Current Date

Search
Close this search box.
Search
Close this search box.

അഹ്മദ് ജിബ്‌രീല്‍ – പഴയകാല ഫലസ്ത്വീന്‍ വിമോചന പോരാളി

പഴയകാല ഫലസ്ത്വീന്‍ വിമോചന പോരാളികളില്‍ ഒരാളാണ് കഴിഞ്ഞ ദിവസം അന്തരിച്ച അഹ്മദ് ജിബ്‌രീല്‍. പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ലിബറേഷന്‍ ഓഫ് പലസ്തീന്‍ (പി.എഫ്.എല്‍.പി) – ജനറല്‍ കമാന്‍ഡ് നേതാവായിരുന്ന ജിബ്‌രീല്‍ 1970കളിലും എണ്‍പതുകളിലും ഹൈജാക്കിംഗിലൂടെയും ഗറില്ലാ ആക്രമണങ്ങളിലൂടെയും ഇസ്രായിലിന് തലവേദന സൃഷ്ടിച്ചയാളായിരുന്നു. എണ്‍പത്തിമൂന്നുകാരനായ ജിബ്‌രീല്‍ ദമാസ്‌കസിലാണ് അന്തരിച്ചത്. ഖബറടക്കവും അവിടെ നടന്നു.

ഫലസ്തീനിയായ പിതാവിന്റെയും സിറിയന്‍ മാതാവിന്റെയും മകനായി ഇന്നത്തെ ഇസ്രായിലിന്റെ ഭാഗമായ ജാഫയിലാണ് 1938-ല്‍ അഹ്മദ് ജിബ്‌രീല്‍ ജനിച്ചത്. അന്ന് ബ്രിട്ടീഷ് ഭരണത്തിലായിരുന്നു ഫലസ്ത്വീന്‍. അദ്ദേഹത്തിന്റെ കുടുംബം പിന്നീട് സിറിയയിലേക്ക് താമസം മാറ്റി. അവിടെ അദ്ദേഹം സിറിയന്‍ സൈന്യത്തില്‍ ഉദ്യോഗസ്ഥനായി.

യാസര്‍ അറഫാത്തൊക്കെ കളത്തില്‍ ഇറങ്ങുന്നതിനു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫലസ്ത്വീനികളുടെ വിമോചന പോരാട്ടത്തില്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്ന നേതാവായിരുന്നു അഹ്മദ് ജിബരീല്‍. 1950 കളുടെ അവസാനത്തില്‍ ജോര്‍ജ് ഹബാശിനൊപ്പം പിഎഫ്എല്‍പി എന്ന സംഘടന സ്ഥാപിച്ചെങ്കിലും പ്രത്യയശാസ്ത്രപരമായ തര്‍ക്കങ്ങളെ തുടര്‍ന്ന് അതില്‍നിന്ന് രാജിവെച്ച് 1968-ല്‍ സിറിയന്‍ അനുകൂല പി.എഫ്.എല്‍.പി-ജി.സി രൂപീകരിക്കുകയായിരുന്നു.

പാലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനില്‍ (പി.എല്‍.ഒ) അംഗമായെങ്കിലും യാസര്‍ അറഫാത്തിനോടുള്ള കടുത്ത വിയോജിപ്പുകളെ തുടര്‍ന്ന് 1974-ല്‍ പി.എഫ്.എല്‍.പി-ജി.സി പി.എല്‍.ഒയില്‍നിന്ന് പുറത്തുപോയി.

ഇസ്രയേലുമായുള്ള സമാധാന ചര്‍ച്ചകളുടെ കടുത്ത എതിരാളിയായിരുന്നു ജിബ്രില്‍. 1968-ല്‍ ഇസ്രായിലിന്റെ എല്‍ അല്‍ ജെറ്റ്ലൈനര്‍ തട്ടിക്കൊണ്ടുപോകല്‍, പിറ്റേ വര്‍ഷം സൂറിച്ച് വിമാനത്താവളത്തില്‍ ഉണ്ടായ വെടിവെപ്പ് എന്നിവ ഉള്‍പ്പെടെ ഇസ്രായേലിനെ വിറപ്പിക്കുന്ന മിക്ക ആക്രമണങ്ങള്‍ക്കും ജിബ്‌രീലിന്റെ സംഘമാണ് നേതൃത്വം കൊടുത്തത്.

എണ്‍പതുകളുടെ തുടക്കത്തില്‍ ഇസ്രായേലിനെതിരെ ലെബനനിലെ താവളങ്ങളില്‍നിന്ന് ആക്രമണം സംഘടിപ്പിച്ചും പിഎഫ്എല്‍പി-ജിസി ശ്രദ്ധനേടി. 1982 ലെ ലെബനാന്‍ ആക്രമണത്തിനിടെ മൂന്ന് ഇസ്രായേലി സൈനികരെ പിടികൂടുകയും ഇസ്രായില്‍ ജയിലുകളില്‍ കഴിയുന്ന 1,100 ലധികം ഫലസ്തീന്‍, ലെബനീസ്, സിറിയന്‍ തടവുകാരെ മോചിപ്പിച്ചാല്‍ അവരെ വിട്ടയക്കാമെന്ന് വ്യവസ്ഥ വെക്കുകയും ചെയ്തു. പി.എഫ്.എല്‍.പി-ജി.സി സൈനിക വിഭാഗത്തിന്റെ തലവനായിരുന്ന അദ്ദേഹത്തിന്റെ മകന്‍ ജിഹാദിനെ 2002 ല്‍ ബെയ്‌റൂത്തില്‍ വെച്ച് ഇസ്രായിലി ഏജന്റുമാര്‍ വധിക്കുകയായിരുന്നു.

ഫതഹ് ഉള്‍പ്പെടെയുള്ള മറ്റു പല സംഘടനകളെയും പോലെ ഫലസ്ത്വീന്‍ വിമോചന പോരാട്ടം പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു അഹ്മദ് ജിബ്രീലും അദ്ദേഹത്തിന്റെ സംഘടനയും. 2011 ല്‍ സിറിയയില്‍ പൊട്ടിപ്പുറപ്പെട്ട സമാധാനപരമായ ജനാധിപത്യ പ്രക്ഷോഭങ്ങള്‍ ഏകാധിപതിയായ പ്രസിഡന്റ് ബശ്ശാറുല്‍ അസദ് അടിച്ചമര്‍ത്താന്‍ തുടങ്ങിയപ്പോള്‍ ജിബ് രീലിന്റെ അനുയായികള്‍ സിറിയന്‍ സൈന്യത്തോടൊപ്പം ചേര്‍ന്ന് ദമാസ്‌കസിലെ യര്‍മൂക്ക് ക്യാമ്പിലെ പ്രതിപക്ഷ ഗ്രൂപ്പുകള്‍ക്കെതിരെ പോരാട്ടം നയിക്കുകയായിരുന്നു. പ്രക്ഷോഭത്തെ ചോരയില്‍ മുക്കിക്കൊല്ലാന്‍ തുടങ്ങിയ അസദിന്റെ നിലപാടില്‍ ശക്തമായി പ്രതിഷേധിച്ചും പോരാളികള്‍ക്കൊപ്പം നിലയുറപ്പിക്കുന്നതിനും സിറിയയിലെ തങ്ങളുടെ ആസ്ഥാനം അടച്ചുപൂട്ടാന്‍ ധൈര്യം കാട്ടിയ ഫലസ്ത്വീൻ ചെറുത്തുനില്‍പ് പ്രസ്ഥാനമായ ഹമാസിനെ ഉത്തരുണത്തില്‍ ഓര്‍ക്കാതെ വയ്യ. താല്‍ക്കാലിക ലാഭത്തിനുവേണ്ടി ആദര്‍ശത്തില്‍ വെള്ളം ചേര്‍ക്കാന്‍ അവര്‍ തയ്യാറായില്ലല്ലോ.

Related Articles