Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീനിലെ വിദ്യാർഥികൾ തുറന്നുപറയുന്നത്!

ഉപരോധിക്കപ്പെട്ട ഗസ്സ മുനമ്പിൽ അവസാന വർഷ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്ന പതിനേഴുകാരിയായ മുന സഖൂതും ഒരു വയസ്സ് അധികമുള്ള സഹോദരൻ അഹ്‌മദും വലിയ ഞെട്ടലോടെയാണ് ഫലം അറിയുന്നത്. പരിതഃസ്ഥിതി അത്രയും ദുഷ്‌കരമായ സമയത്താണ് ആ രണ്ട് കുട്ടികളും പരീക്ഷെഴുതുന്നത്. അഥവാ, ഇസ്രായേൽ മെയ് 10ന് ഗസ്സയിൽ ആരംഭിച്ച ആക്രമണത്തിന് ആഴ്ചകൾക്ക് ശേഷമാണ് അവർ പരീക്ഷയെഴുതുന്നത്. ജൂൺ 24ന് തുടങ്ങിയ പരീക്ഷ ജൂലൈ 12ന് അവസാനിച്ചു. ആ ദിനങ്ങൾ ക്ലേശകരമായിരുന്നുവെന്ന് അവർ പറയുന്നു. സമാനതകളില്ലാത്തതായിരുന്നു മാനസിക സംഘർഷം. പതിനൊന്ന് ദിവസത്തിൽ എപ്പോഴും വ്യോമാക്രമണത്തിന്റെ ശബ്ദം കേൾക്കും. അപ്പോൾ ഞാൻ ചുരുണ്ടുകൂടി കരയുമെന്ന് മുന സഖൂത് അൽജസീറ പ്രതിനിധിയോട് പറയുന്നുണ്ട്. ആ ദിനങ്ങൾ നിസ്സഹായമായിരുന്നു, പേടിസ്വപ്നമായിരുന്നു. തുടർച്ചയായ അഞ്ച് ദിവസം പഠിക്കാൻ കഴിഞ്ഞിരുന്നില്ല. കടുത്ത ഭയത്താലാണ് കഴിഞ്ഞിരുന്നത്. പഠിക്കുകയെന്നത് സാധ്യമായിരുന്നില്ല. സ്ഫോടനത്തിന്റെ നിലയ്ക്കാത്ത ശബ്ദമുണ്ടെങ്കിലും പിന്നീട് രണ്ട് മണിക്കൂർ പഠിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് അഹ്‌മദും പറയുന്നു. ആക്രമണത്തിനിടയിലും പഠിക്കാനുള്ള പ്രചോദനമെന്തെന്ന് അൽജസീറ പ്രതിനിധി അഹ്‌മദിനോട് ചോദിക്കുന്നുണ്ട്. അഹ്‌മദിന്റെ മറുപടി അത്ഭുതമുളവാക്കുന്നതാണ്. ഞാൻ സ്വയം ചിന്തിച്ചു. ചിലപ്പോൾ ഞാൻ മരിക്കില്ല. ഒരുപക്ഷേ അങ്ങനെയാണെങ്കിൽ എനിക്ക് ഒരുങ്ങേണ്ടതുണ്ട് എന്നായിരുന്നു അഹ്‌മദിന്റെ മറുപടി. ഫലം വന്നപ്പോൾ അഹ്‌മദ് 98.4 ശതമാനവും, മുന സഖൂത് 98.7 ശതമാനവും നേടി ഉന്നത വിജയം കൈവരിച്ചു. ഇത്രയും നേടാനാകുമെന്ന് രണ്ടുപേർക്കും പ്രതീക്ഷയില്ലായിരുന്നു. തളർച്ചയും ക്ഷീണവുമില്ലാതെ പഠിക്കുകയെന്ന അവരുടെ ദൃഢനിശ്ചയത്തിന്റെ ഫലമായിരുന്നു അത്. പുറത്തുവന്ന പരീക്ഷാഫലം അവരെ ഞെട്ടിച്ചു!

ഈ വർഷം ഏകദേശം 83000 കുട്ടികളാണ് അധിനിവേശ ഫലസ്തീൻ മേഖലകളിൽ പരീക്ഷക്കിരുന്നതെന്ന് വിദ്യാഭ്യാസ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. 71 ശതമാനമായിരുന്നു വിജയം. മെയ് മാസത്തിലെ ആക്രമണത്തിന് മുമ്പ് ആഴ്ചയിൽ മൂന്ന് പ്രാവശ്യമാണ് ഗസ്സ മുനമ്പിലെ വിദ്യാർഥികൾ വിദ്യാലയങ്ങളിൽ പോയിരുന്നത്. അത് കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായിരുന്നു. രണ്ട് ദിവസം വെർച്വൽ ക്ലാസുകളുമായിരുന്നു. കൊറോണ പ്രതിസന്ധിയും, നിലയ്ക്കാത്ത ആക്രമണവും ഫലസ്തീൻ ചെറുപ്പങ്ങളുടെ വിദ്യാഭ്യാസത്തെ സാരമായിട്ടാണ് ബാധിച്ചത്. 2007 മുതൽ ഇസ്രായേൽ ഉപരോധത്തിന് കീഴിലെ ഗസ്സയിലെ സാധാരണ കാഴ്ചകളാണ് തകർന്നടിഞ്ഞ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ. അതിൽ വിദ്യാലയങ്ങളും ഉൾപ്പെടുമെന്നത് സങ്കടകരമായ അവസ്ഥയാണ്.

ഇസ്രായേൽ ആക്രമണത്തിന് പ്രതിരോധം തീർക്കുന്നത് ഫലസ്തീനികളുടെ നിലനിൽപിന്റെ രാഷ്ട്രീയമാണ്. മെയ് മാസത്തിലെ 11 ദിവസത്തെ ഇസ്രായേൽ ആക്രമണത്തിന് ശേഷം ഗസ്സ മുമ്പിൽ നിന്ന് ആദ്യമായി റോക്കറ്റ് വിക്ഷേപിച്ചുവെന്ന വാർത്ത ആഗസ്റ്റ് 16ന് അൽജസീറ റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ മാസങ്ങളിലായി വെസ്റ്റ് ബാങ്കിൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് വർധിക്കുകയാണ്. കുട്ടികൾ ഉൾപ്പെടെ കഴിഞ്ഞ ആഴ്ചകളിലായി 24ലധികം ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇസ്രായേൽ ആക്രമണത്തെ പ്രതിരോധിക്കാതെയുള്ള ഏതൊരു ചെറുത്തുനിൽപ്പും അപ്രസ്‌കതമാണ്. അതിനാൽതന്നെ ഫലസ്തീനികൾ അതിജീവന പോരാട്ട വഴിയിലാണ്. ഇത്തരമൊരു സാഹചര്യത്തിലെ ഫലസ്തീൻ വിദ്യാർഥികളുടെ പഠനവും അതിജീവനത്തിന്റെ മറ്റൊരു അധ്യായമാണ് തുറന്നുവെക്കുന്നത്.

തകർന്നടിഞ്ഞ ഗസ്സക്ക് ജീവൻ പകരാനുള്ള ശ്രമങ്ങൾക്ക് ഇസ്രായേൽ വിലങ്ങുതടിയാകുന്ന കാഴ്ചയിൽ നിന്ന് വിഭിന്നമാണ് ഇസ്രായേലിന്റെ പുതിയ തീരുമാനം. ഗസ്സ മുനമ്പിലെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് സഹായമെത്തിക്കുന്നത് പുനഃരാരംഭിക്കുന്നതിന് ഇസ്രായേൽ ഖത്തറുമായി കരാറിലെത്തിയിരിക്കുന്നത് ആശ്വാസം പകരുന്നതാണ്. ഇതിനെ ഹമാസ് വളരെ ആവേശത്തോടെ സ്വാഗതം ചെയ്തിരുന്നു. ഹമാസ് വിദേശസഹായം തങ്ങളുടെ കാര്യങ്ങൾക്ക് ഉപയോഗിക്കുന്നുവെന്ന് പറഞ്ഞ് 11 ദിവസത്തെ ആക്രമണത്തിന് ശേഷം സഹായമെത്തിക്കുന്നത് ഇസ്രായേൽ തടയുകയായിരുന്നു. ആ തീരുമാനത്തിനാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്. കഴിഞ്ഞ വർഷം നൂറ് മില്യൺ ഡോളറാണ് ഗസ്സയിലെ ദരിദ്ര കുടുംബങ്ങൽക്കായി ഖത്തർ നൽകിയത്. 50 ശതമാനത്തിന് മുകളിൽ തൊഴിലില്ലായ്മ നിലനിൽക്കുന്ന ഫലസ്തീൻ ദരിദ്ര മേഖലകളിലെ സ്ഥിരതയുടെയും സുസ്ഥിതിയുടെയും അടിസ്ഥാനം വിദേശ സഹായമാണ്. ഹമാസ് അധികാരമേറ്റെടുത്തത് മുതൽ ഇസ്രായേലും ഈജിപ്തും ശക്തമായ ഉപരോധമാണ് ഗസ്സക്ക് മേൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഫലസ്തീൻ തെരഞ്ഞെടുപ്പിൽ വിജയിച്ച് 2007ൽ ഗസ്സയുടെ അധികാരം ഹമാസ് ഏറ്റെടുത്തത് മുതൽ ഇസ്രായേലും ഹമാസും തമ്മിൽ നാല് യുദ്ധങ്ങളും, നിരവധി പോരാട്ടങ്ങളും നടന്നു. പോരാട്ട ഭൂമിയിലെ പഠനവും തുടർന്നുള്ള ഉദ്യോഗവും തമ്മിൽ ഒരുപാട് പൊരുത്തക്കേടുകൾ മേഖലയിൽ പ്രതിഫലിക്കുന്നു.

കൂടാതെ, 4000 ഫലസ്തീൻ കുട്ടികളുടെ വിദ്യാഭ്യാസം അനിശ്ചിതത്വത്തിലാണെന്ന് ആഗസ്റ്റ് 20ന് അൽജസീറ റിപ്പോർട്ട് ചെയ്തിരുന്നു. ഗസ്സയിൽ ആഗസ്റ്റ് 16ന് അധ്യയന വർഷം ആരംഭിച്ചുവെങ്കിലും, അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാൽ പലയിടങ്ങളിലായാണ് ക്ലാസുകൾ നടക്കുന്നത്. സൈതൂനിന് സമീപമുള്ള ‘ഗസ്സ: പ്രിപ്പേറ്ററി ബോയ്സ് എ’, ‘എലമെന്ററി ബോയ്സ് സ്‌കൂൾ എ’ എന്നീ രണ്ട് വിദ്യാലയങ്ങൾക്ക് മെയ് മാസത്തിലെ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചത് പ്രതിസന്ധിയുടെ പരമ്പരയിലെ കണ്ണിയാണ്. രണ്ട് വിദ്യാലയങ്ങളും യു.എൻ.ആർ.ഡബ്യൂ.എക്ക് (United Nations Relief and Works Agency) കീഴിലാണ് പ്രവർത്തിക്കുന്നത്. പുതിയ അധ്യയന വർഷത്തിൽ സ്‌കൂളുകൾ തുറക്കുന്നതിന്റെ സാധ്യത പരിശോധിക്കുന്നതിന് കഴിഞ്ഞ ആഴ്ചയിൽ യു.എൻ.എം.എ.എസ് (United Nations Mine Action Service) വിഭാഗം വന്നപ്പോൾ പ്രാദേശിക പൊലീസ് അവരെ അതിന് അനുവദിച്ചില്ല. അധിനിവേശ ഭീകരർ വിദ്യാർഥി ജീവിതങ്ങൾ കവർന്നെടുക്കുകയാണ്. ഗസ്സ മുനമ്പിൽ 278 വിദ്യാലയങ്ങളും, ഏകദേശം 10000 അധ്യാപകരുമാണുള്ളത്. 290000 ഫലസ്തീൻ കുട്ടികളുടെ അടിസ്ഥാന വിദ്യാഭ്യാസത്തിന്റെ ഉത്തരവാദിത്തം യു.എൻ.ആർ.ഡബ്യൂ.എക്കാണ്. സൗകര്യങ്ങൾ കുറവായതിനാൽ രണ്ടോ മൂന്ന് പ്രാവശ്യമായാണ് ക്ലാസുകൾ നടക്കുന്നത്. ഗസ്സയിൽ ഇസ്രായേൽ നടത്തിയ അവസാനത്തെ ആക്രമണത്തിൽ യു.എൻ.ആർഡബ്യൂ.എയുടെ പരിശീലന കേന്ദ്രം, 46 വിദ്യാലയങ്ങൾ, രണ്ട് നഴ്സറി വിദ്യാലയങ്ങൾ, ഇസ്‌ലാമിക് യൂണിവേഴ്സിറ്റി ഓഫ് ഗസ്സയുടെ ഭാഗങ്ങൾ ഉൾപ്പെടെ 51 വിദ്യാഭ്യാസ സംവിധാനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു.

ഗസ്സയിലെ ഒരു കുട്ടിയാവുകയെന്നതിനർഥം, ലോകത്തെവിടെയുമില്ലാത്ത മാനസിക ആഘാതത്തിന് അനിവാര്യമായും നിങ്ങൾ സാക്ഷ്യംവഹിക്കുകയാണെന്ന് ജൂലൈ തുടക്കത്തിൽ യു.എൻ.ആർ.ഡബ്യൂ.എ കമ്മീഷണർ ജനറൽ ഫിലിപ്പ് ലസാരിനി വ്യക്തമാക്കിത് പരിപൂർണ സത്യമാണ്. മെയ് മാസത്തിലെ ആക്രമണത്തിന് ശേഷം ക്ലേശകരമായ (Post-traumatic stress disorder ) അവസ്ഥയിലൂടെയാണ് ഗസ്സയിലെ 91 ശതമാനം കുട്ടികളും കടന്നുപോകുന്നതെന്ന് യൂറോ മെഡിറ്ററേനിയൻ ഹ്യൂമൻ റൈറ്റ്സ് മോണിറ്ററിന്റെ 2021 ജൂലൈയിലെ റിപ്പോർട്ടിൽ പറയുന്നു.

Related Articles