Current Date

Search
Close this search box.
Search
Close this search box.

ഇസ്രയേൽ സൈന്യത്തിൻറെ ക്രൂരത തുടരുന്നു…

പിഞ്ചു കുട്ടികൾ, സ്ത്രീകൾ, വൃദ്ധന്മാർ എന്നീ വ്യത്യാസങ്ങളൊന്നുമില്ല അവർക്ക്. ബോംബിട്ടും വെടിവെച്ചും ടാങ്ക് കയറ്റിയുമൊക്കെ അവർ ഫലസ്ത്വീനികളെ കൊന്നൊടുക്കും. അധിനിവേശ ഭീകരരെ തലോടിയും സയണിസ്റ്റ് ഭീകരതയെക്കുറിച്ച് പറയുമ്പോൾ സെമിറ്റിക് വിരുദ്ധതയെന്ന ഉമ്മാക്കി കാട്ടിയും യൂറോപ്പും അമേരിക്കയുമൊക്കെ അക്രമിക്ക് കവചമൊരുക്കും.

ഇന്ന് വടക്കു-കിഴക്കൻ ജറൂസലമിനു സമീപമുള്ള ഹിസ്‌നയിൽ സയണിസ്റ്റ് സേന വെടിവെച്ചു കൊന്നത് ഇരുപത്തൊമ്പതുകാരിയായ കോളജ് അധ്യാപികയെ. മായി അഫനാഹിനെ വെടിവെച്ചിടുക മാത്രമല്ല, രക്തം വാർന്ന് അവൾ പിടയുമ്പോൾ ആശുപത്രിയിലേക്ക് മാറ്റുക കൂടി ചെയ്യാതെ മരണത്തിലേക്ക് തള്ളിവിടുയായിരുന്നു ഇസ്രായിലി സൈനികർ. ജോർദാനിലെ സർവ്വകലാശാലയിൽനിന്ന് മന:ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ അഫ്‌നാഹിന് ഭർത്താവും അഞ്ചു വയസ്സുള്ള മകളുമുണ്ട്.

ഇസ്രായിലി സൈനികർക്കു നേരെ കാറോടിച്ച് കയറ്റാൻ ശ്രമിച്ചപ്പോൾ വെടിവെച്ചുവെന്നാണ് വിശദീകരണം. ഇങ്ങനെ നിരവധി ഫലസ്ത്വീനികളെ ഇസ്രായിലി സൈനികർ വെടിവെച്ചു കൊന്നിട്ടുണ്ട്. സൈന്യവും കുടിയേറ്റക്കാരും ചെയ്തുകൂട്ടൂന്ന ക്രൂരതകൾ അതിരുവിടുമ്പോഴാണ് നിരാശരായ ആ ജനത പ്രത്യാക്രമണം നടത്തുന്നത്. അതാകട്ടെ, ഒറ്റയാൾ പ്രതികരണമായിരിക്കും. അവരെ പിടികൂടാമെന്നിരിക്കെ വെടിവെച്ചു കൊല്ലലാണ് സയണിസ്റ്റ് രീതി. വെസ്റ്റ് ബാങ്കിലെ അബൂ ദിസിൽനിന്നുള്ള അഫനാഹ് ഫലസ്ത്വീനികളെ കൊന്നുതള്ളുന്ന ഇസ്രായിൽ സൈന്യത്തിന്റെ ക്രൂരതക്കെതിരെ ഫെയ്‌സ് ബുക്കിൽ ശക്തമായി പ്രതികരിച്ചിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറയുന്നു. എന്നാൽ, സൈനികരെ അവൾ ആക്രമിക്കാൻ ശ്രമിച്ചുവെന്ന വാദം വിശ്വസിക്കാൻ പറ്റില്ലെന്നും അവർ വ്യക്തമാക്കുന്നു.

അധിനിവേശ പ്രദേശമായതിനാൽ വ്യാപകമായ ചെക് പോയന്റുകൾ ഉയർത്തി ഫലസ്ത്വീനികളുടെ സഞ്ചാര സ്വതന്ത്ര്യത്തിന് തടസ്സമുണ്ടാക്കൽ ഇസ്രായിലിന്റെ പതിവു പരിപാടിയാണ്. ഇക്കഴിഞ്ഞ ഏപിൽ ഏഴിന് അത്തരമൊരു ചെക് പോയന്റിൽ കാർ നിർത്തി പരിശോധനക്ക് തയ്യാറായതാണ് നാൽപത്തിരണ്ടുകാരനായ ഉസാമ മൻസൂർ. വെറുതെ നിർത്തുകയല്ല, വാഹനത്തിന്റെ ഇഗ്നിഷ്യനും അദ്ദേഹം ഓഫാക്കിയിരുന്നു. എന്നാൽ, സൈനികരിൽ ഒരാൾ കാർ മുന്നോട്ടെടുക്കാൻ ആംഗ്യം കാണിച്ചു. മുന്നോട്ടെടുത്തതും തുരുതുരാ വെടിവെക്കുയായിരുന്നുവെന്ന് അദ്ദേഹത്തോടൊപ്പം മുൻ സീറ്റിലുണ്ടായിരുന്ന ഭാര്യ സുമയ്യ ഫലസ്ത്വീൻ ടി വിയോട് പറഞ്ഞത് ഓർമ വരുന്നു. വെടിവെപ്പിൽ സുമയ്യക്ക് പരിക്കേറ്റു. വെടിയേറ്റ ഭർത്താവ്, സുമയ്യയുടെ മടിയിലേക്ക് ചായുകയായിരുന്നു. അപ്പോൾ തന്നെ മരണം സംഭവിച്ചു.

അഫ്‌നാനെപ്പോലെ ധീരരക്തസാക്ഷികളായ നിരവധി വനിതകളുണ്ട്. 2002ൽ ഇസ്രായിൽ ഭീകർക്കെതിരെ ചാവേറായി മാറിയ ഇരുപത്തേഴുകാരി വഫ ഇദ്‌രീസ് മുതൽ പോരാട്ട ഭൂമിയിൽ സയണിസ്റ്റുകളുടെ വെടിയേറ്റ് രക്തസാക്ഷിയായ ഇരുപത്തൊന്നുകാരിയായ പാരാമെഡിക് വോളണ്ടിയർ റസാൻ അഷ്‌റഫ് അൽ നജ്ജാറിൽ അവസാനിക്കുന്നതല്ല ഈ പറമ്പരയെന്ന് വ്യക്തമാക്കുന്നതാണ് പുതിയ സംഭവം.
‘ഓപറേഷൻ കാസ്റ്റ് ലീഡ്’ എന്ന പേരിൽ 2013ൽ ഇസ്രായിൽ നടത്തിയ സൈനിക നടപടിയിൽ രക്തസാക്ഷികളായത് 18 ഫലസ്ത്വീൻ വനിതകളാണ്. ഇവരിൽ കോളജ് വിദ്യാർഥിനിയായ ഇരുപത്തൊകാരി ലുബ്‌ന മുനീറും ഉൾപ്പെടും.

കഴിഞ്ഞ ഏഴു വർഷങ്ങളിൽ ചെക് പോയിന്റുകളിൽ വെടിയേറ്റു കൊല്ലപ്പെട്ട ഫലസ്ത്വീനി വനിതകൾ ഒരു ഡസനിലേറെയാണ്– നാബുലസിൽനിന്നുള്ള പത്തൊമ്പതുകാരി റാഹിഖ് മുതൽ റാമല്ലയിൽനിന്നുള്ള അമ്പതുകാരി നായിഫ മുഹമ്മദലി വരെ.
അധിനിവേശ ഭീകരതക്കെതിരെ പ്രവർത്തിക്കുന്നവരെ ഉന്മൂലനം ചെയ്യുകയെന്നതാണ് സയണിസ്റ്റ് രീതി. ഇന്റർനാഷനൽ സോളിഡാരിറ്റി മൂവ്മെന്റിന്റെ പ്രവർത്തകയായി ഗസ്സയിൽ എത്തിയ റെയ്ച്ചൽ കോറിയെന്ന ഇരുപത്തിനാലുകാരിയെ 2003 മാർച്ചിൽ റഫയിൽ ബുൾഡോസർ കയറ്റി കൊല്ലുകയും ഫലസ്ത്വീനികളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചതിന് അവരെ തീവ്രവാദിയാക്കുകയും ചെയ്തവരാണിവർ. അരയ്ക്കു താഴെ ചലനശേഷി നഷ്ടപ്പെട്ട ഇരുപത്തൊമ്പതുകാരൻ ഇബ്രാഹിം അബൂ സുരയ്യയെ തലയ്ക്ക് വെടിവെച്ച് നിഷ്ഠൂരമായി കൊന്ന ശേഷം ഈ ഭീകരർ പറഞ്ഞത് ഞങ്ങളല്ല അത് ചെയ്തത് എന്നായിരുന്നു .

ഇക്കഴിഞ്ഞ ഫെബ്രുവരിയിലെ കണക്കനുസരിച്ച് ഇസ്രായിലി ജയിലുകളിലുള്ള ഫലസ്ത്വീനികളുടെ എണ്ണം 4500ലേറെയാണ്. ഇതിൽ 37 വനിതകളുമുണ്ട്. അധിനിവേശത്തിനെതിരെ പ്രതികരിച്ചുവെന്നതാണ് ഇവർ ചെയ്ത കുറ്റം!
ഇത്തരം സംഭവങ്ങൾ പതിവായിട്ടും അന്താരാഷ് ട്ര സമൂഹം പുലർത്തുന്ന നിസ്സംഗത മാപ്പർഹിക്കാത്ത കുറ്റമാണ്. ഫലസ്ത്വീനികളെ എക്കാലവും ഇസ്രായിലിന്റെ അടിമകളാക്കി നിലനിർത്തുകയാണ് ഇവരുടെയൊക്കെ ആത്യന്തിക ലക്ഷ്യം. മറ്റാരെക്കാളും അവരുടെ രക്ഷക്കെത്തേണ്ടവർ സയണിസ്റ്റ് ബാന്ധവത്തിന്റെ ശീതളഛായയിലും. ഇനിയുമെത്ര നിരപരാധർ രക്തസാക്ഷിത്വം വരിക്കണം? എത്ര അനാഥകൾ സൃഷ്ടിക്കപ്പെടണം ഈ കാട്ടാളത്തം അവസാനിക്കാൻ!

Related Articles