Current Date

Search
Close this search box.
Search
Close this search box.

ഗസ്സ; ഇസ്രായേലിന്റെ ആയുധ പരീക്ഷണശാല

രണ്ടാം ഇൻതിഫാദയുടെ അവസാനത്തോടെ, നിരാശയുടെയും ശക്തിയില്ലായ്മയുടെയും ഒരു പൊതു അന്തരീക്ഷം ഫലസ്തീൻ സമൂഹത്തിൽ ആധിപത്യം സ്ഥാപിച്ചു. പ്രതീക്ഷിച്ച നേട്ടങ്ങൾ കൈവരിക്കുന്നതിൽ ഇൻതിഫാദ പരാജയപ്പെട്ടു, ഫലസ്തീൻ പ്രദേശങ്ങളുടെ മേലുള്ള ഇസ്രായേലി നിയന്ത്രണം കർശനമായി. ഫലസ്തീൻ അതോറിറ്റി കെട്ടിപ്പടുത്തതിൽ പലതും തകർന്നടിഞ്ഞു, അതോടൊപ്പം ഓസ്ലോ ഉടമ്പടികൾക്കും ദ്വിരാഷ്ട്ര പരിഹാരത്തിനുമുള്ള പൊതു പിന്തുണയിൽ ഇടിവ് സംഭവിച്ചു.

2006ൽ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഹമാസ് ഭൂരിപക്ഷം നേടി, തങ്ങളുടെ എതിരാളിയും പിഎൽഓയുടെയും ഫലസ്തീൻ അതോറിറ്റിയുടെയും പരമ്പരാഗത നേതൃത്വമായ ഫതഹിനെ ഹമാസ് പരാജയപ്പെടുത്തി. ഈ വിജയത്തിന്റെ പശ്ചാത്തലത്തിൽ, ഹമാസ് ഒരു “ഭീകര സംഘടന”യാണെന്ന് വാദം ഉയർന്നുവന്നതോടെ, അന്താരാഷ്ട്ര സമൂഹത്തിൽ നിന്നും ഇസ്രായേലിൽ നിന്നും ഫലസ്തീനികൾ വലിയ സമ്മർദ്ദം നേരിടേണ്ടി വന്നു. ഈ സമ്മർദ്ദങ്ങളെ ചെറുക്കാനുള്ള ശ്രമത്തിൽ, ഫതഹും ഹമാസും ചേർന്ന് ഒരു ഐക്യസർക്കാർ രൂപീകരിച്ചു. നിർഭാഗ്യവശാൽ, ബാഹ്യ സമ്മർദ്ദവും അതോടൊപ്പം നയതന്ത്രം, കാഴ്ചപ്പാട്, പ്രത്യശാസ്ത്രം എന്നിവയുമായി ബന്ധപ്പെട്ട ആഭ്യന്തര പ്രശ്നങ്ങളും കാരണം പ്രസ്തുത സർക്കാർ തകർന്നുവീണു. ഇതോടെ സൈനിക നടപടിയിലൂടെ ഫതഹ് ഭൂരിപക്ഷ സർക്കാർ ഏജൻസികളുടെയും സുരക്ഷാസേനയുടെയും നിയന്ത്രണം ഹമാസ് പിടിച്ചെടുത്തു.

രണ്ടാം ഇൻതിഫാദക്കു മുമ്പുതന്നെ, ഫലസ്തീന്റെ മറ്റു ഭാഗങ്ങളിൽ നിന്ന് ഗസ്സയെ ഒറ്റപ്പെടുത്താൻ ഇസ്രായേൽ കഠിനമായി പരിശ്രമിച്ചിരുന്നു. 1990കൾ മുതൽ തന്നെ വെസ്റ്റ് ബാങ്കിനും ഗസ്സക്കും ഇടയിലുള്ള യാത്ര എല്ലായ്പ്പോഴും ദുഷ്കരമായിരുന്നു, ഇന്നത് സാധാരണക്കാർക്ക് അസാധ്യമായ കാര്യമാണ്. 2007ൽ ഹമാസ് ഗസ്സ ഏറ്റെടുത്തതിന് ശേഷം ഇസ്രായേൽ നടപ്പിലാക്കിയ സൈനിക ഉപരോധം ഈ അവസ്ഥയെ കൂടുതൽ കഠിനമായി. ഫലസ്തീൻ അതോറിറ്റി സ്ഥാപിതമായതിനു ശേഷം ആദ്യമായി, വെസ്റ്റ് ബാങ്കും ഗസ്സ മുനമ്പും ഒരിക്കൽ കൂടി രാഷ്ട്രീയമായി വേർതിരിക്കപ്പെട്ടു.

അടിസ്ഥാനപരമായി, ഇസ്രായേലിനാൽ നാലുഭാഗത്തുനിന്നും ഉപരോധിക്കപ്പെട്ട ഒരു ചേരിപ്രദേശമായി ഗസ്സ മാറി. തങ്ങളുടെ വശത്തു നിന്നും ഈ ഉപരോധം നിലനിർത്താൻ ഈജിപ്ത് എല്ലാസഹായവും നൽകുന്നുണ്ട്. വിവിധ കാരണങ്ങൾ പറഞ്ഞ് ഇസ്രായേൽ പലതവണ ഗസ്സക്കു മേൽ ക്രൂരമായ ആക്രമണങ്ങൾ അഴിച്ചുവിട്ടിട്ടുണ്ട്. 2008ലെയും 2014ലെയും ആക്രമണങ്ങൾ ഒരു ഉദാഹരണമാണ്. നൂറുകണക്കിന് പിഞ്ചുകുട്ടികൾ അടക്കം ആയിരക്കണക്കിന് ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇസ്രായേലിലെ ആയുധ നിർമാണ കമ്പനികളെ സംബന്ധിച്ച് സൗകര്യപ്രദമായ ഒരു പരീക്ഷണശാലയാണ് ഗസ്സ, “battle tested” (യുദ്ധത്തിൽ പരീക്ഷിക്കപ്പെട്ടത്) എന്ന ലേബലിലാണ് ഇസ്രായേൽ ആയുധങ്ങൾ വിൽക്കുന്നത്.

മുൻ ലേഖനങ്ങളിൽ സൂചിപ്പിച്ചതു പോലെ, ഒരു ചെറിയ തീരപ്രദേശമാണ് ഗസ്സ മുനമ്പ്. നക്ബയുടെ സമയത്ത് ഇസ്രായേലികളുടെ ആക്രമണം ഭയന്ന് ഫലസ്തീൻ ഗ്രാമങ്ങളിൽ നിന്നും പലായനം ചെയ്യേണ്ടി വന്ന അഭയാർഥികളാണ് ഇന്ന് ഗസ്സയിൽ ജീവിക്കുന്നവരിൽ ഭൂരിഭാഗവും. ഇത്തരമൊരു വലിയ ജനസംഖ്യയെ ഉൾക്കൊള്ളാനും പരിപാലിക്കാനുമുള്ള ശേഷി ഗസ്സക്കില്ല. ഐക്യരാഷ്ട്രസഭയുടേതടക്കമുള്ള റിപ്പോർട്ടുകൾ അനുസരിച്ച്, ജീവിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് ഗസ്സ നീങ്ങുകയാണ്. ജലസ്രോതസ്സുകൾ ക്രമേണയായി വിഷലിപ്തമാവുകയാണ്, സിവിലിയൻ ഇൻഫ്രാസ്ട്രക്ച്ചറുകൾ ഇസ്രായേലിന്റെ ഇടയ്ക്കിടെയുള്ള ഷെല്ലാക്രമണത്തിലും ബോംബാക്രമണത്തിലും നശിപ്പിക്കപ്പെടുകയും ചെയ്യുന്നു.

അടുത്തിടെ, ഗസ്സയിലെ അഭയാർഥികൾ ‘ഗ്രേറ്റ് മാർച്ച് ഓഫ് റിട്ടേൺ’ സംഘടിപ്പിക്കുകയുണ്ടായി, ഉപരോധം അവസാനിപ്പിക്കാനും, തങ്ങളുടെ സ്വന്തം വീടുകളിലേക്ക് മടങ്ങാൻ വേണ്ടിയുള്ള അവകാശത്തിനും വേണ്ടി പതിനായിരക്കണക്കിന് ആളുകളാണ് ഗസ്സയുടെ അതിർത്തികളിൽ സമാധാനപരമായി പ്രതിഷേധിക്കുന്നതിന് വേണ്ടി ഒത്തുകൂടിയത്. എന്നാൽ ഈ മാർച്ച് ഹമാസ് ആസൂത്രണം ചെയ്ത “കലാപം” ആണെന്നാണ് ഇസ്രായേൽ അവകാശപ്പെട്ടത്, അതിൽ പങ്കെടുത്തവർ “ഭീകരവാദികൾ” ആയി മുദ്രകുത്തപ്പെട്ടു, ഇസ്രായേലി സ്നൈപ്പർമാർ അവരെ നിഷ്കരുണം വെടിവെയ്ക്കുകയും ചെയ്തു. ഇതിന്റെ ഒരു പ്രധാന ഉദാഹരണമാണ് ഫലസ്തീനിയൻ മെഡിക്ക് റസാൻ അൽനജ്ജാർ. ഇസ്രായേലി ആക്രമണത്തിൽ പരിക്കേറ്റ പ്രതിഷേധക്കാർക്ക് വൈദ്യസഹായം നൽകുന്നതിനിടെയാണ് അവർക്ക് വെടിയേറ്റത്. റസാൻ അൽനജ്ജാറിനെ ഒരു ഭീഷണിയായി ചിത്രീകരിക്കാൻ ഇസ്രായേൽ വ്യാജ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടെങ്കിലും അത് പിന്നീട് അവർക്കു തന്നെ തിരിച്ചടിയായി മാറി. ഏതാണ്ട് 200ഓളം ഫലസ്തീനികളാണ് അന്ന് കൊല്ലപ്പെട്ടത്. ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും അംഗവൈക്യലും സംഭവിക്കുകയും ചെയ്തു.

ഗസ്സ മുനമ്പിലെ സ്ഥിതി അങ്ങേയറ്റം വഷളായിക്കൊണ്ടിരിക്കുകയാണ്. ദാരിദ്ര്യം, കോവിഡ്-19, ഇസ്രായേലി ഉപരോധം തുടങ്ങിയ പരിതസ്ഥിതികൾ ഗസ്സയെ അന്ത്യമില്ലാത്ത ദുരിതത്തിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. ( തുടരും )

Related Articles