കഴിഞ്ഞ മാസം ഒടുവിലാണ് സയണിസ്റ്റ് സേന ജനീൻ അഭയാർഥി ക്യാമ്പിലേക്ക് ഇരച്ച് കയറിയത്. അതിന് മറുപടിയായി ശഹീദ് ഖൈരി അൽഖം നടത്തിയ ഓപ്പറേഷൻ. ഈ സംഭവ വികാസങ്ങളിലൂടെ കടന്നുപോവുമ്പോൾ ഒരു പുതിയ ചോദ്യമുയരുന്നുണ്ട്. ഫലസ്തീനികളുടെ ബലിയർപ്പണങ്ങളും പോരാട്ടങ്ങളും പാഴായിപ്പോവുകയാണോ? എതിർഭാഗത്തുള്ളത് സയണിസ്റ്റ് അധിനിവേശ സേനയാണ്. ഈ ഭീകര, വർണ്ണവെറിയൻ ഭരണകൂടം അത് നടത്തിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങളിലും കൈയേറ്റങ്ങളിലും ഒരു കുറവും വരുത്തുന്നില്ല. കഴിഞ്ഞ രണ്ട് വർഷത്തിനകം സയണിസ്റ്റ് സൈന്യം വധിച്ചത് 530 ഫലസ്തീനികളെയാണ്. ഇരുപത്തി മുവ്വായിരത്തിലധികം പേർക്ക് പരിക്കേറ്റു. തടവുകാരായി പിടിക്കപ്പെട്ടവർ ഏതാണ്ട് പതിനയ്യായിരം പേർ. വീടുകളും മറ്റു കെട്ടിടങ്ങളും നിരന്തരം തകർത്തു കൊണ്ടിരിക്കുന്നു. സൈത്തൂൻ മരങ്ങൾ പിഴുതെറിയുന്നു. ഫലസ്തീൻ ഭൂമി കൈയേറി അവിടെ സെറ്റിൽമെന്റുകൾ പണിതു കൊണ്ടിരിക്കുന്നു. ഈ കഷ്ടനഷ്ടങ്ങളൊക്കെ എന്തിന് വേണ്ടി എന്നതാണ് ചോദ്യം. വിവിധ ഫലസ്തീനി ഗ്രൂപ്പുകൾക്ക് സ്വീകാര്യമായ ഒരു ഏകീകൃത ദേശീയ അജണ്ടയുടെ അഭാവത്തിൽ ഫലസ്തീനികളുടെ സ്വപ്നങ്ങളും പ്രതീക്ഷകളും എങ്ങനെയാണ് സാക്ഷാൽക്കരിക്കപ്പെടുക?
യു.എന്നിന്റെ ഓഫിസ് ഫോർ ദ കോഓർഡിനേഷൻ ഓഫ് ഹ്യുമാനിറ്റേറിയൻ അഫയേഴ്സി(OCHA) ന്റെ ഫലസ്തീനി ബ്രാഞ്ച് നടത്തിയ ഒരു നിരീക്ഷണം വളരെ പ്രസക്തമാണ്: ” അധിനിവിഷ്ട ഫലസ്തീനിൽ സ്ത്രീകളും കുഞ്ഞുങ്ങളും കൗമാരക്കാരും അനുഭവിക്കുന്ന ദുരിതങ്ങൾ കൂടി വരികയാണ്. പ്രതിസന്ധിക്ക് പിന്നിൽ ഇസ്രയേലിന്റെ സൈനിക അധിനിവേശമുണ്ട്. ഗസ്സയെ അവർ ഉപരോധിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര നിയമങ്ങൾക്ക് വിലകൽപ്പിക്കുന്നില്ല. മാത്രവുമല്ല ഫലസ്തീനിനകത്തെ ആന്തരിക ശൈഥില്യം വർധിക്കുകയുമാണ്. ഇസ്രായലും ഫലസ്തീനി സായുധ ഗ്രൂപ്പുകളും തമ്മിലുള്ള സായുധ ഏറ്റുമുട്ടൽ നിരന്തരം ആവർത്തിക്കുകയും ചെയ്യുന്നു.” ഫലസ്തീൻ പ്രശ്നം മൂന്ന് കാരണങ്ങളിലായി ഇവിടെ സംഗ്രഹിച്ചിരിക്കുകയാണ്.
1- സയണിസ്റ്റ് അധിനിവേശം
2- ഫലസ്തീനകത്തെ ശൈഥില്യം
3 – സായുധ ഓപറേഷനുകൾ
ഈ ലേഖനത്തിൽ നാം രണ്ടും മൂന്നും കാരണങ്ങളെ ക്കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. ഇതിൽ രണ്ടിലുമാണ് ഫലസ്തീനികൾക്ക് നേർക്കുനേരെ ഉത്തരവാദിത്തമുള്ളത്. നാം ഒച്ച ഉയർത്തി തന്നെ ചോദിക്കേണ്ടതുണ്ട്. ഫലസ്തീനി ഭിന്നത എത്ര കാലം ഇങ്ങനെ തുടരും ? ഫലസ്തീനി വികാരങ്ങൾ ചൂഷണം ചെയ്യുന്ന അവരുടെ നേതൃത്വത്തിന് എല്ലാം ആന്തരിക ശൈഥില്യത്തിൽ തട്ടിത്തകരുന്നതിനെ സംബന്ധിച്ച് എന്ത് വിശദീകരണമാണ് നൽകാനാവുക? ആഭ്യന്തര സ്ഥിതി ഇതാണെങ്കിൽ അധിനിവേശകർക്കെതിരെ നടക്കുന്ന സായുധ ഓപ്പറേഷനുകൾ പാഴാവുകയില്ലേ?
ഇതൊക്കെയും ഓരോ ഫലസ്തീനിയും സ്വന്തത്തോടും ബന്ധപ്പെട്ട വൃത്തങ്ങളോടും ന്യായമായി ചോദിക്കേണ്ട ചോദ്യങ്ങളാണ്. ഈ ശൈഥില്യം കേവലം രാഷ്ട്രീയ രോഗാതുരത എന്ന അവസ്ഥ വിട്ട് വലിയൊരു ദുരന്തമായി കലാശിക്കുകയാണ്. ഫലസ്തീനികളുടെ എല്ലാ യത്നങ്ങളെയും ബലിദാനങ്ങളെയും ആ ഭിന്നിപ്പ് നിഷ്ഫലമാക്കിക്കളയുന്നു.
ഭിന്നത ഭരണ തലപ്പത്ത് നിന്ന് തുടങ്ങുന്നു. എല്ലാവരും ഐകപ്പെടുന്ന തീരുമാനങ്ങളുണ്ടാവുന്നില്ല. എല്ലാവർക്കും സ്വീകാര്യമായ ഒരു പൊതു ദേശീയ വിമോചന നയം രൂപവത്കരിക്കാൻ കഴിയുന്നില്ല. ഇത് സയണിസത്തിനെതിരെയുള്ള കൂട്ടായ യത്നങ്ങളെ വല്ലാതെ ദുർബലപ്പെടുത്തുന്നു. പ്രശ്നം പരിഹാരമില്ലാതെ അനന്തമായി നീളുന്നതിനും കൂടുതൽ സങ്കീർണ്ണമാകുന്നതിനും കാരണമായിത്തീരുന്നു. പൊതു ഫലസ്തീനി സമൂഹത്തിന്റെ കഷ്ടപ്പാട് ശതഗുണീഭവിക്കുകയും ചെയ്യുന്നു.
പരിഹാരമായി ഒന്നാമതായി നിർദേശിക്കാനുള്ളത് വിവിധ ഫലസ്തീനി ഗ്രൂപ്പുകൾ അവരുടെ മുൻഗണനകൾ പുനപ്പരിശോധിക്കണം എന്നാണ്. സയണിസത്തെ നേരിടുന്നതിനേക്കാൾ ഇപ്പോൾ മുൻഗണന കൊടുക്കേണ്ടത് ഗ്രൂപ്പുകൾ തമ്മിലെ ഭിന്നതകൾ ഇല്ലാതാക്കാനാണ്. പരസ്പരം പൊരുതുന്നവർക്ക് അധിനിവേശത്തെ നേരിടാനാകില്ല. ശിഥിലമായ അവസ്ഥയിൽ ബലിയർപ്പണങ്ങൾക്ക് ഒരർഥവും ഉണ്ടാവുകയില്ല. ഇതിന്റെ ഉത്തരവാദിത്തം എല്ലാ ഫലസ്തീനി ഗ്രൂപ്പുകളും ഏറ്റെടുത്തേ മതിയാവൂ.
ഫലസ്തീനീ ഗ്രൂപ്പുകൾ തമ്മിൽ വീടിനകത്ത് ഐക്യമുണ്ടാകണമെങ്കിൽ കുറച്ചു കാലത്തേക്കെങ്കിലും അധിനിവേശകർക്കെതിരിലുള്ള സൈനിക ഓപ്പറേഷനുകൾ നീട്ടി വെക്കേണ്ടിവരും. എങ്കിലേ ഫലസ്തീനികൾക്ക് ഒന്ന് ശ്വാസം വിടാനെങ്കിലും അവസരമുണ്ടാവൂ. വിവിധ ഗ്രൂപ്പുകൾക്ക് അവരുടെ ആഭ്യന്തര ഘടന ഭദ്രമാക്കാനും ഈ അവസരം ഉപയോഗിക്കാം. തുടർന്ന് പൊതു ദേശീയ അജണ്ട ഉണ്ടാക്കുന്നതിന്റെ ഭാഗമായി ചർച്ചകൾ നടക്കണം. സ്വതന്ത്രമായും ജനാധിപത്യപരമായും വെസ്റ്റ് ബാങ്കിലും ഗസ്സയിലും തെരഞ്ഞെടുപ്പ് നടത്തുകയാണ് അജണ്ടയിൽ വരേണ്ട ആദ്യത്തെ കാര്യം. എന്നിട്ട് വിവിധ ഗ്രൂപ്പുകൾക്ക് പ്രാതിനിധ്യമുള്ള കൂട്ടുകക്ഷി ദേശീയ ഗവൺമെന്റ് രൂപവത്കരിക്കണം. അതാണ് ഈ സന്ദർഭത്തിൽ ഏറ്റവും അനുയോജ്യമായിട്ടുള്ളത്. ഹിത പരിശോധനയിലൂടെയും സർവെയിലൂടെയും അഭിപ്രായങ്ങൾ ആരാഞ്ഞു കൊണ്ടായിരിക്കണം സംയുക്ത ദേശീയ നയത്തിന് രൂപം നൽകേണ്ടത്. പുതിയ ഭരണകൂടത്തിന് വേണ്ടി ഒരിടക്കാല / ട്രാൻസിഷനൽ ഭരണഘടന ഉണ്ടാവുന്നതും നല്ലതാണ്. നിലവിലെ അവസ്ഥ ശുഭകരമല്ലാത്തത് കൊണ്ടാണ് ഇങ്ങനെ കുറിക്കേണ്ടി വന്നത്.
വിവ. അശ്റഫ് കീഴുപറമ്പ്