ഇസ്രായേലിലുടനീളം ലക്ഷക്കണക്കിന് പേര്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങളില്‍ അണിചേരുമ്പോള്‍, ഈയൊരു പ്രസ്ഥാനം ഫലസ്തീനിലെ ഇസ്രായേല്‍ സൈനിക അധിനിവേശത്തിനും വര്‍ണവിവേചനത്തിനുമെതിരായ വിശാല പോരാട്ടത്തെ എങ്ങനെ സ്വാധീനിക്കും അല്ലെങ്കില്‍ അവയോട് എത്രത്തോളം ചേര്‍ന്നുനില്‍ക്കും എന്നതുമായി ബന്ധപ്പെട്ട ചോദ്യമാണിപ്പോള്‍ ഉയരുന്നത്. ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിനെതിരെ ഉപരോധം ഏര്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് മാര്‍ക്ക് റുഫലോയെ പോലുള്ള ഹോളിവുഡ് സെലിബ്രിറ്റികള്‍ നടത്തിയ പ്രസ്താവനകളെ കുറിച്ചുള്ള വാര്‍ത്തകള്‍ ഫലസ്തീന്‍ അനുകൂല മാധ്യമങ്ങള്‍ വലിയ ആവേശത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇപ്പോഴുള്ള വിവാദങ്ങളുടെയും ജനകീയ പ്രതിഷേധങ്ങളുടെയും മൂല കാരണക്കാരനായ ബിന്യമിന്‍ നെതന്യാഹു, മാര്‍ച്ച് 9ന് ഇറ്റാലിയന്‍ സര്‍ക്കാറുമായുള്ള ത്രിദിന സന്ദര്‍ശനത്തിന് റോമിലേക്ക് പറക്കാനുള്ള വിമാനത്തിന് വേണ്ടി ഒരു പൈലറ്റിനെ കണ്ടെത്താന്‍ കഷ്ടപ്പെട്ടു. ഇസ്രായേല്‍ നേതാവിന് ഇറ്റലിയില്‍ കിട്ടിയ സ്വീകരണവും തണുപ്പനായിരുന്നു. മാര്‍ച്ച് 9ന് റോമിലെ സിനഗോഗിലെ നെതന്യാഹുവിന്റെ പ്രസംഗം വിശദീകരിക്കാന്‍ ഇറ്റാലിയന്‍ വിവര്‍ത്തകന്‍ ഒള്‍ഗ ഡാലിയ പഡോവ വിസമ്മതിച്ചു. ‘മിഡില്‍ ഈസ്റ്റിലെ ഒരേയൊരു ജനാധിപത്യ’മെന്ന ഇസ്രായേലിന്റെ കാപട്യംനിറഞ്ഞ അവകാശവാദം തുറന്നുകാട്ടാന്‍ നെതന്യാഹുവിന്റെ തീവ്ര വലതുപക്ഷ സര്‍ക്കാറിനെതിരായ പ്രക്ഷോഭം തന്ത്രപരമായി ഉപയോഗപ്പെടുത്തേണ്ടതിനെ ഏതൊരാള്‍ക്കും അഭിനന്ദിക്കാം.
എന്നിരുന്നാലും, നെതന്യാഹു അധികാരത്തില്‍ വരുന്നതിന് മുമ്പ്, പതിറ്റാണ്ടുകളായി നിലനിന്നിരുന്ന ഇസ്രായേലിന്റെ വംശീയ സ്ഥാപനങ്ങളെ പിന്തുണയ്ക്കാതിരിക്കാനും ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. ഇസ്രായേല്‍ പ്രധാനമന്ത്രി വര്‍ഷങ്ങളായി അഴിമതി കേസില്‍ കുടുങ്ങികിടക്കുകയാണ്. ജനകീയനാണെങ്കിലും, കടുത്ത മത്സരമുണ്ടായ മൂന്ന് തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം 2021 ജൂണില്‍ നെതന്യാഹുവിന് ഇസ്രായേല്‍ രാഷ്ട്രീയത്തിലെ നേതൃപദവി നഷ്ടപ്പെട്ടു. എന്നിരുന്നാലും, 2022 ഡിസംബര്‍ 22ന് അദ്ദേഹം മടങ്ങിയെത്തി. ഇത്തവണ മുമ്പത്തെക്കാള്‍ അഴിമതിയില്‍ മുങ്ങികുളിച്ച അഴിമതിവീരന്മാരായ ആര്‍യേ ദെറി, ബെസലെല്‍ സ്‌മോട്രിച്ച്, ഇതാമിര്‍ ബെന്‍ഗ്വിര്‍ എന്നിവര്‍ക്കൊപ്പമാണ്. നിലവില്‍ ബെസലെല്‍ സ്‌മോട്രിച്ച് ഇസ്രായേല്‍ ധനാകാര്യ മന്ത്രിയും ഇതാമിര്‍ ബെന്‍ഗ്വിര്‍ ആഭ്യന്തര സുരക്ഷാ മന്ത്രിയുമാണ്. ഈ ഓരോ കഥാപാത്രങ്ങള്‍ക്കും സഖ്യത്തില്‍ ചേരുന്നതിന് വിഭിന്ന കാരണങ്ങളുണ്ടായിരുന്നു. വെസ്റ്റ് ബാങ്കിനെ കൂട്ടിചേര്‍ക്കുന്നത് മുതല്‍ രാജ്യത്തോട് ‘കൂറില്ലാത്തവരായി’ കാണുന്ന അറബ് രാഷ്ട്രീയക്കാരെ നാടുകടത്തുന്നത് വരെ സ്‌മോട്രിച്ചിന്റെയും ബെന്‍ഗ്വിറിന്റെയും അജണ്ടയില്‍ ഉള്‍പ്പെടുന്നു.
നെതന്യാഹു ഒരു വലതുപക്ഷ സൈദ്ധാന്തികനാണെങ്കിലും, വ്യക്തിപരമായ താല്‍പര്യങ്ങളില്‍ നല്ലതുപോലെ ശ്രദ്ധിക്കുന്നയാളാണ്. കഴിയുന്നിടത്തോളം അധികാരം നിലനിര്‍ത്തുന്നതിനും തന്നെയും കുടുംബത്തെയും നിയമപരമായ പ്രശ്‌നങ്ങളില്‍ നിന്ന് പ്രതിരോധിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളിലാണ് നെതന്യാഹു. ജയിലില്‍ കിടക്കാന്‍ അദ്ദേഹത്തിന് ഒട്ടും താല്‍പര്യമില്ല. അതിനായി സഖ്യകക്ഷികളുടെ അപകടകരമായ ആവശ്യങ്ങള്‍ അദ്ദേഹം നിറവേറ്റുന്നു. അധിനിവേശ വെസ്റ്റ് ബാങ്കിലും ഹുവാറയിലും നാബലുസിലും ജനീനിലും മറ്റ് പ്രദേശങ്ങളിലും ഫലസ്തീനികള്‍ക്കെതിരായി സൈന്യത്തിനും കുടിയേറ്റക്കാര്‍ക്കും അതിക്രമം നടത്താന്‍ അദ്ദേഹം സ്വാതന്ത്ര്യം നല്‍കിയിരിക്കുകയാണ്. എന്നാല്‍, മുമ്പത്തെക്കാള്‍ കൂടുതല്‍ സ്ഥിരതയുള്ള നെതന്യാഹുവിന്റെ സര്‍ക്കാറിന് ഫലസ്തീന്‍ പ്രദേശങ്ങളെ ഭൂപടത്തില്‍ നിന്ന് ഇല്ലാതാക്കുകയെന്നതിനെക്കാള്‍ വലിയ ലക്ഷ്യമാണുള്ളത്. ഇസ്രായേല്‍ സമൂഹത്തെ തന്നെ മാറ്റത്തിന് വിധേയമാക്കുന്ന നീതിന്യായ സംവിധാനത്തെ പരിഷ്‌കരിക്കുകയെന്നതാണത്. ജുഡീഷ്യല്‍ പരിശോധനക്കുള്ള ഇസ്രായേല്‍ സുപ്രീം കോടതിയുടെ അധികാരം നിയന്ത്രിക്കുന്നതിനായി ഈ പരിഷ്‌കാരം ജുഡീഷ്യല്‍ നിമയനങ്ങളില്‍ സര്‍ക്കാറിന് അധികാരം നല്‍കും.
ഇസ്രായേലിലെ പ്രതിഷേധങ്ങധങ്ങള്‍ക്ക് ഇസ്രായേല്‍ അധിനിവേശ-വര്‍ണവിവേചനവുമായി ബന്ധമില്ല. ഫലസ്തീന്‍ അവകാശങ്ങളുമായും ബന്ധമില്ല. മുന്‍ പ്രധാനമന്ത്രി എഹുദ് ബറാക്, മുന്‍ മന്ത്രി സിപ്പി ലിവ്‌നി, മുന്‍ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവുമായ യേര്‍ ലാപിഡ് തുടങ്ങിയ നിരവധി മുന്‍ ഇസ്രായേല്‍ നേതാക്കളാണ് അവരെ നയിക്കുന്നത്. 2021 ജൂണിനും 2022 ഡിസംബറിനുമിടയില്‍ നഫ്താലി ബെനറ്റ്-യേര്‍ ലാപിഡ് ഭരണ കാലയളവില്‍ വെസ്റ്റ് ബാങ്കില്‍ നൂറുകണക്കിന് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. മിഡില്‍ ഈസ്റ്റ് സമാധാന ശ്രമത്തിനായുള്ള യു.എന്‍ സ്‌പെഷ്യല്‍ കോര്‍ഡിനേറ്റര്‍ ടോര്‍ വെന്നസ്‌ലാന്‍ഡ് 2022നെ വിശേഷിപ്പിച്ചത് 2005ന് ശേഷം വെസ്റ്റ് ബാങ്കിലുണ്ടായ ‘ഏറ്റവും മാരകമായ’ സംഭവമെന്നാണ്. ആ സമയത്ത് അനധികൃത ജൂത കുടിയേറ്റം അതിവേഗം വ്യാപിച്ചു. അതേസമയം, ഗസ്സയില്‍ ഇസ്രായേല്‍ പതിവായി ബോംബാക്രണം നടത്തി. എന്നിട്ടും, ബെന്നറ്റ്-ലാപിഡ് സര്‍ക്കാര്‍ തങ്ങളുടെ ഫലസ്തീനിലെ രക്തരൂക്ഷിതമായ നിയമവിരുദ്ധമായ നടപടികള്‍ക്ക് ഇസ്രായേല്‍ സമൂഹത്തില്‍ നിന്ന് ചെറിയ തിരിച്ചടി മാത്രമാണ് നേരിട്ടത്. അധിനിവേശ ഫലസ്തീനിലെ സര്‍ക്കാര്‍ നടപടികളില്‍ മിക്കതും അംഗീകരിച്ച ഇസ്രായേല്‍ സുപ്രീം കോടതി, വര്‍ണവിവേചനം അംഗീകരിക്കുകയും ജൂത കോളനികളുടെ നിയമസാധുതയെ പിന്തുണയ്ക്കുകയും ചെയ്യുന്ന നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പ്രതിഷേധങ്ങള്‍ നേരിട്ടിട്ടില്ല. ഇസ്രായേലിനെ ജൂതരാഷ്ട്രമായി പ്രഖ്യാപിച്ച് നേഷന്‍-സ്റ്റേറ്റ് നിയമം പാസാക്കിയപ്പോള്‍ സുപ്രീം കോടതിയുടെ അംഗീകാരം ലഭിച്ചു. അങ്ങനെ, മെഡിറ്ററേനിയന്‍ കടലിനും ജോര്‍ദാന്‍ നദിക്കുമിടയിലെ അറബ് മുസ്‌ലിം-ക്രിസ്ത്യന്‍ ജനസംഖ്യയെ മുഴുവന്‍ പുറത്താക്കി. ഇസ്രായേല്‍ നീതിന്യായ സംവിധാനം വളരെ അപൂര്‍വമായി മാത്രമാണ് ഫലസ്തീനികള്‍ക്കൊപ്പം നിന്നിട്ടുള്ളത്.
രാജ്യത്തിന്റെ തന്നെ നീതി സംവിധാനം ഉപയോഗപ്പെടുത്തി ഇസ്രായേല്‍ അനീതിക്കെതിരെ പോരാടാന്‍ ശ്രമിക്കുന്നവരുടെ നിരാശ ആര്‍ക്കും മനസ്സിലാക്കാം. അത്തരം ഭാഷകള്‍ ഇസ്രായേലില്‍ തുടരുന്ന പ്രതിഷേധങ്ങള്‍ ഫലസ്തീനികളെ സംബന്ധിച്ചടത്തോളം ആശയക്കുഴപ്പത്തിന് കാരണമായി. യഥാര്‍ഥ്യത്തില്‍, ഇസ്രായേല്‍ ജനകൂട്ടം തെരുവിലിറങ്ങുന്നത് ഇതാദ്യമായല്ല. ഇത്, ഇസ്രായേല്‍ അറബ് വസന്തമെന്ന് വിശേഷിപ്പിക്കപ്പെട്ട 2011 ആഗസ്റ്റിലും കണ്ടതാണ്. എന്നാല്‍, അതും വ്യക്തമായി നിര്‍വചിക്കപ്പെട്ട പ്രത്യയശാസ്ത്ര അതിരുകള്‍ക്കും രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കുമിടയില്‍ നടന്ന വിഭാഗീയ പോരാട്ടമായിരുന്നു. അത് സമത്വത്തിനും നീതിക്കും മനുഷ്യാവകാശത്തിനും വേണ്ടിയുള്ള സമാന്തര പോരാട്ടവുമായി ബന്ധപ്പെടുന്നില്ല.
വിവ: അര്‍ശദ് കാരക്കാട്
അവലംബം: middleeastmonitor.com
📱 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL