Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീൻ വിഷയത്തിൽ ബൈഡൻ ട്രംപിൽ നിന്ന് വ്യത്യസ്തനാണോ?

കഴിഞ്ഞ നവംബറിൽ നടന്ന യു.എസ് പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ ജോ ബൈഡനെ വിജയിയായി പ്രഖ്യാപിച്ചപ്പോൾ റാമല്ലയിൽ പ്രതീക്ഷകൾ ഏറെയുണ്ടായിരുന്നു. പൂർണമായും ഇസ്രായീൽ അനുകൂല നിലപാട് സ്വീകരിച്ചിരുന്ന ട്രംപ് ഭരണകൂടവുമായി താരതമ്യം ചെയ്യുമ്പോൾ ബൈഡൻ ഭരണകൂടം അൽപം പ്രതീക്ഷക്ക് വക നൽകുന്നതാണ് എന്നതായിരുന്നു പൊതുവെയുണ്ടായിരുന്ന വിലയിരുത്തൽ. ഒപ്പം, ബൈഡനെ ആവേശത്തോടെ അഭിനന്ദിച്ച ആദ്യ ലോകനേതാക്കളിൽ ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസും ഉണ്ടായിരുന്നു. ”ഫലസ്തീൻ-അമേരിക്ക ബന്ധം ശക്തിപ്പെടുത്തുന്നതിനും നമ്മുടെ ജനങ്ങൾക്ക് സ്വാതന്ത്ര്യം, നീതി, അന്തസ്സ് എന്നിവ കൈവരിക്കുന്നതിനുമായി പുതിയ പ്രസിഡന്റുമായും അദ്ദേഹത്തിന്റെ ഭരണകൂടവുമായും ചേർന്ന് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു” ഇതായിരുന്നു തെരെഞ്ഞെടുപ്പ് ഫലം സ്ഥിരീകരിച്ചതിനു തൊട്ടുപിന്നാലെ മഹ്മൂദ് അബ്ബാസ് നടത്തിയ പ്രസ്താവന.

എന്നാൽ, ഇസ്രായീൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തന്റെ അഭിനന്ദനങ്ങൾ അർപ്പിക്കാൻ ഏറെക്കാലം കാത്തിരുന്നു. ഒരുപക്ഷെ, തന്റെ അടുത്ത സുഹൃത്തും ഉറച്ച രാഷ്ട്രീയ കക്ഷിയുമായ ട്രംപ് തെരെഞ്ഞെടുപ്പ് ഫലം മാറ്റുന്നതിൽ വിജയിക്കുമെന്ന പ്രതീക്ഷയിലാവാം നെതന്യാഹു കാത്തിരുന്നത്.

എങ്ങനെയൊക്കെയാണെങ്കിലും, 2020 ന്റെ അവസാനത്തിൽ ഫലസ്തീനിൽ നിലനിന്നിരുന്ന ആഹ്ലാദവും പ്രതീക്ഷയും ഉൾക്കൊള്ളാൻ ഏറെ പ്രയാസമാണ്. ട്രംപിന്റെ ഇസ്രായീൽ അനുകൂല തീരുമാനങ്ങളിൽ ഭൂരിഭാഗവും മാറ്റുന്നതിൽ പരാജയപ്പെട്ട ബൈഡൻ ഭരണകൂടത്തെ എങ്ങനെ വിമർശിക്കാതിരിക്കും? ജറുസലേമിനെ ഇസ്രായീലിന്റെ അവിഭക്ത തലസ്ഥാനമായി അംഗീകരിച്ചതും അന്താരാഷ്ട്ര നിയമങ്ങളും അമേരിക്കയുടെ സ്വന്തം പ്രഖ്യാപിത നയങ്ങളും ലംഘിച്ച് ടെൽ അവീവിൽ നിന്ന് യു.എസ്.എംബസി വിശുദ്ധ നഗരത്തിലേക്ക് മാറ്റുന്നതുമൊക്കെ ഇതിൽ ഉൾപ്പെടുന്നു. സമാധാനത്തെയും സ്നേഹസംവാദങ്ങളെയും കുറിച്ചുള്ള വാചാടോപങ്ങൾക്കിടയിലും ബൈഡനും സംഘവും ഇസ്രായീലിനോടുള്ള അതേ പ്രതിബദ്ധത പുലർത്തുന്നു എന്ന വസ്തുതയെക്കുറിച്ച് ഫലസ്തീൻ നേതൃത്വം മൗനം ദീക്ഷിക്കുന്നത് എന്തുകൊണ്ടാണ്? ലളിതമായ ഉത്തരം പണം എന്നതാണ്.

2018ൽ ഫലസ്തീൻ സഹായ ഫണ്ടിൽ നിന്ന് ട്രംപ് വെട്ടിക്കുറച്ച ഫണ്ട് പുനസ്ഥാപിക്കുക എന്നതാണ് ബൈഡൻ ഭരണകൂടം ഫലസ്തീനുമായി ബന്ധപ്പെട്ട് സ്വീകരിച്ച ഏക അനുകൂലനടപടി. ഫലസ്തീൻ അതോറിറ്റിക്ക് അവകാശപ്പെട്ട അത്തരം ഫണ്ടുകളിൽ നിന്ന് ചിലത് പുനസ്ഥാപിക്കാനുള്ള ആഗ്രഹം കഴിഞ്ഞ ഏപ്രിലിൽ വൈറ്റ് ഹൗസ് പ്രഖ്യാപിച്ചിരുന്നു. സാമ്പത്തിക-വികസന സാഹായത്തിനായി 75 മില്യൺ ഡോളർ, യുനൈറ്റഡ് സ്റ്റേറ്റസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്മെന്റ് നൽകുന്ന സമാധാന നിർമാണ പ്രോഗ്രാമുകളിൽ 10 മില്യൺ ഡോളർ, യുനൈറ്റഡ് നാഷൻസ് റിലീഫ് ഏജൻസി ഫലസ്തീൻ അഭയാർഥികൾക്കായി നൽകുന്ന ഫണ്ട് ഉൾപ്പെടെ ഏകദേശം 235 മില്യൺ ഡോളർ ഫണ്ട് ഫലസ്തീൻ അതോറിറ്റിക്ക് ലഭിക്കേണ്ടതുണ്ട്.

രാഷ്ട്രീയമായ സഖ്യത്തിലും മെച്ചപ്പെട്ടുവെന്ന് പറയാൻ ഒന്നും തന്നെയില്ല. വാഷിംഗ്ടണിലെ ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ (പി.എൽ.ഒ) ഓഫീസ്, 2018 സെപ്തംബറിൽ ട്രംപ് അടച്ചതിന് ശേഷം ബൈഡൻ വീണ്ടും തുറക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അത് ഇപ്പോഴും അടച്ചിട്ടിരിക്കുക തന്നെയാണ്. കൂടാതെ, ഇസ്രായീൽ അധിനിവേശ കിഴക്കൻ ജറുസലേമിലെ യു.എസ് കോൺസുലേറ്റും ട്രംപ് അടച്ചുപൂട്ടിയത് ഇസ്രായീലിന്റെയും യു.എസിന്റെയും ഇടയിലുള്ള ഒരു പ്രധാന തർക്കവിഷയമായി ഇപ്പോഴും തുടരുകയാണ്.

ഇസ്രായീൽ അധിനിവേശ കിഴക്കൻ ജറുസലേമിൽ ബൈഡൻ ഭരണകൂടം അതിന്റെ ദൗത്യം വീണ്ടും തുറക്കാനുള്ള ആഗ്രഹം പ്രഖ്യാപിച്ചയുടനെ ഈ പ്രതീകാത്മക ഫലസ്തീൻ നേട്ടം പോലും സംഭവിക്കുന്നത് തടയാൻ ഇസ്രായീൽ ഉന്നത ഉദ്യോഗസ്ഥർ വാഷിംഗ്ടണിലേക്ക് ഒഴുകിയിരുന്നു. ഓഗസ്റ്റിൽ നടന്ന വൈറ്റ് ഹൗസ് മീറ്റിംഗിൽ ഇസ്രായീൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് ബൈഡനുമായി ഈ വിഷയം ചർച്ച ചെയ്തിരുന്നു. അത്തരമൊരു നീക്കം നടത്തുന്നതിൽ നിന്നും പിന്മാറാൻ ബൈഡനോട് അദ്ദേഹം അഭ്യർഥിക്കുകയുണ്ടായി. ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം, ജറുസലേമിന് പകരം റാമല്ലയിൽ കോൺസുലേറ്റ് തുറക്കാൻ ബെന്നറ്റ് അമേരിക്കകാരോട് ആവശ്യപ്പെടുകയായിരുന്നു.

കിഴക്കൻ ജറുസലേമിൽ യു.എസ് ദൗത്യം പുനഃസ്ഥാപിക്കുന്നത് ഒരു മോശമായ ആശയമാണെന്നാണ് ഇസ്രായേൽ വിദേശകാര്യമന്ത്രി യെയർ ലാപിഡ് സെപ്തംബറിൽ വാഷിംഗ്ടണിന് മുന്നിറിയിപ്പ് നൽകിയത്. അത്തരമൊരു നീക്കം ഇസ്രായീലിന്റെ ദുർബലമായ സഖ്യസർക്കാറിന്റെ തകർച്ചക്ക് കാരണമാകുമെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.

ഒരു ഏറ്റുമുട്ടുൽ ഒഴിവാക്കാനും ഇസ്രായീൽ ഗവൺമെന്റിന് പരമാവധി സമയം അനുവദിച്ചു കിട്ടുന്നതിനും വിവേചനാധികാരത്തോടെ പ്രശ്നം ചർച്ച ചെയ്യാൻ ഒരു സംയുക്ത സമിതി രൂപീകരിക്കണമെന്ന് യുനൈറ്റഡ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കെൻ നിർദ്ദേശിക്കുന്നു. കോൺസുലേറ്റിനെക്കുറിച്ചുള്ള യു.എസ് തീരുമാനം മാറ്റിവെക്കാൻ ഇസ്രായീൽ സർക്കാർ കൊണ്ടുപിടിച്ച ശ്രമങ്ങൾ നടത്തുന്നുണ്ട്. നവംബറിൽ സർക്കാർ ബജറ്റ് പാസാക്കുന്നതിന് മുമ്പ് യു.എസ് കോൺസുലേറ്റ് വീണ്ടും തുറന്നാൽ, നെതന്യാഹുവിന്റെ മടങ്ങിവരവിനുള്ള അശുഭകരമായ സാധ്യതയും അവിടെ നിലനിൽക്കുന്നുണ്ട്. ബജറ്റ് വോട്ടെടുപ്പ് വരെ സമിതി രൂപീകരിക്കില്ലെന്നാണ് കരുതുന്നത്. എന്നിരുന്നാലും, ബൈഡന്റെ കോൺസുലേറ്റ് തീരുമാനം എന്താകുമെന്നത് ഇപ്പോഴും പ്രവചനാതീതമാണ്.

കോൺസുലേറ്റിന്റെ കാര്യം ഫലസ്തീനികളെ ഏറെ ആശങ്കപ്പെടുത്തുന്നുണ്ടെങ്കിലും, പ്രത്യേകവും രഹസ്യവുമായ ബ്ലിങ്കെൻ-ലാപിഡ് കമ്മിറ്റിയിൽ ഒരു ഫലസ്തീൻ ഉദ്യോഗസ്ഥനെ പോലും ഉൾപ്പെടുത്തിയില്ല എന്നത് ഏറെ അത്ഭുതപ്പെടുത്തുന്നതാണ്. കൂടുതൽ വിചിത്രമെന്ന് പറയട്ടെ. ഇക്കാര്യം ഫലസ്തീൻ അതോറിറ്റി ഒരു വിഷയമായി കാണുന്നേ ഇല്ല. അബ്ബാസിയും അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥരും ഒരു പ്രതിഷേധം പോലും ഉയർത്തിയിട്ടില്ല. യു.എസ് ഫണ്ടുകൾ ഫലസ്തീൻ ഖജനാവിലേക്ക് വരുന്ന കാലത്തോളം ഇത് നിലനിൽക്കും. പണത്തിന് മുന്നിൽ മറ്റെല്ലാ പ്രശ്നങ്ങളും ഇല്ലാതാവുന്നു.

ഒരു രാഷ്ട്രീയ വിട്ടുവീഴ്ച കണ്ടെത്തുകയും ഒടുവിൽ യു.എസ് കോൺസുലേറ്റ് വീണ്ടും തുറക്കുകയും ചെയ്താൽ ഇവിടെ എന്താണ് സംഭവിക്കുക? 1994 മുതൽ കോൺസുലേറ്റ് നിലവിലുണ്ട്. എന്നാൽ, ഫലസ്തീനികൾക്കനുകൂലമായി രാഷ്ട്രീയ സമവാക്യങ്ങളെ അത് മാറ്റിമറിച്ചിരുന്നില്ല. കോൺസുലേറ്റിനെക്കുറിച്ചുള്ള ഒരു പരാമർശത്തിൽ, നോഗ ടാർനോപോൾസ്കി 2019-ൽ ലോസ് ഏഞ്ചൽസ് ടൈംസിൽ എഴുതി: ജറുസലേമിന്റെ വാർഷിക ഷെഡ്യൂളിലെ ഏറ്റവും സജീവമായ പാർട്ടികളിലൊന്ന് ജൂലൈ 4 ന് കോൺസുലേറ്റ് നടത്തുന്ന ആഘാഷ പരിപാടിയാണ്. നഗരത്തിലെ ആഘോഷപ്പാർട്ടികളിൽ നിന്ന് ഒരു കല്ലേറ് അകലെ, നൂറുകണക്കിന് ഫലസ്തീൻ കുടുംബങ്ങൾ ഒന്നുകിൽ അവരുടെ വീടുകളിൽ നിന്ന് കുടിയൊഴിക്കപ്പെടുന്നു. അല്ലെങ്കിൽ യു.എസ് ധനസഹായമുള്ള ഇസ്രായീലി പോലീസിന്റെയും സൈന്യത്തിന്റെയും കുടിയൊഴിപ്പിക്കാനുള്ള ശ്രമത്തെ ജീവൻ കൊടുത്തും ചെറുത്തുനിൽക്കുന്നു. അൽപം അകലെയാണ് ഇസ്രായീലിന്റെ വർണവിവേചന മതിൽ. അത് വംശം, മതം, ജാതി എന്നിവ പ്രകാരം അധിനിവേശ ഫലസ്തീനിനെ വിഭജിക്കുന്നത് തുടരുന്നു. അതിനാൽ, യു.എസ് ദൗത്യം വീണ്ടും തുറക്കുന്നത് ഭയാനകരമായ ഇന്നത്തെ അവസ്ഥയെ ഏതുവിധേനയും മാറ്റുമെന്ന ശുഭാപ്തി വിശ്വസം പുലർത്താത്തത് ശരിയെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

ഡൊണാൾഡ് ട്രംപ് നടപ്പാക്കിയ അതേ നയങ്ങളുടെ മൃദുവായ മുഖമല്ലാതെ മറ്റൊന്നുമല്ല താനെന്ന് ജോ ബൈഡൻ നിരന്തരം തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്രാവശ്യം മഹ്മൂദ് അബ്ബാസും ഫലസ്തീൻ അതോറിറ്റിയും തങ്ങളുടെ ചില താത്പര്യങ്ങൾ കാരണം പ്രതിഷേധിക്കുന്നില്ല എന്നതാണ് പ്രകടമായ ഒരേയൊരു വ്യത്യാസം.

വിവ: അബ്ദുല്ലത്തീഫ് പാലത്തുങ്കര

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles