Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീനിലെ ജനതയോടുള്ള തുർക്കി നിലപാട് എന്താകും?

ഫലസ്തീൻ ജനതയോടുള്ള തുർക്കിയുടെ സ്നേഹ സമീപനം വർഷങ്ങളായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇസ്രായേൽ സൈനികാക്രമണ സമയങ്ങളിൽ അത് രൂഢമൂലമാവുന്നത് പതിവ് കാഴ്ച്ചയുമാണ്. 2008, 2012, 2014 വർഷങ്ങളിൽ ഗാസ മുനമ്പിൽ ഇസ്രായേൽ അഴിച്ചുവിട്ട ആക്രമ പരമ്പരകളിലെല്ലാം തുർക്കിയുടെ രാഷ്ട്രീയ, ജനകീയ, മാധ്യമ തലങ്ങളിലൊക്കെയും ശക്തമായ ഫലസ്തീൻ-ഐക്യദാർഢ്യം പ്രകടമായിരുന്നു.

ഏറ്റവും ഒടുവിൽ അരങ്ങേറിയ ഇസ്രായേൽ അധിനിവേഷ വേളയിലും ഇസ്താംബുളും അങ്കാറയുമുൾപ്പെടെ നിരവധി തുർക്കി നഗരങ്ങൾ ബഹുജന പ്രക്ഷോഭങ്ങൾക്ക് സാക്ഷ്യം വഹിച്ചു. പലപ്പോഴും ഭിന്നഭിപ്രായങ്ങൾ വെച്ച് പുലർത്തുന്ന തുർക്കി മാധ്യമങ്ങളും ഫലസ്‌തീന് എതിരായ ഇസ്രായേലിന്റെ ക്രൂരതതകൾ തുറന്നുകാട്ടുകയുണ്ടായി. തർക്കവിഷയത്തിൽ ഇസ്രായേലിനെതിരായ നിലപാടെടുക്കുകയും, ഫലസ്തീൻ ജനതയ്‌ക്കെതിരായ ഇസ്രായേൽ ആക്രമണത്തെ അപലപിച്ച് സംയുക്ത പ്രസ്താവന ഇറക്കുകയും ചെയ്യുക വഴി മാധ്യമങ്ങളെപ്പോലെ പാർലമെന്ററി സംഘങ്ങളും അപൂർവ്വമായി ഒരു വിഷയത്തിൽ ഐക്യപ്പെടുന്ന ‌ കാഴ്ചക്കും തുർക്കി സാക്ഷിയായി. തുർക്കിയിലെ പ്രധാനപെട്ട അഞ്ച്‌ പാർട്ടികളുടെ പാർലിമെന്ററി പ്രതിനിധികൾ സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ചതും അപൂർവ മാതൃകയായി.

“പരസ്പര സംഘട്ടനം” പോലുള്ള വിവരണങ്ങളെ പൂർണ്ണമായും ഒഴിവാക്കിക്കൊണ്ട് തന്നെയാണ് ഇസ്രായേൽ ഫലസ്തീനിൽ നടത്തിയ വ്യോമാക്രമണങ്ങളെ തുർക്കി വിദേശകാര്യ മന്ത്രാലയം അപലപ്പിച്ചത്. എന്നാൽ നിരീക്ഷകരെ ഏറെ കൗതുകപ്പെടുത്തിയ വസ്തുത എന്തെന്നാൽ തുർക്കി പ്രസിഡന്റ്‌ റജബ് ത്വയിബ് ഏര്‍ദോഗാനും ഗവണ്മെന്റിലെ അദ്ദേഹത്തിന്റെ പങ്കാളിയും നാഷണൽ മൂവ്മെന്റ് പാർട്ടി നേതാവുമായ ദവ്‌ലത്ത് ബഹ്‌ശീലിയും പ്രസ്തുത വിഷയത്തിൽ മുന്നോട്ട് വെച്ച ആശയങ്ങളാണ്. ഫലസ്‌തീൻ വിഷയത്തിലെ തുർക്കിയുടെ ഭാവി സമീപനങ്ങൾ എങ്ങനെയാകുമെന്ന് മുൻകൂട്ടി മനസ്സിലാക്കാൻ ഇത് സഹായകമായേക്കും.

ഫലസ്തീൻ ജനതയെ ഇസ്രായേൽ അതിനിവേശത്തിൽ നിന്നും സംരക്ഷിക്കാനായൊരു അന്താരാഷ്ട്ര സേനയെ സജ്ജീകരിക്കണമെന്നായിരുന്നു ഏർദോഗാനും ബഹ്ശീലിയും ആവശ്യപ്പെട്ടത്. ഇക്കാര്യം പ്രവർത്തികമാകുന്നതിന് വേണ്ടി ഇരുപതിലധികം രാഷ്ട്രത്തലവന്മാരെയും സർക്കാരുകളെയും ഏർദോഗഗാൻ തന്നെ ഫോൺ വഴി ബന്ധപ്പെട്ടു. അത്തരമൊരു അന്താരാഷ്ട്ര ശക്തിക്ക് രാഷ്ട്രീയവും സൈനികവുമായ സർവ്വ പിന്തുണയും തുർക്കിയുടെ ഭാഗത്ത് നിന്നുണ്ടാകുമെന്നും ഏർദോഗാൻ ഉറപ്പ് നൽകിയിട്ടുണ്ട്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ ഒരു അന്താരാഷ്ട്ര സേനയെ രൂപീകരിക്കുന്നതിന് പ്രതികൂലമാവുന്നെങ്കിൽ ജറുസലേമിന് “കാവൽ നിൽക്കാൻ” തുർക്കി ജനതയെ പ്രോത്സാഹിപ്പിക്കുന്നതിൽ എർദോഗനെ പിന്തുണയ്ക്കാൻ ബഹ്‌ശീലി തയ്യാറാണെന്നും പൊതുവെ കരുതപ്പെടുന്നുണ്ട്. മാത്രമല്ല, ഏർദോഗാന്റെ ഭാഷ്യമനുസരിച്ചുള്ള “ഇസ്രായേൽ തീവ്രവാദം ” ഇനിയും തുടർന്നാൽ അതൊരു പ്രാദേശിക സംഘട്ടനത്തിനോ ആഗോള യുദ്ധത്തിനോ വഴിവെച്ചേക്കുമെന്നും ഏർദോഗാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഏറ്റവും പുതിയ ഇസ്രായേലി ആക്രമണത്തെക്കുറിച്ചുള്ള തുർക്കി നിലപാടിന്റെ ആഴവും പരപ്പും മനസിലാക്കാൻ, കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി അങ്കാറയും ടെൽ അവീവും തമ്മിലുള്ള ബന്ധം വിലയിരുത്തുന്നത് സഹായകമായേക്കും.
1948 മുതൽ 2002 വരെയുള്ള കാലയളവിൽ ഇരുരാഷ്ട്രങ്ങൾക്കുമിടയിൽ സൈനിക, നയതന്ത്ര സഹകരണം ശക്തമായി നിലനിന്നിരുന്നു. മാത്രമല്ല, 1949 മാർച്ചിൽ ഇസ്രയേലിനെ ഒരു രാഷ്ട്രമായി അംഗീകരിച്ച ആദ്യത്തെ മുസ്‌ലിം ഭൂരിപക്ഷ രാജ്യവും തുർക്കിയായിരുന്നു.

എന്നാൽ 2002ൽ എർദോഗാന്റെ ജസ്റ്റിസ് ആന്റ് ഡവലപ്മെന്റ് പാർട്ടിയുടെ ആവിർഭാവമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ വഴിത്തിരിവായത്. പാർട്ടിയുടെ തുടക്കകാലങ്ങളിൽ, ഇസ്രയേലുമായുള്ള ശക്തമായ ബന്ധത്തിൽ നിക്ഷേപം നടത്തുക വഴി സമാധാന പ്രക്രിയയിൽ സ്വാധീനമുള്ള ഒരു മധ്യസ്ഥന്റെ പങ്ക് വഹിക്കാനായിരുന്നു ഏർദോഗാൻ ശ്രമിച്ചത്. അങ്കാറയുമായുള്ള ബന്ധം മാതൃകാപരമാണെന്ന് ഇസ്രയേൽ അധികൃതരും വിശേഷിപ്പിച്ചു. എർദോഗൻ പ്രധാനമന്ത്രിയായിരിക്കെ ഇസ്രയേൽ സന്ദർശിച്ചത് ഈ ബന്ധത്തെ കൂടുതൽ ദൃഢപ്പെടുത്തുന്നതിന് സഹായകമായി. എന്നാൽ പിന്നീടുണ്ടായ പല സംഭവങ്ങളും ഇരുകൂട്ടർക്കുമിടയിലുള്ള ബന്ധം വഷളാകുന്നതിന് വഴിവെച്ചു. ഹമാസിന്റെ സ്ഥാപക നേതാവായ ഷെയ്ഖ് അഹ്‌മദ്‌ യാസീനെ ഇസ്രായേൽ വധിച്ചത് ഇതിന്റെ മുഖ്യ കാരണങ്ങളിലൊന്നായിരുന്നു. ഗാസ മുനമ്പിലെ ഇസ്രയേൽ നയത്തെ “ഭരണകൂട ഭീകരത” എന്ന് എർദോഗാൻ വിശേഷിപ്പിച്ച ആദ്യ സന്ദർഭം അതായിരുന്നു.

2008-2009 കാലയളവിൽ ഗാസ മുനമ്പിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തെ തുർക്കി സർക്കാർ അപലപിച്ചത് കൂടുതൽ പിരിമുറുക്കത്തിലേക്ക് നയിച്ചു. സ്വിറ്റ്സർലൻഡിലെ ദാവോസിൽ വെച്ച് നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ വേദിയിൽ വെച്ച് അന്നത്തെ ഇസ്രയേൽ പ്രസിഡന്റ് ഷിമൺ പെരസിന് നേരെ എർദോഗൻ ഉന്നയിച്ച ശക്തമായ വിമർശനം ഇസ്രായേലിനെ കൂടുതൽ ചൊടിപ്പിച്ചു. 2010ന്റെ മധ്യത്തിലുണ്ടായ ഗാസ ഉപരോധം തകർക്കാനെത്തിയ, ഫ്രീഡം ഫ്ലോട്ടില്ലയ്ക്കുള്ളിൽ മാവി മർമര കപ്പലിലുണ്ടായിരുന്ന ഒമ്പത് തുർക്കി ആക്റ്റിവിസ്റ്റുകളെ ഇസ്രയേൽ സൈന്യം വധിച്ചപ്പോളും “ഭരണകൂട ഭീകരത” എന്ന പ്രയോഗം ഏർദോഗാൻ ഇസ്രായേലിനെതിരെ ഉപയോഗിച്ചു. 2012ലും 2014ലും ഇസ്രായേൽ ഗാസയിൽ അഴിച്ചുവിട്ട തുടർച്ചയായ ആക്രമണങ്ങൾ കാരണമായി ഏർദോഗാൻ ഇസ്രായേലിനെ “നിരപരാധികളായ കുഞ്ഞുങ്ങളെ കൊല്ലുന്ന തീവ്രവാദ രാജ്യമെന്ന്” വിശേഷിപ്പിച്ചത് ഇരുകൂട്ടർക്കുമിടയിലെ ബന്ധം കൂടുതൽ ക്ഷയിക്കുന്നതിന് ഹേതുവായി.

ഇസ്രയേൽ അധിനിവേശത്തിനെതിരെ നിലകൊള്ളുന്നതിൽ തുർക്കിയുടെ നിലപാട് കൂടുതൽ ഗൗരവകരമായ പുതിയ തലത്തിലേക്ക് നീങ്ങിയത് സമീപകാലത്ത് ശ്രദ്ധേയമായിരുന്നു. ഫലസ്തീനികളെ സംരക്ഷിക്കാൻ ഒരു അന്താരാഷ്ട്ര സേന വേണമെന്ന എർദോഗാന്റെ ആവശ്യം ഇത് വ്യക്തമാക്കുന്നു. മെയ് 20ന് യു.എൻ സുരക്ഷാ സമിതിയിൽ നടത്തിയ പ്രസംഗത്തിൽ തുർക്കി വിദേശകാര്യ മന്ത്രി മെവ്‌ലട്ട് കാവുസോഗ്ലുവും അന്താരാഷ്ട്ര സേനയുടെ ആവശ്യകതയെ ഊന്നിപറഞ്ഞു. ഇനി അഥവാ അന്താരാഷ്ട്ര സംരക്ഷണ സേനയുടെ നിർദേശം ആരും ഏറ്റെടുക്കാത്ത സാഹചര്യം സംജാതമാവുകയാണെങ്കിൽ, തുർക്കി ജനത തന്നെ ജറുസലേമിന് കാവൽ നിൽക്കേണ്ടി വരുമെന്ന് ബഹ്‌ശേലി സൂചിപ്പിച്ചു.

അങ്കാറയിൽ നിന്നും എത്തരത്തിലുള്ള പിന്തുണയാണ് ഭാവിയിൽ ലഭിക്കുകയെന്നത് ഫലസ്തീനികളെ സംബന്ധിച്ചെടുത്തോളം വളരെ നിർണായകമാണ്. അത് രാഷ്ട്രീയമായ ഐക്യപ്പെടലിന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും അതീതമായിരിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. തുർക്കിയുടെ ഫലസ്‌തീനോടുള്ള സമീപനത്തിന്റെ പുതിയ മാനദണ്ഡങ്ങൾ എങ്ങനെയായിരിക്കുമെന്ന് ഈ നിമിഷത്തിൽ നമുക്ക് മനസ്സിലാക്കുക സാധ്യമല്ലങ്കിലും, തുർക്കിയുടെ ഫലസ്‌തീൻ അനുകൂല നീക്കങ്ങൾ ഇസ്രായേലുമായുള്ള ബന്ധത്തിൽ കൂടുതൽ വിള്ളലുകൾ വീഴ്ത്തുവാൻ സാധ്യതയുണ്ട്. എന്നിരുന്നാലും, അധിനിവേശ ഫലസ്തീനിലെ ജനങ്ങൾക്ക് തുർക്കിയുടെ ഭാഗത്ത് നിന്നുള്ള പിന്തുണ വർദ്ധിപ്പിക്കാനുള്ള സാധ്യതകളേറയാണ്.

വിവ- മുബഷിർ മാണൂർ

Related Articles