ആത്മീയ വിശുദ്ധിയുടെ നിറവില്‍ ലോകമുസ്ലീംങ്ങള്‍ അങ്ങേയറ്റം ആദരവോടെ വരവേല്‍ക്കുന്ന റമദാന്‍ മാസം ഫലസ്തീനികള്‍ക്ക് തയ്യാറെടുപ്പിന്റേയും മുന്നൊരുക്കത്തിന്റേയും കാലമാണ്. വെസ്റ്റ് ബാങ്കിലെയും കിഴക്കന്‍ ജറുസലേമിലേയും ഇസ്രായേല്‍ സൈനികാധിനിവേശത്തിനെതിരെയുള്ള മുന്നൊരുക്കം!. ഇസ്രായേലില്‍ തീവ്ര വലതു പക്ഷ സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ ഫലസ്തീനികളുടെ ആശങ്ക വര്‍ധിച്ചിരിക്കുകയാണ്. പുതുവര്‍ഷപ്പിറവിക്ക് ശേഷം ഇതിനോടകം പതിനേഴ് കുട്ടികളുള്‍പ്പടെ 88 പേരാണ് ഇസ്രായേല്‍ നരഹത്യക്ക് ഇരയായത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അഞ്ചിരട്ടിയോളം വരുന്ന ഫലസ്തീനികളെ ഇതിനകം കൊന്നുതള്ളുകയുണ്ടായി. ഭരണകൂട ഭീകരത ഇനിയും തുടരുമെന്ന് തന്നെയാണ് ഇസ്രായേല്‍ അധികാരികളുടെ പ്രഖ്യാപനവും.
റമദാന്‍ കേന്ദ്രീകരിച്ചുള്ള ഗസ്സ അധിനിവേശം കാലങ്ങളായി സമാന രീതിയാണ് പിന്തുടരുന്നത്. മാസാരംഭത്തില്‍ ജറുസലേമില്‍ സ്ഥിതിചെയ്യുന്ന പുണ്യകേന്ദ്രങ്ങളിലേക്കുള്ള പ്രവേശം വിലക്കികൊണ്ടുള്ള നിയമ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുക. അനന്തരം നിര്‍ബന്ധിത കുടിയിറക്ക വിജ്ഞാപാനം പുറത്തിറക്കുകയും ചെയ്യും. കൊടിയ പീഢനം സഹിക്കവയ്യാതെ കേവലം ബലൂണ്‍ ബോംബുകളും മറ്റുമായി പ്രതികരിച്ച് തുടങ്ങുന്ന ഫലസ്തീന്‍ പ്രതിരോധ സംഘടനകള്‍ എതിരേല്‍ക്കുന്നതാകട്ടെ ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലുള്ള ഇസ്രായേലിന്റെ നരഹത്യാപരമായ തിരിച്ചടികളും.
സമീപകാല പ്രകോപനങ്ങള്‍
ഈ വര്‍ഷം വളരെ പെട്ടന്ന് തന്നെയായിരുന്നു ഇസ്രായേല്‍ സര്‍ക്കാരിന്റെ നീക്കങ്ങള്‍ ആരംഭിച്ചത്. റമദാനിലെ ആദ്യ വെള്ളിയാഴ്ച ഗതാഗത മാര്‍ഗം തടസ്സപ്പെടുത്തിയ ഇസ്രായേല്‍ സര്‍ക്കാര്‍ അഖ്‌സയിലേക്കുള്ള വിശ്വാസികളുടെ പ്രവേശം നിഷ്‌കരുണം തടഞ്ഞു. ഡോം ഓഫ് റോക്കിന് ചുറ്റും ഹെലികോപ്റ്ററുകളും ഡ്രോണുകളും വലയം വെച്ചിരുന്നു. റമദാന്‍ നാലിന് രാത്രി പ്രത്യേക നമസ്‌കാര നിര്‍വ്വഹണത്തിനിടെ ഇസ്രായേല്‍ സൈന്യം ഫലസ്തീനികളെ മസ്ജിദുല്‍ അഖ്‌സയില്‍ വെച്ച് ആക്രമിക്കുകയുണ്ടായി.
റമദാന്‍ മാസം സൈനികര്‍ ഫലസ്തീനികളുടെ വീടുകള്‍ തകര്‍ക്കണമെന്ന വലതു പക്ഷ സഹയാത്രികനും ദേശീയ സുരക്ഷാ മന്ത്രിയുമായ ബെന്‍ഗ്വിറിന്റെ ആവശ്യം ഈ പ്രതിസന്ധിയുടെ ഗൗരവം എത്രമാത്രമുണ്ടെന്ന് മനസ്സിലാക്കിത്തരുന്നു. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പോലും ബെന്‍ ഗ്വിറിന്റെ യുദ്ധ കൊതിയെ വിമര്‍ശിച്ച് മുന്നോട്ട് വന്നിരിക്കുകയാണിപ്പോൾ. റമദാന്‍ മാസം കാര്യങ്ങള്‍ ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമങ്ങള്‍ക്കിടെ കാര്യങ്ങള്‍ വഷളാക്കുന്ന അദ്ദേഹത്തിന്റെ സ്വഭാവം തീര്‍ത്തും ബാലിഷമാണെന്ന് ഒരുദ്യോഗസ്ഥന്‍ പങ്ക് വെക്കുകയുണ്ടായി. മസ്ജിദുല്‍ അഖ്‌സയോട് വംശീയ വിദ്വേശം വെച്ച് പുലര്‍ത്തുന്ന ബെന്‍ഗ്വിറിന്റെ നിലപാട് ഏറെ വിമര്‍ശന വിധേയമാക്കപ്പെട്ട സാഹചര്യത്തിലാണ് ജൂത മതവിശ്വാസികളുടെ അഖ്‌സ പ്രവേശം വിലക്കാനുള്ള ഇസ്രായേല്‍ സൈനിക നടപടിയെ ഭ്രാന്തന്‍ തീരുമാനമെന്നും ഭീകരതക്ക് മുന്നിലുള്ള അടിയറവാണെന്നുമുള്ള വിവാദ പരാമര്‍ശം നടത്തുന്നത്. കഴിഞ്ഞ മാസം ഹവാരയില്‍ അരങ്ങേറിയ വംശഹത്യയും നിലവില്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്ന അധിനിവേശവും യുദ്ധ സാധ്യത വര്‍ധിപ്പിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ഗസ്സയിലെ വ്യത്യസ്ത പ്രദേശവാസികളോട് സംസാരിച്ചപ്പോൾ പ്രയാഭേതമന്യേ മുഴുവനാളുകളും അക്രമണം പൂര്‍വ്വാധികം ശക്തി പ്രാപിക്കുമോയെന്ന ആശങ്കയാണ് പങ്കുവെച്ചത്.
BREAKING: Israeli occupation soldiers assault Palestinian worshipers after forcibly removing them from Al-Aqsa Mosque. pic.twitter.com/NMP7WrBz8C
— Issam Adwan عصام عدوان (@Issam_Adwan) March 25, 2023
ഗസ്സ ഇപ്പോഴും വിലപിക്കുകയാണ്
യുദ്ധം തളര്‍ത്തിയ ഒരു സമൂഹമാണ് ഗസ്സയിലെ തെരുവുകളിലുടനീളം കാണാന്‍ കഴിയുക. വരും ആഴ്ചകളെ കുറിച്ചുള്ള ആശങ്കയും ഭയവും അവരുടെ മുഖങ്ങളില്‍ നിഴലിച്ചിരിക്കുന്നു. സമാധാനത്തിന്റേയും മതകീയ ആഘോഷത്തിന്റേയും മാസമായി കണക്കാക്കപ്പെടുന്ന റമദാന്‍, ഫലസ്ഥീനികളെ സംബന്ധിച്ച് തീവ്രമായ ദുഖത്തിന്റേയും ഭീമമായ നഷ്ടങ്ങളുടേയും നാളുകളാണ്. മരണവേദന അനുഭവിച്ച ഫലസ്തീനികള്‍ ഭാവിയെ കുറിച്ച് തീര്‍ത്തും ആശങ്കയുള്ളവരാണ്.
2014ലെ റമദാനില്‍ അമ്പത്തൊന്ന് ദിവസങ്ങളോളം തുടര്‍ന്ന ഇസ്രായേല്‍ നരഹത്യയില്‍ പൊലിഞ്ഞ പ്രിയപ്പെട്ടവരുടെ വേര്‍പ്പാടില്‍ ഇന്നും കണ്ണീരൊപ്പുന്നവരാണ് പലരും. സ്ത്രീകളും കുട്ടികളുമുള്‍പ്പടെ 2251 ഫലസ്ഥീനികള്‍ക്കാണ് അന്ന് ജീവന്‍ നഷ്ടപ്പെട്ടത്. 2014ല്‍ നിരവധി സ്ഥലങ്ങളില്‍ ബോംബ് വര്‍ഷിച്ചതോടെ എന്റെ സ്വന്തം കുടുംബം വീടുപേക്ഷിച്ച് യാത്രതിരിക്കേണ്ടി വന്നു. സ്വജീവ രക്ഷാര്‍ഥം വീടുപേക്ഷിച്ച് പോയ വമ്പന്‍ ജനാവലിയെ കണ്‍മുന്നില്‍ കണ്ടപ്പോള്‍ എനിക്കാദ്യം ഓര്‍മ്മ വന്നത് ചെറുപ്രായത്തില്‍ കേട്ടു വളര്‍ന്ന നഖ്ബയുടെ കരളലിയിപ്പിക്കുന്ന കഥകളാണ്. പതിറ്റാണ്ടുകള്‍ക്കിപ്പുറം എന്റെ പ്രപിതാക്കള്‍ തിരിച്ചറിഞ്ഞ ഒരു മഹാ സത്യം ഞാനുമിന്ന് മനസ്സിലാക്കിയിരിക്കുന്നു- യുദ്ധ യന്ത്രങ്ങള്‍ക്ക് മുന്നില്‍ നമ്മുടെ ജീവിതം തീര്‍ത്തും നിരര്‍ഥകമാണ്.
ഈദുല്‍ ഫിത്വര്‍ തുടങ്ങാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഗസ്സയുടെ മേലുള്ള ഇസ്രായേല്‍ നരനായാട്ട് 2021ല്‍ ആരംഭിച്ചത്. നൂറു കണക്കിനാളുകളുടെ മരണത്തിന് കാരണമായ ഈ യുദ്ധത്തിന്റെ അനന്തര ഫലം ഇന്നും തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. യുദ്ധത്തില്‍ പരിക്കേറ്റവര്‍ക്കുള്ള സഹായങ്ങളോ, കുടിയിറക്കപ്പെട്ടവര്‍ക്ക് പാര്‍പ്പിട സൗകര്യമോ ഏര്‍പ്പെടുത്തുന്നതില്‍ ഇതുവരെ യാതൊരു നടപടി ക്രമങ്ങളും സ്വീകരിച്ചിട്ടില്ലെന്നത് ഏത്ര ഖേദകരമാണ്. ഗസ്സയിലെ ഭയപ്പെടുത്തുന്ന രംഗങ്ങള്‍ മനപ്പൂര്‍വ്വം അവഗണിക്കുന്നവര്‍, നിരര്‍ഥക ജീവിതം നയിക്കുന്നവരെ വിസ്മരിക്കുകയാണെന്നതാണ് വാസ്തവം. യുദ്ധ ബാധിതരായ നിരവധി കുടുംബങ്ങള്‍ ആവശ്യമായ ഭക്ഷണവും മറ്റുമില്ലാതെ സ്‌കൂളുകളിലും കാരവനുകളിലുമായി ജീവിതം തള്ളി നീക്കുകയാണ്. ”പവിത്രമായ റമദാന്‍ മാസത്തിൽ പോലും ഞങ്ങളിതുവരെ സമാധാനമായി ജീവിച്ചിട്ടില്ല”, രണ്ട് വര്‍ഷം മുമ്പ് യുദ്ധത്തില്‍ വീടു നഷ്ടപ്പെട്ട് നാല് മക്കളോടൊപ്പം ചെറു കാരവനില്‍ ജീവിതം തള്ളി നീക്കുന്ന മുഹമ്മദിന്റെ (ഉദാഹരണത്തിന് ) ഇസ്രായേലില്‍ തൊഴിലപേക്ഷ അംഗീകരിക്കപ്പെടണമെന്ന ഏക കാരണത്താലാണ് മുഹമ്മദ് അജ്ഞാതനായി തുടരാന്‍ താത്പര്യപ്പെട്ടത്.
കുടുംബ തിരോധാനം
റമദാന്‍ കഴിഞ്ഞുള്ള തൊട്ടടുത്ത ദിവസങ്ങളിലായി, 2021 മേയ് മാസത്തില്‍ അരങ്ങേറിയ അല്‍ വഹ്ദ കൂട്ടക്കൊലയില്‍ കുടുംബത്തിലെ ഇരുപത്തിരണ്ടംഗങ്ങള്‍ നഷ്ടപ്പെട്ട സൈനബ് അല്‍ ഖോലാക്കിന്റെ കഥ ആലോചിക്കുമ്പോള്‍ എനിക്കിപ്പോഴും ഒരു വിറയലാണ്. പതിനാറ് സ്ത്രീകളും പത്ത് കുട്ടികളുമടക്കം നാല്പത്തിരണ്ട് പേര്‍ കൊല്ലപ്പെട്ട ആ രാത്രിയില്‍ അമ്പതിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ മുഴുവന്‍ കുടുംബാംഗങ്ങളും സിവില്‍ രജിസ്റ്ററില്‍ വെട്ടി നീക്കപ്പെടുകയായിരുന്നു. ”ഗസ്സയിലെ ജനങ്ങളെ സംബന്ധിച്ചെടുത്തോളം, റമദാന്‍ പ്രിയപ്പെട്ടവരെ വേര്‍പിരിയുന്ന മാസമാണ്. ഇനി ആരാണ് അടുത്തതെന്ന ഭീതിയിലാണ് ഞാന്‍ നോമ്പുകാലം കഴിച്ച് കൂട്ടാറുള്ളത്” ഇസ്രായേല്‍ അക്രമണത്തില്‍ കുടുംബം മുഴുവനും നഷ്ടപ്പെട്ട സൈനബിന്റെ വാക്കുകളാണിത്. കണ്ണഞ്ചിപ്പിക്കുന്ന ചിത്രങ്ങള്‍ വരക്കുന്ന സൈനബ് അന്ന് വരെ ജിവിതം, സമുദ്രം, മരം തുടങ്ങി ദൃശ്യമനോഹരമായ ചിത്രങ്ങളാണ് ചിത്രീകരിച്ചിരുന്നത്. എന്നാല്‍ യുദ്ധാനന്തരം, അവ കേവലം മരണത്തെ കുറിച്ചുള്ള നേര്‍ചിത്രങ്ങളായി മാത്രം അവശേഷിച്ചു. കുടുംബം നഷ്ടപ്പെട്ടത് വലിയൊരാഘാതമായി എന്റെ മനസ്സില്‍ അവശേഷിക്കുന്നു, അവരെ വീണ്ടും കാണാന്‍ എന്റെ മനസ്സ് അതിയായി വെമ്പല്‍ കൊള്ളുന്നു”, കൂട്ടക്കൊലയില്‍ അനുശോചനമറിയിച്ച് കൊണ്ടുള്ള സൈനബിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. നഷ്ടപ്പെട്ട കുടുംബത്തെ കുറിച്ച് അന്വേഷിച്ചപ്പോള്‍ വിറയാര്‍ന്ന സ്വരത്തില്‍ സൈനബ് തിരിച്ച് ചോദിച്ചു; ”തീന്‍ മേശയില്‍ നഷ്ടപ്പെട്ട് പോയ കുടുംബത്തെയോര്‍ത്ത് ഞാനെങ്ങനെയാണ് റമദാന്‍ ആഘോഷിക്കുക”.
നാശം വിതയ്ക്കുന്ന യുദ്ധങ്ങള്‍
ഫലസ്തീന്‍ ജനതക്ക് യുദ്ധം സമ്മാനിക്കുന്ന ഓര്‍മ്മകളുമായി ഞാനൊരിക്കല്‍ കൂടി തിരക്കേറിയ ഗസ്സ തെരുവിലൂടെ നടക്കുകയായിരുന്നു. റമദാന്‍ മാസാവസാനത്തോടെ ഫലസ്തീനികള്‍ അഭിമുഖീകരിക്കേണ്ടി വരുന്ന ട്രോമകളെ കുറിച്ചുള്ള ചിന്തകള്‍ എന്നെ കൂടുതല്‍ അസ്വസ്ഥനാക്കി. സാധാരണ ജനങ്ങള്‍ ചെയ്യാറുള്ള കുടുംബസന്ദര്‍ശനങ്ങളും ഒരുമിച്ചിരുന്നുള്ള നോമ്പുതുറകളും ഫലസ്ഥീനികള്‍ക്ക് അന്യമാണ്. നേരെ മറിച്ച് ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ സൃഷ്ടിക്കുന്ന സ്‌ഫോടന ശബ്ദങ്ങള്‍ അവര്‍ക്ക് ചിരപരിചിതമായിരിക്കുകയാണ്. രാത്രി നമസ്‌കാരങ്ങളില്‍ പങ്കെടുക്കുക, ഒത്തിരുന്ന് വിശേഷങ്ങള്‍ പങ്കുവെക്കുക ഷോപ്പിംങ്ങിന് പോകുക തുടങ്ങിയ വിശേഷങ്ങളാണ് റമദാനില്‍ ഉത്സവാന്തരീക്ഷം സൃഷ്ടിക്കുന്നതെങ്കില്‍ ഫലസ്തീനികള്‍ക്ക് അതൊക്കെയും ഇസ്രായേലിന്റെ വെടിയുണ്ടകള്‍ക്ക് മുന്നില്‍ നാട്ടക്കുറിയായി അവശേഷിക്കുക മാത്രമാണ് പതിവ്. ഫലസ്തീന്‍ ജനസംഖ്യയുടെ പകുതിയിലേറെ വരുന്ന കുരുന്നുകളെ മരണവും ബോംബ് സ്‌ഫോടനങ്ങളും കണ്ട് ശീലിച്ചവരെന്നാണ് ബി.ബി.സി വിശേഷിപ്പിച്ചിരിക്കുന്നത്. റമദാന്‍ മാസം ആനന്ദിക്കുന്നതിന് പകരം മരണവും ഇസ്രായേല്‍ യുദ്ധ വിമാനങ്ങളും അനുഭവിക്കാന്‍ വിധിക്കപ്പെട്ടവരാണവര്‍. ഒരുകൂട്ടം കുട്ടികള്‍ റാന്തല്‍ വിളക്കുകളുമായി അരികിലേക്ക് വരുന്നത് വരെ ഞാനീ ചിന്തകളില്‍ വ്യാപൃതനായിരുന്നു. ആ സമയത്ത് അവരുടെ മുഖത്ത് വിടര്‍ന്ന പുഞ്ചിരിയും സന്തോഷവും കണ്ടതോടെ എന്റെ ഉള്ളില്‍ പ്രതീക്ഷയുടെ പുതുനാമ്പുകള്‍ മൊട്ടിട്ടു. നമ്മുടെ നിലനില്‍പ്പ് തന്നെ പ്രതിരോധത്തിന്റെ പുത്തന്‍ മാര്‍ഗമായി പരിണമിക്കുന്നതെന്നതിന്റെ ഉത്തമ മാതൃകയായിരുന്നു അവരുടെ ആനന്ദം. ജീവന്റെ തുടിപ്പ് തങ്ങളില്‍ അവശേഷിക്കുന്നുണ്ടെന്നതിന്റെ ഓര്‍മ്മപ്പെടുത്തലാണ് അവരുടെ ചെറുത്തുനില്‍പ്പ്.
യുദ്ധം സര്‍വ്വസംഹാരിയായി നിലനില്‍ക്കുമ്പോഴും ഗസ്സയില്‍ റമദാന്‍ ആഘോഷത്തിന്റെ ദിനരാത്രങ്ങളാണ്. രാത്രിയുലടനീളം ജ്വലിച്ച് നില്‍ക്കുന്ന വിളക്കുകള്‍ തെരുവോരങ്ങളെ പ്രകാശപൂരിതമാക്കുന്നു. പ്രഭാതം വരെ സമൂഹ നിസ്‌കാരം നിര്‍വഹിച്ചും ഖുര്‍ആന്‍ ഓതിയും ഭക്ഷിച്ചും കഴിയുന്ന ജനങ്ങള്‍ തെരുവോര കാഴ്ചകളെ കൂടുതല്‍ മനോഹരമാക്കുന്നു. ചില അഭയാര്‍ഥി ക്യാമ്പുകള്‍ അത്താഴത്തിനും ഇഫ്ത്താറിനുമായി പ്രത്യേക സംഘമങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. അവിടുത്തെ ജനങ്ങള്‍ക്ക് ആശ്വാസത്തിന്റെ തിരി നാളം പകരുന്ന അനര്‍ഘനിമിഷങ്ങളാണ് അത്തരം സംഗമങ്ങള്‍. ഭാവിയെ കുറിച്ചുള്ള ആശങ്കകള്‍ നിലനില്‍ക്കുമ്പോഴും അവ വകവെക്കാതെ റമദാന്‍ ആഘോഷിക്കാന്‍ ഞങ്ങള്‍ സന്നദ്ധരാണ്, അലങ്കാരങ്ങള്‍ക്ക് വേണ്ടിയുള്ള ഷോപ്പിംങ്ങിനിടെ ചില ജനക്കൂട്ടങ്ങള്‍ എന്നോട് പങ്കുവെച്ചു.
വിവ- ആമിര്‍ ഷെഫിന്‍
📲 വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ👉: https://chat.whatsapp.com/CONOJlYnC05Kslg9NygjM1