Current Date

Search
Close this search box.
Search
Close this search box.

ജൂത-മുസ്ലിം സംഘർഷമാണോ ഫലസ്തീൻ-ഇസ്രായേൽ പ്രശ്നം? 

മതത്തിന്റെ പേരിലാണല്ലെ ഇസ്രായേലികളും ഫലസ്തീനികളും പരസ്പരം പോരടിക്കുന്നത്?

അവർ തമ്മിൽ “പോരാട്ടം” അല്ല നടക്കുന്നത്. ഇസ്രായേലികൾ അധിനിവേശകരും മർദകരുമാണ്. ഫലസ്തീനികൾ ഇസ്രായേലികളാൽ മർദിക്കപ്പെടുന്നവരും അടിച്ചമർത്തപ്പെടുന്നവരുമാണ്. മതം ഒരു ഘടകമേയല്ല.

അങ്ങനെയാണെങ്കിൽ മുസ്ലിംകളും ജൂതൻമാരും തമ്മിൽ ഭൂമിയെച്ചൊല്ലിയുള്ള തർക്കം മാത്രമല്ലേ ഇത്?

അല്ല. തീർച്ചയായും അല്ല. കേവലം 73 വർഷങ്ങൾക്ക് മുൻപാണ് ‘ഇസ്രായേൽ’ സൃഷ്ടിക്കപ്പെട്ടത്, അതിന് മുമ്പ് ഫലസ്തീനിലെ ക്രിസ്ത്യാനികളും ജൂതൻമാരും മുസ്ലിംകളും സമാധാനപൂർവം ഒന്നിച്ചാണ് ജീവിച്ചിരുന്നത്. ഫലസ്തീൻ ക്രിസ്ത്യൻ സമൂഹമാണ് ലോകത്തിലെ ഏറ്റവും പഴയ ക്രിസ്ത്യൻ സമൂഹം.

ഫലസ്തീൻ ക്രിസ്ത്യാനികൾ എന്നൊരു കൂട്ടർ ഉണ്ടല്ലെ?

തീർച്ചയായും. കൂടാതെ നാബുലസിൽ താമസിക്കുന്ന സമാരിറ്റൻസിനെ പോലെ ഫലസ്തീൻ ജൂതൻമാരും ഉണ്ട്. ഇക്കൂട്ടരും “ഇസ്രായേലിന്റെ” അടിച്ചമർത്തലിന് കീഴിലാണ് ജീവിക്കുന്നത്. ഫലസ്തീനികൾ അനുഭവിക്കുന്ന ദുരിതങ്ങൾ ഒരു മതസംഘർഷത്തിന്റെ ഫലമാണെന്ന് കരുതുന്നത് വസ്തുതാപരമായി തെറ്റാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്.

അവർ മതത്തിന്റെ പേരിലല്ല പോരടിക്കുന്നതെങ്കിൽ പിന്നെ എന്തിന്റെ പേരിലാണ് പോരടിക്കുന്നത്?

“പോരാട്ടം” അല്ല നടക്കുന്നത്. ഇസ്രായേലിന്റെ ഫലസ്തീനികൾക്കെതിരെയുള്ള കോളനിവാഴ്ചയും, വംശീയ ഉൻമൂലനവും, സൈനിക അധിനിവേശവും, വംശീയവിവേചനവുമാണ് നടക്കുന്നത്. ഇവിടെ ‘ഇസ്രായേൽ’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, ഫലസ്തീനെ കോളനിവത്കരിക്കുന്ന ഒരു സംഘം കുടിയേറ്റക്കാരെയാണ്.

അപ്പോൾ ‘ഇസ്രായേൽ’ ഒരു രാജ്യമല്ലെ?

അല്ല. അതൊരു കുടിയേറ്റ കോളനിയാണ്. ഒരു ഭൂപ്രദേശത്ത് താമസിക്കുന്ന തദ്ദേശവാസികളെ അവിടെ നിന്നും പുറത്താക്കുകയോ, അവരെ ഉൻമൂലനം ചെയ്തോ പുതിയൊരു കുടിയേറ്റ സമൂഹം ആ പ്രദേശത്തേക്ക് വരുന്നതിനെയാണ് കുടിയേറ്റ കോളനിവത്കരണം എന്ന് പറയുന്നത്. ഇതാണ് യഥാർഥത്തിൽ “ഇസ്രായേൽ”. ഇസ്രായേൽ കോളനിവത്കരിച്ചുകൊണ്ടിരിക്കുന്ന രാജ്യത്തിന്റെ പേരാണ് ഫലസ്തീൻ.

ഫലസ്തീനികളോട് ഇങ്ങനെയൊക്കെ ചെയ്യാൻ അവർക്ക് എങ്ങനെ സാധിക്കുന്നു?

അതിനു കാരണം, യു.എസ്, ആസ്ട്രേലിയ, കാനഡ തുടങ്ങിയ മറ്റു കുടിയേറ്റ കോളനികളുടെ പിന്തുണ ഇസ്രായേലിന് ഉണ്ട് എന്നതാണ്. കൂടാതെ മുൻ കോളനി ശക്തികളായ യു.കെ, ഫ്രാൻസ്, ബെൽജിയം തുടങ്ങിയവരും ഇസ്രായേലിനെ പിന്തുണക്കുന്നുണ്ട്. അവരെ സംബന്ധിച്ച് ഇസ്രായേലിനെ വെല്ലുവിളിക്കുക എന്നത് തങ്ങളുടെ സ്വന്തം അസ്തിത്വത്തെ തന്നെ ചോദ്യംചെയ്യുന്നതിന് തുല്ല്യമായിരിക്കും. കൂടാതെ അവർ കോളനികളാക്കി കൈയ്യടക്കിവെച്ചിരുന്ന പ്രദേശങ്ങളിലെ ജനങ്ങൾക്ക് ലഭിക്കേണ്ട നീതിയെ കുറിച്ചും നഷ്ടപരിഹാരത്തെ കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടിവരും എന്നതു കൊണ്ടും അവർ ഇസ്രായേലിനെ കുറിച്ച് ഒന്നും പറയില്ല.

പിന്നെ എന്തുകൊണ്ടാണ് ഇത് മതത്തിന്റെ പേരിലുള്ള തർക്കമാണെന്ന് ഞാൻ കരുതിയത്?

യഥാർഥ്യം മറച്ചു വെക്കാൻ വേണ്ടി, തങ്ങളുടെതന്നെ കുടിയേറ്റ കോളനി അസ്തിത്വത്തെ കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണ് ഇസ്രായേൽ ചെയ്യുന്നത്. ‘ലോകമുണ്ടായ നാൾ മുതൽതന്നെ നടക്കുന്ന ഒരു മതപരമായ സംഘർഷം’ എന്നതിലേക്ക് തെറ്റായി ചുരുക്കപ്പെട്ട ഒരു സാഹചര്യത്തിൽ നിന്നും സ്വയം ഊരിപ്പോരാൻ എളുപ്പം കഴിയും. ലോകം ഇതൊരു മതസംഘർഷമായി മനസ്സിലാക്കാനാണ് ഇസ്രായേൽ ആഗ്രഹിക്കുന്നത്.

ഇതൊരു മതസംഘർഷമാണെന്ന് പറയുന്നതിലൂടെ ‘ഇസ്രായേൽ’ എന്തൊക്കെയാണ് മൂടിവെക്കാൻ ശ്രമിക്കുന്നത്?

എല്ലാം. 1948ന് മുമ്പ് അവർ നിലനിന്നിരുന്നില്ല എന്നതും, സയണിസ്റ്റ് ഭീകരവാദ സംഘങ്ങൾ 540ലധികം ഫലസ്തീൻ നഗരങ്ങളും ഗ്രാമങ്ങളും തകർക്കുകയും അവിടങ്ങളിലെ ഫലസ്തീനികളെ കൂട്ടക്കൊല ചെയ്യുകയും വംശീയ ഉൻമൂലനം നടത്തുകയും ചെയ്തതുകൊണ്ടു മാത്രമാണ് ഇന്ന് നിലനിൽക്കുന്നത് എന്ന വസ്തുതയും ഇസ്രായേലിന് മറച്ചുവെക്കേണ്ടതുണ്ട്.

540ലധികം ഫലസ്തീൻ നഗരങ്ങളും ഗ്രാമങ്ങളും അവർ തകർക്കുകയും കൂട്ടക്കൊല നടത്തുകയും ചെയ്തെന്നോ.. !?

അതെ. കൂടാതെ 7.2 ദശലക്ഷം ഫലസ്തീൻ അഭയാർഥികളുടെ പാലായനത്തിനും, അവർക്ക് തിരിച്ചുവരാനുള്ള നിയമപരമായ അവകാശം നിഷേധിക്കുന്നതിനും ഇസ്രായേൽ ഉത്തരവാദിയാണ്. ഇതൊരു ‘മതപരമായ സംഘർഷം’ ആണെന്ന് പറയുന്നത്, വിമോചനത്തിനും സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടിയുള്ള ഫലസ്തീനികളുടെ അവകാശത്തെ നിഷേധിക്കലാണ്.

7.2 ദശലക്ഷം ഫലസ്തീനികൾ അഭയാർഥികളായതിന് ഉത്തരവാദികളാണോ ‘ഇസ്രായേൽ’?

അതെ. ഫലസ്തീനെ ഇപ്പോഴും അതിക്രൂരമായി കോളനിവത്കരിച്ചുകൊണ്ടിരിക്കുന്ന ഒരു കുടിയേറ്റ കോളനിയാണ് തങ്ങളെന്ന വസ്തുതയിൽ നിന്നും ശ്രദ്ധതിരിച്ചുവിടാൻ വേണ്ടിയാണ് ഇതൊരു ‘മത സംഘർഷം’ ആയി ചുരുക്കാൻ ‘ഇസ്രായേൽ’ ശ്രമിക്കുന്നത്. 

അവലംബം: key48return
മൊഴിമാറ്റം: അബൂഈസ

Related Articles