Current Date

Search
Close this search box.
Search
Close this search box.

അമേരിക്കയെ രക്ഷകനാക്കി ശത്രുവിനെ കെട്ടിപ്പിടിക്കണോ?

His Master’s voice എന്നത് ബ്രിട്ടണ്‍ കേന്ദ്രമായ The Gramophone Company Limited ന്‍റെ പരസ്യ വാചകമാണ്. പിന്നീട് അതൊരു പ്രയോഗമായി അംഗീകരിക്കപ്പെട്ടു. സലഫിസം ഒരു അഖീദ മദ്ഹബ് എന്ന നിലയിലാണ് നോക്കി കാണാന്‍ കഴിയുക. പ്രവാചകന് ശേഷം ഇസ്ലാമിക സമൂഹത്തില്‍ രൂപം കൊണ്ട വിശ്വാസപരമായ പല അപചയങ്ങളും ചരിത്രത്തിന്റെ ഭാഗമാണ്. ആ കാല ഘട്ടത്തിലെ പണ്ഡിതര്‍ അത്തരം വിഷയങ്ങളെ സമര്‍ത്ഥമായി നേരിട്ട ചരിത്രം നമ്മുടെ മുന്നിലുണ്ട്. ഹിജ്റ രണ്ടും മൂന്നും നൂറ്റാണ്ടുകള്‍ അങ്ങിനെയാണ് കടന്നു പോയത്. ഭരണ കൂടങ്ങളുമായി അവര്‍ പലര്‍ക്കും എതിരിടേണ്ടി വന്നു,

പറഞ്ഞു വരുന്നത് ഭരണ കൂടങ്ങള്‍ക്ക് ഓശാന പാടലല്ല സലഫീ സംസ്കാരം. പക്ഷെ എങ്ങിനെയാണ് നമ്മുടെ കേരളത്തിലെ ചില സലഫികള്‍ സാമ്രാജ്യത്വത്തിന്റെ കുഴലൂത്തുകാരാകുന്നത് എന്നതു ഒരു പഠന വിഷയമാണ്. പോരാട്ടങ്ങളെ എന്നും തള്ളിപ്പറഞ്ഞ ചരിത്രമാണ്‌ അവര്‍ക്ക് പറയാനുള്ളത്. പോരാട്ടങ്ങളും കലാപങ്ങളും രണ്ടാണ്. ചരിത്രത്തില്‍ അത് നാം കണ്ടതാണ്. ഖവാരിജുകള്‍ ഇസ്ലാമിക സമൂഹത്തിനെതിരെ നടത്തിയത് കലാപമായിരുന്നു എന്ന കാര്യത്തില്‍ ആരും വിയോജിക്കില്ല. അതെ സമയം ആയിഷ ബീവിയുടെ നേതൃത്വത്തില്‍ നടന്ന സമരത്തെ ആ രീതിയില്‍ ഭരണാധികാരി പോലും കണക്കാക്കിയില്ല എന്നത് മറ്റൊരു ചരിത്രം.

ഫലസ്തീന്‍ വിഷയം ഒരു സുന്നി ഷിയാ വിഷയമല്ല എന്നതാണ് ഒന്നാമത്തെ കാര്യം. ഫലസ്തീന്‍ ഒരു ജനതയുടെ ജീവന്റെ വിഷയമാണ്. നാം പുരോഗതി പ്രാപിച്ചു എന്ന് അവകാശപ്പെടുന്ന കാലത്ത് ചിലര്‍ ചിലരുടെ മേല്‍ നടപ്പാക്കിയ കാടന്‍ സംസ്കാരം. ലോകത്തുള്ള മുഴുവന്‍ ജൂതരെയും ഒരിടത് ഒരിമിച്ചു കൂട്ടി അവിടെ താമസിച്ചിരുന്ന ജനതയെ പുറത്താക്കുക എന്നതാണ് ഒന്നാമത്തെ കാര്യം. അതില്‍ ജാതിയും മതവും നോക്കിയല്ല പ്രതികരിക്കേണ്ടത്, നീതി നോക്കിയാണ്. അപ്പോള്‍ നമുക്ക് മനസ്സിലാവും നീതി ഫലസ്തീനിന്റെ ഭാഗത്താണ്.

മുസ്ലിംകള്‍ക്ക് ഈ വിഷയത്തില്‍ മറ്റൊരു പ്രാധാന്യം കൂടിയുണ്ട്. അതവരുടെ മതവുമായി ബന്ധപ്പെട്ടതാണ്. ബൈതുല്‍ മുഖദിസ് എന്നതാണ് ആ വിഷയം. കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ആരംഭിച്ചു മധ്യത്തില്‍ രൂപം കൊണ്ട ഇസ്രയേല്‍ എന്ന രാജ്യം സാമ്രാജ്യത്വ ശക്തികളുടെ പിന്തുണയോടെ ഫലസ്തീന്‍ ഉണ്മൂലനത്തിനു വേണ്ടതെല്ലാം ചെയ്തു കൊണ്ടിരിക്കുന്നു. ഇസ്രായേലിനെയും അറബ് രാജ്യങ്ങളെയും സംരക്ഷിക്കുന്നത് ഒരേ ശക്തികല്‍ തന്നെയാണ്. അതായത് അമേരിക്ക. അറബ് ജനത അധികവും ഒരു സയണിസ്റ്റ് മനസ്സ് കൊണ്ട് നടക്കുന്നവരാണ്. പക്ഷെ ഭരണാധികാരികള്‍ അമേരിക്കയെ തള്ളിപ്പറയാന്‍ കഴിയാത്ത അവസ്ഥയിലും.

ഫലസ്തീന്‍ വിഷയത്തില്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനം വരെ ഹമാസ് എന്നൊരു സംഘം ഇല്ലായിരുന്നു.. ഇസ്രയേല്‍ ഭീകരതയും കുടിയേറ്റവും ശക്തമായ കാരണം കൊണ്ടാണ് അത്തരം ഒരു പ്രസ്ഥാനം രൂപം കൊണ്ടത്. ഹമാസ് രൂപം കൊള്ളുന്നതിനു മുമ്പും ബാക്കി വരുന്ന ഫലസ്തീന്‍ മണ്ണില്‍ ഇസ്രയേല്‍ അഴിഞ്ഞാട്ടം നടത്തിയിരുന്നു. ബാക്കി വന്ന ഫലസ്തീന്‍ മണ്ണില്‍ നാല്പതു ശതമാനം ഹമാസിന് മുമ്പാണ് ഇസ്രയേല്‍ കയ്യടക്കിയത്.

ഹമാസിന്റെ വരവിനു ശേഷമാണു ഫലസ്തീനികള്‍ക്ക് ചോദിക്കാനും പറയാനും ആരെങ്കിലും ഉണ്ടെന്ന ബോധം വന്നത്. ചുരുക്കത്തില്‍ നമ്മുടെ അറബ് രാജാക്കന്മാര്‍ മനസ്സ് കാണിച്ചിരുന്നെങ്കില്‍ ഹമാസ് എന്നൊരു പ്രസ്ഥാനത്തിന്റെ ആവശ്യമേ വരില്ലായിരുന്നു. ഇറാന്‍ റിപബ്ലിക്‌ ഒരു ഷിയാ രാജ്യമാണ്. സുന്നി ഷിയാ എന്നത് വിശ്വാസം കര്‍മ്മം എന്നതിനേക്കാള്‍ രാഷ്ട്രീയമായ വേര്‍ തിരിവ് കൂടിയാണ്. ഇറാന്‍ വിപ്ലവം പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തില്‍ വലിയ മാറ്റം വരുത്തി എന്നതും സത്യമാണ്. അറബ് രാജ്യങ്ങളില്‍ സ്വതവേ രാജ ഭരണവും ഏകാധിപത്യ ഭരണവും കൂടിയാണ്. ഖുദ്സ് ദിനം എന്ന ഒരു ദിനം തന്നെ കൊണ്ട് വന്നത് ഇറാനാണ് എന്നതാണ് ചരിത്രം.

ഇഖ് വാനുല്‍ മുസ്ലിമൂന്‍ മുസ്ലിം നാടുകളില്‍ രംഗത്ത്‌ വന്ന പ്രസ്ഥാനമാണ്. പല അറബ് നാടുകളില്‍ ഇന്നും ശക്തമായ വേരുകള്‍ അവര്‍ക്കുണ്ട്. നാടുകളിലെ മുസ്ലിം ഭരണാധികാരികള്‍ അവരെ എന്നും എതിരാളികളായി കണ്ടു. കാരണം അവര്‍ ഭരണ കൂട ചെയ്തികളെ ചോദ്യം ചെയ്തു എന്നത് തന്നെ മുഖ്യ കാരണം. മുസ്ലിം ഭരണാധികാരികള്‍ അധികവും നാടിന്‍റെ സമ്പത്ത് സ്വന്തമെന്നു കരുതി ജീവിക്കുന്നവരാണ്. അത് കൊണ്ട് തന്നെ പല രാജ്യങ്ങളിലും രാജാവ് ധനികനും ജനങ്ങള്‍ ദാരിദ്ര്യത്തിലുമാണ്.

ഷിയാകള്‍ പൂര്‍ണമായി മുസ്ലിംകളല്ല എന്ന അഭിപ്രായം സുന്നി ലോകത്തിനു എന്നും ഉണ്ടായിട്ടില്ല. ഷിയാകള്‍ ഇന്നും ഹജ്ജിനു വരുന്നു എന്നത് തന്നെ മുഖ്യ കാരണം. അതെ സമയം ജൂതന്മാര്‍ അങ്ങിനെയല്ല. എന്നും ഇസ്ലാമിനെ ശത്രു പക്ഷത്തു നിര്‍ത്താനാണ് അവര്‍ക്ക് താല്പര്യം. സിയോണിസ്റ്റ്കളുടെ ഇസ്ലാം വിരോധം കേവലം ഫലസ്തീനില്‍ അവസാനിക്കില്ല എന്നത് നമുക്കറിയുന്ന കാര്യം. ഫലസ്തീനെ ഇറാന്‍ കൂടാതെ മറ്റു പല രാജ്യങ്ങളും പിന്തുണയ്ക്കുന്നു. അത് നീതിയുടെ വിഷയം എന്നത് കൊണ്ടാകും. അതെ നീതി എന്ത് കൊണ്ട് സിറിയയിലും യമനിലും ഉണ്ടാവുന്നില്ല എന്ന ചോദ്യം പ്രസക്തമാണ്‌. ഫലസ്തീന്‍ വിഷയവും ബാക്കി വിഷയങ്ങളും ഒരേപോലെയല്ല എന്നത് തന്നെയാണ് അതിനുള്ള മറുപടിയും. ഒന്ന് ഒരു ജനതയുടെ മറ്റൊരു ജനത പുറത്താക്കിയ ചരിത്രമാണ്‌. മറ്റൊന്ന് പ്രജകളും ഭരണകൂടങ്ങളും തമ്മിലുള്ളതാണ്.

തങ്ങളുടെ അറബ് രാജാക്കന്മാര്‍ക്ക് വേണ്ടിയാണു സലഫികള്‍ ഈ കേരളത്തിലും കുഴലൂതുന്നത്. ഫലസ്തീന് സാമ്പത്തിക സഹായം നല്‍കി എന്നത് കൊണ്ട് മാത്രം കാര്യമായില്ല. ഇസ്ലാമിന്റെ കാഴ്ചപ്പാടില്‍ സമരം സമ്പത്ത് കൊണ്ടും ശരീരം കൊണ്ടും കൂടിയാണ്. ഫലസ്തീന്‍ വിഷയത്തില്‍ ഇസ്രയേലിനെ സഹായിക്കുന്നത് അമേരിക്ക എന്നത് ഏവര്‍ക്കും അറിയുന്ന കാര്യം. അതിന്റെ പേരില്‍ ഒരിക്കല്‍ പോലും അറബ് രാജ്യങ്ങള്‍ അമേരിക്കയോട് പ്രതിഷേധം അറിയിച്ചിട്ടില്ല . അതെ സമയം അമേരിക്കയെ രക്ഷകനായി കണ്ട് ശത്രുവിനെ കെട്ടിപ്പിടിക്കാനാണ് അറബ് രാജാക്കന്മാര്‍ ശ്രമിച്ചത്.

ആര്‍ക്കും ശല്യമില്ലാത്ത പ്രാര്‍ഥനയും തൌഹീദും മാത്രമായി പോരാട്ടം അവസാനിക്കരുത്. പ്രവാചകന്‍ തന്റെ ആദ്യ കാലത്ത് അല്ലാഹു ഏകനാണ് എന്ന് പഠിപ്പിക്കുമ്പോള്‍ തന്നെ ഊന്നിപ്പറഞ്ഞ കാര്യമാണ് അടിച്ചമര്‍ത്തപ്പെട്ടവന്റെ മോചനം. ഹമാസിനെ ഇറാന്‍ സഹായിക്കുന്നു എന്നത് ഒരു കുറവായി കാണുന്നവര്‍ ഇസ്രയേലിനെ അമേരിക്ക സഹായിക്കുന്നു എന്നതും ആ അമേരിക്കയെ അറബികള്‍ സഹായിക്കുന്നു എന്നതും എന്തു കൊണ്ട് കാണുന്നില്ല. അതാണ് നാം ആദ്യം പറഞ്ഞത് His Master’s voice.

Related Articles