Current Date

Search
Close this search box.
Search
Close this search box.

അലോൺ കോളനിവത്കരണ പദ്ധതി

ഗ്രീൻ ലൈനിനുള്ളിലെ ഫലസ്തീനികൾക്കു മേൽ കൊളോണിയൽ നിയന്ത്രണ സംവിധാനങ്ങൾ പതിറ്റാണ്ടുകളോളം പരിപൂർണമായി നടപ്പിലാക്കിയതിനു ശേഷം, വെസ്റ്റ്ബാങ്കിലെയും ഗസ്സയിലെയും ഫലസ്തീനികൾക്കു മേലും ഫലപ്രദമായ സൈനിക ഭരണ സംവിധാനം ഏർപ്പെടുത്താൻ ഇസ്രായേൽ സജ്ജരായിരുന്നു. 1966ൽ ഗ്രീൻലൈനിനുള്ളിലെ ഫലസ്തീൻ ഗ്രാമങ്ങൾക്കായുള്ള സൈനികനിയമങ്ങൾ ഇസ്രായേൽ അവസാനിപ്പിച്ചത്, 1967ലെ യുദ്ധവിജയത്തിനു ശേഷം വെസ്റ്റ്ബാങ്കിലും ഗസ്സ മുനമ്പിലും അവ വീണ്ടും അടിച്ചേൽപ്പിക്കാൻ വേണ്ടി മാത്രമായിരുന്നു.

കിഴക്കൻ ജറൂസലേം അടക്കം വെസ്റ്റ്ബാങ്കിലെയും ഗസ്സ മുനമ്പിലെയും സൈനിക അധിനിവേശം ഇന്നും നിലനിൽക്കുന്ന ഒന്നാണ്. ഫലസ്തീൻ മാൻഡേറ്റിന്റെ ഭാഗമായിരുന്ന ബാക്കി പ്രദേശങ്ങൾ കൂടി കോളനിവത്കരിക്കുക എന്ന ലക്ഷ്യം നേടുന്നതിനായി ഈ പുതിയ സ്ഥിതിഗതികൾ ഇസ്രായേലിന് സഹായകരമായി വർത്തിച്ചു. ഈ സാഹചര്യത്തിലാണ് അലോൺ പദ്ധതി ആവിഷ്കരിക്കപ്പെടുന്നത്. ഉപജ്ഞാതാവായ യിഗൽ അലോണിന്റെ പേരിലുള്ള ഈ പദ്ധതി, സൈനിക സംവിധാനങ്ങൾ, കുടിയേറ്റ കേന്ദ്രങ്ങളുടെ നിർമാണം തുടങ്ങിയ വിവിധ രീതികളിലൂടെ വെസ്റ്റ്ബാങ്കിന്റെ വിശാലമായ പ്രദേശങ്ങളുടെ നിയന്ത്രണം ഇസ്രായേൽ എന്നെന്നേക്കുമായി പിടിച്ചെടുക്കുന്നത് വിഭാവന ചെയ്തു. അങ്ങനെ വലിയ ഫലസ്തീൻ ജനസംഖ്യാകേന്ദ്രങ്ങൾക്ക് ഒന്നുകിൽ നാമമാത്രമായ സ്വയംഭരണാധികാരം നൽകും അല്ലെങ്കിൽ അവയുടെ നിയന്ത്രണം ജോർദാനിയൻ രാജവാഴ്ചയിലേക്ക് കൈമാറ്റം ചെയ്യപ്പെടും.

ഈ പദ്ധതി പ്രകാരമാണ് വെസ്റ്റ്ബാങ്ക്, ഗസ്സ എന്നിവിടങ്ങളിലെ കൊളോണിയൽ സെറ്റിൽമെന്റ് സംരഭങ്ങൾ പിറവിയെടുത്തത്. ഗ്രീൻ ലൈനിന് പുറത്തുള്ള ഇസ്രായേലി അധിനിവേശത്തിന് കീഴിലുള്ള ഭൂമിയിൽ നിർമിച്ച കോളനികളാണ് സെറ്റിൽമെന്റുകൾ (കുടിയേറ്റ കേന്ദ്രങ്ങൾ), ഇസ്രായേലി ജൂതൻമാർക്ക് മാത്രമേ അവയിൽ പ്രവേശനമുള്ളു. തുടക്കത്തിൽ, സീനായും ഗോലാൻ കുന്നുകളും അടക്കം, 1967ലെ യുദ്ധത്തിലൂടെ പിടിച്ചെടുത്ത എല്ലാ പ്രദേശങ്ങളിലും ഇസ്രായേൽ കുടിയേറ്റ കേന്ദ്രങ്ങൾ നിർമിച്ചു. ഗസ്സയിലെയും സീനായിലെയും കുടിയേറ്റ കേന്ദ്രങ്ങൾ കാലക്രമേണ പൊളിച്ചുമാറ്റി, ഇതിനെ കുറിച്ച് വരും ലേഖനങ്ങളിൽ ചർച്ച ചെയ്യുന്നുണ്ട്. എന്നാൽ വെസ്റ്റ്ബാങ്കിലും ഗോലാൻ കുന്നുകളിലും അത് കൂടുതൽ വ്യാപിച്ചു. 200ഓളം കുടിയേറ്റ കേന്ദ്രങ്ങളും ഔട്ട്പോസ്റ്റുകളും ഈ പ്രദേശങ്ങളിൽ സ്ഥാപിക്കപ്പെട്ടു. ഫലസ്തീനികളിൽ നിന്നും കവർന്നെടുത്ത ഭൂമിയിൽ സ്ഥാപിച്ച ഈ കുടിയേറ്റ കേന്ദ്രങ്ങളിൽ 600,000 ജൂത കുടിയേറ്റക്കാർ വസിക്കുന്നുണ്ട്. അന്താരാഷ്ട്ര നിയമമനുസരിച്ച് ഈ സെന്റിൽമെന്റുകൾ തികച്ചും നിയമവിരുദ്ധമാണ്, അവയുടെ നിലനിൽപ്പ് ജനീവ കൺവെൻഷനുകളുടെയും മറ്റ് അന്താരാഷ്ട്ര നിയമങ്ങളുടെയും കടുത്ത ലംഘനമാണ്.

വെസ്റ്റ്ബാങ്കിലുടനീളമുള്ള ഈ കുടിയേറ്റ കേന്ദ്രങ്ങളുടെ വിതരണം നിങ്ങൾ പരിശോധിക്കുകയാണെങ്കിൽ, അവയുടെ സ്ഥാനങ്ങളും അലോൺ പദ്ധതി പ്രകാരം എന്നെന്നേക്കുമായി പിടിച്ചെടുക്കാൻ പറഞ്ഞിരിക്കുന്ന പ്രദേശങ്ങളും തമ്മിൽ സാമ്യമുണ്ടെന്ന് മനസ്സിലാവും. നിലത്തെ വസ്തുതകളിൽ കഴിയാവുന്നത്ര മാറ്റങ്ങൾ വരുത്താനും അങ്ങനെ ഈ പ്രദേശങ്ങൾ കവർന്നെടുക്കാനും സാധ്യമാക്കുന്ന തരത്തിലാണ് ഇതിന്റെ രൂപകൽപ്പനയും 60കൾ മുതലുള്ള ഇസ്രായേലിന്റെ നയങ്ങളും. വിവിധരൂപത്തിലുള്ള ഏറ്റെടുക്കലുകളിലൂടെയും ഭൂമി കണ്ടുകെട്ടലുകളിലൂടെയും ഈ കോളനിവത്കരണ നീക്കങ്ങൾ ഇന്നും നിലനിൽക്കുന്നുണ്ട്, സമാധാന ചർച്ചകൾ നടക്കുന്ന സമയങ്ങളിൽ പോലും അതിന് മുടക്കം വന്നിട്ടില്ല. വാസ്തവത്തിൽ, ചർച്ചാ സമയങ്ങളിലാണ് അത് കൂടുതൽ നടന്നിട്ടുള്ളത്, കാരണം ഒരു രാഷ്ട്രം സ്ഥാപിക്കാൻ ഫലസ്തീനികൾ അതിയായി ആഗ്രഹിക്കുന്നതിനാൽ ചർച്ചകളെ അപകടത്തിലാക്കുന്ന ഒന്നും അവർ ചെയ്യില്ലെന്ന് ഇസ്രായേലികൾക്ക് നന്നായി അറിയാമായിരുന്നു. കുടിയേറ്റ കേന്ദ്രങ്ങൾക്കു പുറമെ, മിലിറ്ററി ഫയറിംഗ് റേഞ്ചുകൾ, സംരക്ഷിത വനങ്ങൾ, ഫലസ്തീനികൾക്ക് പ്രവേശനം നിഷേധിക്കുന്ന നിയമങ്ങൾ എന്നിവയാൽ വെസ്റ്റ്ബാങ്ക് വിഭജിക്കപ്പെട്ടു. വെസ്റ്റ്ബാങ്ക് ദ്വീപ് സമൂഹം എന്ന് തമാശയായി പറയുംവിധം അത്രമേൽ കഠിനമായിരുന്നു ഈ വിഭജനം, ഫലസ്തീനികൾ താമസിക്കുന്ന ചെറുപ്രദേശങ്ങൾ ഇസ്രായേലി നിയന്ത്രണ സോണുകളാൽ ചുറ്റപ്പെട്ടു. (തുടരും)

Related Articles