Current Date

Search
Close this search box.
Search
Close this search box.

വർത്തമാന വെസ്റ്റ് ബാങ്കിലെ ഫലസ്തീൻ ജീവിതം

ഗസ്സ മുനമ്പ് ഹമാസ് ഏറ്റെടുക്കുകയും, സ്വത്തുക്കളിൽ ഭൂരിഭാഗവും നശിപ്പിക്കപ്പെടുകയും ചെയ്തതിനെ തുടർന്ന് ഫലസ്തീൻ അതോറിറ്റി ഗുരുതരമായ നിയമസാധുതാ പ്രതിസന്ധിയിൽ അകപ്പെട്ടു. ഓസ്ലോ ഉടമ്പടി തകർന്നടിഞ്ഞു, അതിനെ പുനരുജ്ജീവിപ്പിക്കാനുള്ള ഒരു ശ്രമവും വിജയിച്ചില്ല. അതേസമയം, ഫലസ്തീൻ നേതൃത്വത്തെയും സമൂഹത്തിലെ അവരുടെ പങ്കിനെയും ആളുകൾ അസ്വസ്ഥതയോടെയും സംശയത്തോടെയും നോക്കിക്കാണാൻ തുടങ്ങി. അതിനാൽ, മറ്റേതൊരു അറബ് ഭരണകൂടവും ചെയ്യുന്നതു പോലെ തന്നെ ഫലസ്തീൻ അതോറിറ്റിയും ചെയ്തു; വിയോജിപ്പിനെ അടിച്ചമർത്തി, സുരക്ഷാസേനയെ പുനഃസംഘടിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തു.

ഇതിനു വേണ്ടി അമേരിക്കയിൽ നിന്നടക്കം മതിയാവോളം പിന്തുണയും ലഭിച്ചു. “സുരക്ഷാമേഖല പരിഷ്കരണം” എന്ന് ഔദ്യോഗികമായി വിളിക്കപ്പെട്ട ഈ സംരംഭത്തിന് യു.എസ് ജനറൽ കീത്ത് ഡെയ്ട്ടനാണ് മേൽനോട്ടം വഹിച്ചത്. ഫലസ്തീൻ അതോറിറ്റി നേതൃത്വത്തിനോട് അങ്ങേയറ്റത്തെ കൂറും വിശ്വസ്തതയും പുലർത്തുന്ന ഫലസ്തീനിയൻ സുരക്ഷാ, ഇന്റലിജൻസ് ഉദ്യോഗസ്ഥരുടെ ഒരു പുതിയ തലമുറയെ പരിശീലിപ്പിച്ചെടുക്കുക എന്നതായിരുന്നു അടിസ്ഥാനപരമായി അതിന്റെ ലക്ഷ്യം. ഈ “പരിഷ്കരണം” സുരക്ഷാമേഖലയിലെ ബജറ്റ് വിഹിതത്തിൽ വമ്പിച്ച വർധനവിന് വഴിവെച്ചു. യാസർ അറഫാത്തിന്റെ പഴയ രക്ഷാധികാരശൃംഖലകളുടെ അഴിച്ചുപണിയും അറഫാത്തിന് ശേഷമുള്ള നേതൃത്വത്തോട് കൂറു പുലർത്തുന്ന പുതിയ ശൃംഖലകൾ സ്ഥാപിക്കുന്നതും ഇതോടൊപ്പം നടന്നു.

ഫലപ്രദമായ ഭരണകൂട സ്ഥാപനങ്ങൾ കെട്ടിപ്പടുക്കാൻ തങ്ങൾക്ക് കഴിയുമെന്ന് തെളിയിച്ചാൽ, ഒരു രാജ്യത്തിന് “യോഗ്യരായി” ലോകം തങ്ങളെ കണക്കാക്കും എന്ന പ്രതീക്ഷയിൽ, ഫലസ്തീൻ അതോറിറ്റിയുടെ പുതിയ തന്ത്രം ഭരണകൂട നിർമാണത്തിലേക്ക് നീങ്ങി. എന്നാൽ, ചെറുത്തുനിൽപ്പ്, പ്രതിരോധം, തിരിച്ചുവരാനുള്ള അവകാശം തുടങ്ങിയ കാര്യങ്ങൾ ഫലസ്തീൻ നേതൃത്വത്തിന്റെ ഭാഷയിൽ നിന്ന് പടിപടിയായി ഇല്ലാതായി, ഫലസ്തീൻ വിപ്ലവം ഒരു വിമോചന പ്രസ്ഥാനത്തിൽ നിന്ന് സ്വയംഭരണത്തിനായുള്ള അന്വേഷണത്തിലേക്ക് വഴിമാറി. മാത്രമല്ല, സുരക്ഷാമേഖലയിലെ “പരിഷ്കാരങ്ങളിൽ” ഇസ്രായേലുമായുള്ള ഒരു സുരക്ഷാ ഏകോപന പരിപാടിയും ഉൾപ്പെടുത്തപ്പെട്ടു, അതായത് ഫലസ്തീൻ അതോറിറ്റി അടിസ്ഥാനപരമായി ഇസ്രായേലി അധിനിവേശത്തിന്റെ ഉപകരാറുകാരായി മാറി.

ഇങ്ങനെയൊക്കെയാണെങ്കിലും, ഫലസ്തീൻ അതോറിറ്റിക്ക് ഒരിക്കലും യഥാർഥ “അധികാരം” ഉണ്ടായിരുന്നില്ല, അങ്ങനെയായിരുന്നു അതിന്റെ രൂപകൽപ്പന. സാധാരണഗതിയിൽ അധിനിവേശ ശക്തിയുടെ ഉത്തരവാദിത്തിനു കീഴിൽ വരുന്ന വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകൾ കൈകാര്യം ചെയ്യുന്നതിനായി നിർമിച്ച ഒരു ഭരണകൂട സ്ഥാപനമായിരുന്നു ഫലസ്തീൻ അതോറിറ്റി, ഏതെങ്കിലും തരത്തിലുള്ള പരമാധികാരമോ രാഷ്ട്രീയ തീരുമാനമെടുക്കാനുള്ള അധികാരമോ അതിനുണ്ടായിരുന്നില്ല. അതെല്ലാം തീർച്ചയായും ഇസ്രായേലിന്റെ കൈകളിലായിരുന്നു. ഉദാഹരണത്തിന്, ആരാണ് ഫലസ്തീൻ പൗരൻ എന്ന് നിർണ്ണയിക്കാൻ പോലും ഫലസ്തീൻ അതോറിറ്റിക്ക് കഴിയുമായിരുന്നില്ല. ഫലസ്തീനികൾക്കു വേണ്ടിയുള്ള പൗരത്വ പട്ടിക ഇസ്രായേലിന്റെ നിയന്ത്രണത്തിലാണ്. മഹ്മൂദ് അബ്ബാസിന് പോലും അദ്ദേഹം പ്രസിഡന്റാണെന്ന് കരുതപ്പെടുന്ന ഒരു “രാജ്യത്തിലെ” നഗരങ്ങൾ സന്ദർശിക്കണമെങ്കിൽ ഇസ്രായേലി സൈന്യത്തിന്റെ ഉത്തരവിന് കാത്തിരിക്കുക മാത്രമേ നിർവാഹമുള്ളു.

ലോകം വിദേശ സഹായങ്ങളിലൂടെ ഫലസ്തീൻ അധിനിവേശത്തിന് ഫലപ്രദമായ സാമ്പത്തിക സഹായങ്ങൾ നൽകുകയും ഇസ്രായേലിനെ അതിന്റെ പല ഉത്തരവാദിത്തങ്ങളിൽ നിന്നും മോചിപ്പിച്ച് ആശ്വാസം പ്രദാനം ചെയ്യുകയും ചെയ്തു, അതേസമയം ഇസ്രായേൽ അധിനിവേശത്തിന്റെ എല്ലാ ആനുകൂല്യങ്ങളും നിലനിർത്തുകയും ചെയ്തു.

ഫലസ്തീൻ അതോറിറ്റിയുടെ ഈ മാറ്റങ്ങൾക്ക് ഐഎംഎഫിൽ നിന്നും മറ്റു അന്താരാഷ്ട്ര സംഘടനകളിൽ നിന്നും പ്രശംസ ലഭിക്കുകയും, രാഷ്ട്ര പദവിക്ക് ഫലസ്തീൻ തയ്യാറാണെന്ന് കരുതപ്പെടുകയും ചെയ്തെങ്കിലും, ഒരു യഥാർഥ ഫലസ്തീൻ രാഷ്ട്രം വരാൻ ഒരിക്കലും താൽപര്യമില്ലാത്ത ഇസ്രായേലിനെ ഇതൊന്നും ഉലച്ചിരുന്നില്ല. ഇത് പരമ്പരാഗത “ഫലസ്തീൻ അതോറിറ്റി”ക്കു പകരം “സ്റ്റേറ്റ് ഓഫ് ഫലസ്തീൻ” എന്ന് ഔദ്യോഗിക രേഖകളിൽ സ്റ്റാമ്പ് ചെയ്യുന്നത് പോലെയുള്ള പ്രതീകാത്മക നടപടികൾ സ്വീകരിക്കാൻ ഫലസ്തീൻ അതോറിറ്റിയെ പ്രേരിപ്പിച്ചു. ഇതൊരിക്കലും അംഗീകരിക്കില്ലെന്ന് ഇസ്രായേൽ ഭീഷണിപ്പെടുത്തിയതോടെ അത്തരം നടപടികളിൽ നിന്ന് ഫലസ്തീൻ അതോറിറ്റി പിൻമാറി. ഔദ്യോഗിക രേഖകൾക്ക് ഇസ്രായേലിന്റെ അംഗീകാരം ലഭിക്കണമെങ്കിൽ ഫലസ്തീൻ അതോറിറ്റിക്ക് അത്തരം ചിഹ്നങ്ങൾ പിൻവലിക്കുകയല്ലാതെ മറ്റു മാർഗമൊന്നുമില്ലായിരുന്നു. ഫലസ്തീൻ സ്വാതന്ത്ര്യത്തെ സൂചിപ്പിക്കുന്ന ഒരു പ്രതീകാത്മക നീക്കം പോലും വെച്ചുപൊറുപ്പിക്കാൻ ഇസ്രായേൽ തയ്യാറല്ലായിരുന്നു.

അതേസമയം, വെസ്റ്റ് ബാങ്കിലെ അധിനിവേശവും കോളനിവത്കരണവും തുടരുക മാത്രമല്ല, അത് കൂടുതൽ വേരൂന്നുകയും ചെയ്തു. ഇരുപ്രദേശങ്ങളിലെയും അധിനിവേശം സൈനികമായിരുന്നെങ്കിലും, വെസ്റ്റ് ബാങ്കിലെ അധിനിവേശം ഗസ്സയിലേതിൽ നിന്നും വ്യത്യസ്തമായിരുന്നു. ഉപരോധം, വ്യോമാക്രമണം, ബോംബാക്രമണം തുടങ്ങിയവയിലൂടെ ഗസ്സയിലെ അധിനിവേശം വിദൂരതയിൽ നിന്ന് നിലനിർത്തുമ്പോൾ, അധിനിവേശ സൈന്യത്തിന്റെയും പോലീസ് സേനയുടെയും സാന്നിധ്യത്തിനു ചുറ്റുമാണ് വെസ്റ്റ് ബാങ്കിലെ അധിനിവേശ അനുഭവം നിലനിൽക്കുന്നത്. തദ്ഫലമായി, ഒരു പ്രദേശത്തെ അധിനിവേശത്തിന് സാഹചര്യമനുസരിച്ചുള്ള പരിണിത ഫലങ്ങളാണ് ഉള്ളത്. ഉദാഹരണത്തിന്, വെസ്റ്റ് ബാങ്കിൽ ഫലസ്തീനികളുടെ അറസ്റ്റ് ഗസ്സയിലേക്കാൾ സാധാരണവും കൂടുതലുമാണ്, അതേസമയം യുദ്ധം, ബോംബാക്രമണം എന്നിവയിലൂടെ ഫലസ്തീനികളുടെ വീടുകളും അടിസ്ഥാന സൗകര്യങ്ങളും തകർക്കുന്നത് ഗസ്സയിൽ സാധാരണമായ ഒരു കാര്യമാണ്. വെസ്റ്റ് ബാങ്കിൽ അത്തരം കാര്യങ്ങൾ നടക്കുന്നില്ല എന്നല്ല ഈ പറഞ്ഞതിന് അർഥം, മറിച്ച് ഈ രണ്ടു പ്രദേശങ്ങളിലെ അധിനിവേശ അനുഭവങ്ങളിലെ വ്യത്യാസം അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്.

ഇന്ന് വെസ്റ്റ് ബാങ്കിലെ ജീവിതത്തിന്റെ എല്ലാ വശങ്ങളും ഫലസ്തീൻ അതോറിറ്റി മുഖേന നേരിട്ടോ അല്ലാതെയോ ഇസ്രായേലാണ് നിയന്ത്രിക്കുന്നത്. നിങ്ങളുടെ മൗലികാവകാശങ്ങൾ മുതൽ നിങ്ങളുടെ ഫോണിന്റെ റെയ്ഞ്ച് വരെയുള്ള ഏറ്റവും സാധാരണമായ കാര്യങ്ങളിലേക്ക് വരെ വ്യാപിക്കുന്നതാണ് ഈ നിയന്ത്രണം. സെറ്റിൽമെന്റുകൾ വികസിക്കുന്നത് തുടരുകയാണ്, നിർത്തുന്നതിന്റെ ഒരു സൂചനയും കാണുന്നില്ല, നിലവിൽ 600,000 കുടിയേറ്റക്കാർ അവിടങ്ങളിൽ താമസിക്കുന്നുണ്ട്. കുടിയേറ്റക്കാർ കൂടുതലുള്ള പ്രദേശങ്ങൾ ഇസ്രായേലിലേക്ക് കൂട്ടിച്ചേർക്കപ്പെടുന്നു, ഏരിയ സി കൂട്ടിച്ചേർക്കുന്നതിന് ഇസ്രായേലിനുള്ളിൽ കൂടുതൽ പിന്തുണ കൈവന്നിട്ടുണ്ട്. ഉദാഹരണത്തിന്, ജോർദാൻ താഴ്്വരയുടെ കൂട്ടിച്ചേർക്കൽ അടുത്തിടെ നടന്ന ഇസ്രായേലി തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ശ്രദ്ധേയമായ ഒരു കാര്യമായിരുന്നു. ( തുടരും )

Related Articles