Current Date

Search
Close this search box.
Search
Close this search box.

ഇസ്രയേൽ ബജറ്റ് ; ചേർത്തുപിടിച്ചുള്ള നെത്യാഹുവിന്റെ ചതികൾ

അടുത്ത രണ്ട് വർഷത്തേക്കുള്ള ബജറ്റിന് ഇസ്രായേൽ പാർലമെന്റ് അംഗീകാരം നൽകിയതിന് ഏതാനും മിനിറ്റുകൾക്ക് ശേഷം, പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചതിങ്ങനെയാണ്: “ഇസ്രായേൽ ജനതയ്ക്ക് മഹത്തായ ദിവസമാണിത്.”

എന്നാൽ വസ്തുത ഇതിനു വിപരീതമാണ്. ഇസ്രയേൽ ജനതയ്ക്ക് ഇതൊരു മഹത്തായ ദിനമായിരുന്നില്ല. ഒരുപക്ഷേ, നെത്യാഹുവിന്റെ കാര്യത്തിൽ അത് ശരിയായിരിക്കാം. 223ൽ 484 ബില്യൺ ഷെക്കൽ ($ 130.4 ബില്യൺ), 2024 ൽ 514 ബില്യൺ ഷെക്കൽ എന്ന തോതിലുള്ള ഈ പണവിഹിതംവെപ്പ് സാമൂഹിക നീതിയുടെ രൂപം പോലും ഉപേക്ഷിച്ച് തീവ്ര ദേശീയ, യാഥാസ്ഥിതിക ഇസ്രായേലിനെയാണ് പ്രകടമാക്കുന്നത്.

ബാങ്ക് ഓഫ് ഇസ്രായേലിന്റെ മുൻ മുതിർന്ന ഉദ്യോഗസ്ഥൻ , ട്രഷറി ഉദ്യോഗസ്ഥർ തുടങ്ങിയ മുന്നൂറോളം സാമ്പത്തിക വിദഗ്ധർ ഈ ബജറ്റ് ഇസ്രായേലിന്റെ ഭാവിക്ക് അസ്തിത്വ ഭീഷണി ഉയർത്തുമെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ടെൽ അവീവ് യാഫോയിലെ അക്കാദമിക് കോളേജിലെ രാഷ്ട്രീയ സാമ്പത്തിക വിദഗ്ധനായ ആരി ക്രാംഫ് അഭിപ്രായപ്പെടുന്നത് പോലെ, നെതന്യാഹു ഗവൺമെന്റിലെ പാർട്ടികൾ “ഇസ്രായേൽ സമൂഹത്തിലെ ദുർബല വിഭാഗങ്ങളുടെ ചെലവിൽ” രാഷ്ട്രീയ ആവശ്യങ്ങൾക്കായി കൂടുതൽ പണം ചെലവഴിക്കുകയാണ് ചെയ്യുന്നത്.

“മറ്റ് ഒഇസിഡി [ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആൻഡ് ഡെവലപ്‌മെന്റ്] രാജ്യങ്ങളെ അപേക്ഷിച്ച് ഇസ്രായേലിലെ സിവിൽ ചെലവ് കുറവാണ്. പുതിയ ബജറ്റ് നവലിബറലിസവും സഖ്യകക്ഷികൾക്ക് നിയുക്ത പേയ്‌മെന്റുകളും ചേർന്നതും എന്നാൽ, വളർച്ചാ സംവിധാനങ്ങളൊന്നുമില്ലാത്തതുമാണ്. ഇത് ഇസ്രായേൽ സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം മോശം വാർത്തയാണ്” ക്രാംഫ് മിഡിലീസ്റ്റ് ഐയോട് പറഞ്ഞു.

രാഷ്ട്രീയ പാർട്ടികൾക്ക് അവരുടെ സ്വന്തം പദ്ധതികൾക്കായി അനുവദിച്ച പണം 14 ബില്യൺ ഷെക്കലിലെത്തി നിൽക്കുകയാണ്. അതേസമയം, താരതമ്യേനെ തകർന്നുകൊണ്ടിരിക്കുന്ന ഇസ്രായേലിന്റെ പൊതു ആശുപത്രികൾക്ക് അനുവദിച്ചത് വെറും 12.4 ബില്യൺ മാത്രമാണ്. ഈ താരതമ്യം തന്നെ കാര്യങ്ങളുടെ ഒരു ചെറിയ ചിത്രം വരിച്ചിടുന്നുണ്ട്.

ബജറ്റ് മോശമാണ് എന്നതിലുപരി അത് ജനാധിപത്യ വിരുദ്ധവുമാണ്. വിവാദമായ ജുഡീഷ്യൽ പരിഷ്‌കാരങ്ങളിലൂടെ ഇസ്രയേലി രാഷ്ട്രീയ വ്യവസ്ഥിതിയെ അടിസ്ഥാനപരമായി മാറ്റുക എന്ന ലക്ഷ്യം കൈവരിക്കാൻ ഗവൺമെന്റിന് കഴിഞ്ഞിരിക്കുകയാണ്.

“പൊതു ഖജനാവ് കൊള്ളയടിക്കൽ” എന്നാണ് പുതിയ ബജറ്റിനെ പരക്കെ വിശേഷിപ്പിക്കുന്നത്. ഇസ്രയേലിലെ പ്രധാനവാർത്തകളും മുഴുവൻ പ്രതിപക്ഷ നേതാക്കളും അതിനെ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. “ഇസ്രായേലിന്റെ ചരിത്രത്തിലെ ഒരു കറുത്ത പാട്” എന്ന് പ്രതിപക്ഷത്തുള്ള ഇസ്രായേൽ ബെയ്റ്റീനു പാർട്ടിയുടെ തലവൻ അവിഗ്ഡോർ ലീബർമാൻ നിർവചിക്കുകയുണ്ടായി.

ഈ പറഞ്ഞതെല്ലാം ഒരു വഴി മാത്രമാണ്. മറ്റു പല ഭാവങ്ങളും കൂടി ഇതിനുണ്ട്. വാസ്‌തവത്തിൽ, ദീർഘകാല, തീവ്ര വലതുപക്ഷ ദേശീയവിദ്യാഭ്യാസം ഭാവിതലമുറയ്‌ക്ക് സുരക്ഷിതമാക്കുന്നതിനും യാഥാസ്ഥിതികവും ഏകാന്തവുമായ യാഥാസ്ഥിതിക സമൂഹങ്ങളെ നിലനിർത്തുന്നതിനും ജൂത രാഷ്ട്രത്തെക്കുറിച്ചുള്ള കടുത്ത സങ്കൽപ്പത്തിലൂന്നിയ വോട്ടർമാരെ ഭാവിയിൽ സൃഷ്ടിക്കുന്നതിനുമുള്ള കൂടുതൽ സങ്കീർണ്ണമായ മാർഗമാണ് പുതിയ ബജറ്റ് എന്നത് വ്യക്തമാണ്.

യാഥാസ്ഥിതിക പാർട്ടികൾക്കും അതിലുപരിയായി തീവ്ര വലതുപക്ഷ പാർട്ടികളായ ‘റിലീജിയസ് സയണിസ’ത്തിനും ‘ജ്യുയിഷ് പവറി’നും അവർ നിയന്ത്രിക്കുന്ന മന്ത്രാലയങ്ങൾക്കും അഭൂതപൂർവമായ ശതകോടികൾ അനുവദിച്ചതിന്റെ താത്പര്യം അതാണ്. ഇത് അധികം താമസിയാതെ തന്നെ അധിനിവേശത്തെ ശാശ്വതമാക്കുകയും നിലവിലെ അവസ്ഥയെ ശക്തിപ്പെടുത്തുകയും ഭാവിയിൽ വിപുലീകരിക്കുകയും ചെയ്യും എന്നാണ് അവർ കരുതുന്നത്.

ബജറ്റിന്റെ ഈ വശം ഏറെക്കുറെ ശ്രദ്ധിക്കപ്പെടാതെ പോവുകയാണുണ്ടായത്. ഓർത്തഡോക്സ് പാർട്ടികളുടെ ആവശ്യങ്ങളിലും നെതന്യാഹു അവരുടെ അഭൂതപൂർവമായ ആവശ്യങ്ങളെയെല്ലാം പ്രീതിപ്പെടുത്തുന്നതിലുമായിരുന്നു മുഴുവൻ ശ്രദ്ധയും രോഷവും കേന്ദ്രീകരിച്ചത്. ഇതേ നെതന്യാഹു തന്നെയാണ് 2003ൽ അന്നത്തെ ധനമന്ത്രിയായിരിക്കെ ക്ഷേമാനുകൂല്യങ്ങളെ ശക്തമായി എതിർത്തത് എന്ന കാര്യമാണ് ഏറെ രസകരം.

“അത് താങ്ങാൻ കഴിയാത്തവൻ 12-14 കുട്ടികളെ ഉണ്ടാകരുത്,” “സർക്കാറിന്റെ അമിതആനുകൂല്യ നയമാണ് ആളുകളെ തൊഴിൽ വിപണിയിൽ നിന്ന് അകറ്റാത്തതും ദാരിദ്ര്യത്തിന്റെ ശാശ്വത ചക്രത്തിൽ നിലനിർത്തുന്നതും” അന്ന് നെതന്യാഹു പറഞ്ഞതാണിത്.

ഇരുപത് വർഷത്തിന് ശേഷം, തന്റെ സഖ്യം നിലനിർത്താനും എന്ത് വിലകൊടുത്തും അധികാരത്തിൽ തുടരാനുമുള്ള ആകാംക്ഷയോടെയാണ് അദ്ദേഹം ഇപ്പോൾ മനസ്സ് മാറ്റിയിട്ടുളളത്. ഇപ്പോൾ കുട്ടികളുടെ ആനുകൂല്യങ്ങൾക്കും തീവ്ര യാഥാസ്ഥിതിക വിദ്യാഭ്യാസ സമ്പ്രദായത്തിനും കൈമാറുന്ന ശതകോടികൾ, സംസ്ഥാന മേൽനോട്ടത്തിൽ നിന്ന് പൂർണ്ണമായും മുക്തവും, ഗണിതം അല്ലെങ്കിൽ ഇംഗ്ലീഷ് പോലുള്ള പ്രധാന വിഷയങ്ങൾ പഠിപ്പിക്കാൻ പ്രത്യയശാസ്ത്രപരമായി വിസമ്മതിക്കുന്നതും, തൊഴിൽ വിപണിയിൽ സംയോജിപ്പിക്കാൻ യോഗ്യമല്ലാത്ത തലമുറകളെ വളർത്തുന്നതാണ് എങ്കിലും തങ്ങളുടെ അഭ്യുദയകാംക്ഷികളെ അധികാരത്തിൽ നിർത്തുക എന്ന ഒറ്റ ലക്ഷ്യത്തിലാണ് ഈ മനം മാറ്റം.

തീവ്ര-ഓർത്തഡോക്സ് സമൂഹം സ്റ്റേറ്റ് ഹാൻഡ്ഔട്ടുകളെ ആശ്രയിക്കുന്ന രീതിയിലും, കഷ്ടിച്ച് നികുതിയൊന്നും നൽകാതെ സൈന്യത്തിൽ സേവനമനുഷ്ഠിക്കാൻ വിസമ്മതിക്കുന്നതിലും ഇസ്രായേലി സമൂഹത്തിലെ മറ്റ് വിഭാഗങ്ങൾ വളരെക്കാലമായി രോഷാകുലരാണ്. ഒരു പുതിയ ആനുകൂല്യത്തോടെ, ആ ദേഷ്യം കടും നീരസമായും രോഷമായും മാറിയിരിക്കുകയാണ്.

കോഹെലെറ്റ് ഫോറം വിഷൻ

രണ്ട് അമേരിക്കൻ ശതകോടീശ്വരന്മാർ പ്രാഥമികമായി ധനസഹായം നൽകുന്ന തീവ്ര യാഥാസ്ഥിതിക ബുദ്ധി കേന്ദ്രമായ കോഹെലെറ്റ് ഫോറത്തിന്റെ കാഴ്ചപ്പാടാണ് പല കാര്യങ്ങളിലും ബജറ്റ് സാക്ഷാത്കരിക്കുന്നതെന്ന് കോളേജ് ഓഫ് ലോ ആൻഡ് ബിസിനസ്സിലെ മനുഷ്യാവകാശ വിഭാഗം മേധാവി യോസി ദഹൻ പറയുന്നു. ഇസ്രായേലിന്റെ ജുഡീഷ്യൽ പരിഷ്കാരങ്ങളെ പിന്തുണയ്ക്കുന്നവരും ധനമന്ത്രി ബെസാലെൽ സ്മോട്രിച്ചിന്റെ സ്വന്തക്കാരുമാണ് ഈ ശതകോടീശ്വരന്മാർ എന്ന് ചേർത്തുവായിക്കേണ്ടതുണ്ട്.

“സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ ജനാധിപത്യ ഭരണകൂടങ്ങൾ പൊതുവിദ്യാഭ്യാസത്തിനുള്ള ധനസഹായത്തിന് മുൻഗണന നൽകുന്നുണ്ട്. ഇസ്രായേലിൽ, സെഫാർഡിക് വംശജരായ കുട്ടികളോടുള്ള വിവേചനത്തിന്റെ നീണ്ട പാരമ്പര്യമുള്ള തീവ്ര-യാഥാസ്ഥിതിക സ്കൂൾ വിദ്യാഭ്യാസ സമ്പ്രദായത്തിനാണ് സർക്കാർ നിരുപാധികമായി ധനസഹായം നൽകുന്നത്. ദഹൻ കൂട്ടിച്ചേർത്തു.

Israeli settlers erect a structure for a new Jewish seminary school

പൊതുവിദ്യാഭ്യാസത്തിന്റെ പതനത്തിലൂടെ പൊതു ധനസഹായത്തോടെയുള്ള സ്വകാര്യ സ്കൂളുകൾ വളരും. ചെലവേറിയ പ്രത്യേക ആവശ്യങ്ങളൊന്നുമില്ലാത്ത നല്ല കുടുംബങ്ങളിൽ നിന്നുള്ള കുറഞ്ഞ ചെലവിലുള്ള വിദ്യാർത്ഥികളെ അവർ സ്വാഭാവികമായും തിരഞ്ഞെടുക്കും. അതാണ് കോഹെലെറ്റ് വിഷൻ.”

അൾട്രാ ഓർത്തഡോക്‌സിനോട് മതേതര ഇസ്രായേലികളുടെ വർദ്ധിച്ചുവരുന്ന നീരസം, തീർച്ചയായും അത്ര പ്രധാനമല്ലാത്ത പല വിഷയങ്ങളിൽ നിന്നും അവരുടെ ശ്രദ്ധ തിരിച്ചുവിട്ടുട്ടുണ്ട്.

ഓർത്തഡോക്സ് പാർട്ടികൾ ഇസ്രയേലിനെ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോട്ട് കൊണ്ടുപോകുന്നുവെങ്കിൽ, സഖ്യത്തിലെ മതപരമായ തീവ്രവലതുപക്ഷക്കാർ ഇസ്രായേലിനെ അവരുടെ വഴിക്ക് മുന്നോട്ട് കൊണ്ടുപോകുകയാണ് ചെയ്യുക.

അവർ ആഗ്രഹിക്കുന്ന അഗാധമായ മാറ്റം നടപ്പിലാക്കാൻ ജുഡീഷ്യൽ പരിഷ്കാരങ്ങൾക്കായി അവർ കാത്തിരിക്കുന്നില്ല; “ജൂത ജനാധിപത്യ രാഷ്ട്രം” എന്ന ഇസ്രായേലിന്റെ നിർവചനത്തിലെ സങ്കീർണ്ണമായ സന്തുലിതാവസ്ഥക്ക് മാറ്റം വരുത്താൻ
പറ്റിയ ആയുധമാണ് ബജറ്റ് .

ജനാധിപത്യത്തെ മറക്കുക, അതിൽ കേന്ദ്രീകരിക്കുന്നതിന് പകരം ഇസ്രായേലിനെ ഒരു മികച്ച ജൂത രാഷ്ട്രമാക്കാൻ ഇപ്പോൾ അനുവദിച്ച പണം നോക്കൂ നിങ്ങൾ. റിലീജിയസ് സയണിസം പാർട്ടിയുടെ തീവ്ര വലതുപക്ഷ ദേശീയ മിഷൻസ് ആൻഡ് സെറ്റിൽമെന്റ് മന്ത്രി ഒറിറ്റ് സ്ട്രോക്കിന് “ജൂത ഐഡന്റിറ്റി ശക്തിപ്പെടുത്തുന്നതിന്” 280 മില്യൺ ഷെക്കലാണ് അനുവദിച്ചത്. അതിൽ ജൂത സംസ്കാരത്തിന് 120 മില്യൺ ജൂത ഐഡന്റിറ്റിക്ക് മറ്റൊരു 80 മില്യൺ ഷെക്കെൽസും ഉൾപ്പെടുന്നുണ്ട്.

നിങ്ങൾക്ക് ഇതൊന്നും മനസ്സിലാകുന്നില്ലെങ്കിൽ വിഷമിക്കേണ്ട. അധികമാർക്കും ഇതൊന്നും തിരിയുന്നില്ല. ജൂതന്മാരും ഫലസ്തീനികളും ഒരുമിച്ചു താമസിക്കുന്ന മിശ്ര സമൂഹങ്ങളിൽ സ്ഥിരതാമസമാക്കാൻ മതപരമായ വലതുപക്ഷ കുടുംബങ്ങളെ സഹായിക്കാൻ അവർക്ക് ഇതിനകം ഉള്ള 200 മില്യന്റെ പുറമെയാണ് ആ പണം.

മിശ്ര സമൂഹങ്ങളിലെ ഈ മാറ്റങ്ങൾ അവിടെ ജീവിതം കൂടുതൽ ക്ലേഷകരമാക്കാൻ സാധ്യതയേറെയാണ്, വാസ്തവത്തിൽ രാജ്യത്തെ കഴിയുന്നത്ര ജൂതവൽക്കരിക്കുക എന്ന ഇസ്രായേൽ ഗവൺമെന്റിന്റെ “ദേശീയ ദൗത്യത്തിന്റെ” ഭാഗമായ ഒരു പദ്ധതിയാണിത്.

ഫലസ്തീനികളെ നിയന്ത്രിക്കുക എന്നതും ഈ പദ്ധതിയുടെ ഒരു പ്രധാന ലക്ഷ്യമാണ്. പൂർണ്ണമായും ഇസ്രയേൽ നിയന്ത്രണത്തിലുള്ള ഏരിയ സിയിൽ പലസ്തീൻ നിർമ്മാണം നിരീക്ഷിക്കാൻ ഡ്രോണുകൾ പോലുള്ള പ്രത്യേക ഉപകരണങ്ങൾ വാങ്ങുന്നതിന് 40 മില്യൺ ഷെക്കൽ (മുൻ ബജറ്റിന്റെ ഇരട്ടി) അധികമായി സ്‌ട്രോക്കിന്റെ മന്ത്രാലയം ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്.

അത് പോരാ എന്ന മട്ടിൽ, നോം പാർട്ടിയുടെ വംശീയവാദിയും സ്വവർഗാനുരാഗിയുമായ അവി മോസ്, ഏതാനും ആഴ്‌ചകൾക്ക് മുമ്പ് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് ഇറങ്ങിപ്പോയ ശേഷം ഡെപ്യൂട്ടി മന്ത്രിയായി തന്റെ റോൾ പുനരാരംഭിച്ചു. യഹൂദ ഐഡന്റിറ്റി സംരക്ഷിക്കുന്നതിന് ഊഹിച്ചതുപോലെ തന്നെ അദ്ദേഹത്തിന് 285 മില്യൺ ഷെക്കലുകളുടെ ബജറ്റാണ് നൽകിയിട്ടുള്ളത്.

കുടിയേറ്റക്കാരുടെ ഒഴുക്കിനായി തയ്യാറെടുക്കുക

ഈ മാസാരംഭത്തിൽ ബജറ്റ് ചർച്ചകൾ സജീവമായിരിക്കെ, വെസ്റ്റ് ബാങ്കിൽ 500,000 ജൂത കുടിയേറ്റക്കാരുടെ വരവിനായി അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ സ്മോട്രിച്ച് അധികാരികൾക്ക് ഇതിനോടകം നിർദ്ദേശം നൽകിയിട്ടുണ്ട്.

ബജറ്റ് ചർച്ചകൾ നടക്കുന്ന സമയത്താണ് ഈ പ്രഖ്യാപനം വന്നത് എന്നത് തീർച്ചയായും യാദൃശ്ചികമല്ല. ദരിദ്ര പ്രദേശങ്ങൾ വികസിപ്പിക്കാനുള്ള പണം എവിടെയാണ് അപ്രത്യക്ഷമായതെന്ന് ചോദിക്കുന്നവർ അനധികൃത ജൂത കുടിയേറ്റങ്ങളാണ് ഇപ്പോൾ ദേശീയ അജണ്ട എന്ന ഉത്തരത്തിലേക്കാണ് എത്തിച്ചേരുന്നത്

ഈ മാറ്റങ്ങളൊന്നും ഒറ്റരാത്രികൊണ്ട് ഉണ്ടായതല്ല, എന്നാൽ ഈ ബജറ്റ് എന്നത്തേക്കാളും കുടിയേറുന്നവരെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇസ്രായേലിൽ ഇപ്പോൾ ജീവിതച്ചെലവ് കുതിച്ചുയരുന്ന സാഹചര്യത്തിൽ, സർക്കാർ ഫണ്ടുകളിൽ നിന്ന് സമാനതകളില്ലാത്ത പിന്തുണ ആസ്വദിക്കുന്ന വെസ്റ്റ് ബാങ്ക് താമസക്കാരും അന്തേവാസികളും ഉയർന്ന ജീവിത നിലവാരം ആസ്വദിക്കാൻ കൂടുതൽ കുടിയേറ്റക്കാരെ ആകർഷിക്കുമെന്നുറപ്പാണ്.

ഇസ്രായേലി നവലിബറലിസവും വെസ്റ്റ്ബാങ്കിനെ കൂട്ടിച്ചേർക്കാനുള്ള ശ്രമങ്ങളും ഒരു അജണ്ടയിൽ ലയിച്ചിരിക്കുന്നതാണ് പുതിയ കാഴ്ച. അടുത്തിടെ, ബജറ്റിനൊപ്പം, ഇസ്രായേൽ പാർലമെന്റ് “മുനിസിപ്പൽ ടാക്സ് ഫണ്ട്” എന്ന പേരിൽ ഒരു പുതിയ ബിൽ ചർച്ച ചെയ്തു. ഇതിന്റെ പിന്നിലെ ആശയം ലളിതമാണ്: മുൻസിപ്പൽ നികുതിയിൽ നിന്ന് സമ്പന്നരായ പ്രാദേശിക അധികാരികളുടെ വരുമാനത്തിൽ ചിലത് സർക്കാർ എടുത്ത് അത് ദുർബലമായ മുനിസിപ്പാലിറ്റികളിലേക്ക് പുനർവിതരണം ചെയ്യുന്നതാണ്.

സംഭവം കേൾക്കുമ്പോൾ ഏതാണ്ട് ഒരു റോബിൻ ഹുഡ് കഥ പോലെയാണ് തോന്നുന്നത്. എന്നാൽ അത് മാത്രമല്ലെന്നതാണ് ശരി. യഥാർത്ഥത്തിൽ ഇവിടെ സംഭവിക്കുന്നത് അധികാരം പ്രാദേശിക അധികാരികളിൽ നിന്ന് സർക്കാരിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നതാണ്, ആ പണം എവിടെ എത്തണമെന്ന് തീരുമാനിക്കാൻ അവർക്ക് കഴിയുകയും ചെയ്യും.

ജനാധിപത്യ സ്ഥാപനങ്ങളുടെ ചെലവിൽ സർക്കാരിന് കൂടുതൽ അധികാരം നൽകാനുള്ള ഈ പദ്ധതിയാണ് നീതിന്യായ പരിഷ്‌കാരങ്ങളുടെ പിന്നാമ്പുറക്കഥകൾ. മുൻസിപ്പൽ ഫണ്ട് പിടിച്ചെടുക്കൽ ഹംഗറിയിലെ വിക്ടർ ഓർബൻ മുമ്പ് ഉപയോഗിച്ചിരുന്ന തന്ത്രവും ഇത് തന്നെയാണ്.

ഈ വിവാദ നീക്കത്തിന്റെ പ്രധാന ഗുണഭോക്താവ് ആരായിരിക്കും? തീർച്ചയായും വെസ്റ്റ് ബാങ്കിലെ വാസസ്ഥലങ്ങളിലുള്ളവരായിരിക്കുമത്. അവരുടെ അന്താരാഷ്ട്ര തലത്തിലുള്ള നിയമപരമായ പദവിയോ നിയമവിരുദ്ധമായ പദവിയോ കാരണം അവർക്ക് ഫണ്ടിലേക്ക് സംഭാവന ചെയ്യാൻ കഴിയില്ല, പക്ഷേ അവർക്ക് അതിൽ നിന്ന് പണം ലഭിക്കും. ബിൽ പാസായാൽ അവരതു ചെയ്യുകയും ചെയ്യും.

വിവ. മുജ്തബ മുഹമ്മദ്‌

???? കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE

Related Articles