വിമാനങ്ങളിൽ നിന്ന് രക്ഷനേടാൻ തങ്ങൾ താമസിക്കുന്ന നഗരത്തിന് കീഴെ മറ്റൊരു അണ്ടർ ഗ്രൗണ്ട് നഗരം തന്നെ അവർ ചിലപ്പോൾ പണിത് വെച്ചിട്ടുണ്ടാകും). കടുത്ത വംശീയ വിവേചനത്തിനും ആട്ടിപ്പായിക്കലിനും വിധേയരാകുന്ന ഫലസ്തീനികൾ താമസിക്കുന്ന, ‘ജീം’ എന്ന് അടയാളപ്പെടുത്തപ്പെട്ട വലിയ അപകടങ്ങൾ പതിയിരിക്കുന്ന മേഖലകളിലേക്ക് പീഡിതരെ സഹായിക്കാനും ശുശ്രൂഷിക്കാനുമായി എന്ത് കൊണ്ടാണ് ഡോക്ടർമാരും നഴ്സ്മാരും കൂട്ടത്തോടെ വന്നു കൊണ്ടിരിക്കുന്നത്? പെരുന്നാൾ വസ്ത്രങ്ങൾ വാങ്ങാൻ അങ്ങാടികളിലെത്തുന്ന കുട്ടികൾ എന്ത് കൊണ്ടാണ് ഫലസ്തീൻ ചെറുത്തു നിൽപ്പിന്റെ അടയാളങ്ങൾ തുന്നിച്ചേർത്ത വസ്ത്രങ്ങൾ തന്നെ തെരഞ്ഞെടുക്കുന്നത്?

ഈ ചോദ്യങ്ങൾക്ക് ഇസ്രയേൽ രഹസ്യാന്വേഷണ വിഭാഗത്തിനോ അവരുടെ പാശ്ചാത്യ കൂട്ടാളികൾക്കോ ഉത്തരമില്ല. പ്രക്ഷോഭം സംഘടിപ്പിക്കുന്നവരാരാണ്, പ്രേരണ നൽകുന്നവരാരാണ്, ‘ഭീകരൻമാർ’ ആരൊക്കെയാണ് എന്ന് നോക്കിയുള്ള അന്വേഷണമേ അവർക്ക് സാധ്യമാവൂ.

ഫലസ്തീനികളെ സംബന്ധിച്ചിടത്തോളം 1948 – ൽ അവർക്കെതിരെ തുടങ്ങിയ വംശീയ ഉന്മൂലന നീക്കങ്ങൾ 74 വർഷം പിന്നിട്ടിരിക്കുന്നു. അധിനിവേശത്തിന്റെ 55 വർഷവും. സമീപകാല ചരിത്രത്തിലെ ഏറ്റവും ദീർഘിച്ച അധിനിവേശമാണിത്. അപാർതീഡിന്റെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ വർണ്ണവെറിയാണ് സയണിസത്തിന്റെത്. എന്നിട്ടും ഫലസ്തീനികളുടെ മനോദാർഢ്യത്തെയും ഇഛാശക്തിയെയും തകർക്കാൻ ഇസ്രായേലിന് കഴിഞ്ഞില്ല. ഇസ്രായേൽ ഭരണ കർത്താക്കൾക്ക് മനസ്സിലാവാതെ പോയ ഒരു കാര്യമുണ്ട്. യഥാർഥത്തിൽ അവർ തന്നെയാണ് ഫലസ്തീൻ പ്രതിരോധ പ്രസ്ഥാനത്തെ ഇത്ര ശക്തമായി നിലനിർത്തുന്നത്. ഇനിയവരത് മനസ്സിലാക്കിയാലും അക്കാര്യം സമ്മതിച്ചു തരില്ല.

പോരാട്ടത്തിന്റെ പല ഘട്ടങ്ങളിലൂടെ കടന്നുവന്നവരാണ് ഫലസ്തീനികൾ. കുറെ കാലം ചർച്ചകളിലൂടെയും അന്താരാഷ്ട്ര മധ്യസ്ഥതയിലൂടെയും പ്രശ്ന പരിഹാരം സാധ്യമാവും എന്ന മിഥ്യാ ധാരണയിൽ അവർ ജീവിച്ചു. ഈ ദുരിത ജീവിതം എന്നെന്നും തുടരാൻ ആഗ്രഹിക്കാത്തത് കൊണ്ട് അവരിൽ വലിയൊരു വിഭാഗം ആ ചർച്ചകൾ ഫലപ്രദമാവുമെന്ന് വിശ്വസിച്ചു. ഓസ് ലോ കരാർ, ക്യാമ്പ് ഡേവിഡ് – അനാപൊലിസ് – റോഡ് മാപ്പ് – മിഡിലീസ്റ്റ് ക്വാർട്ടറ്റ് ചർച്ചകൾ …. ഇവയിൽ നിന്നെല്ലാം വ്യക്തമായ കാര്യം ഫലസ്തീനികൾക്ക് ഒന്നും വിട്ടു കൊടുക്കാൻ ഇസ്രയേൽ ഭരണകൂടങ്ങൾ തയ്യാറല്ല എന്നാണ്. അതിനാൽ ഫലസ്തീനികളിൽ, അവർ കുട്ടികളാവട്ടെ മുതിർന്നവരാവട്ടെ, ഒരു വിശ്വാസവും ബോധവും രൂഢമൂലമായിരിക്കുന്നു. അതായത്, ഈ വർണ്ണവെറിയൻ അധിനിവേശ ശക്തിയെ എന്ത് വില കൊടുത്തും ചെറുക്കുകയല്ലാതെ തങ്ങളുടെ മുമ്പിൽ മറ്റൊരു വഴിയില്ല. തങ്ങളെ സഹായിക്കുമെന്ന് കരുതിയിരുന്നവർ ഇസ്രായേലുമായി സൗഹൃദത്തിലായി ബന്ധങ്ങൾ സാധാരണ നിലയിലാക്കിയതൊന്നും അവരുടെ മനോവീര്യത്തെ കെടുത്തിയിട്ടില്ല. അവർ മറ്റുള്ളവരുടെ സഹായം കാക്കുന്നതിന് പകരം സ്വന്തം ശക്തിയിൽ വിശ്വാസമർപ്പിച്ച് മുന്നോട്ട് പോകുന്നു. അന്താരാഷ്ട്ര കാപട്യങ്ങളും യുക്രെയ്ൻ, ഫലസ്തീൻ പ്രശ്നങ്ങളിൽ സ്വീകരിക്കപ്പെടുന്ന സകല പരിധിയും ലംഘിച്ചുള്ള ഇരട്ടത്താപ്പുകളും, ‘നിനക്ക് നിന്റെ മേല് ചൊറിയാൻ നിന്റെ നഖത്തോളം പോന്ന മറ്റൊന്നുമില്ല’ (മാ ഹക്ക ജിൽദക മിസ് ലു ളുഫ് രിക) എന്ന ഇമാം ശാഫിഈയുടെ വചനത്തെ അന്വർഥമാക്കും വിധം സ്വന്തത്തെ ആശ്രയിക്കുന്ന തലത്തിൽ ഫലസ്തീനികൾ എത്തിച്ചേർന്നിരിക്കുന്നു.

കഴിഞ്ഞ ഏതാനും വർഷങ്ങളിൽ തറാവീഹ് നമസ്കാരത്തിന് മസ്ജിദുൽ അഖ്സയിൽ എത്തിച്ചേർന്നത് നൂറു കണക്കിന് പേർ മാത്രമായിരുന്നു. മാത്രവുമല്ല ആ വർഷങ്ങളിൽ ഇസ്രയേൽ ഉണ്ടാക്കി വെച്ച ബാരിക്കേഡുകൾ ഇക്കൊലത്തെയത്ര ശക്തവുമായിരുന്നില്ല. മറ്റു നിയന്ത്രണങ്ങളും കുറവായിരുന്നു. ഇപ്പോഴാകട്ടെ കനത്ത ഉപരോധമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വെസ്റ്റ് ബാങ്കിൽ 640 സൈനിക ബാരിക്കേഡുകൾ സ്ഥാപിച്ചിരിക്കുന്നു. പിന്നെ വർണ്ണവെറിയൻ മതിൽ, അറസ്റ്റ്, അടിച്ചോടിക്കൽ, മർദ്ദനം …. ഇതൊക്കെ അനവരതം തുടർന്നിട്ടും ലൈലത്തുൽ ഖദ്റിലെ നമസ്കാരങ്ങൾക്കായി കഴിഞ്ഞ റമദാനിൽ മസ്ജിദുൽ അഖ്സയിൽ എത്തിച്ചേർന്നവർ എത്രയെന്ന് അറിയേണ്ടേ ? രണ്ടര ലക്ഷം ! അധിനിവേശകർ കെട്ടിയുയർത്തിയ സകല ബാരിക്കേഡുകളും ചാടിക്കടന്നാണ് അവർ എത്തിയിരിക്കുന്നത്. കാരണം മാർഗതടസ്സങ്ങൾ മറികടന്നുകൊണ്ടുള്ള ഈ നമസ്കാരത്തിന് എത്തിച്ചേരൽ അതി ശക്തമായ ഒരു ചെറുത്തു നിൽപായി അവർ മനസ്സിലാക്കുന്നു.

ആശുപത്രിയിൽ ചെന്ന് ഞാൻ പരിക്കേറ്റ മൂന്ന് മുഖദ്ദസീങ്ങളെ (ബൈത്തുൽ മുഖദ്ദസിന് വേണ്ടി പൊരുതുന്നവർ) സന്ദർശിക്കുകയുണ്ടായി. റമദാനിലെ രണ്ടാമത്തെ വെള്ളിയാഴ്ച ബൈത്തുൽ മുഖദ്ദസിൽ നമസ്കരിക്കാനെത്തിയപ്പോഴാണ് അധിനിവേശ സേന അവരെ ആക്രമിച്ചത്. പരിക്കേറ്റ ഒരാൾക്ക് 79 വയസ്സ് പ്രായമുണ്ട്. റബ്ബർ ബുള്ളറ്റെന്ന കള്ളം പറഞ്ഞ് അധിനിവേശ സേന പായിച്ച ഒരു യാഥാർഥ ലോഹ ബുള്ളറ്റ് അയാളുടെ ഇടത് മുഖത്ത് തുളഞ്ഞു കയറിയിരിക്കുന്നു. വളരെ സങ്കീർണ്ണമായ ഒരു ഓപറേഷനും അദ്ദേഹം വിധേയനായി. പരിക്കറ്റ രണ്ടാമത്തെയാൾക്ക് പതിനഞ്ച് വയസ്സേ ഉള്ളൂ. തല തുളഞ്ഞാണ് പെല്ലറ്റ് പോയിരിക്കുന്നത്. രക്തസ്രാവം നിർത്താനാവാതെ വന്നതിനാൽ ഓപറേഷൻ വേണ്ടി വന്നു. പരിക്കേറ്റ മൂന്നാമത്തെയാൾക്ക് പതിനെട്ട് വയസ്റ്റ് പ്രായം. ഇടത് കണ്ണ് പെല്ലറ്റ് ഏറ്റ് തകർന്നിരിക്കുന്നു. അവരിൽ നിന്നോ അവരുടെ ബന്ധുക്കളിൽ നിന്നോ പരാതിയുടെയോ പരിഭവത്തിന്റെയോ ഒരു സ്വരവും ഞാൻ കേൾക്കുകയുണ്ടായില്ല. അവരുടെ ശാന്തമായ കണ്ണുകളിൽ ഞങ്ങൾ ചെറുത്തു നിൽക്കും എന്ന ദൃഢനിശ്ചയം മാത്രം. ഫലസ്തീനിലെ ജീവിതം തന്നെ ചെറുത്തു നിൽപ്പിന്റെ മറ്റൊരു പേരായി മാറിയിരിക്കുന്നു.

വിവ- അശ്റഫ് കീഴുപറമ്പ്

Related Articles