Current Date

Search
Close this search box.
Search
Close this search box.

നക് സ 1967

1967 ജൂൺ 5 രാവിലെ, ഇസ്രായേൽ ഈജിപ്തിനെതിരെ അപ്രതീക്ഷിതമായി വ്യോമാക്രമണം നടത്തി. 1967 യുദ്ധത്തിന് അങ്ങനെ തുടക്കം കുറിച്ചു. ഒരാഴ്ച്ചയോളം മാത്രം നീണ്ടു നിന്ന യുദ്ധത്തിനൊടുവിൽ വെസ്റ്റ് ബാങ്ക്, ഗസ്സ മുനമ്പ്, ഈജിപ്തിലെ സീനാ മരുഭൂമി, സിറിയയിലെ ഗോലാൻ കുന്നുകൾ എന്നിവ ഇസ്രായേൽ പിടിച്ചടക്കി. സീനായിലെ ഈജിപ്ഷ്യൻ സൈന്യം, ടിറാൻ കടലിടുക്ക് അടക്കൽ, സിറിയൻ ഗോലാൻ കുന്നിലെ സാഹചര്യങ്ങൾ തുടങ്ങിയ നിരവധി ആശങ്കകൾ ഉദ്ധരിച്ച്, പ്രസ്തുത ആക്രമണം ഒരു മുൻകൂർ സ്വയംപ്രതിരോധമായിരുന്നു എന്നാണ് ഇസ്രായേൽ ഇന്നും വാദിക്കുന്നത്. ഈ വാദങ്ങൾ ഒരിക്കലും മുഖവിലക്കെടുക്കാൻ കഴിയില്ല, കാരണം യിഷുവുമായി സമാധാന കരാറിൽ ഒപ്പുവെച്ചിരുന്ന ഫലസ്തീൻ ഗ്രാമങ്ങളെ വംശീയമായി ഉൻമൂലനം ചെയ്തതിനെ പോലും സ്വയംപ്രതിരോധത്തിന്റെ ഗണത്തിലാണ് സയണിസ്റ്റുകൾ ഉൾപ്പെടുത്തിയത്.

1967ലെ യുദ്ധം ശൂന്യതയിൽ നിന്ന് ഉണ്ടായതല്ല. പരമാവധി ഭൂമി പിടിച്ചെടുക്കുന്നതിനായുള്ള ഇസ്രായേലിന്റെ യുദ്ധങ്ങളുടെ തുടർച്ചയെ കുറിക്കുന്നതായിരുന്നു ഈ യുദ്ധം. 1956ൽ തുടങ്ങിവെച്ചത് ഈ യുദ്ധത്തിലൂടെ ഇസ്രായേൽ പൂർത്തിയാക്കി. മുൻ യുദ്ധത്തിലെ രാഷ്ട്രീയ പരാജയത്തെ തുടർന്ന്, ഗമാൽ അബ്ദുൽ നാസറിനെയും മറ്റു അറബ് നേതാക്കളെയും ആക്രമണത്തിന് പ്രേരിപ്പിക്കുന്ന രീതിയിൽ രൂപകൽപ്പന ചെയ്തതായിരുന്നു പിന്നീടുണ്ടായ ഇസ്രായേലിന്റെ സൈനിക നടപടികളിൽ ഭൂരിഭാഗവും. 1966ൽ ജോർദാന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന വെസ്റ്റ്ബാങ്ക് ഗ്രാമമായ സാമുവിൽ ഇസ്രായേൽ നടത്തിയ ആക്രമണവും, സിറിയൻ അതിർത്തികളിൽ യാതൊരു പ്രകോപനവുമില്ലാതെ നിരന്തരം നടത്തിയ ബോംബാക്രമണവും ഉദാഹരണമാണ്. “ബോധപൂർവം ആസൂത്രണം ചെയ്ത ഒരു പ്രതിരോധ യുദ്ധം” ഉണ്ടാക്കാൻ ലക്ഷ്യം വെച്ച തന്ത്രം എന്നാണ് ഇസ്രായേലിലെ അന്നത്തെ ബ്രിട്ടീഷ് അംബാസഡർ അതിനെ വിശേഷിപ്പിച്ചത്.

ഒരു യുദ്ധത്തിനു വേണ്ടി പ്രകോപനം ഉണ്ടാക്കുക എന്നതായിരുന്നു ഇസ്രായേലിന്റെ ഉദ്ദേശമെന്നതിന് ധാരാളം തെളിവുകളുണ്ട്. ബെൻ ഗൂരിയൻ സങ്കടപ്പെട്ടതു പോലെ, 1948ൽ പിടിച്ചടക്കാൻ കഴിയാതെ പോയ പ്രദേശങ്ങളിലേക്ക് അതിർത്തി വ്യാപിപ്പിക്കാൻ ഈ യുദ്ധം ഒടുവിൽ അവർക്ക് അവസരം നൽകി. നയതന്ത്ര രേഖകളും, യുദ്ധം പൊട്ടിപ്പുറപ്പെടുന്നത് തടയുന്നതിന് വേണ്ടി പല തവണ നടന്ന മധ്യസ്ഥ ശ്രമങ്ങൾ ഇസ്രായേൽ അട്ടിമറിച്ചതും പരിശോധിച്ചാൽ ഇത് കൂടുതൽ വ്യക്തമാകും.

ഉദാഹരണത്തിന്, 1967ലെ പ്രതിസന്ധി കാലയാളവിലുടനീളം ഈജിപ്ത്-ഇസ്രായേൽ സമാധാന ഉടമ്പടി (Egyptian-Israeli Mixed Armistice Commission) പുനരുജ്ജീവിപ്പിക്കാനും വ്യാപിപ്പിക്കാനും ഈജിപ്ത് സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും മെയ് മാസത്തിൽ ഇസ്രായേൽ ഔദ്യോഗികമായി അത് തള്ളിക്കളഞ്ഞു. അതേ മാസം തന്നെ, സംഘർഷം ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഇരുകൂട്ടർക്കുമിടയിൽ മധ്യസ്ഥത വഹിക്കാൻ യു.എൻ സെക്രട്ടറി-ജനറൽ വ്യക്തിപരമായി കെയ്റോയിൽ വന്നു. ഈജിപ്ത് അനുകൂല നിലപാട് സ്വീകരിച്ചെങ്കിലും ഇസ്രായേൽ വഴങ്ങാൻ തയ്യാറായില്ല. അന്ന് യു.എന്നിലെ മുതിർന്ന ഉദ്യോഗസ്ഥനായിരുന്ന ബ്രയാൻ ഉർക്വാർട്ട് തന്റെ ഓർമക്കുറിപ്പിൽ ഇങ്ങനെ എഴുതി:
“സൈനിക നടപടിയുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചുറപ്പിച്ച ഇസ്രായേൽ ഉ താന്റ് (യു.എൻ സെക്രട്ടറി ജനറൽ) മുന്നോട്ടു വെച്ച ആശയങ്ങൾ തള്ളിക്കളഞ്ഞു.”

സംഘർഷം ഒഴിവാക്കാൻ മറ്റു പല ശ്രമങ്ങളും നടന്നിട്ടുണ്ട്, ഉദാഹരണത്തിന്, അമേരിക്കയും മധ്യസ്ഥ ശ്രമം നടത്തിയിരുന്നു. ഉന്നതതല അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥരും രാഷ്ട്രീയനേതാക്കളും മെയ് അവസാനം ഗമാൽ അബ്ദുൽ നാസറുമായി കൂടിക്കാഴ്ച നടത്തി, ഇത് വലിയൊരു വഴിത്തിരിവായി വിശേഷിപ്പിക്കപ്പെട്ടിരുന്നു. ഈ കൂടിക്കാഴ്ചയിൽ ചില പ്രശ്നങ്ങളിൽ വ്യവഹാരം നടത്താൻ ലോക കോടതിയെ ഉൾപ്പെടുത്താനുള്ള സന്നദ്ധത നാസർ പ്രകടിപ്പിച്ചു. എന്നാൽ, ഏറ്റവും പ്രതീക്ഷ നൽകിയ കാര്യം, പ്രതിസന്ധിക്ക് നയതന്ത്രപരമായ ഒത്തുതീർപ്പിലെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ഒരാഴ്ചക്കുള്ളിൽ തന്റെ ഉപരാഷ്ട്രപതിയെ വാഷിംഗ്ടണിലേക്ക് അയക്കാൻ നാസർ സമ്മതിച്ചു എന്നതാണ്.

എന്തു കൊണ്ട് അത്തരമൊരു കൂടിക്കാഴ്ചയെ കുറിച്ച് നിങ്ങൾ കേട്ടിട്ടില്ല അല്ലെങ്കിൽ എന്തായിരുന്നു അതിന്റെ ഫലം എന്ന് നിങ്ങൾ ചിന്തിച്ചേക്കാം. കാരണം പ്രസ്തുത കൂടിക്കാഴ്ച്ചയുടെ രണ്ടു ദിവസം മുമ്പ്, അപ്രതീക്ഷിതമായി ആക്രമണം നടത്താൻ ഇസ്രായേൽ തീരുമാനിച്ചു, പ്രതിസന്ധിക്ക് അക്രമരഹിത നയതന്ത്ര പരിഹാരത്തിലെത്താനുള്ള എല്ലാ ശ്രമങ്ങളെയും അത് തകർത്തുകളഞ്ഞു.

അമേരിക്കക്കാരെ പോലും ഞെട്ടിച്ചുകളഞ്ഞ ഒരു സംഭവമായിരുന്നു അത്. അന്നത്തെ സ്റ്റേറ്റ് സെക്രട്ടറി ഡീൻ റസ്ക് എഴുതി:
“ടിറാൻ കടലിടുക്ക് വീണ്ടും തുറക്കുന്നതിനെ കുറിച്ച് സംസാരിക്കാൻ ബുധനാഴ്ച ഈജിപ്ഷ്യൻ വൈസ് പ്രസിഡന്റ് വാഷിംഗ്ടണിലെത്തുമെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ് അവർ തിങ്കളാഴ്ച ആക്രമണം നടത്തിയത്. ഈജിപ്തിനെ കൊണ്ട് കടലിടുക്ക് വീണ്ടും തുറപ്പിക്കുന്നതിൽ ഞങ്ങൾ വിജയിച്ചിട്ടില്ലായിരിക്കാം, പക്ഷേ അന്ന് അതിന് കഴിയുമായിരുന്നു.”

അന്നത്തെ നയതന്ത്ര സംഭവവികാസങ്ങൾ പരിശോധിച്ചാൽ ഇസ്രായേൽ മനഃപൂർവം യുദ്ധത്തിന് കോപ്പുക്കൂട്ടുകയായിരുന്നു എന്ന് സംശയലേശമന്യേ ബോധ്യപ്പെടും. എല്ലാ മധ്യസ്ഥ ശ്രമങ്ങളും ഇസ്രായേൽ നിരാകരിച്ചു, ഏതുവിധേനയും ആക്രമണം നടത്തുമെന്ന് ഉറപ്പിച്ചു തന്നെ, നയതന്ത്ര ചർച്ചയുമായി മുന്നോട്ട് പോകാൻ പറഞ്ഞ് സഖ്യകക്ഷിയായ അമേരിക്കയെ പോലും വഞ്ചിക്കുകയും അപമാനിക്കുകയും ചെയ്തു. മറുവശത്ത്, നയതന്ത്ര പരിഹാരങ്ങൾക്കും വിട്ടുവീഴ്ചക്കും നാസർ തയ്യാറായിരുന്നു. എന്നിട്ടും, ഇസ്രായേൽ നടത്തിയത് സ്വയംപ്രതിരോധയുദ്ധമായും, ഗമാൽ അബ്ദുൽ നാസർ യുദ്ധക്കൊതിയനുമായാണ് ഇന്നും ചിത്രീകരിക്കപ്പെടുന്നത്.
തന്റെ ഓർമക്കുറിപ്പിൽ അന്നത്തെ യു.എൻ സെക്രട്ടറി ജനറൽ ഉ താന്റ് എഴുതി:

“ഒരു ചെറിയ കാലയളവിലേക്കാണെങ്കിൽ പോലും, തങ്ങളുടെ അതിർത്തിയിൽ യു.എൻ.ഇ.എഫിനെ (ഐക്യരാഷ്ട്രസഭയുടെ അടിയന്തര സേന) വിന്യസിക്കാൻ ഇസ്രായേൽ സമ്മതിച്ചിരുന്നെങ്കിൽ, ചരിത്രം മറ്റൊന്നാകുമായിരുന്നു. വരാൻ പോകുന്ന ദുരന്തം തടയാനുളള നയതന്ത്ര ശ്രമങ്ങൾ വിജയിക്കുമായിരുന്നു, യുദ്ധം ഒഴിവാക്കാമായിരുന്നു.” ഐക്യരാഷ്ട്രസഭയുടെ കരാർ പാലന മേൽനോട്ട സമിതിയുടെ (UNTSO) അന്നത്തെ ചീഫ് ഓഫ് സ്റ്റാഫ് ഓഡ് ബുൾ ഇത് ശരിവെക്കുന്നുണ്ട്. “സെക്രട്ടറി ജനറലിന്റെ അഭ്യർഥന മാനിച്ചുന്നെങ്കിൽ 1967ലെ യുദ്ധം ഒഴിവാക്കാമായിരുന്നു.”

1967ലെ യുദ്ധം സംബന്ധിച്ച പുനഃപരിശോധന ഇസ്രായേലിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രോപഗണ്ട നേട്ടങ്ങളിലൊന്നാണ്. വളരെ പെട്ടെന്ന് തന്നെ യഥാർഥ്യം തലകീഴായി മറിഞ്ഞു, ശക്തനായ ആക്രമണകാരി, ഉന്മൂലനനാശത്തിനെതിരെ പോരാടുന്ന ദുർബലനായ ഇരയായി മാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. യുദ്ധത്തിന് ഏതാനും വർഷങ്ങൾക്കു ശേഷം ഇസ്രായേൽ മന്ത്രി മൊർദെഖായ് ബെന്റോവ് ഇത് സമ്മതിക്കുന്നുണ്ട്:
“ഉന്മൂലനാശത്തിന്റെ ഭീഷണിയെ കുറിച്ചുള്ള ഈ കഥ മുഴുവൻ പുതിയ അറബ് പ്രദേശങ്ങൾ പിടിച്ചെടുക്കുന്നതിനെ ന്യായീകരിക്കുന്നതിനായി കണ്ടുപിടിച്ചതും അതിശയോക്തി കലർത്തിയതുമാണ്”

ഈ യുദ്ധത്തെ തുടർന്ന്, ഒരിക്കൽ ഫലസ്തീൻ മാൻഡേറ്റിന്റെ ഭാഗമായിരുന്ന മുഴുവൻ പ്രദേശങ്ങളും ഇസ്രായേൽ നിയന്ത്രണത്തിലായി. ജോർദാനെയും ഈജിപ്തിനെയും യഥാക്രമം വെസ്റ്റ്ബാങ്കിൽ നിന്നും ഗസ്സയിൽ നിന്നും പുറത്താക്കി, ഈ പ്രദേശങ്ങൾ അങ്ങനെ ഇസ്രായേലി സൈനിക അധിനിവേശത്തിന് വിധേയമായി. ഇതിനു പുറമെ, സിറിയൻ ഗോലാൻ കുന്നുകളും സീനാ ഉപദ്വീപും ഇസ്രായേൽ പിടിച്ചെടുത്തു. 1948ലെ യുദ്ധത്തിന് സമാനമായി, 1967ലെ യുദ്ധം കൂടുതൽ വംശീയ ഉന്മൂലനത്തിന് മറയായി വർത്തിച്ചു. യുദ്ധം അവസാനിച്ചപ്പോഴേക്കും, വെസ്റ്റ്ബാങ്കിലെയും ഗസ്സ മുനമ്പിലേയും ലക്ഷക്കണക്കിന് ഫലസ്തീനികൾ വംശീയമായി ഉൻമൂലനം ചെയ്യപ്പെട്ടു. ഗോലാൻ കുന്നുകളിലെ ഒരു ലക്ഷത്തിലധികം സിറിയക്കാരും കൂട്ടക്കൊലക്കിരയായി, അവരുടെ ഗ്രാമങ്ങളും ആവാസകേന്ദ്രങ്ങളും തകർക്കപ്പെടുകയും തുടച്ചുനീക്കപ്പെടുകയും ചെയ്തു.

ഈ പരാജയം ചരിത്രത്തിൽ ‘നക്സ’ (തിരിച്ചടി) എന്ന് അറിയപ്പെട്ടു. ഈ തിരിച്ചടി ഫലസ്തീനികളുടെയും വിശാല അറബ് ജനതയുടെയും മനോവീര്യത്തെ തകർക്കുന്നതിനും കാരണമായി വർത്തിച്ചു.

Related Articles