Current Date

Search
Close this search box.
Search
Close this search box.

ഹമാസ്: വിമോചന പോരാട്ടങ്ങളുടെ ശക്തികേന്ദ്രം

ഹർകത്തുൽ മുഖാവമത്തിൽ ഇസ്‌ലാമിയ എന്ന ഫലസ്ത്വീനിലെ ചെറുത്ത് നിൽപു പ്രസ്ഥാനമാണ് “ഹമാസ്” എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഫലസ്ത്വീനിലെ ഏറ്റവും ജനപിന്തുണയുള്ള ഇസ്‌ലാമിക പ്രതിരോധ പ്രസ്ഥാനമാണ് ഹമാസ്. ഷെയ്ഖ് അഹമ്മദ് യാസിൻ 1987ലാണ് ഹമാസ് രൂപീകരിച്ചത്. ഫലസ്ത്വീൻ വിമോചനത്തിനായി പ്രവർത്തിക്കുന്ന ഫലസ്ത്വീനിലെ തന്നെ മുസ്‌ലിം പോരാളികളും നേതാക്കളുമായ ഡോ. അബ്ദുൽ അസീസ് അൽ-റന്തീസി, ഡോ. മഹമൂദ് അൽ സഹാർ തുടങ്ങിയവരുമായി ചേർന്നാണ് ശൈഖ് അഹ്മദ് യാസീൻ ഹമാസിനെ കെട്ടിപ്പടുത്തത്. 1987ൽ ഹമാസ് രൂപീകരിക്കുന്നത് വരെ ഫലസ്ത്വീൻ വിമോചന സമരങ്ങളുടെ നെടുനായകത്വം ”Al-Mourabitoun (സന്നദ്ധപ്രവർത്തകർ) on the Land of Al-Israa”, “Islamic Struggle Movement” എന്ന പ്രസ്ഥാനമായിരുന്നു.

ഹമാസിൻ്റെ ബൗദ്ധികവും രാഷ്‌ട്രീയവുമായ സിദ്ധാന്തപ്രകാരം പലസ്തീനിന്മേൽ ജൂതന്മാർക്ക് യാതൊരവകാശവും ഇല്ല. സയണിസ്റ്റ് വാദികളായ മുഴുവൻ ജൂതന്മാരെയും അവിടെ നിന്ന് പുറത്താക്കാനുള്ള ശ്രമത്തിലാണ് ഹമാസ് ഏർപ്പെട്ടിരിക്കുന്നത്. താൽക്കാലികമായ സമാധാനം പുനസ്ഥാപിക്കുന്നതിന് വേണ്ടി, 1967 ൽ നിർണയിച്ച അതിർത്തി അംഗീകരിക്കുന്നതിന് ഹമാസിന് അതിൻ്റെ രാഷ്ട്രീയ സിദ്ധാന്തം തടസവുമല്ല. അപ്പോഴും പക്ഷേ കുടിയേറ്റക്കാരായ ജൂതൻമാർക്ക് ഫലസ്ത്വീൻ്റെമേൽ ചരിത്രപരമായ യാതൊരവകാശവും ഇല്ല എന്നാണ് ഹമാസിൻ്റെ നിലപാട്‌. അധിനിവേശ ശക്തിയായ ഇസ്രയേലുമായുള്ള തങ്ങളുടെ സംഘർഷം അതിർത്തി സംരക്ഷിക്കാനല്ല; നിലനിൽപ്പിന് വേണ്ടിയായിട്ടാണ് എന്നാണ് ഹമാസ് പറയുന്നത്. ഫലസ്ത്വീനികളെ മുഴുവൻ തങ്ങളുടെ നാട്ടിൽ നിന്നും ഭവനങ്ങളിൽ നിന്നും സമ്പൂർണ്ണമായും പുറത്താക്കാനും അറബ് ലോകത്തെ ചിഹ്നഭിന്നമാക്കാനും വേണ്ടിയുള്ള പാശ്ചാത്യ – സിയോണിസ്റ്റ് പദ്ധതിയാണ് ഇസ്രയേൽ രാഷ്ട്രരൂപീകരണം എന്നാണ് ഹമാസ് വീക്ഷിക്കുന്നത്. ഫലസ്ത്വീൻ വിമോചനത്തിനുള്ള ഏക മാർഗം ഇസ്‌ലാമിക സിദ്ധാന്ത പ്രകാരമുള്ള ജിഹാദാണെന്നാണ് സംഘടനയുടെ നിലപാട്. ഇസ്റയേലുമായുള്ള സമാധാനത്തിന് വേണ്ടിയുള്ള മദ്ധ്യസ്ഥശ്രമങ്ങളെ നിരന്തരം തകർക്കുന്ന ഇസ്രായേൽ നിലപാടിനെ ഹമാസ് രൂക്ഷമായി വിമർശിച്ചിട്ടുണ്ട്. സമാധാനകരാറുകളുടെയും ഉടമ്പടികളുടേയും മറവിൽ സിയോണിസ്റ്റുകൾ വലിയ അക്രമ പ്രവർത്തനങ്ങൾ നടത്തിയതാണ് അനുഭവം. ഓരോ സമാധന നീക്കങ്ങളുടേയും ഇടവേളകൾ ഫലസ്ത്വീനികളെ നശിപ്പിക്കാനുള്ള കോപ്പുകൂട്ടാനുള്ള അവസരമായി സയണിസ്റ്റ് ശക്തികൾ ദുരുപയോഗം ചെയ്യന്നത് ഇതുവരെയുള്ള അനുഭവം ബോധ്യപ്പെടുത്തുന്നുണ്ട്.

1991 മാഡ്രിഡ് സമ്മേളനത്തെ തുടർന്ന് അറബികൾ സ്വീകരിക്കുന്ന ഇസ്രയേലുമായി നടത്തുന്ന സമാധാന നീക്കങ്ങൾക്ക് ഇസ്രായേൽ ഒരു വിലയും കൽപ്പിച്ചിട്ടില്ല. പി എൽ ഒയും ഇസ്രയേലും തമ്മിൽ 1993 ഒപ്പ് വെച്ച ഓസ്‌ലോ കരാറും ഏപക്ഷീയമായി ഇസ്രയേൽ ലംഘിച്ചതും ഫലസ്ത്വീൻ അവകാശങ്ങൾ വ്യാപകമായി ഹനിക്കപ്പെട്ടതും ഇതിനുദാഹരണമാണ്. ഇതെല്ലാം ഇസ്രയേലിനെതിരായ തങ്ങളുടെ ചെറുത്തുനിൽപ്പിനെ സാധുകരിക്കുന്നതാണെന്ന് ഹമാസ് പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്.

പൊതുജനങ്ങൾക്കിടയിൽ മതപരവും രാഷ്ട്രീയവും സാമൂഹികവുമായ അവബോധം വളർത്തിയെടുക്കുന്നതിൽ പ്രത്യേകം ശ്രദ്ധ പതിപ്പിക്കുന്ന പ്രസ്ഥാനമാണ് ഹമാസ്. ഫലസ്ത്വീനിന് അകത്തും പുറത്തു ഹമാസ് അതിൻ്റെ സംഘാടകരെയും നേതൃത്വത്തേയും വ്യന്യസിച്ചിട്ടുണ്ട്. അഭയാർത്ഥികളായി ലോകത്തിൻ്റെ വിവിധ രാഷ്ട്രങ്ങളിൽ ഫലസ്ത്വീനികൾ കഴിയുന്നതിനാലാണിത്. ഫലസ്ത്വീനിന് അകത്തും പുറത്തുമുള്ള നിരവധി പ്രസ്ഥാനങ്ങളുടെ പിന്തുണയും സഹായവും നേടിയെടുക്കാൻ ഹമാസിന് ഇതിനോടകം സാധിച്ചു. തദ്ദേശീയരായ ക്രൈസ്തവ ജൂതമതക്കാർ ധാരാളമായി ഹമാസിനെ പിന്തുണക്കുകയും ഇൻതിഫാദകളിൽ പങ്കെടുക്കുകയും ചെയ്യുന്നത് പാശ്ചാത്യ മീഡിയകൾ വലിയ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഹമാസും സായുധ പോരാട്ടവും

ഹമാസിൻ്റെ സൈനിക നടപടിയെ സൂക്ഷ്മമായി നിരീക്ഷിച്ചാൽ അത് വളരെ തന്ത്രപരമായതാണെന്ന് മനസിലാക്കാം. പ്രത്യയശാസ്ത്രപരമായി തന്നെ അത് പ്രതിനിധീകരിക്കുന്ന ആശയത്തോളവും ലോക വീക്ഷണത്തോടും അത് ബന്ധപ്പെട്ട് കിടക്കുന്നുമുണ്ട്. സമ്പൂർണവും സമഗ്രവുമായ അറബ്, ഇസ്‌ലാമിക വിമോചന പദ്ധതിയുടെ അഭാവത്തിൽ സയണിസ്റ്റ് പദ്ധതികളെ നേരിടാൻ കഴിയുകയില്ലെന്നാണ് ഹമാസ് സിദ്ധാന്തിക്കുന്നത്. ആദർശപരവും വിശ്വാസപരവുമായ രംഗത്ത് ഭിന്ന വിരുദ്ധമായ രണ്ട് ധ്രുവങ്ങളിലാണ് മുസ്‌ലിംകളും ജൂതന്മാരും എങ്കിലും തങ്ങൾ ജൂതവിരുദ്ധരല്ല എന്നാണ് ഹമാസ് സ്വയം വ്യക്തമാക്കുന്നത്. ജൂതൻമാരുടെ ഫലസ്ത്വീൻ അധിനിവേശ നിലപാടും സിയോണിസ്റ്റ് പദ്ധതികളുമാണ് ഹമാസിൻ്റെ ഇസ്റായേൽ വിരുദ്ധ നിലപാടിൻ്റെ അടിത്തറ. ഹമാസിനെ ജൂതവിരുദ്ധ ഭീകര പ്രസ്ഥാനമായി മുദ്രയടിക്കുന്നത് സയണിസ്റ്റ് ലോബികളും അവരുടെ കുഴലൂത്ത് കാരുമാണെന്ന് വേണം മനസിലാക്കാൻ.

”ഇസ്സുദ്ദീൻ അൽഖസ്സാം ബ്രിഗേഡ്” എന്ന സൈനീക ധളത്തിലൂടെ ഹമാസ് നിരവധി തവണ സായുധവും സൈനീകവുമായ ആക്രമണം നടത്തിയിട്ടുണ്ട്. ഇത്തരം ഗറില്ലാ പോരാട്ടങ്ങളും പ്രവർത്തനങ്ങളും ഫലസ്ത്വീൻ രാഷ്ട്രീയത്തെ പ്രക്ഷുപ്തമാക്കുക മാത്രമല്ല അന്താരാഷ്ട്ര തലത്തിൽ വലിയ വിവാദങ്ങൾക്ക് കാരണവുമായി. 2000 സെ‌പ്തംബറിൽ ആരംഭിച്ച ‘അൽ അഖ്സ്വാ ഇൻതിഫാദ’യിൽ ഹമാസിൻ്റെ പങ്ക് സുപ്രധാനവും നേതൃപരവുമായിരുന്നു. ഇന്നും ഇൻതിഫാദ തുടർന്ന് കൊണ്ടിരിക്കുന്നു. ലോകത്ത് ഈ നൂറ്റാണ്ടിനെ സ്വാധീനിച്ചേക്കാവുന്ന രാഷ്ട്രീയ വിമോചന സമര ചരിത്രത്തിൻ്റെ ഏടുകളിലേക്ക് ഇൻതിഫാദ തുന്നിച്ചേർക്കപ്പെടും എന്നത് അവിതർക്കിതമായ കാര്യമാണ്. കാരണം 1987ലെ ഒന്നാം ഇൻതിഫാദയുടെ മുഖ്യ സൂത്രധാരകർ ഹമാസ് ആയിരുന്നു. ഫലസ്ത്വീനിയൻ സ്ത്രീകൾ ഗർഭം ധരിക്കുംബോൾ തന്നെ തങ്ങളുടെ പിറക്കാനിരിക്കുന്ന കുഞ്ഞുങ്ങളെ ഹമാസിനും ഇൻതിഫാദക്കും വേണ്ടി നേർച്ചയാക്കുന്ന അൽഭുതകരമായ വാർത്തകൾ തന്നെ മതി, ഹമാസ് ഫലസ്ത്വീൻ ജനതയിൽ ചെലുത്തുന്ന സ്വാധീനം മനസിലാക്കാൻ. ലോകത്തെമ്പാടുമുള്ള അടിച്ചമർത്തപ്പെട്ട മുഴുവൻ സമൂഹങ്ങളുടെ വികാരവും ആവേശവുമായി ഹമാസ് മാറിക്കഴിഞ്ഞു.

ഫലസ്ത്വീൻ സ്വയംഭരണ അതോരിറ്റിയും ഹമാസും

സ്വയംഭരണ അതോരിറ്റിയെ ഇസ്രായേലാണ് പ്രമോട്ട് ചെയ്യുന്നത്. നാൽപതിനായിരത്തിലധികം പോലീസിനേയും സുരക്ഷാസേനയേയും അവർ അതോരിറ്റിക്ക് നൽകിയിട്ടുമുണ്ട്. ഇതിലൂടെ ഇസ്രായേൽ ലക്ഷ്യം വെക്കുന്നത് ഹമാസിനെ തകർക്കാനാണ്. സ്വയംഭരണത്തിൻ്റെ തിരശീലക്കു പിന്നിൽ ചരടുവലിക്കുന്നത് ഇസ്രായേൽ ആണെന്ന് ഹമാസ് ആരോപിക്കുന്നു. അതോരിറ്റിയും ഹമാസും തമ്മിലെ ബന്ധം ശുഭകരമല്ലെങ്കിലും, പലപ്പോഴും ഹമാസിനെതിരെ പോലീസ് നടപടിയും അറസ്റ്റും നടക്കുന്നുണ്ടെങ്കിലും അതോരിറ്റിയും ഹമാസും തമ്മിലുള്ള സൗഹൃദവും സംഭാഷണങ്ങളും പൂർണ്ണമായും മുറിഞ്ഞിട്ടില്ല എന്ന് വേണം പറയാൻ.

അമേരിക്കയുടെ തീവ്രവാദപ്പട്ടം

ഫലസ്ത്വീനിലെ ഇസ്രായേൽ അധിനിവേശത്തിനെതിരിൽ ഹമാസ് നടത്തുന്ന ചെറുത്തു നിൽപ്പും സ്വാതന്ത്ര്യ പോരാട്ടവും ലോകപോലീസ് അമേരിക്കയുടെ കണ്ണിൽ ഭീകരപ്രവർത്തനമാണ്. തങ്ങളുണ്ടാക്കിയ തീവ്രവാദ പട്ടികയിൽ ഹമാസിനെയും ഉൾപ്പെടുത്തിയിട്ടുണ്ട് അമേരിക്ക. ഹമാസ് നേതാക്കളെയും പ്രവർത്തകരെയും കൊല്ലാനും ജയിലിലടക്കാനും ഏകപക്ഷീയമായി ഫലസ്ത്വീനിൽ അക്രമം അഴിച്ചുവിടാനും ഇസ്രായേൽ ഭീകര ഗവൺമെൻ്റിന് ഈ പട്ടിക പച്ചക്കൊടി കാട്ടുകയാണ് ഫലത്തിൽ സംഭവിച്ചത്. ഫലസ്ത്വീനിൽ അനധികൃതമായി ഒരു രാജ്യം നിർമ്മിക്കുകയും, ലോകത്തെമ്പാടും ചിതറിക്കിടക്കുന്ന ജൂതൻമാരെ അവിടേക്ക് കൊണ്ടുവന്ന് കുടിയിരുത്തുകയും, തദ്ദേശീയരായ ലക്ഷങ്ങൾ വരുന്ന ജനതകെള സ്വന്തം നാട്ടിൽ നിന്ന് പുറത്താക്കുന്ന സയണിസ്റ്റ് നടപടിയെ വാഴ്തുകയും ചെയ്യുന്ന സാമ്രാജ്യത്വത്തിൻ്റെ ഗുഡ് സർട്ടിഫിക്കറ്റ് ഹമാസിന് ആവശ്യമില്ല.

സർക്കാർ രൂപീകരണം

2006 ലെ ഫലസ്ത്വീൻ ലെജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷത്തോടെ ഹമാസ് വിജയിച്ചു. ഈ വിജയത്തോടെ ഫലസ്തീൻ രാഷ്ട്രീയത്തിലെ നിർണായക സ്ഥാനത്തുണ്ടായിരുന്ന ഫത്തഹ് പിന്തള്ളപ്പെട്ടു. ഫത്തഹും മഹ്മൂദ് അബ്ബാസും ഇസ്രായേൽ ചായ് വ് പുലർത്തുന്നു എന്ന ഹമാസിൻ്റെ ആരോപണത്തെ ശരിവെക്കുന്നതായിരുന്നു ഹമാസിൻ്റെ ഈ മിന്നുന്ന വിജയം. തുടർന്ന ഇസ്മാഈൽ ഹനിയ്യയുടെ നേതൃത്വത്തിൽ ഹമാസ് സർക്കാരും രൂപീകരിച്ചു. ചെറുത്തു നിൽപ്പ് പ്രസ്ഥാനത്തിൽ നിന്നും റൂളിങ് പാർട്ടി എന്ന വളർച്ച അന്താരാഷ്ട്ര തലത്തിൽ വലിയ നേട്ടം ഹമാസിനും ഫലസ്ത്വീൻ സ്വാതന്ത്ര്യ പോരാട്ടങ്ങൾ നേടിക്കൊടുത്തു.

സ്ത്രീകളുടെ പങ്ക്

രൂപീകരണ കാലം മുതൽ ഹമാസിൽ സ്ത്രീകൾ സജീവമായി പ്രവർത്തിക്കുന്നു. സൈനീക വിഭാഗങ്ങളിലേക്ക് വിദ്യാർത്ഥികളെ സംസ്കരിച്ചെടുക്കാൻ ഫലസ്ത്വീൻ സ്വാതന്ത്ര്യ അഭിലാഷം അവരുടെ മനസുകളിൽ നട്ട് വളർത്താനും അവർ നടത്തുന്ന ശ്രമങ്ങൾ അതുല്യമാണ്. ജന്മനാടിൻ്റെ സ്വാതന്ത്ര്യത്തിനായി തങ്ങളുടെ ഗർഭത്തിൽ വളരുന്ന കൂഞ്ഞുങ്ങളെ നേർച്ചയാക്കി നോമ്പ് നോൽക്കുന്ന ഉമ്മമാർ ഫലസ്തീനിൽ മാത്രം കാണുന്ന കാഴ്ചയാണ്. പോരാട്ടം, ആതുര സേവനം, അധ്യാപനം തുടങ്ങി രംഗങ്ങളിലും ഹമാസിലെ വനിത വളണ്ടിയർമാർ നിർവ്വഹിക്കുന്ന സേവനങ്ങളും വളരെ വലുതാണ്.

പത്രപ്രവർത്തനം, ചാരിറ്റി പ്രവർത്തനങ്ങൾ എന്നീ രംഗത്തും ഹമാസ് സജീവമാണ്. ഉപരോധിതരായ ഗസ്സയിലെ ജനങ്ങൾക്ക് ഭക്ഷണം, ചികിൽസ, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ പൂർത്തീകരിക്കുന്നതിൽ ഹമാസിൻ്റെ ചാരിറ്റി വിഭാഗം ചെയ്യുന്ന പ്രവർത്തനങ്ങൾ അൽഭുതകരമാണ്. ഇസ്ലാമിക് ബ്ലോക് ഇൻഫലസ്തീൻ എന്ന വിദ്യാർത്ഥി പ്രസ്ഥാനവും ഹമാസിന് കീഴിൽ പ്രവർത്തിക്കുന്നുണ്ട്. സർവ്വകലാശാലകൾ, സ്കൂളുകൾ കേന്ദ്രീകരിച്ച് സംഘടന അതിൻ്റെ ആശയ പ്രചരണം നടത്തുന്നു. ഇസ്ലാമിക് ബ്ലോക്കിൻ്റെ പൂർവ്വകാല നേതാക്കളും പ്രവർത്തകരുമാണ് ഇന്ന് ഹമാസിൻ്റെ തലപ്പത്തുള്ള പല പ്രമുഖരും. ഇസ്മാഈൽ ഹനിയ, ശഹീദ് ജമാൽ മൻസൂർ, ശഹീദ് യഹ് യ അയ്യാഷ് തുടങ്ങിയവർ അതിൽ പ്രധാനികളാണ്. 1987ലെയും 2000ലെയും 2015ലെയും ഇൻതിഫാദകളിലും പോരാട്ടങ്ങളിലും പങ്കെടുത്തവരിൽ ബഹുഭൂരിപക്ഷവും വിദ്യാർത്ഥികളായിരുന്നു. അതിൽ നിരവധി പേർ രക്തസാക്ഷികളാവുകയും പരിക്കേൽക്കപ്പെടുകയും ചെയ്തു. ചീളുകല്ലുകൾ കൊണ്ടും തെറ്റാലി കൊണ്ടും ലോകത്തെ ഏറ്റവലിയ ഭീകര സൈനിക ശക്തിയായ സയണിസത്തെ നേരിടുന്ന ഫലസ്ത്വീൻ കുഞ്ഞുങ്ങൾ പ്രത്യാശയുടെയും പ്രതീക്ഷയുടെയും പ്രതീകമാണ്. ഈ ചെറു രാജ്യത്തെ തകർക്കാൻ കഴിഞ്ഞ ഒരു നൂറ്റാണ്ടായി സയണിസ്റ്റുകൾ നടത്തുന്ന ശ്രമങ്ങൾ നിരന്തരം പരാജയപ്പെടുന്നതിൻ്റെ കാരണം, ദൈവസഹായം കഴിഞ്ഞാൽ ഈ വിദ്യാർത്ഥികളുടേയും യുവാക്കളുടെയും കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും ഇഛാശക്തി ഒന്ന് കൊണ്ട് മാത്രമാണ്.

സർവ്വോപരി ഹമാസ് പ്രസ്ഥാനം ഇന്ന് ഫലസ്ത്വീൻ്റെ ജീവാത്മാവാണ്. ശൈഖ് യാസീൻ, റൻതീസി തുടങ്ങിയവർ സ്വാതന്ത്ര്യ പോരാട്ടങ്ങളുടെയും സാമ്രാജ്യത്വ വിരുദ്ധ, സയണിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളുടെ ലോകമെമ്പാടും ഏറ്റെടുക്കപ്പെട്ട ഐക്കണുമാണ്. സയണിസവും മുതലാളിത്ത സാമ്രാജ്യത്വവും ഭീകരവാദ, തീവ്രവാദ ചാപ്പ കുത്തിയാലും ലോക മനസിൽ നിന്ന് ഹമാസിനെ പുറത്താക്കാനാവില്ല. സയണിസ്റ്റ് ഭാഷ്യം ഏറ്റ് പിടിച്ച് ഹമാസിനെ തീവ്രവാദ പ്രസ്ഥാനമായി അവതരിപ്പിക്കുന്ന നമ്മുടെ നാട്ടിലെ മത നേതാക്കളും രാഷ്ട്രീയക്കാരും ലിബറലുകളും തിരുത്തേണ്ട കാലം വിദൂരമല്ല. സ്വന്തം ജന്മനാട്ടിൽ നിന്നും ആട്ടി പുറത്താക്കപ്പെട്ടവരുടെ നിലവിളിയിൽ ഭീകരത കാണുന്നവർക്ക്, മാതൃരാജ്യത്തിൻ്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുകയും വീര മരണം വരിക്കുകയും ചെയ്യുന്നവരെ തീവ്രവാദികളാക്കുന്നവർക്ക് ചരിത്രം മാപ്പ് തരില്ല.

നിലവിലെ സംഘർഷങ്ങൾ എന്തിന്?

ബെഞ്ചമിൻ നെതന്യാഹുവിൻ്റെ നേതൃത്വത്തിലുള്ള ഇസ്രായേലിലെ തീവ്രവലതുപക്ഷ സർക്കാർ ജനപിന്തുണ നഷ്ടപ്പെട്ട് വരുന്ന തിരഞ്ഞെടുപ്പിൽ അധികാരത്തിൽ നിന്ന് പുറത്താക്കപ്പെടുമെന്ന ഭീതി അവിടെ രൂപപ്പെട്ടിട്ടുണ്ട്. ഇതിനെ മറികടക്കാൻ ഇസ്രായേലിൽ ജൂത വംശീയതയെ ആളിക്കത്തിക്കലല്ലാതെ മറ്റ് വഴികളൊന്നുമില്ല. മുസ്ലിം വിരുദ്ധത അതിൻ്റെ മൂർദ്ധന്യതയിൽ കത്തിച്ച് നിർത്തി വലത് ജൂത പിന്തുണ നേടിയെടുക്കാൻ സാധിക്കുമെന്ന വ്യാമോഹമാണ് നെതന്യാഹുവിനും പരിവാരത്തിനും. പക്ഷെ അത് നടക്കില്ല എന്നിടത്ത് കാര്യങ്ങളെത്തി. ഹമാസിൻ്റെ ശക്തമായ സായുധ തിരിച്ചടി ഇസ്രായേലിനെ തെല്ലൊന്നുമല്ല അമ്പരപ്പിച്ചത്. ഇസ്രായേലിൻ്റെ ചാരക്കണ്ണുകളെ കബളിപ്പിച്ച് സയണിസത്തിൻ്റെ ലക്ഷ്യങ്ങളെ തകർക്കാനുള്ള കരുത്ത് ഹമാസ് കൈയ്‍വരിച്ചിരിക്കുന്നു എന്ന ആത്മവിശ്വാസം ഫലസ്ത്വീനികൾക്കും, തങ്ങളുടെ തന്ത്രങ്ങൾ ഫലം കാണുകയില്ലെന്ന നിരാശ ഇസ്രായേലിനും പകർന്ന് നൽകാൻ നിലവിലെ സംഭവ വികാസങ്ങൾ കൊണ്ട് സാധിച്ചു എന്നത് ശുഭകരമാണ്. ഇത് വഴി ഫലസ്ത്വീൻ വിമോചന പോരാട്ടങ്ങളുടെ ശക്തി സ്രോതസും ബുദ്ധികേന്ദ്രവും ആയി ഹമാസ് ഇനിയും തുടരും എന്ന് തന്നെ നമുക്ക് പ്രത്യാശിക്കാം. അനീതി എക്കാലവും വിജയിക്കില്ല. അക്രമികൾക്ക് എന്നും നിലനിൽക്കാനും കഴിയില്ല. നീതിയെ എത്ര കാലം കുഴിച്ചുമൂടിയിടാം. ആകാശത്തിൻറെ ചെറു മേഘവർഷം മതി ആ വിത്ത് പൊട്ടി മുളക്കാൻ. ഫലസ്ത്വീൻ നീണാൽ വാഴട്ടേ….

Related Articles