Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേൽ : ഒരു അറബ് ഇസ്ലാമിക് പാര്‍ട്ടി ഭരണ മുന്നണിയുടെ ഭാഗമാകുന്നു

ഇസ്രായിലിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു അറബ് ഇസ്ലാമിക് പാര്‍ട്ടി ഭരണ മുന്നണിയുടെ ഭാഗമാകുന്നു. മന്‍സൂര്‍ അബ്ബാസിന്റെ നേതൃത്വത്തിലുള്ള യുനൈറ്റഡ് അറബ് ലിസ്റ്റാണ് യയിര്‍ ലപീഡിന്റെ നേതൃത്വത്തിലുള്ള സഖ്യ സര്‍ക്കാറിന്റെ ഭാഗമാകുന്നത്.

ഇസ്രായിലിലെ 21 ശതമാനം വരുന്ന അറബ് ന്യൂനപക്ഷത്തെയാണ് നാലു സീറ്റുകളുള്ള അറബ് ലിസ്റ്റ് പ്രതിനിധാനം ചെയ്യുക. മന്‍സൂര്‍ അബ്ബാസിന്റെ റാഅമുമായി ചേര്‍ന്ന് മുന്നണി ഉണ്ടാക്കാന്‍ സെന്‍ട്രിസ്റ്റായ ലാപിഡിന് സമ്മതമായിരുന്നെങ്കിലും തീവ്ര വലതുപക്ഷ പാര്‍ട്ടികളുടെ എതിര്‍പ്പുകളെ തുടര്‍ന്ന് തീരുമാനം നീളുകയായിരുന്നു.

നെതന്യാഹുവിനെ താഴെ ഇറക്കാനാണ് സഖ്യത്തിന്റെ ഭാഗമായത് എന്നാണ് മൻസൂർ അബ്ബാസിന്റെ വിശദീകരണം എങ്കിലും ഈ നിലപാടിനെതിരെ അറബ് വംശജരിൽനിന്നും അധിനിവേശ പ്രദേശങ്ങളിലെ ഫലസ്തീനികളിൽനിന്നും പ്രതിഷേധം ഉയർന്നിട്ടുണ്ട്.

നേരിയ ഭൂരിപക്ഷം മാത്രമുള്ള പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കാന്‍ ചുരുങ്ങിയത് പത്തു ദിവസമെങ്കിലും സമയമെടുക്കും. അതിനിടയില്‍ കുതിരക്കച്ചവടത്തിലൂടെ ചെറു പാര്‍ട്ടികളെ പിടിച്ചെടുക്കാന്‍ നെതന്യാഹുവിന്റെ ക്യാമ്പിന് അവസരം ലഭിക്കുമെന്നതും ഇതോടു ചേർത്ത് വായിക്കുക.
അഴിമതിക്കേസുകളില്‍ ശിക്ഷിക്കപ്പെടുന്നതില്‍നിന്ന് തലയൂരാന്‍ ഏതു മാര്‍ഗവും അന്വേഷിക്കുന്ന നെതന്യാഹു ഇത് മുതലെടുക്കാന്‍ ഇടയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. പരാജയപ്പെട്ടാല്‍ കഴിഞ്ഞ 12 വര്‍ഷമായി തുടര്‍ച്ചയായി ഇരുന്ന അധികാരക്കസേരയാണ് ഈ യുദ്ധക്കൊതിയന് നഷ്ടപ്പെടാന്‍ പോകുന്നത്.

അറബ് ഇസ്ലാമിസ്റ്റുകള്‍ സര്‍ക്കാറിന്റെ ഭാഗമാകുന്നതോടെ ഏഴു പതിറ്റാണ്ടിലേറെ നീണ്ട ഇസ്രായിലിന്റെ ചരിത്രത്തില്‍ എന്തെങ്കിലും മാറ്റമുണ്ടാകുമോ എന്നതും കാത്തിരുന്നു കാണാം.

 

Related Articles