Current Date

Search
Close this search box.
Search
Close this search box.

1973ലെ യുദ്ധവും ക്യാമ്പ് ഡേവിഡ് ഉടമ്പടിയും

ഗമാൻ അബ്ദുൽ നാസർ അന്തരിച്ചെങ്കിലും, 1967ലെ യുദ്ധത്തിൽ നഷ്ടപ്പെട്ട പ്രദേശങ്ങൾ തിരിച്ചുപിടിക്കാൻ തന്നെ ഈജിപ്ത് ദൃഢനിശ്ചയം ചെയ്തു. ഗോലാൻ കുന്നുകൾ നഷ്ടപ്പെട്ട സിറിയയുടെ സഹായത്തോടെ, ഇസ്രായേൽ അധിനിവേശം നടത്തിയ അവരുടെ പ്രദേശങ്ങളുടെ നിയന്ത്രണം തിരിച്ചുപിടിക്കാൻ അവർ ഒരു പദ്ധതി തയ്യാറാക്കി. ഇത് 1973ലെ യുദ്ധത്തിൽ കലാശിക്കുകയും മേഖലയിൽ മാറ്റങ്ങൾക്ക് കാരണമാവുകയും ചെയ്തു.

യുദ്ധത്തിന്റെ ആദ്യ മണിക്കൂറുകളിൽ, അൻവർ സാദത്തിന്റെ നേതൃത്വത്തിലുള്ള ഈജിപ്ഷ്യൻ സൈന്യത്തിന് സൂയസ് കനാൽ മുറിച്ചു കടക്കാനും, ഈജിപ്ഷ്യൻ ആക്രമണം തടയാൻ ഇസ്രായേൽ നിർമിച്ച ബർ ലേവ് ലൈൻ മറികടക്കാനും സാധിച്ചു. വടക്കു ഭാഗത്ത്, ഇസ്രായേൽ അധിനിവിഷ്ട ഗോലാൻ കുന്നുകളിലേക്ക് മുന്നേറാൻ സിറിയൻ സൈന്യത്തിന് കഴിഞ്ഞു. എന്നാൽ അമേരിക്കയുടെ സഹായത്തോടെ ഇസ്രായേൽ തങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്തിയതോടെ കാര്യങ്ങൾ നേരെ തിരിച്ചായി. അറബ് സൈന്യത്തിന് തിരിച്ചടി നേരിട്ടെങ്കിലും, എല്ലായ്പ്പോഴും യുദ്ധവിജയം നേടാൻ കഴിയില്ലെന്ന മുന്നറിയിപ്പ് ഇസ്രായേലിന് നൽകാൻ ഈ യുദ്ധം കൊണ്ട് സാധിച്ചു.

ഇത് ഈജിപ്തുമായുള്ള ഇസ്രായേലിന്റെ ക്യാമ്പ് ഡേവിഡ് ഉടമ്പടിക്ക് അടിത്തറ പാകി. സമാധാനം, സാധാരണത്വം, ഇസ്രായേലിനെ അംഗീകരിക്കൽ എന്നിവയ്ക്കു പകരമായി സീനായ് ഈജിപ്തിന് (ചില നിബന്ധനകളോടെ) തിരിച്ചുനൽകുന്നതായിരുന്നു പ്രസ്തുത ഉടമ്പടി. കൂടാതെ, സീനായിലെ ഇസ്രായേൽ കോളനികൾ പൊളിച്ചുമാറ്റപ്പെട്ടു. ഇസ്രായേലിനെ ഔദ്യോഗികമായി അംഗീകരിക്കുന്ന ആദ്യത്തെ അറബ് രാഷ്ട്രമാണ് ഈജിപ്ത്, ഇതിലൂടെ അമേരിക്കയുമായും പാശ്ചാത്യ ശക്തികളുമായുമായുള്ള ബന്ധം നവീകരിക്കാൻ ഈജിപ്തിന് സാധിച്ചു. ഫലസ്തീൻ ജനതയുടെ അവകാശങ്ങൾ അംഗീകരിക്കപ്പെടേണ്ടതാണെന്നും ഫലസ്തീനികൾക്ക് ഏതെങ്കിലും തരത്തിലുള്ള സ്വയംഭരണാവകാശം നൽകാമെന്നും ക്യാമ്പ് ഡേവിഡ് ഉടമ്പടിയിൽ വ്യവസ്ഥ ചെയ്തിരുന്നു. അവ്യക്തവും സംശയാസ്പദവുമായിരുന്നെങ്കിലും, ഇതൊടുവിൽ പി.എൽ.ഓയും ഇസ്രായേലും തമ്മിലുള്ള രഹസ്യ ചർച്ചകൾക്ക് വഴിയൊരുക്കി.

അതേസമയം സിറിയക്കാർക്ക് ഒന്നും ലഭിച്ചില്ല. സിറിയൻ ഗോലാൻ കുന്നുകൾ ഇന്നും ഇസ്രായേലിന് കീഴിൽ തന്നെയാണ്, അതുകൊണ്ടു തന്നെ സിറിയയും ഇസ്രായേലും തമ്മിലുള്ള യുദ്ധം സാങ്കേതികമായി ഇന്നും അവസാനിച്ചിട്ടില്ല എന്ന് പറയാം. ഗോലാൻ കുന്നുകൾ അനധികൃതമായി പിടിച്ചെടുക്കുന്നതിനും വെസ്റ്റ്ബാങ്കിനും കിഴക്കൻ ജറൂസലേമിനും സമാനമായ രീതിയിൽ കോളനിവത്കരിക്കാനുമുള്ള ഒരു കാരണം എന്ന നിലയിലാണ് ഇസ്രായേൽ ഇതിനെ ഉപയോഗിച്ചത്.

ഈ പുതിയ സ്ഥിതിയും അധികാര സന്തുലനത്തിലെ മാറ്റവും ആത്യന്തികമായി ഫലസ്തീൻ ഇൻതിഫാദയിലും ഓസ്ലോ ഉടമ്പടിയിലും കലാശിച്ചു. ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പി.എൽ.ഓ നേതൃത്വത്തെ ആദ്യമായി ഫലസ്തീനിലേക്ക് മടങ്ങിയെത്താൻ ഇത് അനുവദിച്ചു. (തുടരും)

Related Articles