കഴിഞ്ഞ ഒക്ടോബർ 19 – ന് ഫലസ്തീൻ പോരാളി സംഘങ്ങളുടെ പ്രതിനിധികളെ ഡമസ്കസിൽ വെച്ച് സിറിയൻ പ്രസിഡന്റ് ബശ്ശാറുൽ അസദ് സ്വീകരിക്കുകയുണ്ടായി. 2012 – ന് ശേഷം ഇതാദ്യമായി ഈ സംഘത്തിൽ ഹമാസിന്റെ നേതാക്കളും ഉണ്ടായിരുന്നു. ഹമാസിന്റെ രാഷ്ട്രീയ കാര്യസമിതി അംഗവും അറബി- ഇസ്ലാമിക രാജ്യബന്ധങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന സമിതിയുടെ പ്രസിഡന്റുമായ ഖലീൽ അൽ ഹയ്യ ആയിരുന്നു ഹമാസ് സംഘത്തിന്റെ തലവൻ. ഇതോടെ ഹമാസും സിറിയൻ ഭരണകൂടവും തമ്മിൽ കഴിഞ്ഞ പത്ത് വർഷമായി തുടരുന്ന ബന്ധവിഛേദമാണ് ഇല്ലാതായത്. തീർത്തും വ്യത്യസ്തമായ ഒരു പുതിയ ഘട്ടത്തിലേക്ക് ആ ഉഭയകക്ഷി ബന്ധം എത്തിയിരിക്കുകയാണ്.
വളരെ പെട്ടെന്നാണ് പല ഘട്ടങ്ങൾ തരണം ചെയ്ത് ഹമാസ് ബന്ധം പുനഃസ്ഥാപിച്ചത്. കഴിഞ്ഞ ജൂണിൽ തന്നെ ബന്ധം പൂർവസ്ഥിതിയിലാകാൻ പോകുന്നു എന്ന അഭ്യൂഹം പരന്നിരുന്നു. അത് ശരിയാണെന്ന് സ്ഥിരീകരിച്ചു കൊണ്ട് കഴിഞ്ഞ സെപ്തമ്പറിൽ ഹമാസിന്റെ പ്രസ്താവന വന്നു. ഇപ്പോഴിതാ ഡമസ്കസിലേക്കുളള ഫലസ്തീനി സംഘത്തിൽ ഹമാസ് പങ്കാളിയാവുകയും ചെയ്തിരിക്കുന്നു. ഹമാസ് ബന്ധം സ്ഥാപിച്ചത് നേരിട്ടല്ലെങ്കിലും, ഫലസ്തീനി പ്രതിനിധി സംഘത്തിന്റെ ഭാഗമെന്ന നിലയിലാണെങ്കിലും ഹമാസ് പ്രതിനിധി ഹയ്യയെ ആണ് സിറിയൻ മാധ്യമങ്ങൾ ഫോക്കസ് ചെയതത്. അതോടനുബന്ധിച്ചുള്ള പത്രസമ്മേളനത്തിൽ ചോദ്യങ്ങളും അദ്ദേഹത്തോടായിരുന്നു. സംഭവത്തിൽ കേന്ദ്ര സ്ഥാനം ഹമാസിന് തന്നെ എന്ന് വ്യക്തം.
കഴിഞ്ഞ ഏതാനും മാസങ്ങളായി ഇതിന്റെ പേരിൽ ഹമാസ് അതിരൂക്ഷമായ എതിർപ്പുകൾ നേരിട്ട് കൊണ്ടിരിക്കുകയാണ്. പണ്ഡിതരും പ്രബോധകരും ഇസ്ലാമിക പ്രസ്ഥാനങ്ങളുമൊക്കെ തന്നെയാണ് വിമർശകരുടെ മുൻപന്തിയിൽ. ചില പ്രതിയോഗികൾ സിറിയൻ ഭരണകൂടവും ഹമാസും തമ്മിലുണ്ടാക്കിയ ധാരണ ഹറാമാണെന്ന് വിധിയെഴുതുന്നു. ചിലരതിനെ ധാർമിക വൈരുധ്യം എന്ന് വിശേഷിപ്പിക്കുന്നു. അതിനാലൊരു രാഷ്ട്രീയ താൽപര്യവും സംരക്ഷിക്കാൻ കഴിയില്ലെന്ന് വിശ്വസിക്കുന്നു മറ്റൊരു കൂട്ടർ. ഇങ്ങനെയൊക്കെ വിമർശനമുയർന്നിട്ടും ഹമാസിന്റെ ഭാഗത്ത് നിന്ന് തൃപ്തികരമായ ഒരു വ്യാഖ്യാനം ഇത് വരെ ഉണ്ടായിട്ടില്ല. എന്ന് മാത്രമല്ല, ഹമാസിന്റെ രാഷ്ട്രീയ കാര്യ ഉപാധ്യക്ഷൻ സ്വാലിഹ് അൽ ആറൂറി പറഞ്ഞത്, ഈ ഉഭയകക്ഷി ധാരണക്ക് ഇടവരുത്തിയ കാരണങ്ങൾ പരസ്യമായി പറയാൻ ബുദ്ധിമുട്ടുണ്ട് എന്നാണ്. കാരണം ആ തുറന്നു പറച്ചിൽ, ബന്ധങ്ങൾ പുനഃസ്ഥാപിക്കുക വഴി സാക്ഷാൽക്കരിക്കപ്പെടേണ്ട ‘താൽപ്പര്യങ്ങളെ നഷ്ടപ്പെടുത്തിക്കളയും.’
എങ്കിലും ഹമാസ് വക്താക്കളുടെ എഴുത്തുകളിൽ നിന്ന് ചില സൂചനകൾ നമുക്ക് ലഭിക്കുന്നുണ്ട്. ഒന്നാമതായി, സിറിയൻ ഭൂമി ഫലസ്തീൻ ചെറുത്തുനിൽപ്പിൽ ഒഴിച്ചുകൂടാൻ പറ്റാത്തത്ര തന്ത്ര പ്രധാനമാണ് എന്നത് തന്നെ. രണ്ടാമത്തെ കാരണം തീർച്ചയായും ചില അറബ് രാജ്യങ്ങൾ ഇസ്രയേലുമായി നയതന്ത്ര ബന്ധങ്ങൾ സ്ഥാപിച്ചതാണ്. അതിന്റെ സ്വാധീനം മേഖലാ രാഷ്ടീയത്തിലും നന്നായി പ്രതിഫലിക്കുന്നുണ്ട്. ആ സംഭവവികാസങ്ങൾ ഫലസ്തീൻ ചെറുത്തു നിൽപ്പിന്റെ അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്യുന്നു. റഷ്യ – യുക്രെയ്ൻ യുദ്ധത്തിന്റെ ആഘാതങ്ങളും ഇതിനോടൊപ്പം ചേർത്ത് വെക്കണം.
തങ്ങളുടെ തീരുമാനത്തിന് ജനപിന്തുണ ഉണ്ടാകില്ലെന്നും അത് ആളുകളെ ബോധ്യപ്പെടുത്തുക പ്രയാസകരമാണെന്നും ഹമാസിന് അറിയാം. ഈ നിലപാടിന്റെ അർഥം സിറിയൻ ഭരണകൂടത്തിന്റെ ആഭ്യന്തര നയങ്ങൾക്കുളള പിന്തുണയല്ലെന്നും അതിന്റെ ഒപ്പം നിൽക്കലല്ലെന്നും ഫലസ്തീൻ പ്രശ്നത്തിൽ മാത്രം പരിമിതമാണെന്നുമൊക്കെ എങ്ങനെയൊക്കെ ഹമാസ് പറഞ്ഞു നോക്കിയാലും ആക്ഷേപത്തിന്റെയും വിമർശനത്തിന്റെയും കാഠിന്യം ഒട്ടും കുറയാൻ പോകുന്നില്ല. ഖലീൽ ഹയ്യ തന്റെ പത്രസമ്മേളനത്തിൽ സിറിയൻ ഭരണകൂടവും ഹമാസും തമ്മിലുള്ള ഭാവി ബന്ധങ്ങൾ അവ്യക്തമാണെന്നും ഒന്നും തീരുമാനമായിട്ടില്ലെന്നും പറയുന്നുണ്ട്. ഇരുപക്ഷവും തമ്മിലുളള ചർച്ചയിലൂടെ മാത്രമേ അത് തീരുമാനമാവൂ എന്നും. പക്ഷെ ഒരു കാര്യം ഉറപ്പാണ്. വിഛേദിച്ച ബന്ധം പുനഃസ്ഥാപിച്ചിരിക്കുന്നു. അത് പൂർവസ്ഥിതിയിലായിരിക്കുന്നു. അതിനാൽ ഹമാസ് പുതിയൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു.
പുതിയ വെല്ലുവിളികൾ
ഇന്നലെയല്ല ഇന്ന് എന്ന് ഹമാസിന് അറിയാം. സിറിയൻ ഭരണ കൂടവുമായി മുമ്പുണ്ടായിരുന്ന ബന്ധങ്ങൾ അതേപടി പുനഃസ്ഥാപിക്കാൻ കഴിയണമെന്നില്ല. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ പാലത്തിനടിയിലൂടെ ഒരു പാട് വെള്ളം ഒഴുകിക്കഴിഞ്ഞിട്ടുണ്ടല്ലോ. സിറിയൻ ഭരണകൂടം ഇപ്പോൾ ഹമാസിനെ എങ്ങനെ കാണുന്നു, അതിനെ സഹായിക്കുമോ, സഹായിക്കാനുള്ള ശേഷി ആ ഭരണകൂടത്തിന് ഉണ്ടോ, സിറിയയിലെ ആഭ്യന്തര പ്രശ്നങ്ങളും വിദേശ ഇടപെടലുകളും അതിനെ എങ്ങനെ സ്വാധീനിക്കും, ഫലസ്തീനികൾക്കെതിരെ ഇസ്രയേൽ നടത്തുന്ന നിരന്തര ആക്രമണങ്ങൾ ആ ബന്ധങ്ങളെ എങ്ങനെ ബാധിക്കും ഇങ്ങനെ ഒരു പാട് ചോദ്യങ്ങളുണ്ട്.
ഹമാസിന് അതിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന വിധത്തിലുളള ഒരു ബന്ധം സിറിയൻ ഭരണകൂടവുമായി ഉണ്ടാക്കിയെടുക്കുക എന്നതാണ് ഒന്നാമത്തെ വെല്ലുവിളി. അകത്തും പുറത്തും തങ്ങളുടെ മുഖം മിനുക്കാനുളള ഒന്നായി മാത്രം സിറിയ അതിനെ കാണാതിരിക്കുകയും വേണം. നഷ്ടപ്പെടുന്ന ഇമേജ് വീണ്ടെടുക്കുക എന്നതും ഹമാസിനെ സംബന്ധിച്ച് വളരെ പ്രധാനമാണ്. കാരണം കടുത്ത വിമർശകരായി രംഗത്തുള്ളത് സംഘടനയെ എത്രയോ കാലമായി അകമഴിഞ്ഞ് പിന്തുണച്ച് വരുന്ന ഇസ്ലാമിസ്റ്റുകളും അറബ് വിപ്ലവങ്ങളെ പിന്തുണച്ചവരുമൊക്കെയാണ്. ഏറ്റവും വലിയ വെല്ലുവിളി, ആഭ്യന്തരമായി സിറിയൻ ഭരണകൂടം അവിടത്തെ പ്രതിപക്ഷത്തിനെതിരെ നിർമിച്ചു കൊണ്ടിരിക്കുന്ന നരേറ്റീവുകളെ നിരാകരിക്കാനും അവയിൽ നിന്ന് അകലം പാലിക്കാനും ഹമാസിന് കഴിയണം എന്നതാണ്. അല്ലാത്ത പക്ഷം ഒരു പ്രതിരോധ പ്രസ്ഥാനം എന്ന നിലക്ക് പതിറ്റാണ്ടുകളായി ഹമാസ് കാത്ത് പോരുന്ന വിശ്വാസ്യതയെയും വിശ്വസ്തതയെയും തകർക്കലായിരിക്കും അത്.
ദീർഘകാല അടിസ്ഥാനത്തിൽ നോക്കിയാൽ, മേഖലയിലെ വിവിധ ശക്തികളുമായും രാഷ്ട്രങ്ങളുമായും ഏതെങ്കിലും തരത്തിൽ ബന്ധങ്ങൾ നിലനിർത്തിപ്പോരുക എന്നതാണ് ഹമാസ് നേരിടുന്ന മറ്റൊരു വെല്ലുവിളി. മുൻകാലങ്ങളിൽ ഹമാസിന് അത് സാധിച്ചിട്ടുണ്ട്. എങ്കിലേ എല്ലാവരുമായും ചേർന്നുപോക്കും നിലപാടുകളിലെ സന്തുലിതത്വവും സാധ്യമാവുകയുള്ളൂ. ഇറാനുമായും അതിന്റെ സഖ്യകക്ഷികളായ സിറിയൻ ഭരണകൂടവുമായും ഹിസ്ബുല്ലയുമായും ബന്ധം പുനഃസ്ഥാപിച്ചത്, ഇസ്രയേലുമായി ബന്ധം സാധാരണ നിലയിലാക്കി ഫലസ്തീൻ പ്രശ്നം തന്നെ കുഴിച്ച് മൂടാൻ ശ്രമിക്കുന്നവർക്കെതിരെ ഹമാസിന് കരുത്ത് പകരുന്ന ഒരു നീക്കം തന്നെയാണ്. പക്ഷെ മറുപക്ഷത്ത് നിന്നുള്ള സഹകരണം അപ്പോൾ വളരെ കുറഞ്ഞു പോകും.
ഒരു കാര്യം തീർച്ചയാണ്. ഈ നീക്കത്തിന്റെ പേരിൽ ഹമാസിനെ കഠിനമായി വിമർശിക്കുന്നവർ പോലും, ഒരു കരുതൽ വേണം എന്ന സദുദ്ദേശ്യത്തിലാണ് അങ്ങനെ ചെയ്യുന്നത്. ഈ നീക്കത്തെ വഞ്ചനയായി അവർ കാണുന്നില്ല. അതിനാൽ ഈ ഡമസ്കസ് സന്ദർശനം ഉണ്ടാക്കിയ പരിക്കുകൾ ഒരളവ് വരെയെങ്കിലും പരിഹരിക്കാൻ ഹമാസ് നേതൃത്വത്തിന് കഴിയുമെന്നാണ് കരുതപ്പെടുന്നത്.
വിവ : അശ്റഫ് കീഴുപറമ്പ്
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp