Current Date

Search
Close this search box.
Search
Close this search box.

ഇസ്രയേൽ-ബില്ല് വീണ്ടും നെസറ്റിൽ അവതരിപ്പിക്കും

ഫലസ്ത്വീനികളെ ദ്രോഹിക്കുന്ന കാര്യത്തിൽ ഇസ്രായിലിലെ തീവ്ര വലതുപക്ഷവും വലതുപക്ഷവും സെൻട്രിസ്റ്റുകളുമൊക്കെ ഒരേ നിലപാടുകാരാണ്. ആകെയുള്ള വ്യത്യാസം തീവ്രതയുടെ കാര്യത്തിലാണ്. എന്നാൽ അവിടത്തെ പാർലമെന്റിൽ (നെസറ്റ്) ഇന്നലെ പുലർച്ചെ ഒരു സംഭവമുണ്ടായി. ഫലസ്ത്വീനികൾക്കെതിരെ പാസ്സാകേണ്ടിയിരുന്ന സുപ്രധാനമായ ഒരു ബില്ല് നെസറ്റിൽ പരാജയപ്പെട്ടു. പാർട്ടികൾക്കിടയിലെ കുടിപ്പക തന്നെ കാരണം. ഫലസ്ത്വീനികൾക്ക് ഒരവകാശവും നൽകരുതെന്ന് വാദിക്കുന്ന നെതന്യാഹുവും കൂട്ടരുമാണ് ഈ നാടകത്തിലെ പ്രധാന കഥാപാത്രങ്ങൾ! അധികാരക്കൊതി മൂത്തപ്പോൾ തീവ്ര വലതുപക്ഷക്കാരനായ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം ബില്ലിനെതിരെ വോട്ടുചെയ്തതാണ് കാരണം.

ഇസ്രായിൽ പൗരന്മാരായ അറബ് വംശജരെ വിവാഹം ചെയ്യുന്ന അധിനിവേശ വെസ്റ്റ് ബാങ്കിലെയോ ഗസ്സയിലെയോ ഫലസ്ത്വീനികൾക്ക് ഇസ്രായിലി പൗരത്വം നൽകുന്നത് വിലക്കുന്ന നിയമം 2003 മുതൽ നിലവിലുണ്ട്. ഫലസ്ത്വീനികളുടെ ഉയിർത്തെഴുന്നേൽപ് സമരം (രണ്ടാം ഇൻതിഫാദ) സജീവമായ ഘട്ടത്തിലാണ് സുരക്ഷയുടെ പേര് പറഞ്ഞ് ഈ നിയമം സയണിസ്റ്റ് ഭരണകൂടം ചുട്ടെടുത്തത്.

അന്താരാഷ്ട്ര ചട്ടങ്ങൾക്ക് വിരുദ്ധമായ പ്രസ്തുത നിയമം വർഷാവർഷം നെസറ്റ് (പാർലമെന്റ്) വോട്ടിനിട്ട് പുതുക്കുകയായിരുന്നു പതിവ്. എന്നാൽ ഇത്തവണ പതിവു തെറ്റി. തിങ്കളാഴ്ച രാത്രിയായിരുന്നു ഈ നിയമം പുതുക്കേണ്ട അവസാന സമയം. ഒരു സീറ്റിന്റെ ഭൂരിപക്ഷം മാത്രമുള്ള നെഫ്താലി ബെന്നറ്റിന്റെ നേതൃത്വത്തിലുള്ള നെതന്യാഹു വിരുദ്ധ മുന്നണി സർക്കാർ ബില്ല് വോട്ടിനിട്ടപ്പോൾ അനുകൂലമായി ലഭിച്ചത് 59 വോട്ടുകൾ. അത്രയും പേർ എതിർക്കുകയും ചെയ്തു. കേവല ഭൂരിപക്ഷം പോലുമില്ലാതെ ബില്ല് പരാജയപ്പെട്ടു.

120 അംഗങ്ങളുള്ള നെസറ്റിൽ ഒരു സീറ്റിന്റെ റെയ്‌സർ തിൻ മെജോറിറ്റിയിലാണ് ബെന്നറ്റിന്റെ നേതൃത്വത്തിൽ എഴു പാർട്ടികളുടെ സഖ്യ സർക്കാർ കഴിഞ്ഞ മാസം നിലവിൽ വന്നത്. ഈ സർക്കാറിനെ താഴെയിറക്കുമെന്ന് അന്ന് തന്നെ നെതന്യാഹു മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്നലത്തെ വോട്ടെടുപ്പിൽനിന്ന് ഭരണപക്ഷത്തെ ഇസ്ലാമിസ്റ്റ് പാർട്ടിയായ യുനൈറ്റഡ് അറബ് ലിസ്റ്റിന്റെ രണ്ടംഗങ്ങൾ വിട്ടുനിന്നപ്പോൾ (അത് സ്വാഭാവികമാണ്) ബെന്നറ്റിന്റെ യാമിന പാർട്ടിയിലെ ഒരംഗം എതിർത്തു വോട്ടു ചെയ്യുകയായിരുന്നു.

ഇസ്രായിലിലെ 21 ശതമാനം വരുന്ന അറബ് ന്യൂനപക്ഷത്തോട് വലിയ വിവേചനം കാട്ടുന്ന ഈ നിയമം പുതുക്കാനായി 2003 മുതൽ ആണ്ടുതോറും ആവേശപൂർവ്വം വൻ ഭൂരിപക്ഷത്തോടെ ബില്ല് പാസ്സാക്കിയെടുക്കാറുള്ള നെതന്യാഹു ക്യാമ്പിന് അധികാരക്കൊതി മൂത്തപ്പോൾ ആദർശമൊക്കെ പമ്പ കടന്നുവെന്ന് ചുരുക്കം. എന്തായാലും അധികം താമസിയാതെ ബില്ല് വീണ്ടും നെസറ്റിൽ അവതരിപ്പിക്കാനാണ് സർക്കാർ നീക്കം. നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം അതിനെ എതിർക്കുമെന്നും കട്ടായം.

Related Articles