Current Date

Search
Close this search box.
Search
Close this search box.

സയണിസ്റ്റുകളും ഉൻമൂലന യുക്തിയും

ഓട്ടോമൻ സാമ്രാജ്യത്തിന്റെ പതനം, സയണിസ്റ്റ് പ്രസ്ഥാനത്തിന്റെ പിറവി, ഫലസ്തീൻ ബ്രിട്ടീഷ് മാൻഡേറ്റായി പ്രഖ്യാപിക്കൽ തുടങ്ങിയവയെല്ലാം ഫലസ്തീൻ പ്രശ്നത്തിന് കാരണമായി ഭവിച്ചു. 1922ൽ ഒരു ഔദ്യോഗിക മാൻഡേറ്റായി ഫലസ്തീൻ പ്രഖ്യാപിക്കപ്പെടുന്നതിനും മുമ്പു തന്നെ, ബ്രിട്ടീഷ് നയങ്ങളും സയണിസ്റ്റ് കോളനിസ്റ്റുകളോടുള്ള അവരുടെ അനുകൂല സമീപനങ്ങളും ഒരു സംഘർഷാത്മക രാഷ്ട്രീയ കാലാവസ്ഥ സൃഷ്ടിക്കാൻ സഹായിച്ചിരുന്നു.

ബ്രിട്ടീഷ് മാൻഡേറ്റിന് മുമ്പ് തന്നെ ഫലസ്തീനിൽ സയണിസ്റ്റ് കുടിയേറ്റ കോളനികൾ ഉണ്ടായിരുന്നെങ്കിലും, പുതുതായി കൈവന്ന ബ്രിട്ടീഷ് സ്പോൺസർഷിപ്പ്, തങ്ങളുടെ കോളനിവത്കരണ ഉദ്യമങ്ങൾ വർധിതവീര്യത്തോടെ നടപ്പാക്കാൻ സയണിസ്റ്റ് പ്രസ്ഥാനത്തെ സഹായിച്ചു. അങ്ങനെ ഫലസ്തീനിനുള്ളിലെ ഒരു സയണിസ്റ്റ് രാഷ്ട്ര-മാതൃകയായി യിഷുവ് മാറി. ജൂതജനവിഭാഗത്തിനു വേണ്ടി മാത്രമായി ഒരു രാഷ്ട്രം സ്ഥാപിക്കണമെങ്കിൽ, ഫലസ്തീൻ ഭൂമിയിൽ അവിടുത്തെ തദ്ദേശീയജനത ജീവിക്കുന്നുണ്ട് എന്ന വസ്തുതയെ യിഷുവിന് കൈകാര്യം ചെയ്യേണ്ടതുണ്ടായിരുന്നു. ഇവിടെയാണ് കുടിയേറ്റക്കാരുടെ “ഉൻമൂലന യുക്തി” (logic of elimination) രംഗപ്രവേശനം ചെയ്യുന്നത്. പാട്രിക്ക് വോൾഫ് എന്ന നരവംശശാസ്ത്ര പണ്ഡിതനാണ് പ്രസ്തുത സംജ്ഞയുടെ ഉപജ്ഞാതാവ്. അതായത്, തദ്ദേശീയ ജനവിഭാഗങ്ങളെ നീക്കംചെയ്യാൻ കുടിയേറ്റക്കാരെ സംബന്ധിച്ച് ധാർമിക ന്യായീകരണങ്ങൾ മാത്രം വികസിപ്പിച്ചാൽ മതിയാകില്ല, മറിച്ച് പ്രായോഗിക മാർഗങ്ങൾ കൂടി കുടിയേറ്റക്കാർക്ക് ആവശ്യമാണ്. വംശീയ ഉൻമൂലനം, വംശഹത്യ, മറ്റു നിഷ്ഠൂര മാർഗങ്ങൾ എന്നിവ അതിനു വേണ്ടി അവലംബിക്കേണ്ടി വരും.
സയണിസ്റ്റ് വാദങ്ങളുമായി നിങ്ങൾക്ക് സുപരിചിതത്വം ഉണ്ടെങ്കിൽ, പ്രസ്തുത ഉൻമൂലന യുക്തിയുടെ പ്രവർത്തനരീതി കാണുവാൻ കഴിയും. “ഭൂമിയില്ലാത്ത ജനതക്ക് ജനതയില്ലാത്ത ഭൂമി”, “ഫലസ്തീൻ എന്നൊരു സംഗതിയേ ഇല്ല”, “മരുഭൂമിയിൽ പൊന്നുവിളയിച്ചത് ഇസ്രായേൽ” തുടങ്ങി അനേകം സയണിസ്റ്റ് ഉദ്ദരണികളിൽ ഉൻമൂലന യുക്തി തെളിഞ്ഞുകാണാം. ഫലസ്തീനികളെ ഒരു ജനതയാണെന്ന് കുടിയേറ്റക്കാർ ഒരിക്കലും സമ്മതിക്കില്ല, മറിച്ച് ഫലസ്തീനികളെ പരസ്പരബന്ധമില്ലാതെ ചിതറിക്കിടക്കുന്നവരും എവിടെയും വേരുകളില്ലാത്ത നാടോടികളുമായാണ് അവർ കണക്കാക്കുന്നത്. ഇത്തരം വാദങ്ങൾ തദ്ദേശീയ ജനതയെ ആട്ടിയോടിക്കുന്നതിന് വളരെ എളുപ്പം സാധുത നൽകും.

ചരിത്രപരമായി, യുദ്ധങ്ങൾ, ക്ഷാമം എന്നിവയിൽ നിന്ന് രക്ഷപ്പെട്ടോടി വരുന്ന ഒരുപാട് ജനതികൾക്ക് എല്ലായ്പ്പോഴും ഒരു അഭയകേന്ദ്രമായിരുന്നു ഫലസ്തീൻ. അർമേനിയൻ, ബോസ്നിയൻ, ഇന്ത്യൻ തുടങ്ങി വൈവിധ്യമാർന്ന വംശങ്ങളിൽ പെട്ട ഫലസ്തീനികളുടെ ആവാസ കേന്ദ്രമാണ് ഫലസ്തീൻ. വ്യത്യസ്ത കാരണങ്ങൾ കൊണ്ടാണ് അവരെല്ലാം ഫലസ്തീനിലേക്ക് വന്നത്, ഇന്നും അവർ ഈ സമൂഹത്തിന്റെ അവിഭാജ്യഘടകമാണ്. സയണിസ്റ്റുകൾ ഫലസ്തീനിലേക്ക് വരുന്നതിൽ യാതൊരു പ്രശ്നവുമില്ല, എന്നാൽ, തുടക്ക മുതൽ, സഹവർത്തിത്വത്തിൽ സയണിസ്റ്റ് പ്രസ്ഥാനത്തിന് താൽപര്യമുണ്ടായിരുന്നില്ല. പ്രഥമ സയണിസ്റ്റ് കുടിയേറ്റക്കാരെ തദ്ദേശീയ ഫലസ്തീൻ ജനത സ്വാഗതം ചെയ്തതിന് – സയണിസ്റ്റുകൾ തന്നെ രേഖപ്പെടുത്തിയ- മതിയാവോളം തെളിവുകളുണ്ട്. അവർ തോളോടുതോൾ ചേർന്ന് പണിയെടുത്തു, ഫലസ്തീനികളെ തരംതാണവരും അപരിഷ്കൃതരുമായാണ് സയണിസ്റ്റുകൾ നോക്കിക്കണ്ടതെങ്കിലും ആ ഭൂമിയിൽ എവ്വിധമാണ് പണിയെടുക്കേണ്ടത് എന്ന് പോലും ഫലസ്തീനികൾ അവർക്ക് പഠിപ്പിച്ചു കൊടുത്തു. ഈ കുടിയേറ്റക്കാർ ഫലസ്തീനിലേക്ക് വന്നത് ഒരുമിച്ച് തുല്യരായി ജീവിക്കാനല്ലെന്നും, മറിച്ച് ജ്യൂയിഷ് നാഷണൽ ഫണ്ട് ചെയർമാൻ മെനാഷിം ഉസിഷ്കിൻ പറഞ്ഞതുപോലെ ഭൂജന്മികളാവാൻ വേണ്ടിയാണെന്നുമുള്ള യാഥാർഥ്യം വ്യക്തമായതിനു ശേഷം മാത്രമാണ് സയണിസം ഒരു ഭീഷണിയായി ഫലസ്തീനികൾ മനസ്സിലാക്കി തുടങ്ങിയത്. ഉദാഹരണത്തിന്, ഫലസ്തീനികളുമായി ഒരുമിച്ച് ജോലിചെയ്യുന്നതിൽ നിന്നും അവരെ ജോലിക്ക് വെക്കുന്നതിൽ നിന്നും സയണിസ്റ്റ് നേതൃത്വം ജൂതകുടിയേറ്റക്കാരെ വിലക്കി, ഫലസ്തീൻ തൊഴിലാളികളെ “രോഗം” എന്ന് വിശേഷിപ്പിച്ച സയണിസ്റ്റ് നേതൃത്വം, ജൂതേതര അംഗങ്ങളെ വിലക്കിക്കൊണ്ടുള്ള ഒരു തൊഴിലാളി സംഘടനക്ക് രൂപംനൽകി.

തദ്ഫലമായി, എല്ലാ കൊളോണിയൽ സാഹചര്യങ്ങളിലെയും പോലെ, തദ്ദേശവാസികളുടെ ചെറുത്ത്നിൽപ്പും ഉണ്ടായി. ഈ ചെറുത്തുനിൽപ്പുകളിൽ ചിലത് ബ്രിട്ടീഷുകാരെ ലക്ഷ്യംവെച്ചപ്പോൾ മറ്റുചിലത് സയണിസ്റ്റ് കുടിയേറ്റക്കാരെ ലക്ഷ്യംവെച്ചു. 1936ലെ പ്രക്ഷോഭം ഇതിന്റെ ഒരു പ്രധാന ഉദാഹരണമാണ്.

കൊളോണിയൽ പ്രഭുക്കൾ എന്ന നിലയിൽ ബ്രിട്ടീഷുകാർ അസാധാരണമാം വിധം രേഖകൾ സൂക്ഷിച്ചിരുന്നു. പ്രയോഗസിദ്ധമായ തെളിവുകളുടെ പിൻബലത്തോടെ, ഫലസ്തീനിലുടനീളം ഉയർന്നുവരുന്ന സംഘർഷങ്ങൾ നിരീക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി അവർ ഒന്നിനു പുറകെ ഒന്നായി റിപ്പോർട്ടുകൾ സമാഹരിച്ചു കൊണ്ടിരുന്നു. ഫലസ്തീനിലെ ബ്രിട്ടീഷ് സൈനിക ഭരണത്തിനും ബാൾഫർ പ്രഖ്യാപനത്തിനും ശേഷമാണ് ഫലസ്തീനികളും സയണിസ്റ്റ് കുടിയേറ്റക്കാരും തമ്മിലുള്ള അവിശ്വാസം രൂക്ഷമായതെന്ന് പ്രസ്തുത റിപ്പോർട്ടുകൾ ചൂണ്ടികാട്ടി. ഉദാഹരണത്തിന്, ഫലസ്തീനികളുടെ നടപടികൾ സെമിറ്റിക്ക് വിരുദ്ധതയിൽ നിന്നാണ് ഉണ്ടാവുന്നത് എന്ന സയണിസ്റ്റ് ആരോപണങ്ങൾ നിലനിൽക്കുമ്പോഴും, ഫലസ്തീനികളെ ദ്രോഹിക്കുന്ന സയണിസ്റ്റ് കുടിയേറ്റക്കാരെ അനുകൂലിക്കുന്ന ബ്രിട്ടീഷ് സൈനിക ഭരണകൂടത്തിന്റെ നടപടികളാണ് ഫലസ്തീനികളുടെ രോഷത്തിന് കാരണം എന്നായിരുന്നു ഹെയ്ക്രാഫ്റ്റ് റിപ്പോർട്ടിന്റെ നിഗമനം. ഇതിന് ഒരു നൂറ്റാണ്ടോളം മുമ്പ് അത്തരം സംഘർഷങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് ഷാ റിപ്പോർട്ടിൽ പറയുന്നു.

മാൻഡേറ്റ് അവസാനിക്കുമ്പോഴേക്കും, സാധ്യമായത്ര ഭൂമി വാങ്ങിക്കൂട്ടാനും യൂറോപ്യൻ സയണിസ്റ്റ് കുടിയേറ്റക്കാരുടെ എണ്ണം വർധിപ്പിക്കാനും സയണിസ്റ്റുകൾ കൊണ്ടുപിടിച്ച് ശ്രമങ്ങൾ നടത്തിയിട്ടും, മാൻഡേറ്റ് ഫലസ്തീനിലെ 5-6 ശതമാനം ഭൂമിക്കു മേൽ മാത്രം അധികാരം സ്ഥാപിക്കാനും, മൊത്തം ജനസംഖ്യയുടെ മൂന്നിലൊന്നായി മാറാനും മാത്രമേ അവർക്ക് കഴിഞ്ഞുള്ളു. ഈ സയണിസ്റ്റ് ജനസംഖ്യയാണെങ്കിൽ അടുത്ത് അവിടെ വന്നിറങ്ങിയവരും, ഫലസ്തീനിലെ ഒരു പ്രദേശത്തും വ്യക്തമായ ഭൂരിപക്ഷമാവാൻ തക്കവിധം ആൾബലം ഇല്ലാത്തവരുമായിരുന്നു. ഈ ജനസംഖ്യാവിതരണം ഫലസ്തീനിൽ ഒരു സവിശേഷ സയണിസ്റ്റ് രാഷ്ട്രം സ്ഥാപിക്കുന്നത് അസാധ്യമാക്കിതീർക്കും.
ഈ സാഹചര്യത്തിലാണ് ഫലസ്തീനിനെ അറബ്-ഫലസ്തീൻ, സയണിസ്റ്റ്-ജൂത രാഷ്ട്രങ്ങളായി വിഭജിക്കാനുള്ള ആഹ്വാനങ്ങൾക്ക് ചില വൃത്തങ്ങളിൽ നിന്ന് പിന്തുണ ലഭിച്ചു തുടങ്ങിയത്. (തുടരും)

Related Articles