Current Date

Search
Close this search box.
Search
Close this search box.

ഞങ്ങളെ ഉന്മൂലനം ചെയ്യാൻ ഇസ്രായേലിന് കഴിയില്ല

എപ്പോഴൊക്കെ അക്രമം ഉണ്ടാകുന്നുവോ, അപ്പോഴെല്ലാം നിഷ്പക്ഷതയുടെ കുപ്പായമണിഞ്ഞ തൂക്കമൊപ്പിക്കൽ നിരീക്ഷകൻമാരുടെ വായിൽ നിന്നും പുറത്തേക്ക് വമിക്കാറുള്ള കേട്ടുപഴകിയ “അക്രമ പമ്പര” പ്രയോഗങ്ങളും “സമാധാനത്തിലേക്ക് മടങ്ങാനുള്ള” ആഹ്വാനങ്ങളും കേൾക്കേണ്ടിവരുന്നത് ഞങ്ങൾ ജറൂസലേമുകാരെ സംബന്ധിച്ച് തികച്ചും അരോചകം തന്നെയാണെന്ന് തുറന്നുപറയാതിരിക്കാൻ നിർവാഹമില്ല. കഴിഞ്ഞ ഏതാനും ആഴ്ചകളിൽ, അവ വീണ്ടും ഞങ്ങൾക്ക് കേൾക്കേണ്ടി വന്നു.

ജറൂസലേം അക്രമാസക്തമായ അധിനിവേശത്തിന് കീഴിലുള്ള ഒരു നഗരമാണ് എന്ന വസ്തുതയെയും തദ്ദേശീയ ജനതയെ സാവധാനം അവിടെ നിന്നും പിഴുതെറിയാനുള്ള തങ്ങളുടെ ഉദ്ദേശം പരസ്യമായി പ്രഖ്യാപിച്ച ഇസ്രായേൽ എന്ന അധിനിവേശ രാഷ്ട്രത്തെയും വെള്ളപൂശുന്നു എന്നതാണ് അത്തരം തൂക്കമൊപ്പിക്കൽ പ്രസ്താവനകളുടെ പ്രശ്നം.

ഈ അർഥത്തിൽ, പുറത്തുനിന്നുള്ള നിരീക്ഷകർ തെരുവുകൾ “ശാന്തമാകേണ്ടതുണ്ട്” എന്ന് നിരീക്ഷിക്കുമ്പോഴും, അക്രമങ്ങൾ ജറൂസലേം നിവാസികളുടെ ജീവിതത്തിന്റെ ഒരു സ്ഥിരം സവിശേഷതയാണെന്ന് വരും. എന്നാൽ “ഇരുകൂട്ടരും” സമാധാനം പാലിക്കേണ്ട ഒരു വിഷയമല്ല ഇത്.

ഈ കഴിഞ്ഞ വർഷം ഫലസ്തീനിയൻ ജറൂസലേമുകാരെ സംബന്ധിച്ച് പ്രത്യേകിച്ചും അക്രമാസക്തമായിരുന്നു. ആത്യന്തികമായി നഗരത്തിന്റെ വംശീയമായ ഉന്മൂലനം ലക്ഷ്യംവെച്ചുകൊണ്ടുള്ള ഇസ്രായേൽ അധികൃതരുടെ നിരന്തരമായ ഉപദ്രവങ്ങൾ, അറസ്റ്റുകൾ, വീടു പൊളിച്ചുനീക്കൽ, നാടുകടത്തൽ എന്നിവയുടെ ഫലമായി കോവിഡ് 19 വലിയൊരു ആഘാതമായിരുന്നില്ല.

ഇസ്രായേലി അധിനിവേശകർക്കു നേരെയുള്ള ഫലസ്തീനികളുടെ രോഷാഗ്നി കണ്ട് ആരും അതിശയപ്പെടേണ്ടതില്ല. ഞങ്ങളുടെ അവകാശങ്ങൾക്കു മേലുള്ള അവരുടെ കടന്നുകയറ്റം അനന്തമാണ്, മാത്രമല്ല ഏതൊരു അക്രമത്തിന്റെയും നേരിട്ടുള്ള ഉത്തരവാദികൾ അവർ മാത്രമാണ്. വിശുദ്ധ റമദാൻ മാസത്തിന്റെ ആദ്യദിനങ്ങളിൽ ആരംഭിച്ച പുതിയ അക്രമസംഭവങ്ങളുടെ കാര്യവും ഇതുതന്നെയാണ്.

റദമാൻ ലോകത്തെമ്പാടുമുള്ള മുസ്ലിംകൾക്ക് സവിശേഷ സമയമാണ്. എന്നാൽ ജറൂസലേമിലെ റമദാൻ മാസ്മരികം തന്നെയാണ്. പ്രായലിംഗ വ്യത്യാസമില്ലാതെ എല്ലാവരും കുടുംബത്തോടും കൂട്ടുകാരോടുമൊപ്പം തെരുവുകളിൽ പരന്നൊഴുകും, സംഗീതനിശകളും, തെരുവുകലാകാരൻമാരും അവിടെ നിറയും. വർഷത്തിലെ മറ്റൊരു മാസത്തിലും ജറൂസലേമിലെ രാത്രികൾ സജീവമാവാറില്ല. ഫലസ്തീനിയൻ ജറൂസലേമുകാർക്കിടയിലെ ശക്തമായ ബന്ധം വിളിച്ചോതുന്ന സവിശേഷസന്ദർഭമാണത്. ഇസ്രായേലി അധികൃതരെ സംബന്ധിച്ച് ഫലസ്തീനികളെ ദ്രോഹിക്കാനും അവരുടെ ആഘോഷങ്ങളെ നശിപ്പിക്കാനുമുള്ള ഒരു സുവർണാവസരവും കൂടിയാണിത്. ഈ വർഷവും വ്യത്യസ്തമല്ല.

ഏപ്രിൽ 12ന്, റമദാൻ ആരംഭിക്കുന്നതിന് ഒരു ദിവസം മുമ്പ്, അബൂ ശുക്ക്രിയിൽ നിന്നും നോമ്പിന് മുമ്പുള്ള അവസാനത്തെ ഹുമ്മുസും ഫലാഫിലും കഴിക്കാൻ വേണ്ടി ദമസ്കസ് ഗേറ്റിന്റെ പടവുകൾ ഇറങ്ങി പുരാതന നഗരിയിലേക്ക് ഞാൻ നടന്നു. ഇസ്രായേൽ അധികൃതർ എന്തൊക്കെയോ പദ്ധതിയിടുന്നുണ്ട് എന്നതിന്റെ ആദ്യസൂചനകൾ ഞാൻ വഴിയിൽ ശ്രദ്ധിച്ചു. ദമസ്കസ് ഗേറ്റ് പ്ലാസക്ക് ചുറ്റുമുള്ള പടവുകളും ബെഞ്ചുകളും തുറസ്സുകളും ഇരുമ്പു ബാരിക്കേഡുകൾ കൊണ്ട് ബ്ലോക്ക് ചെയ്തിരുന്നു. കഴിഞ്ഞ വർഷങ്ങളിൽ ഉയർന്ന മൂന്ന് പോലിസ് ഗാരിസൺ കൂടിയാകുമ്പോൾ, ദമസ്കസ് ഗേറ്റ് ഒരു സൈനികത്താവളം പോലെ തോന്നിച്ചു.

റമദാനിൽ ആളുകൾ ഒത്തുകൂടുന്നിടത്ത് തടസ്സങ്ങൾ ഉയർത്തുന്നതിന് പിന്നിൽ ഫലസ്തീനികളെ അസ്വസ്ഥരാക്കുക എന്നതല്ലാതെ മറ്റൊരു കാരണവുമില്ല. വാക്സിനേഷന്റെ അഭാവം ചൂണ്ടികാട്ടി, ജറൂസലേമിലെ അൽഅഖ്സ പള്ളിയിൽ പ്രാർഥനക്ക് വരുന്നതിൽ നിന്നും വെസ്റ്റ് ബാങ്ക് ഫലസ്തീനികളെ തടയാനുള്ള തീരുമാനം ജറൂസലേമുകാരെ കൂടുതൽ രോഷാകുലരാക്കി.

പ്രതികരണം വളരെ പെട്ടെന്നായിരുന്നു: റമദാനിലെ ആദ്യദിവസം, ഏപ്രിൽ 13ന്, ഇസ്രായേലി അധിനിവേശകരുടെ തോന്നിവാസ നടപടികൾക്കെതിരെ പ്രതിഷേധിച്ചുകൊണ്ട് ദമസ്കസ് ഗേറ്റിൽ ഒരു വലിയ സംഘം യുവാക്കൾ ഒത്തുകൂടി. തുടർന്നുള്ള ദിവസങ്ങളിൽ, ഇസ്രായേലി പ്രകോപനങ്ങൾ കൂടുന്നതിനനുസരിച്ച് പ്രതിഷേധങ്ങളും ശക്തിപ്പെട്ടു. ഏപ്രിൽ 22ന്, “അറബികൾക്ക് മരണം!” എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ട് നൂറുകണക്കിന് ജൂത തീവ്രവാദികൾ പുരാതന നഗരിയിലേക്ക് ഇസ്രായേലി പോലീസിന്റെ സംരക്ഷണത്തിന് കീഴിൽ മാർച്ച് നടത്തി. ഫലസ്തീനിയൻ യുവത അവരുടെ ചെറുത്തുനിൽപ്പിൽ നിന്നും അണുവിട വ്യതിചലിച്ചില്ല.

റമദാനിന്റെ പതിമൂന്നാം ദിനം, ഏപ്രിൽ 25ന്, ബാരിക്കേഡുകൾ നിലംപതിച്ചു. അന്നു രാത്രി 9 മണിക്കു ശേഷമാണ് ഞാനെത്തിയത്, തറാവീഹ് നമസ്കാരത്തിനു ശേഷം ആളുകൾ ഒത്തുകൂടാൻ തുടങ്ങിയിരുന്നു. ദമസ്കസ് ഗേറ്റ് തിരിച്ചുപിടിക്കാൻ ദൃഢനിശ്ചയം ചെയ്ത് ഫലസ്തീനികളുടെ വലിയ കൂട്ടം മാർച്ച് ചെയ്തു. ഇസ്രായേലി പോലീസ് പിൻവാങ്ങുകയും, അവിടെ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ ഫലസ്തീൻ യുവത നീക്കംചെയ്യുകയും ചെയ്തു. മുദ്രാവാക്യം വിളിച്ചും, പാട്ടുപാടിയും, നൃത്തംചെയ്തും, ഇത് ഞങ്ങളുടെ ഭൂമിയാണെന്ന് ഞങ്ങൾ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു.

എന്നിരുന്നാലും, “വിജയം” കടുപ്പമേറിയതായിരുന്നു. ഏതാണ്ട് രണ്ടാഴ്ച്ചത്തോളം, ക്രൂരമായ അടിച്ചമർത്തലിനും, മർദ്ദനത്തിനും, ഗ്രനേഡ് ആക്രമണത്തിനും, മലിനജലപീരങ്കിയാക്രമണത്തിനും, തടവിനും ഫലസ്തീൻ യുവത ഇരയായി. വിദേശ മാധ്യമങ്ങൾ ഈ നാടകീയ ദൃശ്യങ്ങളിൽ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുകയും, ജറൂസലേമുകാർക്കെതിരെയുള്ള ഇസ്രായേലിന്റെ മറ്റു ക്രൂരകൃത്യങ്ങളെ പൂർണമായി അവഗണിക്കുകയും ചെയ്തു.

തങ്ങളുടെ പൊതുഇടങ്ങൾക്കു മേലുളള കയ്യേറ്റങ്ങളെ ഫലസ്തീൻ യുവത ചെറുത്തുനിൽക്കുമ്പോഴും, സ്വന്തം വീടുകളിൽ നിന്നുള്ള ക്രൂരമായ ആട്ടിപ്പുറത്താക്കൽ ജറൂസലേമുകാർക്ക് നേരിടേണ്ടി വരുന്നുണ്ട്.

ജറൂസലേമിലെ ശൈഖ് ജറാഹ് പ്രദേശത്ത്, 28 കുടുംബങ്ങളിലെ 500 ഫലസ്തീനികൾ തലമുറകളായി തങ്ങൾ താമസിച്ചു വരുന്ന വീടുകളിൽ നിന്നും ഇസ്രായേൽ അധികൃതരാൽ ആട്ടിയോടിക്കപ്പെടുമെന്ന അവസ്ഥയിലാണ്. ഫെബ്രുവരിയിൽ, 27 ആളുകൾ താമസിക്കുന്ന 6 ഫലസ്തീൻ വീടുകൾ ജൂതകുടിയേറ്റക്കാർക്ക് വിട്ടുനൽകണമെന്ന് ഇസ്രായേൽ കോടതി വിധിച്ചിരുന്നു. ഞെട്ടിക്കുന്നതും അസംബന്ധജഡിലവുമായ കോടതവിധി ഇസ്രായേലിന്റെ ക്രൂരമായ അധിനിവേശ വംശീയ ഉന്മൂലന നയങ്ങളുടെ ഒരു ഉദാഹരണമാണ്. ഇസ്രായേലി വംശീയവിവേചന കോടതികളിൽ ഫലസ്തീനികൾക്ക് നീതിയില്ല. കിഴക്കൻ ജറൂസലേമിലെ 200ലധികം കുടുംബങ്ങളാണ് എപ്പോൾ വേണമെങ്കിലും പുറത്താക്കപ്പെടാമെന്ന അവസ്ഥയിൽ സമാന കോടതിവിധി കാത്തുകഴിയുന്നത്.

ചെറുത്തുനിൽക്കാൻ പ്രതിജ്ഞയെടുത്തവരാണ് ഫലസ്തീൻ കുടുംബങ്ങൾ. ശൈഖ് ജറാഹ് നിവാസി മുനാ അൽകുർദ് തന്റെ വീട് പിടിച്ചെടുക്കാൻ വന്ന ഒരു ജൂതകുടിയേറ്റക്കാരനുമായി വാക്കേറ്റം നടത്തുന്ന വീഡിയോ കഴിഞ്ഞ ദിവസം ലോകശ്രദ്ധയാകർഷിച്ചിരുന്നു. പ്രസ്തുത വീഡിയോയിൽ ജൂതകുടിയേറ്റക്കാരൻ തന്റെ കനമുള്ള അമേരിക്കൻ ഇംഗ്ലീഷിൽ പറയുന്നത് കേൾക്കാം “If I don’t steal it, someone else will”. മുനാ അൽകുർദിന്റെ വീടിന്റെ പകുതിഭാഗവും 2009 മുതൽ ജൂതകുടിയേറ്റക്കാരുടെ കൈവശമാണ്.

കോവിഡ് 19 നാശം വിതക്കുമ്പോഴും, കഴിഞ്ഞ ഒരു വർഷമായി തുടരുന്ന മറ്റൊരു ക്രൂരമായ ഇസ്രായേലി സമ്പ്രദായമാണ് ഭവന ധ്വംസനം. 2020 മാർച്ച് മുതൽ കിഴക്കൻ ജറൂസലേമിൽ 163ലധികം വീടുകളും കെട്ടിടങ്ങളും പൊളിച്ചുമാറ്റപ്പെട്ടു, 167 കുട്ടികളടക്കം 359 ഫലസ്തീനികളാണ് അതോടുകൂടി വഴിയാധാരമാക്കപ്പെട്ടത്. ഫെബ്രുവരിയിൽ സിൽവാൻ പ്രദേശത്തെ അൽബുസ്താൻ ഏരിയയിലെ 70ഓളം ഫലസ്തീൻ വീടുകൾക്കെതിരെ തകർക്കൽ ഉത്തരവ് പുറപ്പെടുവിക്കാൻ ജറൂസലേം മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടിരുന്നു. അവിടെ പുരാവസ്തു പാർക്ക് നിർമിക്കാനാണ് ഇസ്രായേലി മുനിസിപാലിറ്റി പദ്ധതിയിടുന്നത്. അതു നടപ്പിലായാൽ, 1500ഓളം ഫലസ്തീനികളാണ് തെരുവിലേക്ക് എറിയപ്പെടുക. അൽവലജയിൽ, ഇസ്രായേലി ദേശീയ പാർക്ക് സ്ഥാപിക്കുന്നതിനു വേണ്ടി യാതൊരു മുന്നറിയിപ്പുമില്ലാതെ ഏഴ് പാർപ്പിട കെട്ടിടങ്ങളാണ് പൊളിച്ചുനീക്കിയത്.

ഇവയിൽ മാത്രം ഒതുങ്ങുന്നതല്ല ഇസ്രായേലി ഹിംസ. രാഷ്ട്രീയരംഗത്തേക്കു കൂടി നീണ്ടതാണ് അതിന്റെ കരാളഹസ്തങ്ങൾ. ജറൂസലേം ഫലസ്തീനികൾക്ക് യാതൊരുവിധ രാഷ്ട്രീയഅവകാശങ്ങളും ഇസ്രായേലി അധികൃതർ അനുവദിച്ചുകൊടുക്കുകയില്ല. രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ, രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിക്കുകയോ ചെയ്യുന്നവരെ അവർ നിരന്തരം വേട്ടയാടും. 4 ലക്ഷത്തോളം ഫലസ്തീനികൾ ജീവിക്കുന്ന കിഴക്കൻ ജറൂസലേമിലും ഫലസ്തീനിയൻ നിയമസഭാ തെരഞ്ഞെടുപ്പ് നടത്താൻ അനുവദിക്കില്ലെന്ന് ഇസ്രായേലി സർക്കാർ കഴിഞ്ഞ ദിവസങ്ങളിൽ സൂചനനൽകിയിട്ടുണ്ട്. ഫലസ്തീനിയൻ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഇസ്രായേലി പോലീസ് റെയ്ഡ് നടത്തുകയും, സ്ഥാനാർഥികളെ അറസ്റ്റ് ചെയ്യുന്നതും ഒരു നിരന്തര സംഭവമാണ്. തദ്ഫലമായി, മെയ് 22ന് നടത്താനിരുന്ന തെരഞ്ഞെടുപ്പ്, ഫലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ഔദ്യോഗികമായി മാറ്റിവെച്ചിരിക്കുകയാണ്. അതേസമയം, ജറൂസലേമിൽ ജീവിക്കുന്ന ഇസ്രായേലികൾക്ക് കഴിഞ്ഞ രണ്ടു വർഷത്തിൽ നാലു തവണ വോട്ടു ചെയ്യാൻ കഴിഞ്ഞു, ഞങ്ങളുടെ തെരുവുകളിൽ “അറബികൾക്ക് മരണം” എന്ന് ആക്രോശിച്ച ജൂത തീവ്രവാദികൾക്ക് തന്നെയാണ് അവരിൽ ഭൂരിഭാഗവും വോട്ടുരേഖപ്പെടുത്തുന്നത്.

ജറൂസലേം ഇപ്പോൾ വാർത്തകളിൽ നിന്ന് അപ്രത്യക്ഷമായിട്ടുണ്ടാകാം, പക്ഷേ അധിനിവേശകർ ഞങ്ങളെ വെറുതെവിടാൻ ഒരുക്കമല്ല. കോളോണിയൽ ഹിംസ തുടരുക തന്നെയാണ്. വ്യാഴാഴ്ച്ച, ശൈഖ് ജറാഹിലെ ഫലസ്തീൻ കുടുംബങ്ങളെ അവരുടെ വീടുകളിൽ നിന്ന് വലിച്ച് പുറത്തിടുകയും, ജൂത കുടിയേറ്റക്കാർ ഈ വീടുകളിൽ താമസം തുടങ്ങുകയും ചെയ്തു.

ലൈലത്തുൽ ഖദ്ർ പ്രതീക്ഷിക്കുന്ന രാത്രി വരാൻ പോവുകയാണ്, അൽഅഖ്സ മസ്ജിദ് ഏറ്റവും തിരക്കേറുന്ന റമദാനിലെ ഒരു രാത്രിയാണത്. അന്നു തന്നെയാണ് ഇസ്രായേലികളുടെ “ജറൂസലേം ദിനം” കൊണ്ടാടുന്നത്, അതായത് കിഴക്കൻ ജറൂസലേം ഇസ്രായേൽ കൈയ്യേറിയ ദിനാചരണം. അന്ന് ഞങ്ങളെ വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ അനുവദിക്കാതെ, ഇസ്രായേലി പോലീസിന്റെ സംരക്ഷത്തിനു കീഴിൽ, ഇസ്രായേൽ തെരുവുകളും അൽഅഖ്സ മസ്ജിദും കൈയ്യടക്കും. പക്ഷേ ഞങ്ങളൊരിക്കലും കൈയ്യും കെട്ടി നോക്കിയിരിക്കുകയില്ല.

ജറൂസലേമുകാരായ ഫലസ്തീനികളുടെ ജീവിതം ദുസ്സഹമാക്കാനും ദുരിതപൂർണമാക്കാനും ചെയ്യാൻ പറ്റുന്നതല്ലൊം ഇസ്രായേൽ ചെയ്യുന്നുണ്ട്. ഞങ്ങളെ ഭൂമിയിൽ നിന്നും തുടച്ചുനീക്കാൻ അവർ എന്തും ചെയ്യും. എന്നാൽ ഞങ്ങൾ അപ്രത്യക്ഷരാവുകയില്ല. എല്ലാ ദിവസവും ഞങ്ങൾ പോലീസ് അതിക്രമവും, അറസ്റ്റുകളും, ഭവന ധ്വംസനവും, പട്ടിണിയും, മനുഷ്യാവകാശ ലംഘനങ്ങളും അഭിമുഖീകരിക്കുന്നു. അധിനിവേശകരുടെ അതിക്രമങ്ങൾ ഞങ്ങളുടെ ജീവിതത്തിന്റെ ഒരു സ്ഥിരം സവിശേഷതയാണ്.

എന്നാൽ, ഞങ്ങളെ ഉൻമൂലനം ചെയ്യാനുള്ള അശ്രാന്ത പരിശ്രമത്തിന്റെ ഭാഗമായി ഇസ്രായേൽ എന്തുതന്നെ ചെയ്താലും, പോരാട്ടം തുടരാൻ തന്നെയാണ് ഞങ്ങളുടെ തീരുമാനം.

ജറൂസലേം നിവാസിയാണ് ലേഖകൻ. സ്കോട്ട്ലാണ്ടിലെ ഡണ്ടി സർവകലാശാലയിൽ നിന്നും ഇന്റർനാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക്സിൽ ബിരുദാനന്തരബിരുദം.

മൊഴിമാറ്റം: അബൂ ഈസ

Related Articles