Current Date

Search
Close this search box.
Search
Close this search box.

ഞങ്ങൾ തിരിച്ചുവരിക തന്നെ ചെയ്യും

നക്ബയുടെയും നക്സയുടെയും സമയത്ത് സ്വന്തം ജന്മഗേഹങ്ങളിൽ നിന്നും സയണിസ്റ്റ് ഭീകരരാൽ ആട്ടിപ്പുറത്താക്കപ്പെട്ട ഫലസ്തീനികളും അവരുടെ പിൻഗാമികളും ചേർന്നതാണ് ഇന്ന് ലോകത്താകമാനമുള്ള ഫലസ്തീൻ സമൂഹം. ഇവരിൽ ഭൂരിഭാഗവും ജോർദാൻ, ലബനാൻ, സിറിയ, ഫലസ്തീൻ എന്നിവിടങ്ങളിലെ അഭയാർഥി ക്യാമ്പുകളിലാണ് കഴിയുന്നത്, തങ്ങളുടെ വീടുകളുടെ യഥാർഥ രേഖകളും താക്കോലുകളും അവരുടെ കൈവശം ഇപ്പോഴുമുണ്ടെങ്കിലും, അവ ഇപ്പോൾ ഇസ്രായേലി ഭരണകൂടം കൈയ്യേറിയിരിക്കുന്നതിനാൽ, അവർക്ക് സ്വന്തം വീടുകളിലേക്ക് മടങ്ങാനുള്ള അവകാശം നിഷേധിക്കപ്പെടുന്നത് തുടരുകയാണ്. കഠിനമായ ജീവിതസാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന അവർ, സ്വന്തം വീടുകളിലേക്ക് ഒരു ദിവസം മടങ്ങാൻ കഴിയുമെന്ന പ്രതീക്ഷയോടെയാണ് ഓരോ ദിവസവും തള്ളിനീക്കുന്നത്.

തിരിച്ചുവരാനുള്ള അവരുടെ അവകാശത്തെ നിഷേധിക്കുക മാത്രമല്ല ഇസ്രായേൽ ചെയ്യുന്നത്, ഫലസ്തീൻ അഭയാർഥികൾ എന്ന ആശയത്തിനെതിരെയും ഇസ്രായേൽ യുദ്ധത്തിലാണ്, കൂടാതെ അഭയാർഥികളുടെ പിൻഗാമികളെ എന്നെന്നേക്കുമായി ലോകമനസ്സിൽ നിന്ന് തുടച്ചുനീക്കാൻ ഫലസ്തീൻ അഭയാർഥി എന്ന പദത്തെ പുനർനിർവചിക്കണമെന്ന വാദവും ഇസ്രായേൽ ഉയർത്തുന്നുണ്ട്. ഇത് ലോകത്താകമാനമുള്ള അഭയാർഥി ജനവിഭാഗത്തെ പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ്.

ഫലസ്തീൻ അഭയാർഥികളുടെ തിരിച്ചുവരവാണ് ഫലസ്തീൻ വിഷയത്തിന്റെ കാതൽ, അവരെ ആട്ടിയോടിച്ചു കൊണ്ടാണ് ഫലസ്തീനിൽ ഇസ്രായേൽ എന്ന വംശീയ ഭീകര രാഷ്ട്രത്തിന് അടിത്തറപാകിയത്. അതുകൊണ്ടു തന്നെ, ഓസ്ലോ ഉടമ്പടി ചെയ്തതു പോലെ, ഈ വസ്തുത അവഗണിച്ചു കൊണ്ടുള്ള ഏതൊരു നിർദ്ദിഷ്ട പരിഹാരവും പരാജയപ്പെടുക തന്നെ ചെയ്യും. സയണിസ്റ്റ് കുടിയേറ്റ കോളനിവത്കരണം, ഫലസ്തീൻ വംശഹത്യ എന്ന മൂലകാരണത്തെ അഭിസംബോധന ചെയ്യുന്നതിനു പകരം ലക്ഷണങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിലാണ് പരിഹാര സമീപനങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 1967ലെ അതിർത്തികളിൽ നിന്ന് ഫലസ്തീൻ പ്രശ്നത്തെ കുറിച്ച് സംസാരിക്കാൻ തുടങ്ങുന്നതിൽ തന്നെ ഇതു വ്യക്തമായി കാണാം. തങ്ങൾ ആട്ടിപ്പുറത്താക്കപ്പെട്ട, വംശീയമായി ഉൻമൂലനം ചെയ്യപ്പെട്ട 80 ശതമാനത്തിലധികം വരുന്ന ഭൂമിയിൽ തിരിച്ചുപോയി ജീവിക്കാനുള്ള അവകാശവും പ്രതീക്ഷയും ഉപേക്ഷിക്കാനാണ് പ്രസ്തുത പരിഹാര നിർദ്ദേശങ്ങൾ ഫലസ്തീനികളോട് നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്നത്.

മുഖ്യധാര മാധ്യമങ്ങളിൽ നാം വളരെയധികം കേൾക്കുന്ന ജനാധിപത്യ, പുരോഗമന ഇസ്രായേൽ എന്നൊന്ന് യഥാർഥത്തിൽ ഇല്ല. കഴിയുന്നത്ര ഫലസ്തീനികളുടെ എണ്ണം കുറച്ച്, കഴിയുന്നത്ര അവരുടെ ഭൂമി പിടിച്ചെടുക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രവർത്തിച്ച ഒരു വംശീയ ഭീകര വ്യവസ്ഥയാണ് തുടക്കം മുതൽ തന്നെ ഇസ്രായേൽ.

അപകോളനിവത്കരണം ലക്ഷ്യമിടുന്ന ഒരു വിമോചന പ്രസ്ഥാനമായിരുന്നു സയണിസം എന്ന വാദമാണ് സയണിസ്റ്റുകളുടെ പുതിയ തന്ത്രം, എന്നാൽ സയണിസ്റ്റ് സ്ഥാപക നേതാക്കളുടെ രചനകൾ തന്നെ പ്രസ്തുത വാദത്തെ ഖണ്ഡിക്കുന്നുണ്ട്.

Related Articles