Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേൽ എന്ന വംശീയ ഭീകര രാഷ്ട്രം

ഇസ്രായേലി പ്രോപഗണ്ടയുടെ അടിസ്ഥാനങ്ങളിൽ ഒന്നാണ് എല്ലാ ഇസ്രായേലി പൗരൻമാരും തുല്യരാണെന്ന അവകാശവാദം. പൗരത്വം, ദേശീയത എന്നിവയെ ഇസ്രായേൽ വേർതിരിച്ചാണ് കാണുന്നത് എന്ന വസ്തുതയെ മറച്ചുവെക്കുകയാണ് പ്രസ്തുത അവകാശവാദത്തിന്റെ ലക്ഷ്യം.

എന്താണ് ഇതുകൊണ്ട് അർഥമാക്കുന്നത്?

നിങ്ങൾക്ക് ഇസ്രായേലിലെ ഒരു പൗരനാകാം, എന്നാൽ ദേശീയതയുടെ കാര്യത്തിൽ ദേശീയ ഡ്രൂസ് അല്ലെങ്കിൽ ദേശീയ ജൂതൻ എന്നീ രണ്ടു സാധ്യതകൾ മാത്രമേയുള്ളു. നിങ്ങളുടെ വംശമാണ് നിങ്ങളുടെ ദേശീയത നിർണയിക്കുന്നത്, അതിനെ മാറ്റാനോ വെല്ലുവിളിക്കാനോ കഴിയില്ല. ഇസ്രായേലിൽ നിങ്ങൾക്ക് അനുവദിക്കപ്പെട്ടിട്ടുള്ള പല അവകാശങ്ങളും ഉരുവംകൊള്ളുന്നത് നിങ്ങളുടെ പൗരത്വത്തിൽ നിന്നല്ല, മറിച്ച് നിങ്ങളുടെ ദേശീയതയിൽ നിന്നാണ്. അതായത്, ഒരു രാജ്യത്തിന്റെ പൗരൻമാരായിരിക്കുമ്പോൾ തന്നെ, ഒരു “അറബ്” ഇസ്രായേലി പൗരനും ഒരു ജൂത ഇസ്രായേലി പൗരനും തങ്ങളുടെ “ദേശീയത”യാൽ നിർണയിക്കപ്പെടുന്ന വ്യത്യസ്ത തരം അവകാശങ്ങളും പദവികളുമാണ് അനുഭവിക്കുന്നത്. ഒരു വിഭാഗം പൗരൻമാർക്ക് പ്രത്യേകാവകാശങ്ങൾ നൽകുകയും മറ്റൊരു വിഭാഗത്തോട് വിവേചനം കാണിക്കുകയും ചെയ്യുന്നു എന്നതാണ് ഇസ്രായേലിനെ ഒരു വംശീയരാഷ്ട്രമാക്കുന്നത്.

കേവലം നാട്ടുനടപ്പല്ല ഈ വിവേചനം, മറിച്ച് നിയമത്തിന്റെ പിൻബലത്തോടെയുള്ള വിവേചനമാണ് നടക്കുന്നത്. ജൂതേതര ഇസ്രായേലി പൗരൻമാരെ പ്രതികൂലമായി ബാധിക്കുന്ന ഇസ്രായേലിലെ വിവേചന നിയമങ്ങൾ അദാല പട്ടികപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, Law of Return, Absentees’ Property Law എന്നീ നിയമങ്ങൾ ഇസ്രായേലി നിയമവ്യവസ്ഥയിലെ വംശീയതയുടെയും വിവേചനത്തിന്റെയും രണ്ട് ഉദാഹരണങ്ങൾ മാത്രമാണ്.

പഴയതും അസാധാരണവുമായ തെറ്റായ നിയമങ്ങളാണ് ഇവ എന്ന് തെറ്റിദ്ധരിക്കുന്നത്, മറിച്ച് ഇസ്രായേൽ സമൂഹത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ് പ്രസ്തുത നിയമങ്ങൾ. വംശീയതയുടെ അടിസ്ഥാനത്തിൽ വിവേചനം കാണിക്കാത്ത ഇസ്രായേലി ദേശീയതക്ക് അംഗീകാരം നേടിയെടുക്കാൻ ഇസ്രായേലികളിൽ തന്നെ ചിലർ സുപ്രീംകോടതിയിൽ ഹരജികൾ സമർപ്പിക്കാറുണ്ട്, അപ്പോഴെല്ലാം അത് കൂടുതൽ ശക്തിപ്പെടുത്തുന്ന നടപടിയാണ് സുപ്രീംകോടതിയുടെ ഭാഗത്തുനിന്നും ഉണ്ടാവാറ്. അത്തരം ഹരജികൾക്ക് എന്താണ് സംഭവിക്കുക എന്നതിന്റെ ഒരു സമീപകാല ഉദാഹരണം 2013ൽ നടക്കുകയുണ്ടായി, ഇത്തരമൊരു ആശയം “ഇസ്രായേലിന്റെ ജൂതസ്വത്വത്തെ ദുർബലപ്പെടുത്തും” എന്ന കാരണം പറഞ്ഞ് അന്ന് സുപ്രീംകോടതി പ്രസ്തുത ഹരജി തള്ളിക്കളയുകയാണ് ഉണ്ടായത്.

വംശീയതയെ അടിസ്ഥാനമാക്കിയല്ലാത്ത ഒരു ഏകീകൃത സമത്വ സ്വത്വം “ജൂത ജനതയ്ക്കു വേണ്ടിയുള്ള ജൂത രാഷ്ട്രം എന്ന ഇസ്രായേലിന്റെ സ്ഥാപിത തത്വത്തിന് അപകടമുണ്ടാക്കും” എന്ന കോടതി വിധി ഇസ്രായേലിനെ കുറിച്ച് മനസ്സിലാക്കാൻ ധാരാളമാണ്. ഇത്തരം വിവേചനം ഇസ്രായേലി സമൂഹത്തിന്റെ ഒരു അടിസ്ഥാനമായാണ് അവർ കാണുന്നത് എന്ന വസ്തുത അതിന്റെ കൊളോണിയൽ വംശീയ സ്വഭാവത്തെ ശക്തിപ്പെടുത്തുകയും , പൗരൻമാർക്കിടയിലെ തുല്യതയ്ക്കു വേണ്ടിയുള്ള അവകാശവാദങ്ങളെ ദുർബലപ്പെടുത്തുകയുമാണ് ചെയ്യുന്നത്.

എന്നാലിത് മഞ്ഞുമലയുടെ അഗ്രം മാത്രമാണ്, ഇസ്രായേലികൾക്കിടയിലെ അസമത്വത്തിന്റെ ചില വശങ്ങൾ മാത്രമാണിത്. ജൂതേതര ഇസ്രായേലികൾക്കെതിരായ യഥാർഥ വിവേചനം പരിശോധിക്കുന്നത് ഇസ്രായേലിന്റെ വംശീയ അധികാര ശ്രേണിയെ സംബന്ധിച്ച് കൂടുതൽ വ്യക്തത നൽകും.

ഇസ്രായേലിലെ ഫലസ്തീൻ പൗരൻമാരിൽ ഏതാണ്ട് പകുതിയും ദാരിദ്ര്യരേഖയ്ക്കു കീഴിലാണ് ജീവിക്കുന്നത്, ഗണ്യമായ ശതമാനം ആളുകൾ ദാരിദ്ര്യരേഖയ്ക്ക് തൊട്ടുമുകളിലും. ആയുർദൈർഘ്യം വളരെ കുറവാണ്, ശിശുമരണ നിരക്ക് വളരെ കൂടുതലാണ്, വിദ്യഭ്യാസം, പൊതുസമ്പത്ത് അതുപോലെ തന്നെ മുൻസിപാലിറ്റി, സർക്കാർ ധനസഹായം എന്നിവയുടെ ലഭ്യതയും വളരെ കുറവാണ്. ഇതു സംബന്ധിച്ച് കൂടുതൽ ആഴത്തിൽ അറിയാൻ താൽപര്യമുണ്ടെങ്കിൽ അദാലയുടെ The Inequality Report വായിച്ചു നോക്കാവുന്നതാണ്.

ഗ്രീൻ ലൈനിനകത്തുള്ള ഭൂരിഭാഗം ഭൂമിയും ഇസ്രായേലിലെ ഫലസ്തീൻ പൗരൻമാർക്ക് പ്രവേശനമില്ലാത്തതാണ്. ഇസ്രായേലിലെ വലിയൊരു ശതമാനം ഭൂമിയും ജ്യൂയിഷ് നാഷണൽ ഫണ്ടിന്റെ (ജെഎൻഎഫ്) നിയന്ത്രണത്തിലാണ്.

“ജൂതർക്ക് മാത്രമായി ഭൂവികസന പ്രവർത്തികൾ നടത്താനും പാട്ടത്തിന് നൽകാനും ഒരു പ്രത്യേക ചട്ടം ജെഎൻഎഫിനുണ്ട്. ആയതിനാൽ ജെഎൻഎഫിന്റെ ഉടമസ്ഥതയിലുള്ള ഇസ്രായേലിലെ 13 ശതമാനം ഭൂമിയിലും ഫലസ്തീൻ അറബ് പൗരൻമാർക്ക് പ്രവേശനമില്ല. ജെഎൻഎഫിന്റെ ഉടമസ്ഥതയിലുള്ള ഭൂമി ഇസ്രായേൽ ലാൻഡ് അതോറിറ്റി (ഐഎൽഎ) പാട്ടത്തിന് നൽകുന്നത് ജൂതൻമാർക്ക് മാത്രമാണ്, ഒന്നുകിൽ ഇസ്രായേലി പൗരൻമാർക്ക് അല്ലെങ്കിൽ പ്രവാസികളായ ജൂതൻമാർക്ക്. ഭൂമി അനുവദിക്കുന്നതിലും ഉപയോഗിക്കാൻ നൽകുന്നതിലും അറബ് പൗരൻമാർക്കെതിരായ പ്രത്യക്ഷ വിവേചനത്തിൽ രാഷ്ട്രത്തെ നേരിട്ട് പങ്കാളിയാക്കുന്നതാണ് ഈ ക്രമീകരണം..”

ജെഎൻഎഫ് മാത്രമല്ല ഇസ്രായേലിലെ ഫലസ്തീൻ പൗരൻമാരെ വസ്തു, ഭൂമി എന്നിവ വാങ്ങുന്നതിൽ നിന്നും പാട്ടത്തിനോ വാടകയ്ക്കോ എടുക്കുന്നതിൽ നിന്നും തടയുന്നത്, മറിച്ച് പ്രാദേശിക കൗൺസിലുകളും ഇതേ നയം തന്നെയാണ് ഫലസ്തീനികളോട് വെച്ചുപുലർത്തുന്നത്. “അനുയോജ്യർ” അല്ലെന്ന് തോന്നുന്ന ആളുകളെ ഈ പ്രദേശങ്ങളിൽ താമസിക്കുന്നതിൽ നിന്ന് വിലക്കാനുള്ള അധികാരം ഈ കൗൺസിലുകൾക്കുണ്ട്. പ്രയോഗത്തിൽ, ജൂതേതര ഇസ്രായേലികൾക്ക് ജൂത പ്രദേശങ്ങളിൽ വീടെടുത്ത് താമസിക്കാൻ കഴിയില്ല. ഇസ്രായേലിന്റെ നിയന്ത്രണത്തിലുള്ള മൊത്തം ഭൂമിയിൽ ഏതാണ്ട് 80 ശതമാനം ഭൂമിയും ഇസ്രായേലിലെ ഫലസ്തീൻ പൗരൻമാർക്ക് വിലക്കപ്പെട്ടതാണെന്ന് ഐക്യരാഷ്ട്രസഭയിൽ സമർപ്പിച്ച പ്രസ്താവനയിൽ ഹാബിറ്റാറ്റ് അന്താരാഷ്ട്ര സഖ്യവും അദാലയും വ്യക്തമാക്കുന്നുണ്ട്.

നിങ്ങൾ എങ്ങനെ നോക്കിയാലും, ഇസ്രായേലി സമൂഹം ആഴത്തിൽ വേർതിരിക്കപ്പെട്ടതും ശ്രേണീപരവുമാണ്. നിയമവ്യവസ്ഥയിലൂടെയോ അല്ലെങ്കിൽ ശരാശരി ജൂത ഇസ്രായേലികളുടെ മനോഭാവത്തിലൂടെയോ, ഇസ്രായേലിന്റെ വംശീയ സ്വഭാവവും വസ്തുതകൾ വളച്ചൊടിക്കുന്നതിനോടുള്ള അഭിനിവേശവും എല്ലായ്പ്പോഴും മറനീക്കി പുറത്തുവരും. ഉയർന്ന ജീവിത നിലവാരം അല്ലെങ്കിൽ ഒറ്റപ്പെട്ട ഏതെങ്കിലും “അറബ്” ജഡ്ജിയെ ചൂണ്ടികാണിച്ച് ചിലർ ഇതെല്ലാം നിഷേധിക്കും, എന്നാൽ നേരത്തെ സൂചിപ്പിച്ചതു പോലെ, ഇവയൊന്നും ഇസ്രായേൽ സമൂഹത്തിന്റെ അടിസ്ഥാനമായ തീവ്രമായ അസമത്വത്തിനു നേർക്ക് വെല്ലുവിളി ഉയർത്തുന്നതല്ല. ഈ നിഷേധം ഇസ്രായേലികളുടെ മാത്രം പ്രത്യേകതയല്ല. നേരിട്ടോ അല്ലാതെയോ അതിന്റെ നേട്ടം അനുഭവിക്കുന്നവരാണെങ്കിലും, വെളുത്ത വർഗാധിപത്യം ഇല്ലെന്ന് പറയുന്ന വെളുത്ത അമേരിക്കക്കാരെ നമുക്ക് കാണാൻ കഴിയും. ( തുടരും )

Related Articles