Current Date

Search
Close this search box.
Search
Close this search box.

ഒന്നാം ഇൻതിഫാദ; ഫലസ്തീനികൾ ഉയിർത്തെഴുന്നേൽക്കുന്നു

ഇസ്രായേലി കോളനിവത്കരണം ശേഷിക്കുന്ന ഫലസ്തീനിലേക്കും വ്യാപിച്ച് ഇരുപത് വർഷങ്ങൾക്കു ശേഷം, വെസ്റ്റ്ബാങ്കിലെയും ഗസ്സയിലേയും ജനങ്ങൾ അസഹനീയമായ അടിച്ചമർത്തലിനു കീഴിലാണ് ജീവിതം തള്ളിനീക്കിയത്, പുതുതായി കൈവശപ്പെടുത്തിയ ഈ പ്രദേശങ്ങളിലെ ഇസ്രായേലിന്റെ സൈനിക, സിവിൽ ഭരണം അതിന് മേൽനോട്ടംവഹിച്ചു. സിവിൽ, രാഷ്ട്രീയ സ്വാതന്ത്ര്യങ്ങൾ നിലവിലില്ലായിരുന്നു, ദിനംപ്രതിയെന്നോണം ഫലസ്തീനികൾക്ക് അപമാനവും പീഡനവും നേരിടേണ്ടിവന്നു. ഫലസ്തീൻ പതാകയുടെ നിറങ്ങളുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് പോലുള്ള ലളിതമായ കാര്യങ്ങൾ മാത്രം മതി നിങ്ങൾ ക്രൂരമായി മർദ്ദിക്കപ്പെടുകയും ജയിലിലടക്കപ്പെടുകയും ചെയ്യാൻ. ഭൂമി പിടിച്ചെടുക്കൽ വ്യാപകമായി നടന്നു, ഫലസ്തീൻ സമ്പദ്‌വ്യവസ്ഥയെ ഞെരുക്കുന്നതിന് വേണ്ടി രൂപകൽപ്പന ചെയ്ത ബോധപൂർവമുള്ള വികസനവിരുദ്ധ തന്ത്രങ്ങളും കൂട്ടായ ശിക്ഷയും ഓരോ വർഷവും അരങ്ങേറി. ഫലത്തിൽ, എല്ലാതരത്തിലും ഫലസ്തീനികളെ കീഴാളരായി കാണുന്ന ഒരു വിദേശ സൈനിക സ്വേച്ഛാധിപത്യമാണ് അവരുടെ ജീവിതത്തെ മൊത്തത്തിൽ നിയന്ത്രിച്ചിരുന്നത്.

കൂടാതെ, വിലയില്ലാത്ത, ചൂഷണം ചെയ്യാവുന്ന ഒരു തൊഴിലാളി വിഭാഗമായി ഫലസ്തീനികൾ ചുരുക്കപ്പെട്ടു, മൊത്തം ഫലസ്തീൻ തൊഴിൽ ശക്തിയുടെ ഏതാണ്ട് 35-40% ഗ്രീൻ ലൈനിനുള്ളിലാണ് ജോലി ചെയ്തിരുന്നത്. ഈ കേന്ദ്രീകൃത അടിച്ചമർത്തലും ചൂഷണവും ഒരു ചെറുതീപ്പൊരി വീണാൽ പൊട്ടിത്തെറിക്കാൻ സാധ്യതയുള്ള ഒരു കലുഷിത അന്തരീക്ഷം സൃഷ്ടിച്ചു. 1987 ഡിസംബർ 9ന് ആ തീപ്പൊരി വീണു, ഇസ്രായേൽ പ്രതിരോധ സേനയുടെ (ഐ.ഡി.എഫ്) ട്രക്ക് ഒരു ഫലസ്തീൻ വാഹനത്തിലേക്ക് ഇടിച്ചു കയറുകയും, നാലു തൊഴിലാളികൾ കൊല്ലപ്പെടുകയും ചെയ്തു. അവരിൽ മൂന്നു പേർ ഗസ്സയിലെ ജബലിയ്യ അഭയാർഥി ക്യാമ്പിൽ നിന്നുള്ളവരായിരുന്നു, അവരെ ബോധപൂർവ്വം ഇടിച്ചു കൊന്നതായാണ് ഫലസ്തീനികൾ വ്യാപകമായി മനസ്സിലാക്കിയത്. സ്വഭാവികമായും, ഇസ്രായേൽ അത്തരം ആരോപണങ്ങളെല്ലാം നിഷേധിച്ചു.

ഇത് ഇസ്രായേലിനെതിരായ വ്യാപക പ്രതിഷേധത്തിനും നിസ്സഹകരണത്തിനും ബഹിഷ്കരണത്തിനും മറ്റു തരത്തിലുള്ള ചെറുത്തുനിൽപ്പുകൾക്കും കാരണമായി, ഈ സംഭവം ഇൻതിഫാദ എന്ന് അറിയപ്പെട്ടു, ഉയിർത്തെഴുന്നേൽപ്പ്, ചെറുത്തുനിൽപ്പ്, കുടഞ്ഞുകളയൽ എന്നെല്ലാമാണ് അതു കൊണ്ട് അർഥമാക്കുന്നത്. ഫലസ്തീനികൾ ഇസ്രായേലി ഉൽപ്പന്നങ്ങൾ അഗ്നിക്കിരയാക്കുകയും, സിവിൽ അഡ്മിനിസ്ട്രേഷന് നികുതി നൽകാൻ വിസമ്മതിക്കുകയും, സിവിൽ അഡ്മിനിസ്ട്രേഷന് ബദലായി പ്രവർത്തിക്കാനും സേവനങ്ങൾ നൽകാനും ഫലസ്തീൻ സ്വാശ്രയത്വം പ്രോത്സാഹിപ്പിക്കാനും വേണ്ടി ജനകീയ സമിതികളായി സ്വയം സംഘടിക്കുകയും ചെയ്തു. ഈ കമ്മിറ്റികൾ ജനകീയമായി നയിക്കപ്പെടുകയും വികേന്ദ്രീകരിക്കപ്പെടുകയും ചെയ്തു, ഇസ്രായേൽ അങ്ങേയറ്റം ശ്രമിച്ചിട്ടും അവരെ തകർക്കുക എന്നത് ഏതാണ്ട് അസാധ്യമായിരുന്നു.

പ്രതീക്ഷിച്ചതു പോലെ, ഇസ്രായേൽ കടുത്ത അക്രമത്തിലൂടെ പ്രതികരിച്ചു, പതിനായിരക്കണക്കിന് സൈനികരെ വെസ്റ്റ്ബാങ്കിലും ഗസ്സയിലും വിന്യസിച്ചു. “ഉരുക്കു മുഷ്ടി” നയം നടപ്പാക്കപ്പെട്ടു, പ്രതിഷേധക്കാരുടെ കൈകാലുകൾ തകർക്കാൻ സൈനികരോട് നിർദ്ദേശിക്കപ്പെട്ടു. പ്രതികരണം ഇത്തരത്തിൽ കഠിനതരമായിരുന്നെങ്കിലും, ഇസ്രായേലികളെ പരിഭ്രാന്തരാക്കുന്ന വിധത്തിലുള്ള തിരിച്ചടികളാണ് പിന്നീട് ഉണ്ടായത്. പ്രതിഷേധങ്ങൾ ക്രൂരമായി അടിച്ചമർത്തപ്പെട്ടു, ഇൻതിഫാദയുടെ നേതാക്കൾ വധിക്കപ്പെട്ടു, എന്നാൽ ഇവയെല്ലാം കൂടുതൽ ഫലസ്തീനികൾ തെരുവിലേക്കിറങ്ങുന്നതിലാണ് കലാശിച്ചത്. ഫലസ്തീനികളെ ഇസ്രായേലി ഉൽപ്പന്നങ്ങൾ വാങ്ങിക്കാൻ നിർബന്ധിതരാക്കുന്നതിന് വേണ്ടി അവരുടെ കൃഷിയിടങ്ങളും ബിസിനസ്സ് സംരംഭങ്ങളും ഇസ്രായേൽ നശിപ്പിച്ചു. ഫലസ്തീനികളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചുപൂട്ടപ്പെട്ടു. എന്നാൽ ഇതെല്ലാം ഇൻതിഫാദയെ പിന്തുണച്ചു കൊണ്ടുള്ള യുവതയുടെ ഒഴുക്കിനെ വർദ്ധിപ്പിക്കുകയാണ് ചെയ്തത്. മാത്രമല്ല, ഇസ്രായേലിന്റെ കിരാത നടപടികൾ വലിയ അളവിൽ ഫലസ്തീനികളോട് ഐക്യദാർഢ്യവും സഹാനുഭൂതിയും സൃഷ്ടിക്കുകയും, അന്താരാഷ്ട്ര തലത്തിൽ ഇസ്രായേൽ എല്ലായ്പ്പോഴും ഉയർത്തിപിടിക്കാൻ ശ്രമിച്ച ‘പുരോഗമന’ പ്രതിച്ഛായക്ക് ഗുരുതരമായ വെല്ലുവിളി ഉയർത്തുകയും ചെയ്തു.

ഫലസ്തീനികളെ ദീർഘകാലം സ്വാധീനിച്ച ഒന്നാണ് ഇൻതിഫാദ, ഇന്നും അത് സ്നേഹപൂർവ്വം ഓർമിക്കപ്പെടുന്നു. ഫലസ്തീന് മേലുള്ള ഇസ്രായേൽ നിയന്ത്രണത്തെ ഇൻതിഫാദ കാര്യമായി വെല്ലുവിളിക്കുകയും, ഇസ്രായേലിന്റെ വർഷങ്ങളായുള്ള സൈനിക വിജയവും അറബ് സൈന്യത്തിന്റെ പരാജയവും ഈജിപ്തിന്റെ ഇസ്രായേലുമായുള്ള സാധാരണവത്കരണവും മൂലം അണഞ്ഞു പോയിരുന്ന ഫലസ്തീനികളുടെ ഉള്ളിലെ ചെറുത്തുനിൽപ്പിന്റെ അഗ്നിനാളത്തിന് ഇൻതിഫാദ വീണ്ടും തിരികൊളുത്തി. ഫലസ്തീനികൾക്ക് അവരുടെ സ്വന്തം വിധിയുടെ യജമാനൻമാരാകാമെന്നും വിദേശത്തു നിന്നുള്ള പിന്തുണയില്ലാതെ തന്നെ കൂട്ടായും സ്വയം സംഘടിച്ചും സ്വന്തം വിമോചനത്തിനായി പോരാടാമെന്നും അത് തെളിയിച്ചു. 1967ലെ യുദ്ധത്തിൽ ജറൂസലേമിന്റെ കിഴക്കൻ ഭാഗം പിടിച്ചടക്കിയ ശേഷം ജറൂസലേം ഒരു പ്രശ്നവുമില്ലാത്ത ഐക്യനഗരമാണ് എന്ന ഫാന്റസിയും അത് ഇല്ലാതാക്കി, കാരണം ചെറുത്തുനിൽപ്പ് പ്രസ്ഥാനത്തിന്റെ മുന്നണിയിൽ കിഴക്കൻ ജറൂസലേമിലെ ഫലസ്തീനികളും അണിനിരന്നിരുന്നു. ചുരുക്കത്തിൽ, വിഭവങ്ങളുടെ കാര്യത്തിലും അതുപോലെ തന്നെ മാനസികതലത്തിലും അന്താരാഷ്ട്രതലത്തിലും ഇസ്രായേലി അധിനിവേശത്തെ കഴിയുന്നത്ര ബുദ്ധിമുട്ടിലാക്കുന്നതിൽ ഇൻതിഫാദ ഒരു വിജയം തന്നെയായിരുന്നു.

ഈ സാഹചര്യത്തെ ഒരു സമ്മർദ്ദതന്ത്രമായി ഉപയോഗിക്കാനുള്ള അവസരമായി പിഎൽഓ കണ്ടു. യു.എസ്സിൽ നിന്നും സോവിയറ്റ് യൂണിയനിൽ നിന്നുമുള്ള അന്താരാഷ്ട്ര പിന്തുണയോടെ, 1991ലെ മാഡ്രിസ് സമാധാന ഉച്ചകോടിയിൽ അത് പരകോടിയിലെത്തി. ഫലസ്തീനികളും ഇസ്രായേലികളും തമ്മിലുള്ള ചർച്ചയിലൂടെ ഒത്തുതീർപ്പിലെത്താനുള്ള ശ്രമമായിരുന്നു അത്. ഇസ്രായേലിന്റെ എതിർപ്പിനെ തുടർന്ന് പി.എൽ.ഓ ഔദ്യോഗിക ഫലസ്തീൻ പ്രതിനിധി സംഘത്തിന്റെ ഭാഗമായിരുന്നില്ലെങ്കിലും, പ്രതിനിധി സംഘവുമായി അടുത്തുനിന്ന് തന്നെ പി.എൽ.ഓ പ്രവർത്തിച്ചു. മാഡ്രിഡ് ഉച്ചകോടിക്ക് ചിലർ പ്രതീകാത്മക പ്രാധാന്യം നൽകിയിരുന്നെങ്കിലും, പ്രായോഗികതലത്തിൽ അത് വളരെ കുറച്ച് സ്വാധീനം മാത്രമേ ഉണ്ടാക്കിയിട്ടുള്ളൂ. അതേസമയം തന്നെ തിരശ്ശീലയ്ക്ക് പിന്നിൽ നടന്നുകൊണ്ടിരുന്ന രഹസ്യ ഓസ്ലോ ചർച്ചകൾക്ക് കൂടുതൽ പ്രകടമായ ഫലങ്ങൾ ഉണ്ടായിരുന്നു. (തുടരും)

Related Articles