Current Date

Search
Close this search box.
Search
Close this search box.

ഗസ്സയില്‍ വെച്ചുള്ള വിവാഹമാണ് അവര്‍ ആഗ്രഹിച്ചിരുന്നത്; ഇസ്രായേല്‍ ആ സ്വപ്‌നം ബോംബിട്ട് തകര്‍ത്തു

ഓഗസ്റ്റ് ആറിന് രാത്രി 9.05ന് അവരുടെ അവസാന ഫോണ്‍വിളി അവസാനിപ്പിക്കുന്നതിന് മുമ്പ്, അബീര്‍ ഹര്‍ബ് തന്റെ പ്രതിശ്രുത വരന്‍ ഇസ്മായേല്‍ ദ്വൈക്കിനോട് പറഞ്ഞു: ‘ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു.’ പക്ഷേ, സുഹൃത്തിന്റെ അടുത്തായതിനാല്‍ ‘ഐ ലവ് യു ടൂ’ എന്ന പതിവ് മറുപടി ഇസ്മായില്‍ നല്‍കിയില്ല.

തെക്കന്‍ ഗാസ മുനമ്പിലെ റഫയിലുള്ള ഇസ്മായിലിന്റെ പലചരക്ക് കടയിലെ സ്ഥിരം ഉപഭോക്താവായിരുന്നു അബീര്‍. ഇസ്മായില്‍ അവളുമായി പ്രണയത്തിലായിരുന്നെങ്കിലും 51 വയസ്സുകാരിയായ തന്റെ ഉമ്മ ഹനയോട് ഇക്കാര്യം തുറന്നുപറയുന്നത് വരെ തന്റെ ഇഷ്ടം അബീറിനോട് പുറത്തുപറഞ്ഞിരുന്നില്ല.

ഫലസ്തീനില്‍ വിവാഹത്തിന് നിരവധി ഘട്ടങ്ങളുണ്ട്, ആദ്യം ഒരു പുരുഷന്‍ തന്റെ ഉമ്മയെയോ അവന്റെ കുടുംബത്തിലെ ആരെങ്കിലും ഒരാളെയോ വധുവിന്റെ കുടുംബത്തിലേക്ക് വിവാഹാഭ്യര്‍ത്ഥന നടത്താന്‍ അയക്കണം. അവര്‍ സമ്മതിക്കുകയാണെങ്കില്‍, ദമ്പതികള്‍ കോടതിയില്‍ വിവാഹ ഉടമ്പടിയില്‍ ഒപ്പുവെക്കുകയും ഔദ്യോഗികമായി വിവാഹിതരാകുകയും ചെയ്യുന്നു.

എന്നിരുന്നാലും, വധു അപ്പോഴും അവളുടെ സ്വന്തം വീട്ടിലാകും താമസിക്കുന്നത്, ഈ കാലയളവില്‍ അവളെ ഒരു പ്രതിശ്രുതവധു എന്നാണ് വിളിക്കുന്നത്, അവര്‍ ഔദ്യോഗികമായി വിവാഹിതരാണെങ്കിലും ഭാര്യയായി പരിഗണിക്കില്ല. അവസാനം, ആഴ്ചകള്‍ക്കും മാസങ്ങള്‍ക്കും ശേഷം, ഇരു കൂട്ടരും ഒരു വിവാഹ വിരുന്ന് സംഘടിപ്പിക്കുകയും അതിനുശേഷം വധു ഭര്‍ത്താവിന്റെ വീട്ടിലേക്ക് താമസം മാറുകയും ചെയ്യുന്നു. അന്ന് മുതലാണ് ഭാര്യയായി അവളെ കണക്കാക്കുക.

മെയ് 16നാണ് അബീറിന്റെ വീട്ടിലെത്തിയ ഹന തന്റെ മകനെ വിവാഹം കഴിക്കുമോ എന്ന് അവളോട് ചോദിച്ചത്. ‘ഒന്നും ആലോചിക്കാതെ ഞാന്‍ സമ്മതിച്ചു. ഇസ്മായില്‍ ഒരു മാലാഖയാണ്, മനുഷ്യനല്ല, ഇസ്മായില്‍ കാരുണ്യവാനും സത്യസന്ധനും മിടുക്കനും വിശ്വസ്തനുമായിരുന്നു’ അബീര്‍ പറഞ്ഞു. തുടര്‍ന്ന് ജൂണ്‍ 14-ന് ഇരുവരും വിവാഹ ഉടമ്പടിയില്‍ ഒപ്പുവെക്കുകയും സെപ്റ്റംബറില്‍ വിവാഹ വിരുന്ന് സംഘടിപ്പിക്കാന്‍ തീരിമാനിക്കുകയും ചെയ്തു.

‘എല്ലാ കാര്യങ്ങളിലും അവന്‍ എന്നെ ഭയപ്പെട്ടിരുന്നു.എല്ലാ ആളുകളും അവനെ സ്‌നേഹിച്ചു. ഇസ്മായില്‍ പുതുതായി നിര്‍മ്മിക്കാന്‍ പോകുന്ന വീടിന്റെ വിശദാംശങ്ങള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു’ വിതുമ്പലടക്കി അബീര്‍ പറഞ്ഞു.

‘എന്റെ ആത്മമിത്രം കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയിലായിരുന്നു’

ഓഗസ്റ്റ് ആറിന് രാത്രി 9 മണിയോടെ ഇസ്മയിലിന്റെ ഉമ്മ മകനെ വിളിച്ച് വരുമ്പോള്‍ തനിക്ക് ഒരു ചോക്ലേറ്റ് വാങ്ങി വരാന്‍ ആവശ്യപ്പെട്ടു. അങ്ങിനെ അതുമായി അവന്‍ വീട്ടിലെത്തി. രാത്രി 9:30ന്, ഇസ്രായേല്‍ അഞ്ച് റോക്കറ്റുകള്‍ ഉപയോഗിച്ച് ഫലസ്തീന്‍ ഇസ്ലാമിക് ജിഹാദ് പ്രസ്ഥാനത്തിന്റെ (PIJ) സൈനിക വിഭാഗമായ അല്‍-ഖുദ്സ് ബ്രിഗേഡിന്റെ (സരായ അല്‍-ഖുദ്സ്) ദക്ഷിണ ഡിവിഷന്‍ കമാന്‍ഡര്‍ ഖാലിദ് മന്‍സൂറിനെ വധിച്ച വാര്‍ത്ത പുറത്തുവന്നു. റാഫയിലെ ജനസാന്ദ്രതയുള്ള അല്‍-ഷാതി ക്യാമ്പിലെ മറ്റ് രണ്ട് PIJ പോരാളികളെയും വധിച്ചിരുന്നു.

‘റെയ്ഡുകളെക്കുറിച്ച് കേട്ടപ്പോള്‍ തന്നെ എന്തെങ്കിലും അപായം സംഭവിക്കുമെന്ന് എനിക്ക് തോന്നി, ഞാന്‍ ഉടന്‍ തന്നെ ഇസ്മയിലിനെ വിളിച്ചു, എന്നാല്‍ ഫോണ്‍ എടുക്കുന്നില്ല’ അബീര്‍ പറഞ്ഞു. കുറച്ച് സമയത്തിന് ശേഷം, ഞാന്‍ അവന്റെ സഹോദരന്‍ മുഹമ്മദിനെ വിളിച്ചു, അവന്‍ അവരുടെ അയല്‍വാസിയുടെ വീട് ലക്ഷ്യമാക്കി പോകുകയാണന്നും ഇസ്മയിലും ഉമ്മയും കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ പെട്ടിട്ടുണ്ടെന്നും പറഞ്ഞു.

ഞാന്‍ മുഹമ്മദിനെ വിളിച്ചുകൊണ്ടിരുന്നു, അവന്‍ എന്നോട് പറഞ്ഞു, ‘അവര്‍ മൂന്ന് നിലകളുടെ അവശിഷ്ടങ്ങള്‍ക്ക് അടിയിലാണ്, ഞങ്ങള്‍ക്ക് ഇതുവരെ അവരിലേക്ക് എത്താന്‍ കഴിഞ്ഞിട്ടില്ല. എന്റെ ജീവിതത്തില്‍ ഞാന്‍ കടന്നുപോയിട്ടുള്ളതില്‍ വച്ച് ഏറ്റവും മോശമായ അവസ്ഥയിലായിരുന്നു അപ്പോള്‍ ഞാന്‍. എന്റെ ആത്മമിത്രം മണിക്കൂറുകളോളം അവശിഷ്ടങ്ങള്‍ക്കടിയില്‍ ആണെന്ന് എനിക്ക് സങ്കല്‍പ്പിക്കാനായില്ല, അവന്‍ ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്നും എനിക്കറിയില്ലായിരുന്നു? പുലര്‍ച്ചെ 2:30ന് ഇസ്മായിലിന്റെയും ഉമ്മയുടെയും മൃതദേഹങ്ങള്‍ പുറത്തെടുത്തതായി മുഹമ്മദ് അബീറിനോട് പറഞ്ഞു.

ആ നിമിഷം അള്ളാഹു എന്നെ എങ്ങനെ ശക്തിപ്പെടുത്തിയെന്ന് എനിക്കിപ്പോഴും അറിയില്ല. രണ്ട് വിവാഹ മോതിരങ്ങളും അണിഞ്ഞ് അവളിത് പറയുമ്പോള്‍ അവളുടെ കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ പ്രവാഹമായിരുന്നു.

ഇസ്മയിലിനെ ഖബറടക്കന്നതിന് മുമ്പ് അവസാനമായി കണ്ട രംഗ് വിവരിക്കാന്‍ പാടുപെടുന്നുണ്ടായിരുന്നു ഹര്‍ബ്. ‘ഞാന്‍ ഇനി മറ്റൊരാളെ വിവാഹം കഴിക്കില്ലെന്നും സര്‍വശക്തന്‍ ഇഛിക്കുകയാണെങ്കില്‍ ഞങ്ങളുടെ വിവാഹ വിരുന്ന് സ്വര്‍ഗ്ഗത്തില്‍ വെച്ച് നടത്താന്‍ ഞാന്‍ കാത്തിരിക്കുമെന്നും അവന്റെ മയ്യിത്ത് കെട്ടിപ്പിടിച്ച് അവനോട് വാഗ്ദാനം ചെയ്തു’.

ഇസ്മയിലിന്റെ മൂന്ന് ദിവസത്തെ അന്തിമ കര്‍മങ്ങളില്‍ അബീര്‍ പങ്കെടുത്തെങ്കിലും അവന്റെ ശബ്ദം വീണ്ടും കേള്‍ക്കുമെന്നാമ് അവള്‍ വിശ്വസിക്കുന്നത്. ‘അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇസ്മായിലിന്റെ ഒരു കോളിനായി ഞാന്‍ കാത്തിരിക്കും, അതില്‍ അദ്ദേഹം എനിക്ക് മറുപടി നല്‍കും: ഞാനും നിന്നെ സ്‌നേഹിക്കുന്നു,’ ബന്ധുവിനെ കെട്ടിപ്പിടിച്ച് അവള്‍ പറഞ്ഞു.

‘അവര്‍ ഞങ്ങളുടെ സന്തോഷം നശിപ്പിച്ചു’

ആഗസ്റ്റ് അഞ്ചിനാണ് ഉപരോധ ഗാസ മുനമ്പിനെതിരെ ഇസ്രായേല്‍ മൂന്ന് ദിവസത്തെ സൈനിക ആക്രമണം ആരംഭിച്ച. 17 കുട്ടികളും മൂന്ന് സ്ത്രീകളും ഉള്‍പ്പെടെ 49 പേരാണ് കൊല്ലപ്പെട്ടത്. 360 പേര്‍ക്ക് പരിക്കേറ്റു, അവരില്‍ 151 പേര്‍ കുട്ടികളും 59 സ്ത്രീകളുമാണ്.

ഓഗസ്റ്റ് 6 ന്, 55 കാരനായ മുഹമ്മദ് അബു ഖ്വയ്ദ, വടക്കന്‍ ഗാസ മുനമ്പിലെ ബെയ്റ്റ് ഹനൂണ്‍ ക്രോസിംഗിന് സമീപമുള്ള സലൂണില്‍ നിന്ന് അവരുടെ മകന്‍ അക്രമിന്റെ ഭാര്യ ഖാദയെ കൂട്ടിക്കൊണ്ടുപോകാന്‍ ഭാര്യ നഅാമയോടൊപ്പം കാത്തുനില്‍ക്കുകയായിരുന്നു.

ഗാസയിലെ യുവാക്കള്‍ക്കിടയില്‍ 75 ശതമാനവും തൊഴിലില്ലായ്മ ഭീഷണി നേരിടുന്നതിനാല്‍ മെച്ചപ്പെട്ട ജീവിതത്തിനായി യൂറോപ്പിലേക്ക് കുടിയേറുന്നതിനെക്കുറിച്ച് സംസാരിച്ച 24 കാരനായ അക്രം വിവാഹത്തിന് സമ്മതിച്ചപ്പോള്‍ നആമ നിര്‍വൃതിയിലായിരുന്നു.

‘എനിക്ക് അവളുടെ സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയില്ല, എല്ലാം പെട്ടെന്ന് നടത്താന്‍ അവള്‍ ആഗ്രഹിച്ചു,’ അബു ഖ്വയ്ദ പറഞ്ഞു.
അതിനാല്‍, നആമ തന്റെ മകനായി ഒരു പെണ്‍കുട്ടിയെ കണ്ടെത്തി, ഞങ്ങള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ വിവാഹ ഉടമ്പടി ഒപ്പുവെച്ചു. വിവാഹ പാര്‍ട്ടി വേഗത്തില്‍ നടത്തണമെന്ന് അവള്‍ നിര്‍ബന്ധിച്ചു.’ എന്നിരുന്നാലും, അക്രമിന്റെ വിവാഹത്തിന് രണ്ടാഴ്ച മുമ്പ്, അവരുടെ കുടുംബത്തിലെ ഒരാള്‍ മരിച്ചു. ആചാരവും പാരമ്പര്യവും അനുസരിച്ച്, അവരുടെ വിവാഹ പാര്‍ട്ടി നടത്താന്‍ ഒന്നുകില്‍ 40 ദിവസം വരെ കാത്തിരിക്കണം, അല്ലെങ്കില്‍ ലളിതമായ രൂപത്തില്‍ ചടങ്ങ് നടത്തണം.

മൂന്നാഴ്ചത്തെ കാത്തിരിപ്പിനൊടുവില്‍ അങ്ങിനെ ചെറിയൊരു പരിപാടി നടത്താന്‍ അവര്‍ തീരുമാനിച്ചു. വിവാഹ ദിവസം ഞങ്ങള്‍ സ്റ്റുഡിയോയില്‍ പോയി മനോഹരമായ ചിത്രങ്ങള്‍ എടുത്തു,’ അബു ഖാഇദ പറഞ്ഞു. ഉച്ചയ്ക്ക് 1.40ന് നആമയും എന്റെ രണ്ട് കുട്ടികളെയും കൂട്ടി കാറില്‍ കയറകുയായിരുന്നു. ഞാന്‍ ഡോര്‍ തുറന്നപ്പോള്‍ പെട്ടെന്ന് ഒരു ഇസ്രായേലി റോക്കറ്റ് അതില്‍ വന്ന് പതിച്ചു.

എന്താണ് സംഭവിച്ചതെന്ന് എനിക്ക് മനസ്സിലായില്ല, ടയര്‍ പഞ്ചറായി എന്ന് ഞാന്‍ കരുതി, ഞാന്‍ എന്റെ ഭാര്യയുടെ അടുത്തേക്ക് ഓടി, അവള്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. അവളുടെ മുഖം പൂര്‍ണ്ണമായും കത്തിനശിച്ചു. അവള്‍ രക്തസാക്ഷിയാണെന്ന് എനിക്കറിയാമായിരുന്നു. രണ്ട് കുട്ടികളും രക്തത്തില്‍ കുളിച്ചുകിടക്കുകയായിരുന്നു. നആമയും പേരക്കുട്ടി ഹനീനും (10) റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ടു. രണ്ട് മുതല്‍ 13 വയസ്സുവരെയുള്ള അഞ്ച് കുട്ടികള്‍ക്കും പരിക്കേറ്റു. എന്താണ് ഞങ്ങള്‍ ചെയ്യേണ്ടത്? എന്തിനാണ് അവര്‍ ഞങ്ങളുടെ സന്തോഷം കെടുത്തിയത്? ഞങ്ങള്‍ അവരുടെ സിസിടിവി ക്യാമറകള്‍ക്ക് മുന്നിലായിരുന്നു, ഞങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന് അവര്‍ നിരീക്ഷിക്കുകയായിരുന്നു,-അബു ഖാഇദ പറഞ്ഞു.

അക്രം വരനാകാന്‍ വര്‍ഷങ്ങളായി കാത്തിരിക്കുകയായിരുന്നു നആമ. ആകെയുള്ള പത്ത് ആടുകളെ വിറ്റ ഒരു പാവപ്പെട്ട ഇടയനാണ് അക്രം, സ്ത്രീധനം നല്‍കാന്‍ ഞാന്‍ മറ്റുള്ളവരില്‍ നിന്ന് ധാരാളം കടം വാങ്ങിയിട്ടുണ്ട്,’ കണ്ണുനീര്‍ തുടച്ചുകൊണ്ട് പിതാവ് പറഞ്ഞു.

‘തനിക്ക് വിവാഹ പാര്‍ട്ടിക്ക് പോകാന്‍ ഉള്ളതാണെന്നും തന്റെ ചുവന്ന വസ്ത്രം മുറിക്കരുതെന്ന് കരഞ്ഞുകൊണ്ട് പേരക്കുട്ടി ഹനീന്‍ ഡോക്ടറോട് പറയുന്നുണ്ടായിരുന്നു. എന്തിനാണ് അവര്‍ അവളെ കൊന്നത്? പരിക്കേറ്റ അഞ്ച് കുട്ടികളും ചെയ്ത കുറ്റം എന്താണ്?

വിവാഹ സ്യൂട്ട് ധരിക്കാന്‍ അക്രമിനെ സഹായിച്ച നആമ അവന്റെ കവിളിലും തലയിലും തോളിലും ചുംബിച്ചത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു.
അവര്‍ ഞങ്ങളുടെ സന്തോഷം നശിപ്പിക്കുകയും ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസത്തെ ഏറ്റവും മോശം ദിവസമാക്കി മാറ്റുകയും ചെയ്തു.’- അബു ഖാഇദ പറഞ്ഞു.

അവലംബം: www.middleeasteye.net

വിവ: സഹീര്‍ വാഴക്കാട്

Related Articles