Current Date

Search
Close this search box.
Search
Close this search box.

വിജയം ഉറപ്പിക്കുന്ന ഖുദ്‌സ് പോരാട്ടം

ഫലസ്തീൻ ചെറുത്തുനിൽപ്പിന്റെ മൂന്നു നേതാക്കളുടെ വാക്കുകൾ കഴിഞ്ഞ ദിവസങ്ങളിൽ ശ്രദ്ധിച്ചു.

(1) ഹമാസ് രാഷ്ട്രീയകാര്യ തലവനും മുൻ പ്രധാനമന്ത്രിയുമായ ഇസ്മായിൽ ഹനിയ്യ ദോഹയിൽ ഫലസ്തീൻ അനുകൂല റാലിയിൽ സംസാരിച്ചത്. പ്രധാനമായും ഇക്കാര്യങ്ങളാണ് പറഞ്ഞത്: ഫലസ്തീൻ ചെറുത്തു നിൽപ്പിന് ഒരൊറ്റ മേൽവിലാസം മാത്രമേയുള്ളൂ- അൽഖുദ്‌സ്. റമദാനിൽ അഖ്‌സയിൽ കയ്യേറ്റം നടത്തി ഖുദ്‌സ് മുഴുവൻ വിഴുങ്ങാൻ സയണിസം ശ്രമിച്ചതാണ് ഫലസ്തീൻ ജനത ഇപ്പോൾ ചെറുക്കുന്നത്. അധിനിവേശത്തോട് അഖ്‌സയിൽ നിന്ന് പിന്മാറാൻ മുന്നറിയിപ്പ് കൊടുത്തതും അത് മാനിക്കാതിരുന്നപ്പോൾ ആക്രമിച്ചതും ചെറുത്തുനിൽപ്പിന്റെ ബാധ്യത. അവർ പ്രത്യാക്രമണം എന്ന പേരിൽ ജനതയെ കൊന്നൊടുക്കുന്നു. പക്ഷെ, ഈ യുദ്ധത്തിലും അവർ തോൽക്കും. ചെറുത്തുനില്പിൽ ഹമാസ് മാത്രമല്ല, എല്ലാ ചെറുത്തുനിൽപ് പ്രസ്ഥാനങ്ങളും ഫലസ്തീൻ പൊതു സമൂഹവും ഭഗവാക്കാണ്. ജനത ഒറ്റക്കെട്ടാണ്. ഹമാസിന്റെ കർമ്മ ഭൂമി ഗസയല്ല, 1948ന് മുമ്പുള്ള മുഴുവൻ ഫലസ്തീൻ പ്രദേശവുമാണ്. ഈ ഫലസ്തീൻ ഭൂമിയിൽ നിന്ന് അധിനിവേശത്തെ തുരത്തി ഫലസ്തീൻ രാജ്യം സ്ഥാപിക്കലാണ് ലക്‌ഷ്യം, അതുവരെ ചെറുത്തുനിൽപ് മുന്നോട്ടു പോവും.

(2). ഹമാസ് വിദേശകാര്യ ചുമതലയുള്ള ഖാലിദ് മിഷ്അൽ കഴിഞ്ഞ ദിവസം ടിആർടി അറബിക് ചാനലിന് നൽകിയ അഭിമുഖം കേട്ടിരുന്നു. സുപ്രധാന പോയിന്റുകൾ:

അൽഅഖ്സയും ഖുദ്‌സും പൂർണമായി വിമോചിപ്പിക്കുന്നത് വരെ നാം അടങ്ങിയിരിക്കില്ല. സയണിസ്റ്റ് അധിനിവേശവുമായി ഫലസ്തീൻ ചെറുത്തുനിൽപിനെ താരതമ്യം ചെയ്യുമ്പോൾ ഭൗതിക ശക്തി കുറവായിരിക്കും. പക്ഷെ, അവർക്കില്ലാത്ത ചില ശക്തികൾ ഞങ്ങൾക്ക് എമ്പാടുമുണ്ട്. അല്ലാഹു സഹായിക്കും എന്ന ഉറച്ച വിശ്വാസം. എന്തു വന്നാലും ഉറച്ചു നിൽക്കാൻ സാധിക്കുന്ന വിൽപവർ. ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷ. സയണിസത്തിന്റെ ഒരേയൊരു ലക്ഷ്യം അധിനിവേശം കഴിയുന്നത്ര മുന്നോട്ടു കൊണ്ട് പോവുകയാണെങ്കിൽ ഫലസ്തീൻ ജനത ലക്ഷ്യമിടുന്നത് സ്വാതന്ത്ര്യം തിരിച്ചു പിടിക്കലാണ്. ഈ പോരാട്ടത്തിൽ ഞങ്ങൾ വിജയിക്കും. ചെറുത്തുനില്പിൽ മുഴുവൻ ഫലസ്തീനികളും ഒറ്റക്കെട്ടാണിപ്പോൾ. മുസ്ലിംകളും ക്രിസ്ത്യാനികളുമുണ്ട്. ചെറുത്തു നിൽപിനെ തകർക്കാൻ ശ്രമിക്കുന്നവരും സഹായിക്കുന്നവരുമുണ്ട്. ഇറാൻ മാത്രമല്ല മറ്റു പലരും സഹായിക്കുന്നുണ്ട്. സാങ്കേതിക വിദ്യകളും സാമ്പത്തിക സഹായങ്ങളും നൽകുന്നുണ്ട്. മുസ്ലിംകളല്ലാത്ത മനുഷ്യ സ്നേഹികളായ രാജ്യങ്ങളും കൂട്ടായ്മകളും സഹായിക്കുന്നുണ്ട്. ഖുദ്‌സിനോടും ഫലസ്തീൻ ജനതയോടും അവർക്കുള്ള ബാധ്യത എന്ന നിലയിലായിരിക്കും അവർ സഹായിക്കുന്നത്. എല്ലാവരോടും ഒന്നേ പറയാനുള്ളൂ. നിരുപാധിക സഹായങ്ങൾ ആരിൽ നിന്നും സ്വീകരിക്കും. ആരുടേയും ഉപാധികളും കൽപനകളും ഞങ്ങൾ സ്വീകരിക്കില്ല. പോരാട്ടം എങ്ങിനെ ചെയ്യണമെന്ന് ഫലസ്തീനികൾക്ക് വിട്ടു തരിക. 15 വർഷത്തിലധികമായി ഉപരോധത്തിലുള്ള ഗാസയിൽ പ്രധാനമായും അല്ലാഹുവിന്റെയും അവനുദ്ദേശിച്ചവരുടെയും സഹായത്തോടെ ഞങ്ങൾക്ക് പ്രഹരശേഷി വർദ്ധിപ്പിക്കാനായതിന് ഒരൊറ്റ ഉത്തരമേയുള്ളൂ. “നമ്മുടെ മാർഗത്തിൽ പോരാടുന്നവരെ നമ്മുടെ വഴികളിലൂടെ നാം മുന്നോട്ടു കൊണ്ടുപോവും. സഹായിക്കുന്ന ഔദാര്യവാന്മാരുടെ കൂടെയാണ് അല്ലാഹു.” (ഖു. 29 :69). ഇറാനും സൗദി അറേബ്യയും തമ്മിലുള്ള ഡയലോഗ് വിജയിക്കട്ടെ എന്ന് ആശംസിക്കുന്നു. സൗദി അറേബ്യയും ഇറാനും സൗഹൃദം സ്ഥാപിക്കുന്നത് ഇസ്ലാമിക ലോകത്തിനും മൊത്തത്തിൽ ലോകത്തിനു തന്നെയും ഗുണകരമായിരിക്കും. പക്ഷെ, ആരുടേയും ആഭ്യന്തര കാര്യങ്ങളിൽ ചെറുത്തുനിൽപ് ഇടപെടില്ല.
(3). അധിനിവിഷ്ട ഫലസ്തീനിലെ (ഇസ്രായേൽ) 1948 പ്രദേശങ്ങൾ എന്നറിയപ്പെടുന്ന അറബ് മേഖലയിൽ നിന്നുള്ള ഷെയ്ഖ് കമാൽ അൽഖതീബ്. ഇസ്രായേൽ നിരോധിച്ച ഇസ്ലാമിക് മൂവ്മെന്റ് ഉപാധ്യക്ഷനാണദ്ദേഹം. മൂവ്മെന്റ് അധ്യക്ഷൻ ഷെയ്ഖ് റാഇദ് സ്വലാഹ് നേരത്തെ ഇസ്രായേൽ ജയിലിലാണ്. കഴിഞ്ഞ വെള്ളി (മെയ് 14) കുഫ്ർകനാ പട്ടണത്തിലെ ഉമർ ബിൻ ഖത്താബ് മസ്ജിദിലെ ജുമുഅ ഖുതുബയിൽ അദ്ദേഹം ഇങ്ങനെ പറഞ്ഞു.

“നാളെ ( മെയ് 15) നക്ബയുടെ (പതനം) അനുസ്മരണമാണ്. പക്ഷെ നാമിപ്പോൾ ‘നഖുവ’യുടെ (അന്തസ്സ്) പുതിയൊരു ചരിത്രം സൃഷ്ടിക്കുകയാണ്. 1100കളിൽ കുരിശ് അധിനിവേശത്തിൽ നിന്ന് ഖുദ്‌സ് വിമോചിപ്പിച്ച സ്വലാഹുദ്ദീൻ അയ്യൂബിയുടെ കൂടെയുണ്ടായിരുന്ന ഭിഷഗ്വരൻ ഹുസാമുദ്ദീൻ അൽജറാഹിന്റ പേരിൽ അറിയപ്പെടുന്ന തെരുവാണ് ശൈഖ് ജറാഹ്. അന്ന് കുരിശു അധിനിവേശം അഖ്‌സയിൽ നിന്ന് തുരത്തപ്പെടുന്നതിനു ശൈഖ് ജറാഹ് സാക്ഷിയായെങ്കിൽ ഇന്ന് ശൈഖ് ജറാഹ് തെരുവിൽ താമസിക്കുന്നവർ സയണിസ്റ്റ് അധിനിവേശം ഖുദ്‌സ് ഭൂമിയിൽ നിന്ന് പുറത്താകുന്നതിന് സാക്ഷിയാകും, ഇൻശാ അല്ലാഹ്.” ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഇസ്രായേൽ പോലീസ് വന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു അദ്ദേഹത്തെ പിടിച്ചു കൊണ്ടുപോയി.

കമാൽ അൽഖത്തീബ്‌ പോലുള്ളവരിൽ നിന്ന് ആവേശം കൊണ്ടാണ് റമദാൻ 27നു പതിനായിരങ്ങൾ മസ്ജിദുൽ അഖ്‌സയിലെ സയണിസ്റ്റ് കൈയേറ്റം തടയുവാൻ പാഞ്ഞെത്തി അവിടെ ഇരിപ്പുറപ്പിച്ചത്. അന്ന് അഖ്‌സയിൽ കണ്ണീർവാതക പ്രയോഗത്തിനു ഇരയായ ജനങ്ങളോട്, സ്വയം പൊഴിയുന്ന കണ്ണീരല്ലാതെ ആരും കരയരുതെന്നു ഉച്ചത്തിൽ വിളിച്ചു പറഞ്ഞു കൊണ്ട് അവർക്ക് നേതൃത്വം നൽകി അഖ്‌സയിലുണ്ടായിരുന്നു അദ്ദേഹം.

ഫലസ്തീനിലെ പുതുതലമുറ നക്ബയെ അനുസ്മരിക്കുന്നത് ദുഃഖസാന്ദ്രമായ വരികളിലൂടെയും ചടപ്പൻ സെമിനാറുകളിലൂടെയുമല്ല, ജന്മ ദേശം തിരിച്ചു പിടിക്കാൻ പോന്ന കാര്യ പരിപാടികളാണ് അവരുടെ അനുസ്മരണ രീതികൾ. 1948 മെയ് 15 തങ്ങളുടെ പൂർവികർ പുറത്താക്കപ്പെടുകയും ഉന്മൂലനം ചെയ്യപ്പെടുകയും ചെയ്ത ‘നക്ബ’ ആവർത്തിക്കാൻ അഖ്‌സയിൽ അധിനിവേശം ശ്രമിച്ചപ്പോൾ അതിനെ ചെറുക്കുകയാണവർ. ഇന്നിത് കുറിക്കുമ്പോൾ വെസ്റ്റ് ബാങ്കും ഗാസയും ഉൾപ്പെടുന്ന ഫലസ്തീൻ പ്രദേശത്തെ എല്ലാ നഗരങ്ങളും, അധിനിവിഷ്ട ഫലസ്തീനിലെ അറബ് തെരുവുകളും പോരാട്ടമുഖരിതമാണ്. ഭൗതിക ശക്തിയിൽ അഹങ്കരിക്കുന്ന സയണിസ്റ്റ് ശത്രുവിനെതിരെയാണ് ജനതയുടെ ഒന്നിച്ചുള്ള ചെറുത്തുനിൽപ്.

അഖ്‌സ കയ്യേറുവാൻ അധിനിവേശം പുതിയൊരു നീക്കം നടത്തിയതാണ് . അഖ്‌സ ഭൂമിയുടെ പടിഞ്ഞാറേ കവാടത്തിനു പുറത്ത് ഷെയ്ഖ് ജറാഹ് തെരുവിൽ ‘ജെറുസലേം ഡേ’ എന്ന പേരിൽ സയണിസ്റ്റ്കൾ തടിച്ചു കൂടാൻ തീരുമാനിച്ചു. തദ്ദേശ വാസികളെ അവിടെ നിന്ന് അടിച്ചോടിച്ചു അവിടം സയണിസ്റ്റുകൾക്ക് കൊടുക്കുവാനുള്ള പദ്ധതിയുടെ ഭാഗമായിരുന്നു ഈ നീക്കം. നേരത്തെ പ്രഖ്യാപിച്ച ഈ നീക്കത്തിന് കാര്യമായ എതിർപ്പ് ഉണ്ടാവില്ലെന്ന് അധിനിവേശം കണക്കു കൂട്ടി. ഫലസ്തീനികളുടെ പ്രതിഷേധ ശബ്ദങ്ങൾ ആരും ഗൗനിച്ചില്ല.

ഇസ്രയേൽ ഭീകരരെയും അവരെ താങ്ങി നിർത്തുന്ന അമേരിക്കൻ യാങ്കികളെയും വെറുപ്പിച്ചു മേഖലയിൽ ആരും ശബ്ദിക്കില്ലെന്നു ബോധ്യമുള്ള ഫലസ്തീൻ ജനത പതിവ് പോലെ സ്വയം ചെറുക്കാൻ തീരുമാനിച്ചു. അവർ അധിനിവേശത്തിന് മുന്നറിയിപ്പ് കൊടുത്തു. മെയ് 11 വൈകുന്നേരം ആറു മണിക്ക് മുൻപ് അൽഅഖ്‌സ പരിസരത്തു നിന്ന് പിന്മാറിയില്ലെങ്കിൽ ഞങ്ങൾ ചെറുക്കും. അധിനിവേശം മുന്നയറിയിപ്പ് അവഗണിച്ചു. ഗാസയിൽ നിന്ന് റോക്കറ്റുകൾ പാഞ്ഞു തുടങ്ങി. ഷെയ്ഖ് ജറാഹ് അധിനിവേശ നീക്കം വിട്ട് സ്വയം പ്രതിരോധത്തിന് അധിനിവേശം നിർബന്ധിതമായി. അഖ്‌സ പരിസരങ്ങളിൽ പോലീസിനെ ഉപയോഗിച്ചും, അധിനിവേശ പ്രദേശങ്ങളിലെ അറബ് വംശജരെ ജൂത ഭീകര സംഘങ്ങളെ ഉപയോഗിച്ചും, ഗാസയിലെ ചെറുത്തു നിൽപിനെ സൈനിക ശക്തി ഉപയോഗിച്ചും നേരിടുകയാണ് ഇസ്രായേൽ. ഭയം എന്തെന്നറിയാത്ത ഫലസ്തീൻ ജനത ചെറുത്തു കൊണ്ടിരിക്കുന്നു, ഗാസയിൽ മാത്രമല്ല, മുഴുവൻ ഫലസ്തീനിലും ഇസ്രയേലിനകത്തെ അറബ് പ്രദേശങ്ങളിലും. ഇതുവരെ ഗാസയിൽ മാത്രം 145 ഉം വെസ്റ്റ് ബാങ്കിൽ പത്തിലധികവും ശഹീദുകൾ.

ജനകീയ ചെറുത്തുനിൽപിനെ ഹമാസ് എന്ന ഒരൊറ്റ പ്രസ്ഥാനത്തിൽ ആരോപിച്ചു അക്രമങ്ങൾക്ക് ന്യായം ചമയ്ക്കാൻ ആവത് ശ്രമിക്കുന്നുണ്ട് അധിനിവേശം. ദൗർഭാഗ്യ വശാൽ ആ പ്രൊപ്പഗണ്ട ഏറ്റെടുത്ത രണ്ടു വിഭാഗങ്ങളുണ്ട് മുസ്ലിം ലോകത്ത്. ഒന്ന്, ഈയിടെ ഇസ്രയേലിനോട് നോർമലൈസേഷൻ പ്രഖ്യാപിച്ച ഗൾഫ് രാജ്യങ്ങളുടെ മാധ്യമങ്ങൾ (രാഷ്ട്രത്തലവന്മാർ മൗനത്തിലാണ്). രണ്ട്, അവരിൽ നിന്ന് അല്ലറ ചില്ലറകൾ പെറുക്കിയെടുത്ത് കഴിയുന്ന ചില ഓശാരക്കാർ. ഇരുവിഭാഗവും ചെയ്യുന്നത് സയണിസത്തെ സഹായിക്കലാണ്. നേരത്തെയും അവർ അങ്ങിനെയാണ് ചെയ്തിരുന്നത്. ഇനിയും ചെയ്യും. ദീനി അഡ്രസ് പതിച്ചു തുരപ്പൻ പണിയെടുക്കുന്നവരെ തിരിച്ചറിയാൻ ഖുർആൻ നൽകിയ അടയാളങ്ങൾ അവരറിയാതെ അവരിൽ നിന്ന് പുറത്തു ചാടിക്കൊണ്ടിരിക്കുന്നു. ഇസ്രയേലിനെ ‘എല്ലാവരും കൂടി ചെറുക്കണം’ എന്നെല്ലാം അവർ പറയും. ചെറുത്തുനിൽപിനെ ഒറ്റുകൊടുത്ത് ഇസ്രായേൽ, അമേരിക്ക, അവരുടെ അറബ് കാവൽക്കാർ എന്നിവരിൽ നിന്ന് കിട്ടുന്ന ഓശാരങ്ങൾ അടിച്ചെടുത്ത് ഫലസ്തീനിൽ പഞ്ചായത്ത് ഭരണം നടപ്പിലാക്കിയിരുന്ന ഏജൻസികളാണ്‌ യഥാർത്ഥ ചെറുത്തുനിൽപ്പുകാർ എന്നും പ്രോപഗണ്ട ഇറക്കി നോക്കും. ഇസ്രായേൽ ചെറുത്തുനിൽപ് നേരിടുമ്പോൾ അവർ കൃത്യമായി രംഗത്തു വരും. ആളുകൾ മാറിയാലും, പേരിൽ സ്വലാഹ് ഉണ്ടെങ്കിലും, എടുക്കുന്ന പണി ഒന്നു തന്നെ – ഫസാദ്.

“നിങ്ങൾ നാട്ടിൽ ഫസാദുകൾ ഉണ്ടാക്കരുത് എന്ന് അവരോട് പറഞ്ഞാൽ അവർ വാദിക്കും, അയ്യോ ഞങ്ങൾ നന്മ ചെയ്യുന്ന മുസ്‌ലിഹുകൾ മാത്രമാണേ. മനസിലാക്കുക, അവർ തന്നെയാണ് ഫസാദ് ഉണ്ടാക്കുന്നവർ. അവരത് മനസ്സിലാക്കുന്നില്ലെന്ന് മാത്രം.” (ഖു: 2: 11-12). ഈ കള്ളക്കരച്ചിലുകളൊക്കെ ഖുർആൻ എന്നേ അടയാളപ്പെടുത്തിയിട്ടുണ്ട്.

പിൻകുറി: (1) 1948ൽ ഫലസ്തീൻ നഷ്ടപ്പെടാൻ പ്രധാന കാരണം ബ്രിടീഷ് കൽപനപ്രകാരം, യുദ്ധം ഔദ്യോഗിക സൈന്യങ്ങൾ ഏറ്റെടുത്തുവെന്നു വിശ്വസിപ്പിച്ചു ജനകീയ ചെറുത്തുനില്പിന് തുരങ്കം വച്ച അറേബ്യൻ ആധിപത്യങ്ങളുടെ കൊടും ചതിയായിരുന്നു. ആ ചതിയന്മാരുടെ ‘സഹായം’ പുതുതലമുറ നന്നായി മനസ്സിലാക്കിയിട്ടുണ്ട്.

(2) ‘ഇഖുവാൻ-ഇറാൻ-ഹമാസ്’ ഏച്ചുകൂട്ടികൾ മോങ്ങുന്നതിന്റെ പ്രധാന കാരണം ജനകീയ ഭരണകൂടങ്ങൾ അധികാരത്തിൽ വരുമെന്ന ഏകാധിപത്യ കൊടും ഭയമാണ്. സംശയമുള്ളവർ 2006ൽ ഹമാസ് നേതൃത്വത്തിലുള്ള ഫലസ്തീൻ സർക്കാരും 2012ൽ ഇഖുവാൻ നേതൃത്വത്തിലുള്ള സർക്കാരും അട്ടിമറിക്കപ്പെട്ടത് എങ്ങിനെയെന്ന് പരിശോധിച്ചാൽ മതി. 2014ലെ യുദ്ധത്തിൽ ഹമാസിനെ ‘ഫിനിഷ്’ ചെയ്യാൻ അവരിൽ ചിലർ ഇസ്രയേലുമായി ഡീലുണ്ടാക്കിയിരുന്നു.

(3). വായനക്കാർ ‘ഖുദ്‌സ്’ എന്ന് തന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. ജെറുസലേം (ഓർശലേം) എന്ന സയണിസ്റ്റ് പര്യായം ഉപയോഗിക്കരുത്. ഓർശലേമും അൽഖുദ്‌സും ഒന്നാണെന്നത് മറ്റൊരു സയണിസ്റ്റ് നുണയാണ്.

Related Articles