Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീൻ വംശീയമായി ശുദ്ധീകരിക്കപ്പെടുന്നു

ഫലസ്തീനിലെ ജനസംഖ്യാപരമായ യാഥാർഥ്യങ്ങൾ സയണിസ്റ്റ് പ്രസ്ഥാനത്തെ എല്ലായ്പ്പോഴും അസ്വസ്ഥമാക്കിയിരുന്നു. “ഭൂമിയില്ലാത്ത ജനതക്ക് ജനതയില്ലാത്ത ഭൂമി” എന്ന മുദ്രാവാക്യം അവർ നിരന്തരമായി ഉയർത്തിയിരുന്നെങ്കിലും, യാഥാർഥ്യം എന്താണെന്ന് അവർക്ക് നന്നായി അറിയാമായിരുന്നു. കുടിയേറ്റത്തിന്റെ പ്രാരംഭകാലം മുതൽക്കു തന്നെ, കൂടുതൽ “പരിഷ്കൃതവും””വികസിതവും” ആയ രീതിയിൽ കൃഷി ചെയ്യുന്ന കുടിയേറ്റക്കാർക്കു വേണ്ടി ഭൂമി ലഭ്യമാക്കാൻ തദ്ദേശീയ ഫലസ്തീൻ ജനതയെ നീക്കം ചെയ്യുന്നതിനെ കുറിച്ച് സയണിസ്റ്റ് നേതാക്കൾ സംസാരിച്ചിരുന്നു. മാൻഡേറ്റിന്റെ അവസാനത്തോടെ, തദ്ദേശീയ ഫലസ്തീൻ ജനത സ്വമേധയാ അവരുടെ ഭൂമി ഉപേക്ഷിച്ച് പോകില്ലെന്ന് സയണിസ്റ്റുകൾക്ക് വ്യക്തമായി.

ഈ സാഹചര്യത്തിലാണ് ഹഗാന ഹൈക്കമാൻഡ് ദാലത്ത് പദ്ധതി (പ്ലാൻ ഡി) വികസിപ്പിക്കുന്നത്. 1948 മെയ് മാസത്തിലാണ് പ്രസ്തുത പദ്ധതി അംഗീകരിക്കപ്പെട്ടതെങ്കിലും, ഏതാനും വർഷങ്ങൾക്കു മുമ്പു തന്നെ പദ്ധതിക്ക് തുടക്കം കുറിച്ചിരുന്നു. 1944ൽ യിഗേൽ യാഡിൻ അതിനായി പ്രവർത്തിക്കാൻ തുടങ്ങിയതായി റിപ്പോർട്ടുകളുണ്ട്. വിഭജനാനന്തര ഫലസ്തീനിനപ്പുറവും സയണിസ്റ്റ് രാഷ്ട്രത്തിന്റെ അതിർത്തികൾ വികസിപ്പിക്കാനും, ഈ അതിർത്തികൾക്കുള്ളിലെ ഏതെങ്കിലും ഫലസ്തീൻ ഗ്രാമം ചെറുത്തുനിന്നാൽ അതിനെ തകർക്കാനും തദ്ദേശവാസികളെ പുറത്താക്കാനും ഈ പദ്ധതി അധികാരം നൽകി. നസ്റേത്ത്, അക്ര, ലിഡ്ഡ തുടങ്ങിയ വിഭജനാനന്തരം അറബ് ഫലസ്തീൻ രാഷ്ട്രത്തിന്റെ ഭാഗമാവേണ്ട നഗരങ്ങളും അതിൽ ഉൾപ്പെട്ടിരുന്നു.

ബെൻ ഗൂരിയന്റെ ജീവചരിത്രകാരൻ ബെൻ സോഹർ എഴുതി: “ആഭ്യന്തര ചർച്ചകളിലും, തന്റെ ആളുകളോടുള്ള നിർദ്ദേശങ്ങളിലും, വ്യക്തമായ ഒരു നിലപാട് ബെൻ ഗൂരിയൻ പ്രകടിപ്പിച്ചിരുന്നു: ജൂതരാഷ്ട്രത്തിന്റെ അതിർത്തിക്കുള്ളിൽ കഴിയാവുന്നത്ര കുറച്ച് അറബികൾ അവശേഷിക്കുന്നതാണ് ഏറ്റവും നല്ലത്.”

ഏതൊക്കെ നഗരങ്ങളും ഗ്രാമങ്ങളുമാണ് വംശീയമായി ഉൻമൂലനം ചെയ്യേണ്ടത് എന്ന് പ്ലാൻ ഡി വ്യക്തമായി വരച്ചുകാട്ടിയിട്ടില്ലെന്ന് വാദിക്കാമെങ്കിലും, പ്ലാൻ ഡി നിർദ്ദേശങ്ങൾ മനസ്സിൽ വെച്ചുകൊണ്ടാണ് വ്യത്യസ്ത യിഷുവ് സംഘങ്ങൾ പ്രവർത്തിച്ചിരുന്നത് എന്ന കാര്യം വ്യക്തമാണ്.

1948ലെ യുദ്ധത്തിനും, ഒരു സാധാരണ അറബ് സൈനികൻ ഫലസ്തീനിൽ കാലുകുത്തുന്നതിനും മുമ്പു തന്നെ ഫലസ്തീനികളെ വംശീയമായി ഉൻമൂലനം ചെയ്യുന്ന നടപടികൾ ആരംഭിച്ചിരുന്നു എന്ന വസ്തുത ഊന്നിപ്പറയേണ്ടത് പ്രധാനമാണ്. ഇത് മനസ്സിലാക്കേണ്ടത് പ്രധാനമാണ്, കാരണം വളർന്നുവരുന്ന ഇസ്രായേൽ രാഷ്ട്രത്തിനെതിരെ അറബികൾ നടത്തിയ യുദ്ധത്തിന്റെ ഉപോൽപ്പന്നമാണ് നക്ബ (മഹാദുരന്തം) എന്ന് പലരും ഇപ്പോഴും തെറ്റായി വാദിക്കുന്നുണ്ട്. യുദ്ധം ആരംഭിക്കുന്നതിന് അഥവാ മാൻഡേറ്റ് അവസാനിക്കുന്നതിന് മുമ്പായി ഏകദേശം 300,000 ഫലസ്തീനികളെ വംശീയ ശുദ്ധീകരണ പ്രവർത്തനങ്ങളിലൂടെ പുറത്താക്കിയിരുന്നു. കൂട്ടക്കൊലകളും യുദ്ധകുറ്റകൃത്യങ്ങളും പ്രസ്തുത ശുദ്ധീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വ്യാപകമായി അരങ്ങേറി, സയണിസ്റ്റ് യിഷുവുമായി സമാധാന കരാറിലേർപ്പെട്ടതും നിഷ്പക്ഷ നിലപാട് സ്വീകരിച്ചതുമായ ഗ്രാമങ്ങൾ പോലും കൂട്ടക്കൊലക്ക് ഇരയായി. ദേർ യാസീൻ ഗ്രാമത്തിൽ അരങ്ങേറിയ കൂട്ടക്കൊല ഇത് വ്യക്തമായി വരച്ചുകാട്ടുന്നുണ്ട്.

ഒരുപാടു കാരണങ്ങളാൽ, അറബ് രാഷ്ട്രങ്ങൾക്ക്, പ്രധാനമായും ട്രാൻസ്ജോർദാൻ, ഈജിപ്ത്, സിറിയ, ലെബനാൻ, ഇറാഖ് എന്നിവർക്ക് ഒരു യുദ്ധത്തിന് താൽപര്യമില്ലായിരുന്നു. എന്നിരുന്നാലും, ഫലസ്തീനികൾക്കെതിരെ അരങ്ങേറിയ അങ്ങേയറ്റം മനുഷ്യത്വവിരുദ്ധവും നിഷ്ഠൂരവുമായ വംശഹത്യാ പരമ്പരകൾക്കു ശേഷം, ഒടുവിൽ അവർ മനസ്സില്ലാമനസ്സോടെ ഇടപെട്ടു. എന്നാൽ, 1948ലെ ഇടപെടലിന്റെ പ്രധാന കാരണം അറബ് രാഷ്ട്രങ്ങൾ തമ്മിലുണ്ടായിരുന്ന ശത്രുതയും അനൈക്യവുമായിരുന്നു എന്ന വശം പലപ്പോഴും അവഗണിക്കപ്പെട്ടു. കോളനിവാഴ്ചയിൽ നിന്നും അടുത്തിടെ മാത്രം സ്വതന്ത്ര്യം നേടിയ അവരുടെ യുദ്ധകാലത്തെ പ്രവർത്തനങ്ങൾ, ജനപ്രിയ ആഖ്യാനങ്ങൾ കൊട്ടിഘോഷിക്കുന്നതിന് വിരുദ്ധമായി, ഇസ്രായേലി സയണിസ്റ്റുകളെ നശിപ്പിക്കുക എന്ന ഉദ്ദേശത്തോടെയല്ല അവർ യഥാർഥത്തിൽ യുദ്ധത്തിലേർപ്പെട്ടത് എന്ന് തുറന്നുകാണിച്ചു. ഗ്രേറ്റർ സിറിയ എന്ന തങ്ങളുടെ വലിയ അഭിലാഷത്തിലേക്കുള്ള ആദ്യപടി എന്ന നിലക്ക് വെസ്റ്റ്ബാങ്ക് സ്വന്തമാക്കുക എന്നതിലായിരുന്നു ജോർദാനുകാർക്ക് ഏറെ താൽപ്പര്യം. വാസ്തവത്തിൽ, 1948ലെ യുദ്ധത്തിൽ ഇസ്രായേലികളും ജോർദാനിയക്കാരും തമ്മിൽ രഹസ്യധാരണ ഉണ്ടാക്കിയതിന് ധാരാളം തെളിവുകളുണ്ട്, മറ്റു പ്രദേശങ്ങളിൽ ഇടപെടാതിരിക്കുന്നതിന് പകരമായി വെസ്റ്റ്ബാങ്കിന്റെ ചില ഭാഗങ്ങൾ ട്രാൻസ്ജോർദാന് ഉപഹാരമായി നൽകി കൊണ്ടുള്ള കരാറുകൾ രഹസ്യമായി അരങ്ങേറി.

മേഖലയിലെ ശക്തിസന്തുലനത്തെ മാറ്റിമറിക്കാൻ ശേഷിയുള്ള ഹാഷിമൈറ്റ് പവർ പ്ലേയെ പ്രതിരോധിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈജിപ്ത് യുദ്ധത്തിൽ പങ്കുചേർന്നത്. ഇക്കാരണങ്ങൾ കൊണ്ട്, 1947ലെ വിഭജന പദ്ധതി പ്രകാരം ഫലസ്തീനിയൻ അറബ് രാഷ്ട്രത്തിന്റെ ഭാഗമാകാൻ നിശ്ചയിക്കപ്പെട്ട പ്രദേശങ്ങളിലാണ് അറബ് സൈന്യം പൊതുവെ ഇടപെടൽ നടത്തിയത്, ഒറ്റപ്പെട്ട ഏതാനും ചില സംഭവങ്ങൾ ഒഴിച്ചുനിർത്തിയാൽ, സയണിസ്റ്റ്-ജൂത രാഷ്ട്രത്തിന്റെ ഭാഗമാവാൻ നിശ്ചയിക്കപ്പെട്ട പ്രദേശങ്ങളിൽ നിന്ന് അറബ് സൈന്യം വിട്ടുനിന്നു. അതെ, ഫലസ്തീനിനും ഫലസ്തീനികൾക്കുമുള്ള പിന്തുണ അറബികളുടെ അത്തരം ഇടപെടലുകൾക്ക് നിയമസാധുത നൽകുന്നതിൽ വലിയ പങ്കുവഹിച്ചു, എന്നാൽ അതായിരുന്നില്ല അവയുടെ പിന്നിലെ യഥാർഥ കാരണം. അന്താരാഷ്ട്ര ബന്ധങ്ങളുടെ കാര്യം വരുമ്പോൾ, എന്തൊക്കെ പരോപകാരപരവും മഹത്തരവുമായ പ്രചോദനങ്ങൾ ഉണ്ടെന്ന് പറഞ്ഞാലും, പതിവുപോലെ, സ്വാർഥ താൽപ്പര്യങ്ങൾ തന്നെയാണ് ഏതൊരു നീക്കത്തിന്റെയും കേന്ദ്രത്തിൽ ഉണ്ടാവുക.

പ്രോപഗണ്ടയും വാചാടോപങ്ങളും മുറക്ക് നടന്നിരുന്നെങ്കിലും, ഇസ്രായേലുമായുള്ള യുദ്ധം ഒഴിവാക്കാനും അവസാനിപ്പിക്കാനും അറബ് രാഷ്ട്രങ്ങൾ വ്യത്യസ്തമായ രഹസ്യ വഴികൾ തേടിയിരുന്നു. ഫലസ്തീൻ അഭയാർഥികളെ മുഴുവനായി സ്വീകരിക്കാം എന്നുവരെ വാഗ്ദാനം ചെയ്യപ്പെട്ടു. പരമാവധി ഭൂമി പിടിച്ചെടുക്കാൻ ലക്ഷ്യമിട്ട് ഇസ്രായേൽ പ്രസ്തുത വാഗ്ദാനങ്ങളെല്ലാം നിരസിച്ചു. ഉദാഹരണത്തിന്, വിഭജനവുമായി ബന്ധപ്പെട്ട എല്ലാ ചർച്ചകളും ഇസ്രായേൽ അവഗണിക്കുകയും ഏകപക്ഷീയമായി സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും ചെയ്യുമെന്ന് വ്യക്തമായപ്പോൾ, യുദ്ധം ഒഴിവാക്കാൻ ലക്ഷ്യമിട്ട് തിരശ്ശീലയ്ക്കു പിന്നിൽ ധാരാളം ശ്രമങ്ങൾ നടന്നിരുന്നു, ഒരിക്കൽ പൊട്ടിപ്പുറപ്പെട്ടാൽ പിന്നെ നേരത്തെ അവസാനിപ്പിക്കുന്നതിനെ കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല. യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രസ്തുത ശ്രമങ്ങളെ ശക്തമായി പിന്തുണച്ചിരുന്നു, എല്ലാ വിധ സൈനിക പ്രവർത്തനങ്ങളും നിർത്തിവെക്കാനും, രാഷ്ട്രവുമായി ബന്ധപ്പെട്ട പ്രഖ്യാപനം നീട്ടിവെക്കാനും, ചർച്ചകൾക്ക് സമയം നൽകാനും 1948ൽ യുണൈറ്റഡ് സ്റ്റേറ്റ്സ് യിഷുവിനോട് ആവശ്യപ്പെട്ടു. ട്രാൻസ് ജോർദാൻ ഭരണാധികാരി അബ്ദുല്ല ഒഴിച്ചുള്ള അറബ് രാഷ്ട്രങ്ങൾ അമേരിക്കയുടെ ഈ നീക്കത്തെ അംഗീകരിച്ചു. എന്നാൽ, ബെൻ ഗൂരിയൻ അത് തള്ളിക്കളഞ്ഞു, വിഭജന പദ്ധതി സമാധാനപരമായി നടപ്പിലാക്കിയാൽ താൻ നേരത്തെ പുറത്താക്കിയ അഭയാർഥികൾക്ക് മടങ്ങിവരാനുള്ള അവസരമാകുമെന്ന് ബെൻ ഗൂരിയന് അറിയാമായിരുന്നു, വിഭജന പദ്ധതിക്ക് പുറത്തുള്ള താൻ മോഹിച്ച ഭൂമി പിടിച്ചെടുക്കാൻ യുദ്ധം അദ്ദേഹത്തിന് അവസരം നൽകുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല.

ഇതിനു ശേഷം തദ്ദേശീയ ഫലസ്തീനികളുടെ ഭാഗത്തു നിന്നുള്ള നീക്കങ്ങൾക്കെതിരെയുള്ള സയണിസ്റ്റ് നിഷേധത്തിന്റെ ഒരു വലിയ പരമ്പര തന്നെ അരങ്ങേറി. ഉദാഹരണത്തിന്, അടുത്തിടെ മാത്രം വന്നിറങ്ങിയ ഒരു ന്യൂനപക്ഷമായിരുന്നിട്ടു കൂടി, സയണിസ്റ്റ് കുടിയേറ്റക്കാർക്ക് രാഷ്ട്രത്തിന്റെ ഭാവി സ്ഥാപനങ്ങളിൽ തുല്യപ്രാതിനിധ്യം അനുവദിക്കാൻ 1928ൽ ഫലസ്തീൻ നേതൃത്വം വോട്ടു ചെയ്തിരുന്നു. ഇത് സയണിസ്റ്റുകൾ തള്ളിക്കളഞ്ഞു. ഇതിനും ശേഷം, 1947ൽ, നദിക്കും കടലിനുമിടയിൽ ജീവിക്കുന്ന എല്ലാവർക്കും വേണ്ടി മാൻഡേറ്റിനു പകരം ഒരു ഏകീകൃത രാഷ്ട്രം രൂപീകരിക്കാൻ ഫലസ്തീനികൾ നിർദ്ദേശിച്ചെങ്കിലും കാര്യമുണ്ടായില്ല. സഹവർത്തിത്വത്തിൽ ജീവിക്കാൻ വേണ്ടിയുള്ള ഒരുപാട് ശ്രമങ്ങളുണ്ടായെങ്കിലും, ഫലസ്തീനികളുമായി സഹവർത്തിച്ച് ജീവിക്കാൻ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ലാത്ത സയണിസ്റ്റ് നേതൃത്വത്തിനെ സംബന്ധിച്ച് യാതൊരു ഗുണവുമില്ലാത്തതായിരുന്നു അവ.

യുദ്ധത്തിന്റെ അവസാനത്തോടെ, ഏകദേശം 530 ഗ്രാമങ്ങളിൽ നിന്നും സമൂഹങ്ങളിൽ നിന്നുമായി 800,000 ഫലസ്തീനികൾ വംശീയമായി ആട്ടിയോടിക്കപ്പെട്ടു. ഈ ഗ്രാമങ്ങളുടെ അവശിഷ്ടങ്ങൾക്കു മുകളിൽ ഇസ്രായേൽ സ്ഥാപിക്കപ്പെട്ടു, ഒരുകാലത്ത് ഫലസ്തീൻ കുടുംബങ്ങൾ താമസിച്ചിരുന്ന വീടുകളിൽ കുടിയേറ്റക്കാർ കൈയ്യേറി താമസം തുടങ്ങി. ഇപ്പോഴും, ആ 8 ലക്ഷം പേരും അവരുടെ പിൻമുറക്കാരും ലോകത്താകമാനമുള്ള അഭയാർഥി ക്യാമ്പുകളിലായി ചിതറിക്കിടക്കുകയാണ്, സ്വന്തം വീട്ടിലേക്ക് മടങ്ങിപോകാനുള്ള അവരുടെ അവകാശം ഇസ്രായേൽ നിരന്തരമായി നിരസിക്കുന്നു. യുദ്ധം അവസാനിച്ച് വർഷങ്ങൾക്കു ശേഷം, 1950കളിലും വംശീയ ശുദ്ധീകരണ പ്രവർത്തനങ്ങൾ തുടർന്നു.

യുദ്ധാനന്തരം ഇസ്രായേൽ പിടിച്ചെടുത്ത അതിർത്തികൾ പിന്നീട് ഗ്രീൻ ലൈൻ എന്നറിയപ്പെട്ടു, ഔദ്യോഗിക അതിർത്തികൾ പ്രഖ്യാപിക്കപ്പെട്ടിരുന്നില്ലെങ്കിലും, ഗ്രീൻ ലൈൻ ഇസ്രായേൽ രാഷ്ട്രത്തിന്റെ യഥാർഥ അതിർത്തിയായി അടയാളപ്പെടുത്തപ്പെട്ടു. ഇസ്രായേൽ പിടിച്ചെടുക്കാത്ത പ്രദേശങ്ങൾ, അതായത് വെസ്റ്റ്ബാങ്കും ഗസ്സ മുനമ്പും യഥാക്രമം ജോർദാന്റെയും ഈജിപ്തിന്റെയും ഭരണത്തിനു കീഴിൽ വന്നു. ഗ്രീൻ ലൈനിനുള്ളിൽ കഴിഞ്ഞിരുന്ന ഫലസ്തീനികളിൽ 80 ശതമാനവും പുറത്താക്കപ്പെട്ടു. ശേഷിക്കുന്ന 20 ശതമാനത്തിന് പട്ടാള നിയമങ്ങൾക്കു കീഴിൽ, പരസ്പരം വേർതിരിക്കപ്പട്ട്, മുള്ളുവേലികളാൽ ചുറ്റപ്പെട്ട കനത്ത സുരക്ഷാസംവിധാനങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന പ്രദേശങ്ങൾക്കുള്ളിൽ വരും ദശകങ്ങളിൽ ജീവിക്കേണ്ടി വന്നു. ഈ ആദ്യ വർഷങ്ങളാണ് ഇന്ന് ഇസ്രായേലിനെ ഭരിക്കുന്ന വിവേചന നിയമങ്ങൾക്ക് രൂപംനൽകിയത്. ഈ കാലയളവിനെ കുറിച്ച് അടുത്ത ഭാഗങ്ങളിൽ വിശദീകരിക്കുന്നതാണ്. ( തുടരും)

Related Articles